edam
in left perspective

Friday, 2 April 2021

ജനാധിപത്യവൽക്കരണമോ ആത്മനാശമോ?

ഇപ്പോൾ നാം എന്തു ചെയ്യണം - രണ്ട്

 

എം. പി. ബാലറാം.


കേരളത്തിലെ 'ഔദ്യോഗിക' ഇടതുപക്ഷവും, അതിന്റെ ഭാഗമായ കമ്യൂണിസ്റ്റ് പാർട്ടികളും, നിലനിൽപ്പ് ഭീഷണിയെ നേരിടുകയാണിന്ന്. താൽക്കാലിക പരിഹാരങ്ങൾ അസാധ്യമായ അവസ്ഥയിലാണ്. ആത്മ നാശത്തിന്റെ വക്കിൽ, അന്ത്യം ആസന്നമായ മുഹൂർത്തത്തിൽ എത്തിപ്പെട്ട ഏതൊരാളെയും പോലെ അതിന് സ്വയംതിരിച്ചറിയാൻ കഴിയണമെന്നില്ല അവസാനത്തിന്റെ ആരംഭമായെന്ന്. നിലനിൽപ്പിനാശ്യമായ ജീവചോദനകൾ, അതിന്റെ തന്നെ ഭാഗമായ സ്വയംഹത്യക്കുള്ള ശക്തമായ പ്രേരണകൾ, ഇതുരണ്ടും ചേർന്ന് പ്രസ്ഥാനത്തെയും പാർട്ടിയേയും കേരളത്തിൽ ആഴമേറിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. രക്ഷാമാർഗ്ഗം നിർദ്ദശിക്കുക എളുപ്പമല്ല. വീണ്ടുവിചാരങ്ങളിൽ ആർക്കും താൽപ്പര്യവുമില്ല. ആസന്നമായ തിരഞ്ഞെടുപ്പിലെ ജയമോ പരാജയമോ കൊണ്ടാവില്ല കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിധി നിർണ്ണയിക്കപ്പെടുക. അകത്തും പുറത്തും പാർട്ടി പങ്ക്പറ്റുന്ന അങ്ങേയറ്റം പ്രതിലോമകരമായ ഏകാധിപത്യ പ്രവണതകൾ ഒരു കാര്യം മുൻകൂട്ടി ഉറപ്പിക്കുന്നുണ്ട്. ചൈനീസ് - വടക്കൻ കൊറിയൻ  പാർട്ടികളുടെ പിരമിഡ് മാതൃകകളുടെ ഹാസ്യാനുകരണങ്ങളായി തികച്ചും ഏകാധിപത്യപരമായി നിലനിൽക്കുന്ന  കേരളത്തിലെ പാർട്ടിക്ക് ജനാധിപത്യം അകത്തും പുറത്തും അഹിതകരമാകുന്നതിൽ അത്ഭുതമില്ല. ഏകാധിപത്യപരമായി അടിച്ചേൽപ്പിക്കപ്പെടുന്ന പാർട്ടി സംഘടനകൾ, ലോകത്ത് മിക്കയിടങ്ങളിലും ഇന്ന് ഉപയോഗിക്കപ്പെടുന്നത്, കമ്യൂണിസ്റ്റ് സങ്കൽപ്പനങ്ങളുടെയും അതിന്റെ ചരിത്രപരമായ പൈതൃകങ്ങളുടെയും ചെലവിൽ കോർപ്പറെയ്റ്റ് മൂലധന താൽപ്പര്യങ്ങളെ  സംരക്ഷിക്കാനാണ്. കേരളത്തിലെ അനുഭവവും ഈ വഴിക്കാകുന്നതിൽ ഒട്ടും അതിശയിക്കാനില്ല.

 

ആഗോളീകരണത്തിന്റെയും നവലിബറൽ മൂല്യവ്യവസ്ഥയുടെയും കടന്നുകയറ്റം, ഇന്ത്യയിലെ വർഗ്ഗ - ബഹുജന സംഘടനകളുടെ സ്വാധീനശക്തിയെ ഗണ്യമായ രീതിയിൽ ദുർബലപ്പെടുത്തി. ജാതി - മത സംഘടനകളും മറ്റു സ്വത്വ പ്രസ്ഥാനങ്ങളും ഇടതുപക്ഷത്തിന്റെ സ്വാധീനമേഖലകളിൽ വേരുറപ്പിക്കുന്നത് തടയാൻ, ഒരു നിലയ്ക്കും മാർക്സിസ്റ്റ് പാഠപുസ്തക വിജ്ഞാനംമാത്രം മതിയാകില്ലെന്നത് പുതിയ ലോകാനുഭവമാണ്. ഇത് മനസ്സിലാക്കുന്നതിൽ പാർട്ടി സംഘടനകൾ പരാജയപ്പെട്ടു. പ്രതിരോധവും പോരാട്ടവും ശക്തമാക്കാൻ അനിവാര്യമായ മുന്നുപാധികളാകേണ്ടിയിരുന്നത് അംഗബലത്തിലെ വർദ്ധന മാത്രമായിരുന്നില്ല. ജനകീയപ്രശ്നങ്ങളെ ആധാരമാക്കിയുള്ള വമ്പിച്ച ജന പങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭങ്ങൾ കെട്ടഴിച്ചു വിട്ട രാജ്യങ്ങളിലെല്ലാം ഒരു പരിധിവരെയെങ്കിലും, ഫാസിസ്റ്റ് സ്വഭാവംപ്രകടിപ്പിച്ചു തുടങ്ങിയ പാർട്ടികളെയും, ഭരണകൂടങ്ങളെയും, അതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിച്ചത്, ഇടതുപക്ഷ പാർട്ടികൾക്ക് പാഠമാകേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രം പരിമിതപ്പെടുത്തിയ ഒരു 'മാർക്സിസ്റ്റ്ചിന്തയും' അതിന്റെ ആവശ്യങ്ങൾക്കായി അതാത് സന്ദർഭങ്ങളിൽ രൂപപ്പെടുത്തുന്ന പ്രായോഗിക പ്രവർത്തനശൈലിയുംകൊണ്ട്, ലോകത്തിലെവിടെയെങ്കിലും ഏതെങ്കിലും ഒരു കമ്യൂണിസ്റ്റ് പാർട്ടി  നിലനിന്നു പോന്ന ചരിത്രമില്ല. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും,യൂറോകമ്യൂണിസത്തിന്റെ സ്വാധീന മേഖലകളിലുമെല്ലാം, തിരഞ്ഞെടുപ്പ് രാഷ്ടീയത്തിന്റെ കളിക്കളങ്ങളെ മാത്രം കണ്ടുകൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനത്തിനു പകരം ബഹുജന പ്രക്ഷോഭങ്ങളെയും ജനകീയസംഘടനകളെയും മുൻനിർത്തിയുള്ള ജനാധിപത്യപ്രവർത്തന ശൈലി സ്വീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ നിർബന്ധിക്കപ്പെടുകയാണ് ഇന്ന്. വോട്ടു ബാങ്ക് രാഷ്ട്രീയം വലതുപക്ഷത്തെപ്പോലും തുണയ്ക്കുകയില്ലെന്ന് തിരിച്ചറിയപ്പെടുന്ന ഒരു കാലത്താണ്, ഇന്ത്യയിലെ (കേരളത്തിലെയും!) ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടികളും, ജനങ്ങളെ വോട്ടു ബാങ്ക്അക്കൗണ്ടിലെ ജീവനില്ലാത്ത അക്കങ്ങൾ മാത്രമായി കണക്കാക്കി,  കവടി നിരത്തി ഭാവി പ്രവചിക്കാനൊരുങ്ങുന്നത്.

ബൂർഷ്വാ ജനാധിപത്യത്തിന്റെ എല്ലാ നേട്ടങ്ങളെയും മേന്മകളെയും മാർക്സും മാർക്സിസവും, ആരംഭകാലം മുതൽക്കേ, സ്വന്തം വളർച്ചക്ക് പ്രാണവായുവായി ഉപയോഗിച്ച് പോന്നിട്ടുണ്ട്. ഇന്ത്യയിലും ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് മുള പൊട്ടിയ ആശയവും പ്രസ്ഥാനവും, ബ്രിട്ടീഷ് ഭരണത്തിൻ കീഴിലും, സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷവുംനിലനിന്ന ജനാധിപത്യാനുകൂല്യങ്ങളെ അതാത് കാലം ഉപയോഗിച്ചാണ്, ശക്തിപ്പെട്ടു പോന്നത്. ആരുടെയും സൗജന്യങ്ങളായി, ജനങ്ങൾക്ക് ജീവിതവഴികളിൽ നിന്ന് വീണുകിട്ടുന്നവയല്ല ജനാധിപത്യ വ്യവസ്ഥയിലെ അവകാശങ്ങളൊന്നുംതന്നെ. ജനതയുടെ നെടുനാളത്തെ പോരാട്ടങ്ങളുടെ സമ്പാദ്യങ്ങളാണവയെല്ലാം. തങ്ങൾ കനിഞ്ഞു നൽകുന്ന സൗഭാഗ്യങ്ങളും സൗജന്യങ്ങളുമാണ് ഇന്ന് നിങ്ങൾ അനുഭവിക്കുന്നത് എന്നു പറയുന്ന ബൂർഷ്വാഭരണാധികാരികളെ, സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പും അതിനുശേഷവും, കാലാകാലങ്ങളായി ജനങ്ങൾ അഭിമുഖീകരിച്ചു പോന്നിട്ടുണ്ട്. ഇടതുപക്ഷത്തിന്റെയും, കമ്യൂണിസ്റ്റ് പാർട്ടികളുടെയുംപേരിൽ ഭരണാധികാരം കൈയാളുന്നവർ, ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്ക് യാതൊരു വിലയുംകൽപ്പിക്കാതിരിക്കുന്നത്, അതിനാൽ ജനാധിപത്യവിരുദ്ധം മാത്രമായല്ല തിരിച്ചറിയപ്പെടേണ്ടത്; അതിനെ ബൂർഷ്വാഭരണവ്യവസ്ഥക്കകത്ത് അതിന്റെ വൈകൃതമായി വളരാൻ തുടങ്ങുന്ന ഏകാധിപത്യ പ്രയോഗത്തിന്റ ബീജരൂപമായാണ് കണക്കാക്കേണ്ടത്. ഇടതുപക്ഷഭരണത്തെ മാത്രമല്ല അതിൽ പ്രധാന പങ്ക് വഹിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയേയും നയിക്കുന്ന പ്രത്യയ സംഹിതയായി ഏകാധിപത്യബാധ മൂർച്ഛിച്ചത് കോവിഡ് - 19 മഹാവ്യാധിയുടെ കാലത്താണ് എന്നത് ഒട്ടുംയാദൃച്ഛികമല്ല. ഇടതു - വലതുപക്ഷ ഭേദമില്ലാതേയാണ് അമിതാധികാരപ്രയോഗത്തിനറെ ക്ഷുദ്രവൈറസ്സുകൾ ജനജീവിതങ്ങൾക്കുമേൽ അധിനിവേശത്തിനുള്ള സുവർണ്ണാവസരമാക്കി കോവിഡ് കാലത്തെ ഉപയോഗപ്പെടുത്തുന്നത്. സൗജന്യ പദ്ധതികളും പാരിതോഷിക വാഗ്ദാനങ്ങളുംകൊണ്ട് പെരുമഴപെയ്യിച്ച്, പാർട്ടി സംഘടനകളേയും, സമൂഹമനസ്സുകളെയും നിശ്ശബ്ദമാക്കാനുള്ള കാപട്യം ഏകാധിപത്യ വ്യവസ്ഥക്ക് മാത്രം ചേർന്നതാണെന്ന് ഉറക്കെ വിളിച്ച് പറയാനെങ്കിലും ജനസാമാന്യത്തിന് കഴിയേണ്ടതാണ്. അതിനവരെ പ്രാപ്തരാക്കേണ്ട ഇടതുപക്ഷത്തെ 'പ്രാമാണിക ബുദ്ധിജീവി'കളൊക്കെയും ക്ഷുദ്ര വൈറസ് ബാധക്ക് കീഴ്പ്പെട്ട് അധികാരത്തുടർച്ചയുടെ സുവർണ്ണകാലം സ്വപ്നംകാണുന്ന അടിമമനസ്സുകളായി മാറിക്കഴിഞ്ഞുവെന്നതും സാധാരണ ജനങ്ങൾ അറിയേണ്ടതാണ്.

Monday, 29 March 2021

ഇപ്പോൾ നാം എന്തു ചെയ്യണം?

എം. പി. ബാലറാം 

കേരളവുമായി ബന്ധമുള്ള ഏതൊരാൾക്കും ഈ സന്ദർഭത്തിൽ ഇങ്ങനെയൊരു ചോദ്യം നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള  വഴി, പലരും കരുതും പോലെ മറുചോദ്യങ്ങൾ ചോദിക്കുകയല്ല. മുരട്ടു ന്യായവാദങ്ങൾ നിരത്തുകയുമല്ല. ചരിത്രം നമ്മുടെ താർക്കികയുക്തികൾക്കും ന്യായാന്യായ വാദഗതികൾക്കും സിദ്ധാന്ത ശാഠ്യങ്ങൾക്കും  ഒപ്പം ആടുകയും പാടുകയും ചെയ്യുന്ന പാവയല്ല. അധികാരത്തിന്റെയും സമ്പത്തിന്റെയും രാജപാതകൾ വിട്ട് ദുർഘടവും കുഴഞ്ഞു മറിഞ്ഞതുമായ വഴികളിലാണ് ഏതൊരു ജനതയും, നിർണ്ണായകമായ മുഹൂർത്തങ്ങളിൽ, ചരിത്രത്തിന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത്. ഇപ്പോൾ എന്താണ് കേരളത്തെ സംബന്ധിച്ച് ഉയരുന്ന ചോദ്യത്തിനുള്ള സാധ്യമാകുന്ന ഉത്തരം? തിരഞ്ഞെടുപ്പ് ആസന്നമായ ഇത്തരം ഒരു ഘട്ടത്തെ നേരിടേണ്ടതെണ്ടതെങ്ങനെ?

കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയവും സാമൂഹികവും സാസ്കാരികവുമായ അടിസ്ഥാനപ്രശ്നങ്ങളെ നേർക്കുനേർ എതിരിട്ടതിന്റെയും അതിജീവനമാർഗ്ഗങ്ങൾ അതാത് സന്ദർഭങ്ങളിൽ സ്വയം കണ്ടെത്തിയതിന്റെയും സാഹസിക ചരിത്രമാണ് - ഇതറിയുന്നവരാരും  സമകാലികമായി നേരിടുന്ന ചോദ്യങ്ങളുടെയും പ്രശ്നങ്ങളുടെയും മുമ്പിൽ പതറില്ല. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകൾക്കിടയിൽ, കേരളമെന്ന് ഇന്നു നാംഅടയാളപ്പെടുത്തി വിളീക്കുന്ന ഭൂപ്രദേശം, അതിന്റെ ഭൂസ്ഥിതി, ജനതയുടെ ഭാഷ, ജീവിതസമ്പ്രദായം, സാമ്പത്തികവും രാഷ്ട്രീയവും മതപരവും ജാതീയവുമായ പ്രാമാണ്യത്തിനു വേണ്ടി വ്യത്യസ്ത വിഭാഗങ്ങളുംവർഗ്ഗങ്ങളുംതമ്മിൽ ഏർപ്പെട്ട അവസാനം കാണാത്ത കലഹങ്ങൾ, കലാപങ്ങൾ - ഇതേക്കുറിച്ചുള്ള അവബോധം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിക്കുന്ന ആർക്കും അത്യന്തം ഉദാരമായ സ്വതന്ത്രചിന്താഗതിയും ജനാധിപത്യബോധവും പകർന്നുകൊടുക്കുമെന്നാണ് നമ്മളെല്ലാം പ്രതീക്ഷിക്കുന്നത്. എന്നാൽ സത്യത്തിൽ സംഭവിക്കുന്നത് നേർവിപരീതമായ കാര്യങ്ങളാണ്. ഒരു ദേശത്തിന്റെയും അതിന്റെ രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരികാപചയങ്ങളുടെയും പേരിൽ 'അന്യൂന'മായ ഒരു 'കേരള മാതൃക' സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നാം ഇന്നുയർത്തുന്ന ചോദ്യം സ്വത്വപ്രതിസന്ധി നേരിടുന്ന ഏതൊരു ജനതയും സ്വയം ചോദിക്കാൻ നിർബന്ധിക്കപ്പെടുന്ന ആ പഴയ (പുതിയ) ചോദ്യം തന്നെയാണ്.

'ഇടതു പക്ഷസ്വത്വം' എന്നത് കേരളത്തെ സംബന്ധിച്ചുള്ള ചരിത്രപരവും സാമൂഹ്യ ശാസ്ത്രപരവുമായ അറിവുകളുടെ പിൻബലത്തോടെ രൂപീകരിക്കപ്പെട്ടുപോന്ന ഒരു സങ്കൽപ്പനമാണ്. ഫുക്യാമയുടെ വാദത്തെ  സാധൂകരിക്കും വിധത്തിൽ, കേരളീയ സ്വത്വത്തെ സംബന്ധിക്കുന്ന  സങ്കൽപ്പനം അതിവേഗത്തിൽ തിരുത്തിക്കുറിക്കപ്പെടുകയും, ആഗോളവൽകരണത്തിന്റെ മൂല്യവ്യവസ്ഥക്ക് ചേർന്ന 'നവീനസ്വത്വം' രൂപീകരിക്കപ്പെടുകയുമാണ്. ജാതീയവും മതപരവും വർഗ്ഗപരവുമായ അതിർവരമ്പുകളാണ് പുതുക്കിപ്പണിയുന്നത്. നവീനവൽക്കരിക്കപ്പെട്ട പ്രത്യേകജനുസ്സിലുള്ള ഒരു 'മാർക്സിസ്റ്റ് മാതൃക' ഇവിടെ പിറവിയെടുക്കുകയും ശ്രദ്ധാപൂർവ്വം വളർത്തപ്പടുകയുമാണ്. അർത്ഥവും ആശയവും അതിനായി യഥേഷ്ടം ഉപയോഗിക്കപ്പെട്ടുപോരുന്നുണ്ട്. ഹിന്ദുത്വഫാസിസത്തെ എതിരിടുകയാണെന്ന് ക്ലാസ്സിക്കൽ മാർക്സിസത്തിന്റെ പദാവലികളുപയോഗിച്ച് ഒരുവശത്ത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾത്തന്നെ, മറുവശത്ത് ഹിന്ദുത്വഫാസിസത്തിനെ പരോക്ഷമായി ന്യായീകരിക്കുന്ന മതപരവും ജാതീയവും വർഗ്ഗപരവുമായ വേർതിരിവുകളൊന്നൊന്നായി നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. മാർക്സിസ്റ്റ് സങ്കൽപ്പനങ്ങളടെ ചെലവിൽ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തികച്ചും 'നവീനമായ' കേരളീയ വികസനമാതൃകക്ക് വളരാൻ വെള്ളമായും വളമായും അഴിമതി ഉപയോഗിക്കപ്പെടുന്നു. കേരളീയ സമൂഹത്തെ പരിപൂർണ്ണമായി കീഴ്പ്പെടുത്താനും, പ്രതിലോമവൽക്കരിക്കാനും, ഹിന്ദുത്വഫാസിസ്റ്റുകളെ പരോക്ഷമായി സഹായിക്കുന്ന വിധത്തിലാണ് അതിവേഗപുരോഗതിയുടെ പേരിൽ, അഴിമതിവൽക്കരിക്കപ്പെട്ട അരാഷ്ട്രീയവികസന അജണ്ട നടപ്പിലാക്കാൻ ഒരുമ്പെടുന്നത്. കർട്ടനുപിന്നിൽ ഒരുങ്ങുന്നത് കോർപ്പറേറ്റ് മുലാളിത്തത്തിന്റെ ഇടതു-വലതു ദല്ലാളുകൾ ചേർന്നു രൂപപ്പെടുത്തിയെടുത്ത 'വികസനവീരഗാഥ'കളുടെ തിരക്കഥകളാണ്. കമ്യൂണിസ്റ്റ് ചൈനയിലും, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലുംപല കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും'വിജയകരമായി' പരീക്ഷിച്ചുവരുന്ന ഇടതു-വലത് സഖ്യത്തിന്റെ പിൻവാതിൽ പ്രവേശനമാണിത്. കേരളീയ സ്വത്വത്തിന്റെ പൊളിച്ചെഴുത്തായി നാളെ കോർപ്പറേറ്റ് ചരിത്രകാരന്മാർക്ക് വ്യാഖാനിക്കാൻ പാകത്തിൽ, പുരോഗമന ചിന്തയുടെ അടിസ്ഥാന ശിലകളൊന്നൊന്നായി, ബോധപൂർവം ഇവിടെ മണ്ണിട്ടുമൂടുകയാണ്.

നാം വ്യക്തമായി തിരിച്ചറിയേണ്ട കാര്യമുണ്ട്: സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും രാഷ്ട്രീയവളക്കൂറുള്ള മണ്ണിൽ വേര് പിടിക്കാൻ സാധിക്കാഞ്ഞ കോർപ്പറേറ്റ്-വ്യാജ ഇടതുപക്ഷ സഖ്യത്തിന്റെ കേരളപതിപ്പാണ് ഇന്ന് പൂർവ്വാധികം ഹിംസാത്മകമായി ഇവിടെയും ചുവടുകൾ ഉറപ്പിക്കാൻ സാഹസപ്പെടുന്നത്. സിംഗൂരിൽ പറ്റിയ തോൽവിക്ക് ടാറ്റ മറുപടി നൽകിയത് ഹിന്ദുത്വ ഫാസിസത്തിന്റെ തണലിൽ, ഗുജറാത്തിൽ മാറ്റി സ്ഥാപിച്ച കാർ നിർമ്മാണ ഫാക്റ്ററിയിലൂടെയാണ്. ഇതൊട്ടും യാദൃച്ഛികമായി സംഭവിച്ചതല്ല. ആഗോള കോർപ്പറെയ്റ്റ് മുതലാളിത്തം ഇടത്-വലത് ഭേദമന്യേ ആരെയും വിലക്കെടുത്തും അനുനയിപ്പിച്ചും എതിരിടുന്നവരെ ഭരണകൂട ഹിംസയാൽ നിശ്ശബ്ദമാക്കിയുമാണ് 'മഹത്തായ ഇന്ത്യൻ ജനാധിപത്യ'ത്തിന്റെ 'വികസനപുരോഗതി' രാജ്യമെങ്ങും നടപ്പാക്കുന്നത്. ഇതിൽ തങ്ങളുടെ ചരിത്രപരമായ  പങ്ക് നിർവ്വഹിക്കാൻ കേരളീയ ഔദ്യോഗിക ഇടതുപക്ഷം തുടർച്ചക്കുള്ള ഒരവസരംകൂടി നൽകാനാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. നമുക്ക് അർത്ഥശങ്കക്കിടയില്ലാത്ത വിധം ജനങ്ങളോട് പറയാനുള്ളത് ഇതാണ്: വലതുപക്ഷത്തിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തിന്റെ ദൗത്യം അധീകാരദല്ലാളുകളും, അവസാരവാദരാഷ്ട്രീയക്കോമാളികളും അഴിമതിയുടെ ആൾ രൂപങ്ങളുമാവുകയല്ല. ഹിംസാത്മക രാഷ്ട്രീയത്തെ പിൻപറ്റുകയുമല്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വെച്ചുനീട്ടുന്ന സൗജന്യ വാഗ്ദാനങ്ങൾ ഭക്ഷിച്ച് സ്വയംതങ്ങളെത്തന്നെ പണയപ്പെടുത്തുന്നത്, ഇടതുപക്ഷ സംസ്കാരമല്ല. ഒരു രക്ഷകബിംബത്തെയും, സ്വന്തം രക്ഷയ്ക്ക് ചുമതലപ്പടുത്തിയ ചരിത്രം, ഇടതുപക്ഷത്തിനില്ല. ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങൾ തന്നെ.അത് നിറവേറ്റാനുള്ള അവസരമാണ്, ജനങ്ങൾക്ക്  കൈവന്നിരിക്കുന്നത്. അതവർ നിറവേറ്റുകതന്നെ ചെയ്യും.

                                                                                   (മറുവാക്ക് മാസിക 2021, മാർച്ച് ലക്കം)

Friday, 2 October 2020

The Contemporaneity of Pattannur’s Poetry

M. P. Balaram


Where does ‘contemporary Malayalam poetry’ stand today? What does poetry criticism do here?


Whenever I happen to write about the poetry of Kunhappa Pattannur, I have to invariably confront these questions.

 

Anybody who is a keen observer of the contemporary Malayalam poetry scene has the right to pose these questions. Because it was not to cater to the comfort and happiness of a select few and to win for them fame, awards and honours that the art of poetry came into being. They might even think that it is their family property!  Letters of the alphabet, words, expressions, idioms, rhythms, imaginations what more, even the quiescence between words and sentences have remained for centuries the common property of people’s poetic imagination.  All those who have lived in different times and in different nations have a common claim on it regardless of the human race they belong to. Both the present and the future generations have equal right in this common claim to the art of poetry as belonging to the people at large. The common cultural heritage of the people cannot be rescinded by copyright alone.


Readers who happen to read the poems of Kunhappa Pattannur, which he has been writing for half a century now, are also bound to face these questions. Just imagine! How many human beings must have worked hard in unison, dancing, singing, listening, writing and reading, to sustain such an art form as poetry which has been entertaining and enlightening people from generation to generation? Felicitations, despair, connections, quarrels, rebellions, martyrdom, struggles, philosophical outlooks…what not; there are a cornucopia persuasions and inspirations that have been contributing for its sustenance. In the words, silences, crises, conflicts, deep sorrows, and love of the poems of Kunhappa Pattannur can be spotted the subtle fingerprints of men who have lived in different continents, different times, and spoke different languages.

 
The question I posed at the outset rears its head again. What is the present condition of the so-called ‘contemporary poetry’?  What is its significance, if any?


Poetry has become an art form on which anybody can lay his/her hands on. All those who possess nothing except a modicum of literacy can engage ‘with confidence’ in the ‘handiwork’ of poetry. Anybody can write about anything and publish it as poetry!


To breathe clean air, to eat the food of one’s choice, to drink one’s thirst-quenching drink, to travel through one’s places of interest, to build a house of one’s imagination, to cultivate and rear up friendships, bonds of love and marriage—to do all these too much labour and sweating will be required from one who is out to get them at any cost. On top of that, in order to concretize these things, he will certainly have to depend on the hard labour put in by a number of people for a long time. He will also have to be responsible to an equal number of people. One who wishes to get himself educated, to interfere in the society, to interact with its members and to do ‘politics’ will be forced to take into count a number of things. In all the given contexts, the term or concept of ‘freedom’ acquires only limited and relative denotations.


However, the only vocation that one can do now arbitrarily, without being responsible to anyone or to oneself, and without depending on anybody is ‘churning out poetry.’ Indeed, ‘contemporary poetry’ is celebrating this unbridled freedom here today. 

 
It is gratifying to note that the poetry of Kunhappa Pattannur stands firm here without getting carried away in the strong current of this anarchic poetry making. His poetry is here in the midst of those who struggle hard to make both ends meet and those who live a hellish life amid the deafening noises of cutthroat competition. The voice of Pattannur as a poet can be heard loud and clear from the different corners of his poetic realm. It says that poetry springs from the common cultural pool of a people apart from being the product of collective imagination and the philosophy and politics of the times we live in.  And the spokesmen of ‘the contemporary poetry’ listen to them as if they are voices from an alien planet.


The so called ‘contemporary poetry’ bides its time blissfully turning the serious into frivolous, the critical into non-critical, history into nothingness and in the course projecting the ‘I’ as all important in this exercise in futility. 


And this is how the poetry of Kunhappa Pattannur lives on in the opposite direction of what is touted as contemporary poetry: Drawing strength and energy from subaltern politics which refuses to be subjugated by anybody, the poetry of Pattannur has come to stay here for good with its roots running deep into the ‘miserable present of the oppressed’ even as it goes on cataloguing the tragedies in the wake of the deluge of hardships. The continent of the poetry of Pattannur maps out the evolution of the history of the world as well as India; the vicissitudes of our political life also forms part of the poet’s experiences. The poet’s opposition to the authoritarian and globalizing tendencies stands in high relief throughout the gamut of his work. 


Therefore, it is not by way of meeting an obligation that I have written these words prefacing a selection of Pattannur’s poems being published in English translation, which is in fact long overdue given the appeal and wide popularity of his work, by CHORUS IMPRINTS. By writing these words I believe that I am discharging my responsibility as a critic to our language and its speakers who struggle with their thoughts, imagination, and toil hard to survive in the teeth of oppression, occupation and annihilation.

 (Preface to the upcoming selection of poems by Kunjappa Pattannur, 'Rains and Rivers', published by Chorus Imprints)

Tuesday, 22 September 2020

ചരിത്രത്തെ ആർക്കാണ് ഭയം?

'വൈറസ് കാല' വിചാരങ്ങൾ - ആറ്


എം. പി. ബാലറാം

 

 https://collectionapi.metmuseum.org/api/collection/v1/iiif/398148/1681778/restricted

 Kathe Kollwitz 'Mothers'

 

ഒന്ന്


കോവിഡ് - 19 മഹാവ്യാധി, ചരിത്രത്തെ ഏറ്റവും വിശ്വസ്തനായ സഹചരനായിക്കാണാൻ മനുഷ്യവർഗ്ഗത്തെ നിർബന്ധിക്കുന്നുണ്ട്. ചരിത്രമെന്നതിന് സാമ്രാജ്യത്വത്തിന്റെയും കോർപ്പറേറ്റുകളുടെയും ജാതി - മത - വംശ - ദേശ സ്വത്വങ്ങളുടെയും ചരിത്രം എന്ന് മാത്രം അർഥം കൽപ്പിക്കപ്പെടാൻ തുടങ്ങിയകഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളുടെ സങ്കല്പനങ്ങൾ 'യാദൃച്ഛികമായി' ജന്മം കൊണ്ട ഒരു ക്ഷുദ്ര വൈറസിനാൽ തിരുത്തിക്കുറിക്കപ്പെടുകയാണ് ഇന്ന്. ഔദ്യോഗിക-മുഖ്യധാരാ ചരിത്ര രചയിതാക്കൾ പുനർവായനകൾക്കും പുനരെഴുത്തുകൾക്കും നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. 'ചരിത്രത്തിന്റെ അന്ത്യ'ത്തെക്കുറിച്ചുള്ള ഫുക്ക്യാമയുടെ ആദ്യകാല തീസിസ്സുകളെ പിന്തുടരാനുള്ള എല്ലാ പ്രലോഭനങ്ങളെയും (ഫുക്യാമ തന്നെ പിൽക്കാലത്ത് അത് തിരുത്തിക്കുറിച്ചത് അറിയാതെ) പ്രതിരോധിക്കാൻ ഒരു വൈറസ് കാരണമായിത്തീർന്നത് ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകയുക്തിയെ മൂർത്തമായി ഉദാഹരിക്കുന്നുണ്ട്. അത്യന്തം പുതുമയുള്ള ഈ തിരുത്തിയെഴുതലുകളെ ചരിത്രപരമായ ഒരു വിരോധാഭാസമായി മാത്രം കാണാനാണ് ചിലർക്ക് ഇപ്പോഴും താൽപ്പര്യം. മൗലികമായ മാറിച്ചിന്തിക്കലുകൾകൾക്ക് തയ്യാറാവാനുള്ള പാഠം വൈറസ് ബാധകളുടെ അനുഭവങ്ങളിൽ നിന്നും പഠിക്കാൻ മനുഷ്യസമൂഹം ഇന്നല്ലെങ്കിൽ നാളെ നിർബന്ധിക്കപ്പെടുകതന്നെ ചെയ്യും. അതിനുള്ള ഭൗതികവും ഭൗതികേതരവുമായ പരിതസ്ഥിതികൾ അതിവേഗം ലോകമെങ്ങും ഒരുക്കപ്പെടുന്നത് കാണാൻ കഴിവുണ്ടാവുകയാണ് പ്രധാനം. അതില്ലാതിരിക്കുമ്പോഴാണ് നാം ചരിത്രത്തെ ഭയപ്പെടുന്ന ഭീരുക്കളായി ചരിത്രത്തിൽ ഇടം നേടുന്നത്. ഭൂതത്തെയും വർത്തമാനത്തെയും ഭാവിയേയും കൂട്ടിവായിക്കാനറിയാത്ത പുതിയ കാലത്തെ 'നിരക്ഷരർക്ക്' ഭീരുക്കളായിക്കഴിയാനേ പറ്റൂ! അവരോട് സഹതപിക്കുക!

ചരിത്രം മാത്രമല്ല ഇന്ന് നമ്മുടെ ആധിക്ക് കാരണം. സമൂഹം ആധിക്ക് പുതിയ വിഷയമാണ്. വ്യക്തിയെ പരമോന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ച അവസ്ഥയെ മാറ്റാതെ നിലനിൽപ്പ് അസാധ്യമാണെന്ന ബോധം അതിവേഗ രോഗപ്പകർച്ച ഇന്നുണ്ടാക്കിത്തീർക്കുന്നു. വ്യക്തികർത്തൃത്വങ്ങളിൽ നിന്ന് സാമൂഹ്യ കർത്തൃത്വങ്ങളിലേക്കുള്ള നിർബന്ധപൂർവ്വമായ പരിണാമം ആഗോളീകരണത്തിന്റെയും നവലിബറൽ മൂല്യസങ്കൽപ്പങ്ങളുടെയും നിഷേധമാണ്. വ്യക്തിയുടെ താൽപ്പര്യങ്ങൾ, തിരഞ്ഞെടുപ്പ്, വിവേചനം, ആശയം , ആഗ്രഹങ്ങൾ, ഓർമ്മ, മറവി, സ്വാതന്ത്ര്യം - ഇവയെ മാത്രം അടിസ്ഥാനമാക്കിയുള്ള പരിശുദ്ധമൂല്യബോധം പ്രാകൃതമാണെന്ന് ഇന്ന്  'പുതുതായി' കണ്ടെത്താൻ ആഗോളീകൃതകാലം നിർബന്ധിക്കപ്പെട്ടിരിക്കുന്നു. വൈറസ്സിന്റെ അതിവേഗസാമൂഹ്യവ്യാപനം വ്യക്തിസ്വത്വങ്ങളെ അതിവേഗ സാമൂഹ്യവൽക്കരണത്തിന് നിർബന്ധിക്കുന്നു. ദുർബ്ബലമാവുന്ന വ്യക്തിസ്വത്വങ്ങളെ പിന്തള്ളി സ്വന്തം അതിജീവനത്തിന് വേണ്ടി സാമൂഹ്യകർത്തൃത്വങ്ങൾ രൂപീകൃതമാകുകയും അവയുടെ കൂട്ടായ്മകൾ ശക്തിപ്പെടുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് പ്രത്യയ സംഹിതയെ എതിരിടാൻ മുതലാളിത്തം നാളിതുവരെ ഉപയോഗിച്ച് പോന്ന 'വ്യക്തിവാദ'ത്തിന്റെ പടച്ചട്ട ഇവിടെ നിരുപയോഗമാക്കപ്പെടുകയാണ്.

ഏറ്റവും ലളിതമായി പറഞ്ഞാൽ നാം നേരിടുന്ന വെല്ലുവിളി നമ്മുടെ നിലനില്പിന്റേത് തന്നെയാണ്. ഈ പ്രശ്നം ഏറ്റവും സങ്കീർണമാണെന്നതിനാൽ പരിഹാരം ഒട്ടും ലളിതമല്ലെന്നതാണ് അതിന്റെ വൈരുദ്ധ്യം. കോവിഡ്-19 മഹാവ്യാധിയിൽനിന്നുള്ള രക്ഷക്ക് ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങളെന്ന പേരിൽ നിർദ്ദേശിക്കപ്പെടുന്ന 'സുവർണ്ണ'തത്വങ്ങൾ ഒരർത്ഥത്തിൽ പ്രതീകാത്മകമായി നമ്മുടെ അവസ്ഥയെ മറനീക്കി കാട്ടിത്തരുന്നുണ്ട്. രോഗം വരാതിരിക്കാനുള്ള ആദ്യത്തെയും അവസാനത്തെയും മുന്നുപാധി അന്യനിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുകയാണ്. അന്യൻ എന്നതിന്റെ വ്യാപ്തി വളരെ വലുതാവുകയും അതിന്  'അന്യ'രാജ്യങ്ങളെന്നും 'അന്യ'ജാതി-മത-ദേശ സമൂഹങ്ങളെന്നും 'അന്യ' ഗ്രാമ നഗര സാംസ്കാരിക വ്യത്യാസങ്ങളെന്നും വിപുലമായ അർത്ഥാന്തരങ്ങൾ ഉണ്ടായിത്തീരുകയും ചെയ്യുന്നു. തീവ്രമായ രോഗപ്പകർച്ചയെയും അതിന്റെ മാരകവിപത്തുകളെയും എതിരിടാനെന്ന പേരിൽ ഒറ്റയൊറ്റ വ്യക്തികളെ നിന്നേടങ്ങളിൽ അമിതാധികാരശക്തി പ്രയോഗിച്ച് അനിശ്ചിതകാലം തളച്ചിടുന്നത് 'അന്യ'നെന്ന പ്രേതം ആവേശിക്കാതിരിക്കാനാണ്. മനുഷ്യൻ ഒരു ചരിത്രജീവിയും  സാമൂഹ്യ ജീവിയുമാണെന്ന അടിസ്ഥാന യാഥാർത്ഥ്യം മറന്നുപോയ മുതലാളിത്ത സംസ്കാരം 'അന്യ'നെന്ന ശത്രുബാധയിൽ നിന്ന് രക്ഷ നേടാനുള്ള സാങ്കൽപ്പിക പരിഹാരമാണ് എന്നും തേടുന്നത്!

രണ്ട്

 
നമ്മുടെ നിലനില്പ് കേവലം ജൈവികമായ ഒന്നല്ലെന്നും അത് ചരിത്രവും സമൂഹവുമായി ഇഴ ചേർന്ന ഒരു രാഷ്ട്രീയയാഥാർത്ഥ്യം കൂടിയാണെന്നും ഉള്ള സത്യം ഓർമ്മിപ്പിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. അമിതാധികാരശക്തി പ്രയോഗത്തിനുള്ള അവസരമായി ഇന്നത്തെ രോഗബാധ ഉപയോഗിക്കപ്പെട്ട ഇടങ്ങളിലെല്ലാം അതിനെതിരെയുള്ള വലുതും ചെറുതുമായ ചെറുത്തു നിൽപ്പുകളും ഭരണാധികാരികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. വൈറസ് ബാധ സാമൂഹ്യമായ ഒരു പ്രതിഭാസമാണ് എന്നത് പോലെ തന്നെ പ്രധാനമാണ് അത് എല്ലാ സാമൂഹ്യ വൈരുദ്ധ്യങ്ങളും മൂർച്ഛിപ്പിക്കുന്നുണ്ടെന്നുള്ള സമകാലിക സത്യവും. നമ്മെ ഭരിക്കുന്നവർ ഇതിനെയാണ് സമർത്ഥമായി സ്വാർഥലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത്. സമ്പർക്ക നിരോധനം, നിരോധിത മേഖല, സാമൂഹ്യ അകലം, കൂട്ടായ്മ നിഷേധം,വ്യക്തി നിരീക്ഷണം, നിർബന്ധിത വാസം - രോഗപ്പകർച്ചയുടെ പ്രതിരോധത്തക്കുറിക്കാൻ ആധികാരികമായി പ്രയോഗിക്കപ്പടുന്ന പദാവലികൾ മിക്കതും അധികാരശക്തി പ്രയോഗവുമായി ബന്ധപ്പെട്ടവയാണെന്ന് വരുന്നത് യാദൃച്ഛികമല്ല.

ഫലത്തിൽ ഒരേസമയം രണ്ടു തരം കൂടുകളിൽ അടച്ചിടപ്പെട്ട ജീവിതങ്ങളായിത്തീർന്നിരിക്കുന്നു നമ്മുടേത്. വൈറസ് ബാധയുടെയും അമിധാകാര ശക്തിയുടെയും കൂടുകൾ. ആദ്യത്തേത് ജൈവികം; രണ്ടാമത്തേത് രാഷ്ട്രീയപരം. ലോക്ഡൗണിന്റെ അവസ്ഥ രണ്ടുതരം ബന്ധനങ്ങളെയും സാർവ്വലൗകികമായും സാർവ്വജനീനമായും അദൃശ്യമായി ബന്ധിപ്പിച്ച് നമ്മെ ഒന്നിപ്പിക്കുന്നത് നാം കാണാതിരിക്കരുത്. കൺമുന്നിൽ രൂപപ്പെടുന്ന എല്ലാ അതിർവരമ്പുകളെയും അവ തമ്മിലുള്ള അകലങ്ങളെയും മറികടക്കാൻ കണ്ണുകൾക്ക് പെട്ടെന്ന് കാണാൻ കഴിയാതെ രൂപപ്പെടുന്ന പരസ്പര ബന്ധങ്ങളുടെ പുതിയ സമവാക്യങ്ങളിലൂടെ ഇന്ന് സാധ്യമാകുന്നുണ്ട്. നമ്മുടെ കാലവും സംസ്കാരവും ഇതിന് പ്രാപ്തമായിത്തീരുന്നതിന്റെ സൂചനകൾ ജോർജ്ജ് ഫ്ലോയ്ഡിന്റെ വധത്തെ തുടർന്ന് ലോകമെങ്ങും സ്വാഭാവികമായി കത്തിപ്പടർന്ന പ്രക്ഷോഭങ്ങൾ എത്ര കൃത്യമായാണ് പ്രത്യക്ഷമായി അവതരിപ്പിച്ചത്? അമിതാധികാര ശക്തികൾക്കും ആഗോളീകരണത്തിന്റെ ഫലമായുള്ള പരിസ്ഥിതി നാശത്തിനും തൊഴിൽ നിഷേധങ്ങൾക്കും അരക്ഷിതമായ ജോലി സാഹചര്യങ്ങൾക്കുമെതിരെ സാമൂഹ്യ അകലങ്ങളെ മറികടന്നുള്ള കൂട്ടായ്മകളും ഐക്യദാർഡ്യവും രൂപപ്പെട്ടത്  ഏറെ പ്രതീക്ഷയോടെ നാം നോക്കിക്കാണുന്നുണ്ട്. ശാരീരികവും മാനസികവുമായ അദ്ധ്വാനശക്തി ഉപയോഗിച്ച്  ജീവിതവൃത്തിയിലേർപ്പെട്ട തത്വചിന്തകരെയും കവികളെയും കലാകാരന്മാരെയും ശാസ്ത്ജ്ഞരെയും തൊഴിലാളി സംഘടനകളെയും സ്വേച്ഛാധിപത്യ വിരുദ്ധ രാഷ്ട്രീയ പാർട്ടികളെയും പരിസ്ഥിതി സംരക്ഷണസംഘടനകളെയും പ്രതിനിധീകരിച്ച് സാർവ്വദേശീയമായി രൂപംകൊണ്ട പ്രോഗ്രസ്സീവ് ഇൻറ്റർനാഷണൽ പോലുള്ള പ്രസ്ഥാനങ്ങൾ മനുഷ്യരാശിയുടെ ഭാവി വാഗ്ദാനങ്ങളാണ്. എല്ലാ വിപരീതസാഹചര്യങ്ങളെയും എതിരിട്ട്  ഈ കാലയളവിൽ വ്യത്യസ്തഭാഷകളിലും സംസ്കാരങ്ങളിലും ദേശങ്ങളിലും ഭൂഖണ്ഡങ്ങളിലും ഉയിരെടുത്ത ധൈഷണികചിന്തകളുടെയും, കലാ-സാഹിത്യ സർഗ്ഗസൃഷ്ടികളുടെയും സാമൂഹ്യമാധ്യമ സാഹസിക പ്രവർത്തനങ്ങളുടെയുമെല്ലാം ലോകങ്ങൾ  ഒട്ടേറെ സമാനതകളുള്ളവയും സാങ്കല്പിക അകലങ്ങളെയെല്ലാം ഭേദിക്കാൻ ലോകജനതയെ ശക്തമായി പ്രേരിപ്പിക്കുന്നവയുമാണെന്നത് ഇന്നത്തെ യാഥാർത്ഥ്യം തന്നെയാണ്!

മൂന്ന്


കൊവിഡ് രോഗബാധയും  അമിതാധികാര വ്യവസ്ഥയും വ്യക്തിയെത്തന്നെയാണ് ആദ്യം ആക്രമിച്ച്  കീഴ്പ്പെടുത്തുന്നത് എന്നതിന് നമ്മുടെ കാലത്ത് അതിയായ പ്രാധാന്യമുണ്ട്. മുമ്പ് എല്ലാ കാലത്തുമെന്നതു പോലെ നമ്മുടെ കാലത്തും അധ:കൃതപക്ഷത്തെ വ്യക്തി അങ്ങേയറ്റം ദുർബലനും നിസ്സഹായനുമാണ്. നിരീക്ഷിക്കാൻ, പിന്തുടരാൻ, വിവരങ്ങൾ സമാഹരിക്കാൻ, ഒറ്റപ്പെടുത്തി മാറ്റിപ്പാർപ്പിക്കാൻ, ഭക്ഷണവും ചികിത്സയും നിഷേധിക്കാൻ, ഇവയ്ക്കെല്ലാം സൗകര്യപൂർവ്വം ഇരയായി അധികൃതപക്ഷം കണ്ടെത്തുന്നത് കീഴാള പക്ഷത്തുള്ള ദുർബല വ്യക്തിജീവിതങ്ങളെയാണ്. ഇന്നത്തെ കാലത്തിന്റെയും അധികാരശക്തിയുടെയും ഇരകളാകാൻ, പാതാളത്തേക്കാൾ കീഴെയുളള ഒരു ജീവിതാവസ്ഥയിലേക്ക്, ലോക്ക് ഡൗൺ കാലത്ത് ആട്ടോടിക്കപ്പെട്ട കുടിയേറ്റത്തൊഴിലാളി ശരീരങ്ങൾ വ്യക്തിദുരന്തങ്ങളുടെ ക്ലാസിക് മാതൃകകളാണ്. ആട്ടിൻപറ്റങ്ങളെ പോലെ ഒരു കൂട്ടമായിട്ടോ സ്ഥിതി വിവരക്കണക്കായിട്ടോ അല്ലാതെ ഒറ്റ മുഖവും ഒറ്റ ശരീരവും ഒറ്റയൊറ്റ ജീവിതം ജീവിക്കുന്നവരും ആയി ഇവരെക്കാണാൻ അധികാരസ്ഥാനത്തുള്ളവരും ഉപരി - മദ്ധ്യവർഗ്ഗ സമൂഹവും തയ്യാറായതിന് തെളിവുകൾ അധികം എടുത്തു കാട്ടാനില്ല. കോവിഡ് രോഗബാധയും ഫാസിസ്റ്റ് ക്ഷുദ്രതകളും ചേർന്ന് ഒരുതരം മത്സരബുദ്ധിയോടെ അക്രമോത്സുകമായി സമൂഹമസ്തിഷ്കത്തെ കീഴ്പ്പെടുത്തുമ്പോൾ ആത്യന്തികമായി അത് ബാധിക്കുന്നത് ഇവിടെ ഇന്ന് ഇപ്പോൾ ജീവിക്കുന്ന ഒറ്റയൊറ്റ  വ്യക്തിയുടെ ഒറ്റ ജീവിതം തന്നെയാണ്!

ഒരു വശത്ത് വ്യക്തിയെ ആരാധ്യബിംബമാക്കി പൂജിക്കുകയും മറുവശത്ത് സാധ്യമാവുന്ന അവസരങ്ങളിലെല്ലാം വ്യക്തിയെ ഒറ്റപ്പെടുത്തി നിസ്സാരനാക്കുകയും ചെയ്യുക എന്നതാണ് 'വ്യക്തിവാദം' എല്ലാ കാലത്തും ഫലത്തിൽ ചെയ്തു പോന്നത്. അത് തന്നെ ഇന്നും മാറ്റമില്ലാതെ തുടരുന്നു. പണം, പദവി, അധികാരം ഇവയുടെ കേന്ദ്രീകരണം കൊണ്ട് ബിംബവൽക്കരിക്കപ്പെടാത്ത വ്യക്തിയെ സങ്കൽപ്പിക്കാൻ ഏറ്റവും വലിയ ജനാധിപത്യവാദിക്ക് പോലും സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്. ആരാണ് മഹത്വത്തിന്റെ അവകാശി എന്ന് നിർണ്ണയിക്കുന്നത് അതാത് കാലത്ത് നിർമ്മിക്കപ്പെടുന്ന ആൾ ബിംബങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കിയാണ്. ഇതിന് വിപരീതധ്രുവത്തിൽ നിൽക്കുന്ന മറ്റോരു വ്യക്തി, മുതലാളിത്ത മൂല്ല്യവ്യവസ്ഥയുടെ അനിവാര്യ യാഥാർത്ഥ്യമായി നിലനിൽക്കുന്നുണ്ട്. പണത്തിലും പദവിയിലും അധികാരത്തിലും കീഴാളനായ വ്യക്തി തനിച്ചാകുമ്പോൾ നിലനിൽപ്പ് അസാധ്യവും കൂട്ടം ചേരുമ്പോൾ അതിജീവനം ശക്തവുമാകുന്നതിന്റെ സാമൂഹ്യ ശാസ്ത്ര അറിവുകൾ ഇന്നത്തെക്കാലത്തും വലിയ മാറ്റങ്ങളൊന്നും കൂടാതെ ജനങ്ങൾക്കെതിരെ പ്രയോഗിക്കാനാണ് ഭരണാധികാരികൾ ഉപയോഗിക്കുന്നതെന്നത്  ഒരു അത്ഭുതസത്യമാണ്! വൈറസ് വ്യാധിയെ ഇതിനുള്ള ഉപാധിയാക്കുന്നത് തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കാതിരിക്കയും ചെയ്യുന്നു.

ഭയം വൈറസ് ബാധയുടെയും അമിതാധികാര ശക്തിയുടെയും പൊതുവായ മുഖമുദ്രയായി അടിച്ചേൽപ്പിക്കപ്പെടുന്നതിന്റെ ന്യായീകരണം ഇപ്പോൾ വ്യക്തമാണ്. ഭയം പ്രാണവായുവിനും ദാഹജലത്തിനും തുല്യം അന്തരീക്ഷത്തിൽ ആരും ആവശ്യപ്പെടാതെ തന്നെ എന്തിനെയും ആരെയും എപ്പോഴും ചൂഴ്ന്നു നിൽക്കുന്ന അവസ്ഥ; ഇത് എല്ലാ തിരിച്ചറിവുകളിൽ നിന്നും ജനതയെ അദൃശ്യമായി തടയുന്നുണ്ട്. 'ഒറ്റ'യാണെന്ന ബോധത്തിലേക്കും അതിന്റെ ആധികളിലേക്കും ആട്ടിയോടിക്കപ്പട്ടു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് കാഫ്ക കഥയിലെ നായകനു തുല്യം ജന്തുവൽക്കരണം മാത്രമാണ് പരിഹാരമെന്ന് തോന്നുന്നതിൽ അത്ഭുതമില്ല. ആദിമമായ അടിമ ബോധത്തിലേക്ക് ഒരു ജനത മുറുമുറുപ്പുകളൊന്നും കൂടാതെ തിരിച്ചുപോകാൻ തയ്യാറാകുന്നത്  'പുരോഗമന - ജനാധിപത്യ' പ്രസ്ഥാനങ്ങളെയാണ് ഏറ്റവും ലജ്ജിപ്പിക്കേണ്ടത്. ധൈഷണികവും സർഗ്ഗാത്മകവുമായ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ  ഉത്തരവാദിത്തങ്ങളെ  ഇത് ഏറെ ഗൗരവമുള്ളതാക്കിത്തീർക്കുന്നുണ്ട്.

തുടക്കത്തിൽ ഉയർത്തിയ ചോദ്യത്തിലേക്ക് തന്നെ ഒടുക്കം നാം തിരിച്ചെത്തിയിരിക്കുന്നു : ചരിത്രത്തെ ആർക്കാണ് ഭയം? വിപരീതാർത്ഥത്തിൽ ചോദ്യം ഇങ്ങനെയും ചോദിക്കാം: ചരിത്രത്തെ ആർക്കാണ് ഭയമില്ലാത്തത്?

ചരിത്രം സംഭവപ്പട്ടികയല്ല. സ്ഥിതിവിവരക്കണക്കുമല്ല. പോരാട്ടങ്ങളുടെ ഏടുകളാണ്. പ്രതിരോധങ്ങളുടെ ഈടുവെപ്പുകളാണ് അതിന്റെ ഉള്ളടക്കം. കുതിപ്പും വിച്ഛേദവും അതിന്റെ ഭാഗങ്ങളാണ്. കീഴടങ്ങലിനും വിജയത്തിനും അതിന്റെ ഗതി നിർണ്ണയിക്കാനാവും. ഔദ്യോഗികമായി കഴുമരങ്ങളും സിംഹാസനങ്ങളും ഒരുപോലെ നീതീകരിക്കപ്പെടാം. വിജയിക്കുന്നത് ജനങ്ങളാണെങ്കിൽ, കൊട്ടാരം കാഴ്ച വസ്തുവാകാം. ഉടവാളുകൾ പ്രയോഗിക്കപ്പടാതിരിക്കുമ്പോൾ, തുരുമ്പിച്ച് മണ്ണടിയാം. എങ്കിലും ഒരു സത്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്: ആത്യന്തികമായി ചരിത്രം സ്വാതന്ത്ര്യത്തിന്റെ പക്ഷത്താണ്. തുറുങ്കുകൾക്ക് കാവൽ  നിൽക്കുന്നവർ ചരിത്രത്തെ ഭയപ്പെടുക തന്നെ വേണം!

അഗ്നി കട്ടെടുത്തതിന്റെ പേരിൽ ദൈവത്തിന്റെ കോപത്താൽ ബന്ധിതനാക്കപ്പെട്ട പ്രോമിത്യൂസ് ഇപ്രകാരം മൊഴിയുന്നു :

"മിന്നൽപ്പിണരുകളൊന്നായ്, വരിയട്ടെ!
കൊടുങ്കാറ്റുകളെല്ലാമലറട്ടെ ,ക്രുദ്ധരായ്
ഭൂകമ്പങ്ങൾ കുലുക്കിയുണർത്തട്ടെ, ഭൂമിയെ!
ആഴിത്തിരകളും ആകാശതാരവും, അറുതിയു-
മന്തവുമില്ലാതെന്നെ ഞെരിക്കിലും,
എത്രയും പീഡിതമാകിലു,മില്ലില്ലൊരിക്കലും
സാധിതമാകില്ലവനെൻ, ജീവൻ കവരുവാൻ!"
                                     (എസ്കില്ലസ്, ബന്ധനസ്ഥനായ പ്രോമിത്യൂസ്)

പോമിത്യൂസിന്റെ ഭയരാഹിത്യത്തിന് നേർവിപരീതം കാളിദാസന്റെ രഘുവംശമഹാകാവ്യത്തിന്റെ അന്ത്യഭാഗത്ത് അഗ്നിവർണ്ണമഹാരാജാവിന്റെ അവസ്ഥ അടയാളപ്പെടുത്തിയിട്ടുണ്ട്. സ്വേച്ഛാപരമായ  ഭരണത്തിലും സുഖലോലുപതയിലും മാത്രം മുഴുകിയ രാജാവിനെ കണ്ട് സങ്കടമുണർത്തിക്കാൻ എത്തിയ പാവം പ്രജകളെ സ്വന്തം മുഖം കാട്ടാൻ താൽപ്പര്യമില്ലാതെ ഒരു കാലടിമാത്രം പുറത്ത് കാണിച്ച് അത് കണ്ട് പോയ്ക്കൊള്ളാൻ അനുവദിക്കുകയാണ് അദ്ദേഹം. ജനങ്ങളാകട്ടെ ഇത് മഹാഭാഗ്യമായിക്കരുതി പാദം വന്ദിച്ച് തിരിച്ച് പോവുകയും ചെയ്യുന്നു. മാനവവംശത്തിന്റെ അപചയകാലങ്ങളിൽ  ജന്മമെടുക്കുന്ന അഗ്നിവർണ്ണന്മാരുടെ പക്ഷത്തല്ല ചരിത്രമെന്ന് കാളിദാസന്റെ തൂലിക അസന്നിഗ്ദ്ധമായി സൂചിപ്പിക്കുന്നുണ്ട്. അവരുടെ പുനരവതാരങ്ങൾ എക്കാലത്തെയും പ്രഹസന രൂപങ്ങളായിത്തീരുമെന്നതിന് ചരിത്രത്തിൽ പാഠങ്ങൾ നിരവധിയാണ്. 'അഗ്നിവർണ്ണന്മാർ' ചരിത്രത്തെ ഭയപ്പെടുക തന്നെ വേണം!