edam
in left perspective

Friday, 28 February 2025

നോവലും അധികാര തന്ത്രങ്ങളും - 'രണ്ടു സ്ത്രീകളുടെ കത' യെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങൾ

 എം. പി. ബാലറാം 

 

ചോദ്യം: ആർ. രാജശ്രീയുടെ 2019 പുറത്തിറങ്ങിയ ആദ്യ നോവൽ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത - 'രണ്ടു സ്ത്രീകളുടെ കത' എന്ന് ചുരുക്കത്തിൽ) ഇപ്പോൾ നാം ഗൗരവപൂർവം പരിഗണിക്കുന്നത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ്? വായനയുടെ ഒഴുക്കിന് അനുകൂലമായി വിമർശനവും ഒഴുകാൻ നിർബന്ധിക്കപ്പെടുകയാണോ?

ഉത്തരം: ആദ്യം തന്നെ ഒരു കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്.രാജശ്രീയുടെ 'രണ്ടു സ്ത്രീകളുടെ കത' പലകാരണങ്ങൾ കൊണ്ടും ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാദ്ധ്യതയുള്ള ഒരു രചനയാണ്. ഇപ്പോൾ ഉന്നയിച്ച ചോദ്യം അത്തരമൊരു തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടായതാണ്.ഒരു പുസ്തകത്തിന്റെ ജനപ്രീതിയോ അതുണ്ടാക്കുന്ന സെൻസേഷനോ വിറ്റഴിയുന്ന പുസ്തകത്തിന്ററെ കോപ്പികളുടെ എണ്ണമോ പ്രചാരണത്തെക്കുറിച്ചുള്ള പ്രസാധകന്റെ അതിര് കവിഞ്ഞ അവകാശവാദങ്ങളോ വിമർശകന്റെ ഗൗരവപൂർണ്ണമായ പരിശോധനകളുടെ വഴി തടയാൻ പ്രാപ്തമാവുന്നില്ല. ഗൗരവപൂർവം പുസ്തകത്തെ വായിക്കാനൊരുങ്ങുന്ന നല്ലൊരു വായനക്കാരനെ തെറ്റിദ്ധരിപ്പിക്കാൻ ഇത്തരം ജാലവിദ്യളൊന്നും മതിയാവുകയില്ല. നോവൽ ആദ്യം വെളിച്ചം കണ്ടത് ജനകീയ മാദ്ധ്യമമായ ഫെയിസ് ബുക്കിലാണെന്നതും തുടർന്ന് വലിയൊരു വിഭാഗം വായനാ സമൂഹം ഫെയ്സ് ബുക്കിലൂടെ അതിന്  പ്രോത്സാഹനം നൽകാനിടയായതുമെല്ലാം ഇന്നത്തെ കാലത്ത് ഒരു പുസ്തകത്തിന് നേടിയെടുക്കാൻ കഴിയുന്ന നേട്ടങ്ങളുടെ ഉപരിപ്ലവ ഘടകങ്ങളാണ്. നോവൽ എഴുതിയയാൾക്കെന്നത് പോലെ അതിന് അനുകൂലമായ പ്രോത്സാഹനം നൽകിയവർക്കും ആത്മസംതൃപ്തിക്ക് ഉതകുന്ന വസ്തുതകളാണിവ. എന്നാൽ ഇതൊന്നും നോവലിന്റെ മൂല്യനിർണ്ണയത്തിൽ നിരൂപകൻ പരിഗണിക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടില്ല. പുതുവായനക്കാരുടെ തൊട്ടു തലോടിയുള്ള പരിചരണങ്ങൾ കൊണ്ട് നോവൽ നിരൂപണത്തിന് യാതൊരു നേട്ടവുമില്ല; കുറെപ്പേരെ കുറച്ചു കാലത്തേക്കെങ്കിലും തെറ്റിദ്ധരിപ്പിക്കാം എന്ന പ്രയോജനം മാത്രമേ അതിനുള്ളു.

'നോവലിന്റെ വിപണിവൽക്കരണം '   
 

ആധുനിക മലയാള നോവലുകളുടെ കൂട്ടത്തിൽ രാജശ്രീയുടെ നോവലിനെ അടയാളപ്പെടുത്തുന്നത് പുറത്തിറങ്ങിയ കാലം തൊട്ട് നോവലിന്  ലഭിച്ചതായി അതിന്റെ പ്രസാധകനും മറ്റുള്ളവരും അവകാശപ്പെടുന്ന ജനപ്രിയത്വം കൊണ്ടാവില്ലെന്നത് ആദ്യം തന്നെ വ്യക്തമാക്കേണ്ട ആവശ്യമുണ്ട്. മാത്രമല്ല 'സർവ്വസമ്മതമായ' ജനപ്രിയത്വം എന്ന ഗുണത്തെത്തന്നെ വിമർശനപരമായ ഒരു വായനക്ക് വിധേയമാക്കണമെന്നാണ് പറഞ്ഞു വെക്കുന്നതത്. കേരളീയ ഭാവനയിൽ കൊട്ടിഘോഷിക്കപ്പെടുയും കൊണ്ടാടപ്പെടുകയും ചെയ്യുന്ന അനവധി നോവൽ കള്ളനാണയങ്ങളുടെ ഇടയിൽ തിരിച്ചറിയപ്പെടാതെ  പോവാൻ ഏറെ സാദ്ധ്യതയുണ്ടായിട്ടും ഒഴുക്കുകൾക്കെതിരെ വിപരീത ദിശയിൽ ചരിക്കുകയും  താൽപ്പര്യപൂർവ്വം വായിക്കപ്പെടുകയും ചെയ്യുന്ന ഒരു രചനയായി നോവൽ ഭാവിയിലും നിലനിൽക്കുമെന്നാണ് കരുതുന്നത്.

ചോദ്യം: നോവലിന്റെ പൊതുവായ ജനപ്രീതിക്ക് എന്താവാം കാരണം? പക്വതയുള്ള നോവൽ ഭാവനക്ക്  മലയാളത്തിൽ മാതൃക സൃഷ്ടിക്കപ്പെടുകയാണോ?

ഉത്തരം: 'ജനപ്രിയത്വം' എന്ന ഒഴുക്കിന് അനുകൂലമായ ഗുണങ്ങൾ ധാരാളമുണ്ടെങ്കിലും  അതിനെ എതിരിടുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഘടകങ്ങൾ നോവലിൽ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. നോവൽ ഉയർത്തുന്ന ഭാഷാപരവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രതിരോധങ്ങൾ വേണ്ടും രീതിയിൽ തിരിച്ചറിയപ്പെടാതിരിക്കുകയും വിലയിരുത്തപ്പെടാതിരിക്കുകയും ചെയ്യുന്നതിന് വാസ്തവത്തിൽ ഇപ്പോഴത്തെ ജനപ്രീതി തടസ്സമായി നിൽക്കുകയാണ്. ഒരുപക്ഷെ ഇന്ദുലേഖയ്ക്ക് ശേഷം തകഴിയുടെയും ചെറുകാടിന്റേയും ഉറൂബിന്റെയും എം.ടി.യുടെയും ആനന്ദിന്റേയും നോവലുകൾക്കൊന്നും പുറത്തിറങ്ങിയ ദിവസം തൊട്ട് ലഭിക്കുന്ന ജനപ്രീതിയുടെ ജ്വരം ഇതു പോലെ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. ലാഭക്കൊതിയരായ വൻകിട പ്രസാധകരുടെ  അനാരോഗ്യകരമായ മത്സരങ്ങളേയും അമിതാവേശത്തിമർപ്പുകളേയും നേരിടേണ്ടി വന്നിട്ടുമില്ല. വിപണിയിൽ വിൽക്കപ്പെടുന്ന മറ്റേത് കമ്പോളവസ്തുക്കളേയും പോലെ  നോവൽ രചനയും പരസ്യവാചകങ്ങളുടെ ബലത്തിലാണ് പലപ്പോഴും വിറ്റഴിക്കപ്പെടുന്നതും വായനക്കാരുടെ അംഗീകാരം നേടുന്നതും. ഔദ്യോഗികമായോ അനൗദ്യോഗികമായോ ലഭിക്കുന്ന പുരസ്കാരങ്ങൾ വിമർശനബുദ്ധിയെയല്ല, മുഖ്യധാരാ അച്ചടി - ദൃശ്യമാധ്യമങ്ങളിലൂടെയും നവസാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന അവാസ്തവങ്ങളായ മൂല്യ നിർണ്ണയങ്ങളേയാണ് ആശ്രയിക്കുന്നത്. നോവൽ വിമർശനത്തേക്കാൾ സാംസ്കാരികവിമർശവും രാഷ്ട്രീയ വിമർശനവും നേരിടുന്ന പ്രശ്നമായാണ് ഇന്നീ ചോദ്യത്തെ കാണേണ്ടത്. ആർ.രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ 'രണ്ട് സ്ത്രീകളുടെ കത' പോലുള്ള രചനകൾ യഥാർത്ഥത്തിൽ  വെല്ലുവിളി നേരിടുന്നത് നിർദ്ദോഷരായ പുതിയ വായനക്കാരിൽ നിന്നല്ല; ലാഭക്കൊതി മൂത്ത കമ്പോള ശക്തികളിൽ നിന്നാണെന്ന് നിസ്സംശയമായും പറയാം.

ചോദ്യം: ശരാശരി വായനക്കാരുടേയും കമ്പോള ശക്തികളുടേയും അംഗീകാരം പെട്ടെന്ന് നേടിയെടുത്ത ഒരു നോവലിന് എങ്ങനെയാണ് ജനപ്രീതിയാർജ്ജിച്ച ഒരു രചനയെന്നതിൽ കവിഞ്ഞ സാംസ്കാരിക പ്രാധാന്യം കൈവരിക്കാൻ കഴിയുന്നത്? അതിശയോക്തിപരമായ മൂല്യനിർണയം വിമർശനത്തിന്റെ വഴി തെറ്റിക്കുകയാണോ?

ഉത്തരം: ഒരിക്കലുമല്ല. രാജശ്രീയുടെ  ആദ്യനോവൽ നമ്മുടെ നോവൽ കടന്നു പോകുന്ന വർത്തമാനഘട്ടത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടാൻ എല്ലാം കൊണ്ടും അർഹമായ കൃതിയാണ്. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങളും ഭാവനകളും കൃതിയിൽ കലാപരമായി സമന്വയിക്കപ്പെടുന്നുണ്ട്. ആഖ്യാനത്തിന്റെ മുൻനിരയിൽ അവയെ ഉയർത്തിക്കാട്ടുകയോ പശ്ചാത്തലത്തിൽ അവ സൂചിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. മാത്രമല്ല, സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വെല്ലുവിളികൾക്കുള്ള  ഉത്തരങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ - ഇവയെല്ലാം ഉൾപ്പെടുന്ന ഒരു നോവൽ വളരെക്കാലങ്ങൾക്ക് ശേഷം വെളിച്ചം കാണുകയാണ് - ഇതിൽ അപൂർവ്വതയുണ്ട് .

സമകാലിക മലയാള നോവൽ നേരിടുന്ന  കപടവും ജീർണ്ണവുമായ അവസ്ഥകളെ തിരുത്തിക്കുറിക്കാനുള്ള ധീരമായ ശ്രമമാണ് കൃതിയെന്ന് പറയാം. സന്ദിഗ്ദ്ധത കൂടാതെ ഇങ്ങനെ പറയാൻ നിരൂപകന് കഴിയേണ്ടതാണ്. പൊതുവായ അത്തരം പ്രസ്താവനകൾ  നടത്തുന്നതിന് പകരം കപടവും ജീർണ്ണവുമായ അവസ്ഥകളെ ആഖ്യാനത്തിൽ  എതിരിടുന്നത് എങ്ങനെയെന്ന് കണ്ടെത്താൻ വായനക്കാരനെ സഹായിക്കേണ്ട ഉത്തരവാദിത്തം കൂടി വിമർശകനുണ്ട്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നോവൽ നിരൂപണത്തെ ഒരു സാമൂഹ്യ ദൗത്യമാക്കി മാറ്റിത്തീർക്കുന്നത്.

അതോടൊപ്പം 'രണ്ടു സ്ത്രീകളുടെ കത' സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പല കാതലായ പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും നോവൽപക്ഷത്ത് നിന്ന് നൽകപ്പെടുന്ന ഉത്തരങ്ങളാകുന്നത് എങ്ങനെ എന്ന് കൂടി നിരൂപകൻ കണ്ടെത്തേണ്ടതുണ്ട്. സമഗ്രമായ രൂപത്തിലല്ലെങ്കിലും  നോവലിൽ ഉയർത്തപ്പെടുന്ന ചോദ്യങ്ങളേയും കണ്ടെത്തുന്ന പരിഹാരമാർഗ്ഗങ്ങളേയും കുറിച്ചുള്ള നിരീക്ഷണങ്ങളും വീണ്ടു വിചാരങ്ങളും അവതരിപ്പിക്കാനെങ്കിലും നിരൂപണം പ്രാപ്തി ആർജ്ജിക്കണം. ആസ്വാദനപരവും തൊട്ടു തലോടിയുമുള്ള വായനകളെ    സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ആഴത്തിലുള്ള വായനകൾ കൊണ്ട് പകരം വെക്കാൻ നിരൂപണത്തിന് കഴിയണം. ആർ.രാജശ്രീയുടെ ' രണ്ട് സ്ത്രീകളുടെ കത' മലയാളത്തിലെ നോവൽ നിരൂപണത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

ചോദ്യം: നോവലിന്റെ ആരംഭത്തിലുള്ള അദ്ധ്യായത്തിൽ (മൂന്നാമദ്ധ്യായം) മനോരോഗ വിദഗ്ദ്ധനുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയിൽ ആഖ്യാതാവ് പറയുന്ന  വാക്കുകൾ കേൾക്കുക: "ആയിരത്തിത്തൊള്ളായിരത്തി അറുപത്തൊമ്പതിൽ അവസാനമായി അപ്ഡേറ്റ് ചെയ്യപ്പെട്ട ഒരു ടെസ്റ്റ് വെച്ച് അതിനും എട്ടുവർഷത്തിനു ശേഷം ജനിച്ച ഒരു വ്യക്തിയെ അനലൈസ് ചെയ്യുന്നതിലെ പരിഹാസ്യത നിങ്ങൾ മനസ്സിലാക്കണം. അതൊന്ന്. രണ്ടാമത്തെ കാര്യം ഏത് ഇന്റർപ്രറ്റേഷനിലും ഒരു സബ്ജക്റ്റീവ് റീഡിങ്ങ് ഉണ്ടായിരിക്കുമെന്നാണ്.അതുകൊണ്ട് ഇത്തരം നിരീക്ഷണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ഒന്ന് കൂടി ആലോചിക്കാവുന്നതാണ്. അറിയാവുന്നവർ ആലോചിച്ചിട്ടുമുണ്ട്." വീണ്ടും നാരായണമൂർത്തിയുമായുള്ള സംഭാഷണം തുടരുന്നത് ഇപ്രകാരമാണ്: "ഒരാളെ ഒറ്റയായി കാണാതെ ഒരു കൂട്ടമായി കാണുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടെ ? ഒരാളെ തടഞ്ഞിട്ട് അയാളുടെ വരകളും പുള്ളികളും ഇനം തിരിക്കുന്നതിനേക്കാൾ ഓരോരുത്തരും ഓരോ സ്വതന്ത്രദേശങ്ങളാണെന്ന് വിചാരിച്ചു കൂടെ". മനോരോഗ വിദഗ്ധനുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയിൽ കൗൺസലിംഗിന് വിധേയയാവേണ്ട ആഖ്യാതാവായ സ്ത്രീ (ഞാൻ) തിരികെ അയാളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത് മനോനിലയിലുണ്ടായ താളപ്പിഴക്ക് ഉദാഹരണമായി മാത്രമായാണ് സാമ്പ്രദായിക വായനയിൽ വായിക്കപ്പെടുക. നോവലിന്റെ ആരംഭത്തിലുള്ള സവിശേഷമായ ആഖ്യാനതന്ത്രം നോവൽ നിരൂപണത്തിന് നൽകുന്ന മുന്നറിയിപ്പ് തന്നെയല്ലേ?

ഉത്തരം: അച്ഛനേയും അമ്മയേയും ഭർത്താവിനേയും മനോരോഗ ചികിത്സകന്റെ മുറിക്ക് പുറത്ത് നിർത്തിയ ശേഷമുള്ള കൂടിക്കാഴ്ച്ചയിൽ പറയുന്ന കഥയായാണ് ' രണ്ട് സ്ത്രീകളുടെ കത' സങ്കൽപ്പിക്കപ്പെടുന്നത്വാസ്തവത്തിൽ  ചികിത്സകന്റേയും രോഗിയുടേയും നിശ്ചിത സ്ഥാനങ്ങളെ കീഴ്മേൽ അട്ടിമറിക്കുന്ന  ആഖ്യാനത്തിന്റ സവിശേഷതന്ത്രമായാണ് കൂടിക്കാഴ്ചയെ നാം കാണേണ്ടത്. തന്നെ ചികിത്സിക്കാൻ തയ്യാറെടുക്കുന്ന മനോരോഗവിദഗ്ദ്ധന് രോഗിയുടെ സ്ഥാനത്തുള്ള  കഥാപാത്രം നൽകുന്ന നിർദ്ദേശം മാത്രമായി  ഇതിനെ പരിമിതപ്പെടുത്തി കാണാനാവില്ല. തുടർന്ന് വരുന്ന'കല്യാണിയുടെയും ദാക്ഷായണിയുടെയും കത' വായനക്കാരൻ വായിക്കേണ്ടതും നിരൂപകൻ നിരൂപണം ചെയ്യേണ്ടതും എങ്ങനെയാവണം? - വഴി തെറ്റിപ്പോകാതെ  കഥയേയും കഥാപാത്രങ്ങളേയും കൃത്യമായി മനസ്സിലാക്കാൻ രചയിതാവ് വായനക്കാർക്കും നിരൂപകർക്കും നൽകുന്ന മുന്നറിയിപ്പ് കൂടിയായി വാക്കുകളെ തിരിച്ചറിയേണ്ടതുണ്ട്.

കഥ പറച്ചിലിന്റെ അവസാന ഭാഗത്ത് (നോവലിന്റെയും അവസാനഭാഗം - അദ്ധ്യായം എൺപത്)   നാരായണമൂർത്തിയോട്  പറയുന്നത് കൂടി ഇതുമായി ചേർത്തു വായിക്കാൻ നമുക്ക് കഴിയേണ്ടതാണ്. 'രണ്ട് സ്ത്രീകളുടെ കത'യ്ക്ക് നൽകാൻ കഴിയുന്ന സന്ദേശം ഇവിടെ സംഗ്രഹരൂപത്തിൽ  അവതരിപ്പിക്കപ്പെടുന്നുണ്ട്. നാരായണമൂർത്തിയോട്  കല്യാണി - ദാക്ഷായണിമാരുടേയും അവരുടെ ദേശങ്ങളുടേയും കഥ പറഞ്ഞതിന് ശേഷം ആഖ്യാതാവ് തുടരുന്നത് ഇതാ ഇങ്ങനെയാണ്: "നോക്കൂ, കഥകൾക്ക് ഒരു പ്രത്യേകതയുണ്ട്, വളരെ നേർത്തതാണ്. സാന്ദ്രതയില്ലാത്തതു കൊണ്ട് അതിവേഗം അത് ഒഴുകിപ്പരക്കും. ഒരുപക്ഷെ നിങ്ങളുദ്ദേശിക്കുന്നതിലും കൂടുതൽ വേഗത്തിൽ. നിങ്ങളുടെ തിയറികളും നിങ്ങളും ചെയ്യുന്ന പണി നിങ്ങളേക്കാൾ ഭംഗിയായുംവെടിപ്പായും അവ ചെയ്യും. പക്ഷെ ഫലം നിങ്ങൾ കണക്കുകൂട്ടി വെച്ചിരിക്കുന്നതാവില്ല എന്നു മാത്രം. കഥകൾ സംഭവിച്ചുകഴിഞ്ഞതാണ്. ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞതാണ്. പൊതുതാൽപ്പര്യാർത്ഥം ഇനി ത്രസ്റ്റ് ഏറിയ മാറ്റാൻ അവയ്ക്കു സാധ്യമല്ല.... എന്റെ കാര്യത്തിൽ നിങ്ങൾക്കൊന്നും ചെയ്യാനില്ലെന്നേയുള്ളു".

ആധുനിക മനശ്ശാസ്ത്ര വിജ്ഞാനത്തിന്റേയും ആധുനികാനന്തര സാഹിത്യ സിദ്ധാന്തങ്ങളുടെയും പിൻബലത്തോടെ  നോവലിനെ സമീപിക്കാൻ ശ്രമിക്കുന്ന വായനക്കാരനേയും നിരൂപകനേയും പൂർണമായും നിരായുധനാക്കാൻ 'രണ്ട് സ്ത്രീകളുടെ കത' തന്നെ ധാരാളം മതിയാകുമെന്നാണ് പറയുന്നത്. കഥയുടെ ആഖ്യാനത്തിൻ മേലുള്ള പരമമായ അധികാരം ആഖ്യാതാവിന് മാത്രമാണെന്ന് ഇതിലൂടെ സ്ഥാപിക്കപ്പെടുകയാണ്. ചില വ്യക്തികൾ സ്വതന്ത്രരാജ്യങ്ങളും ചിലർ സാമന്ത രാജ്യങ്ങളുമാണെന്ന കഥയിലെ പ്രസ്താവം, കഥാപാത്രങ്ങളുടെ ജീവിതങ്ങൾക്കും അവരുടെ ദേശങ്ങൾക്കും ഒരു പോലെ ബാധകമാകുന്നതാണെന്ന് കഥ ഉറപ്പാക്കുന്നു. അതോടൊപ്പം മറ്റൊരു സത്യം കൂടി ഇതിലൂടെ വെളിവാക്കപ്പെടുന്നുണ്ട്. രാഷ്ട്രതന്ത്രജ്ഞതയുടെയും രാജ്യങ്ങൾ തമ്മിലുള്ള  ബന്ധത്തിന്റെയും ജനതയുടെ സ്വാതന്ത്ര്യത്തിന്റെയും പ്രശ്നങ്ങൾ ആത്യന്തികമായി അധികാരഘടനയുമായി കണ്ണികോർക്കുന്നതാണ്. ഒറ്റയൊറ്റ വ്യക്തികളുടെ 'ഉദാത്ത' ബന്ധങ്ങളും സങ്കൽപ്പങ്ങളും ഒരുതരത്തിലുള്ള അധികാര ബന്ധങ്ങൾ കൂടിയാണെന്ന ദാർശനിക സങ്കൽപ്പനം നോവലിന്റെ ആഖ്യാനലോകത്തിൽ അനേകം പ്രത്യക്ഷ മാതൃകകളിലൂടെ  സാധൂകരിക്കപ്പെടുന്നു.

നോവലിൽ കേന്ദ്രസ്ഥാനത്ത് മുൻനിർത്തപ്പെടുന്ന അധികാര ബന്ധങ്ങളെക്കുറിച്ചുള്ള സവിശേഷമായ ഒരന്വേഷണം   പ്രബന്ധത്തിന്റെ പരിധിക്കുള്ളിൽ വരാത്തതിനാൽ തൽക്കാലം അത് മറ്റൊരു സന്ദർഭത്തിലേക്ക് മാറ്റിവെക്കുകയാണ്.

(സാഹിത്യവിമർശം ത്രൈമാസിക,  ഒക്ടോബർ- ഡിസംബർ 2024)

Wednesday, 19 February 2025

സാഹിത്യോത്സവങ്ങൾ - സാംസ്കാരിക ജീർണ്ണതയുടെ വിസർജ്ജ്യങ്ങൾ

 എം. പി. ബാലറാം

 

സത്യത്തിന്റെ സൂര്യ വെളിച്ചത്തെ നുണകളുടെ കരിമ്പട്ട് കൊണ്ട് എന്നും മറയ്ക്കാൻ കഴിയുകയില്ല. തുടർച്ചയായി ആരെയും തെറ്റിദ്ധരിപ്പിക്കാനും കഴിയുകയില്ല. തിന്മയുടെ ദുർദ്ദേവന്മാരെല്ലാം  ഇരുൾ ഗുഹകളിൽ നിന്ന് വെളിച്ചത്തിലേക്ക് ഇറങ്ങിവരുന്ന കാഴ്ച്ചയാണ് ചുറ്റും. സത്യത്തിന്റേയും ജ്ഞാനത്തിന്റേയും കാരുണ്യത്തിന്റേയും വിശുദ്ധ ദേവതമാർ തമോഗർത്തങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുകയോ ഒളിച്ചോടുകയോ ചെയ്യുന്നു. നേര് പുറം തള്ളപ്പെടുകയും നുണകൾ അധികാര സ്ഥാനങ്ങളിൽ ചടഞ്ഞിരുന്ന് വാഴുകയും ചെയ്യുന്നു. നമ്മുടെ കൺമുമ്പിൽ അരങ്ങേറുന്ന ദുരധികാരികളുടെ ദുർന്നടനത്തെ പാടിപ്പുകഴ്ത്താൻ സാംസ്കാരിക ലോകത്തെ കൂലിയെഴുത്തുകാർ പരസ്പരം മത്സരിക്കുന്നു. ദേവലോകം ചൊരിയുന്ന പുരസ്കാരങ്ങളുടെ ആലിപ്പഴ വൃഷ്ടി  സംതൃപ്തിയും  ഉന്മാദവും പകർന്ന് ആമോദത്തിൽ ആറാടിക്കുകയാണ്.


സാഹിത്യോത്സവങ്ങളുടെ  പേരിൽ നടക്കുന്ന കോർപ്പറെയിറ്റ് ആഭാസ നൃത്തത്തിന്റെ പ്രചാരകരും പ്രായോജകരും സാക്ഷരതയുടേയും  ജനാധിപത്യത്തിന്റേയും 'ഉദാത്ത കേരള മാതൃക'യെ സന്ദിഗ്ദ്ധമായ അവസ്ഥയിലാക്കുകയാണ്. സാസ്കാരികലോകത്ത് മഹത്തരമായും ഉദാത്തമായും  കൊണ്ടാടപ്പെട്ടവയെല്ലാം എച്ചിൽക്കുപ്പയിലേക്ക് വലിച്ചെപ്പെടുന്ന സ്ഥിതിയിലാണ്. അധികാര സേവയും ധനാർത്തിയും എഴുത്തിന്റെ  മഹാ ഗോപുരങ്ങളെപ്പോലും നിസ്സാരവും നിർവ്വീര്യവുമാക്കുകയാണ്. നാടിന്റെ സാസ്കാരിക -  രാഷ്ട്രീയ സ്വത്വം  അപകടാവസ്ഥയിലാകുന്നു. സാഹിത്യോത്സവങ്ങളുടെ പേരിൽ ആഘോഷിക്കപ്പെടുന്നവ യഥാർത്ഥത്തിൽ നമ്മുടെ ദാരുണാവസ്ഥയുടെ നേർപ്പകർപ്പുകളായി കൺമുമ്പിൽ  കാണപ്പെടുകയാണ്.

പ്രശസ്തിയും ധനവും  കൊതിച്ച്, എഴുത്തിനെ വർഗ്ഗാധിപത്യ വ്യവസ്ഥക്കും കോർപ്പറെയിറ്റ് മൂലധന വാഴ്ച്ചക്കും മുമ്പിൽ അടിയറവെക്കാനുള്ള പരിശീലനക്കളരികളാവുകയാണ് സാഹിത്യോത്സവങ്ങൾ. അധിനിവേശ വ്യവസ്ഥകൾക്കെതിരെയുള്ള ലക്ഷ്യവേധിയായ എഴുത്തിനെ അഭിജാതവും ആലങ്കാരികവുമായ എഴുത്ത് കൊണ്ട് പകരംവെക്കാനാണ് ശ്രമിക്കുന്നത്. അതിനാൽ  സാഹിത്യോത്സവങ്ങൾ നിഷ്ക്കളങ്കവും നിരുപദ്രവകരവുമല്ലെന്ന്  തിരിച്ചറിയപ്പെടേണ്ടതാണ്. ആത്യന്തികമായി അതൊരു സാംസ്കാരിക പ്രശ്നമല്ലെന്നും രാഷ്ട്രീയ പ്രശ്നമാണെന്നും പറയുന്നത് അതുകൊണ്ടാണ്.

സാഹിത്യോത്സവങ്ങളിൽ ഏറെ മാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്ന യുവാവായ (യുവതിയായ) എഴുത്തുകാരന്റെ ബോധതലം അയാളറിയിതെ വിപരീതമായ ഗുണ പരിണാമത്തിന് വിധേയമാകുന്നുണ്ട്. അന്യഗ്രഹ ജീവിയെപ്പോലെയും, ശ്രേഷ്ഠകുലജാതനെപ്പോലെയും പരിഗണിക്കപ്പെടുന്നത് 'ഞാൻ' തന്നെയാണെന്ന വികലബോധത്തിൽ നിന്നാണ്  അയാളുടെ ബോധപരിണാമത്തിന്റെ തുടക്കം. ആഘോഷപ്പൊലിമയിൽ പുസ്തക വിൽപ്പന വിജയത്തിന്റെയും വായനക്കാരുടെ എണ്ണപ്പെരുപ്പത്തിന്റെയും കള്ളക്കണക്കിനെ ആശ്രയിച്ച് പ്രസാധകന്റെ അടുക്കളയിൽ രൂപപ്പെടുത്തിയെടുക്കുന്ന ദിവ്യാത്ഭുതങ്ങളായാണ് സെലിബ്രിറ്റികൾ അവതാര ജന്മമെടുക്കുന്നത്. യഥാർത്ഥത്തിൽ ജലത്തിലെ കുമിളകളുടെ ആയുസ്സ് പോലും സാഹിത്യലോകത്തെ അവതാരങ്ങൾക്കില്ലെന്നതാണ് സത്യം.

ഒട്ടനവധി കഴിവുകളും സർഗ്ഗാത്മക സാദ്ധ്യതകളുമുള്ള എഴുത്തു വ്യക്തിത്വങ്ങൾ പുസ്തകോത്സവങ്ങളിലെ കച്ചവട കൗതുകങ്ങൾ മാത്രമായി പ്രദർശിപ്പിക്കപ്പെടുകയും ആരവങ്ങളോടെ എഴുന്നള്ളക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. തന്നിൽത്തന്നെ അഭിരമിക്കാനും ആത്മഭാഷണങ്ങളിൽ മുഴുകാനും തന്റെ പ്രതിബിംബത്തിൽ ലോകത്തേയും വായനക്കാരേയും ദർശിക്കാനുമുള്ള പ്രാഥമിക പാഠം പഠിപ്പിക്കുന്ന ആത്മാനുരാഗക്കളരികളായി സാഹിത്യോത്സവങ്ങളെ കാണാവുന്നതാണ്. എഴുത്തിനേയും എഴുത്തുകാരനേയും ആദരിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് വിപരീതമായി എഴുത്തിന്റേയും എഴുത്തുകാരന്റേയും, (ജനാധിപത്യ സമൂഹത്തിൽ നിന്നുള്ള) പൂർണ്ണമായ അന്യവൽക്കരണത്തിനാണ്  സാഹിത്യോത്സവങ്ങൾ സാഹചര്യമൊരുക്കുന്നത്.

പ്രശ്നമിതാണ്: തന്നിൽത്തന്നെ തലപൂഴ്ത്തി, ആത്മ ബിംബത്തിൽ ലയിച്ച്, ആത്മഭാഷണത്തെ എഴുത്തിന്റേയും സംസാരത്തിന്റേയും കലയാക്കി, ഊതിവീർപ്പിച്ച 'അഹ'ത്തെ മാത്രം ധ്യാനിച്ച്, " ഞാൻ' 'ഞാൻ' എന്ന പുരാവൃത്ത മന്ത്രം ആവർത്തിച്ച് ഉരുവിട്ട്, ജീനിയസ്സുകൾ മാത്രം  വാഴുന്ന സെലിബ്രിറ്റി ക്ലബ്ബിൽ അംഗത്വം സ്വപ്നം കണ്ട് അധികാരപ്പടിക്കൽ കാത്ത് കെട്ടിക്കഴിയുന്നവർക്കൊപ്പമാണോ 'എന്റെ' സ്ഥാനം?

അതോ പ്രതിരോധത്തിന്റേയും പോരാട്ടത്തിന്റേയും ആത്മത്യാഗത്തിന്റേയും സന്ദേശങ്ങളെ അക്ഷരങ്ങളിൽ ആവാഹിച്ച് സെലിബ്രിറ്റി സങ്കൽപ്പങ്ങളെ പൂർണ്ണമായി നിഷേധിച്ച്, വാക്കിലും നിശ്ശബ്ദതയിലും 'സ്വാതന്ത്ര്യം സ്വാതന്ത്ര്യം' എന്ന മൊഴി ആവർത്തിച്ച് ഉരുവിട്ട് കഴിയുന്നവരോടൊപ്പമാണോ എന്റെ സ്ഥാനം?

എഴുത്തിന്റേയും എഴുത്തുകാരന്റേയും വിധി നിർണ്ണയിക്കപ്പെടുന്നത് ചോദ്യങ്ങൾക്ക് നൽകപ്പെടുന്ന ഉത്തരങ്ങളെ ആശ്രയിച്ചാണ്

ഒരു കാര്യം തീർച്ചയാണ്: സാംസ്കാരിക ജീർണ്ണതയുടെ വിസർജ്ജ്യങ്ങളായാണ് സാഹിത്യോത്സവങ്ങളെ ഭാവിചരിത്രം വിലയിരുത്തുക - യാതൊരു സംശയവുമില്ല!