ചരിത്രത്തിന്റെ
‘പാപഭാര’ങ്ങളേയും ‘വിധിസംഹിത’കളേയും
പേറി മുതുകൊടിഞ്ഞ ജനതക്കുമേല്‍
ജനാധിപത്യം ഒരു അനിവാര്യതയായി,
രക്ഷാമാര്‍ഗ്ഗമായി
ഒരിക്കലും സംഭവിക്കുകയില്ല.
വിലപിടിപ്പുള്ള
ആര്‍ഭാടങ്ങളുടെയും കൌതുകം
ജനിപ്പിക്കുന്ന അലങ്കാരവസ്തുക്കളുടേയും
രൂപത്തിലല്ലാതെ ബൂര്‍ഷ്വാജനാധിപത്യത്തിന്
ജനങ്ങള്‍ക്കിടയില്‍ നേര്‍ക്കുനേരെ
ഒരിക്കലും പ്രത്യക്ഷപ്പെടാനാവില്ല.
ചരിത്രം
അപൂര്‍വ്വതകളേയും അസ്ഥിരതകളേയും
കൊണ്ടാണ് അതിന്റെ ക്രൂരമായ
നീതി പലപ്പോഴും നടപ്പാക്കുന്നത്.
രോഗാവസ്ഥകളേയും
മൃത്യുഭീകരതകളേയും മാത്രം
കണ്ടു പരിചയിച്ച പാവം
മനസ്സുകള്‍ക്ക് മേല്‍
അസംബന്ധങ്ങളും കോമാളിത്തരങ്ങളും
വര്‍ഷിച്ച് ‘ജനാധിപത്യം’
അതിന്‍റെ വിശുദ്ധസാന്നിദ്ധ്യം
വിളിച്ചറിയിക്കുന്നു.
വായിലൊതുങ്ങാത്ത
വാക്കുകളും വെച്ചുകെട്ടിയ
ഇമേജുകളും കൊണ്ട് ജനതയെയാകെ
കബളിപ്പിക്കുന്ന ‘വിശുദ്ധ’കര്‍മ്മത്തിന്
നാം സാക്ഷിയാവുകയാണ്.
അമൃതം
നേടാന്‍ വിഷപാനം ചെയ്ത്
പ്രചണ്ഡനടനത്തിനൊരുങ്ങുന്ന
ഒരു നീലകണ്ഠനെത്തന്നെയാണ്
ജനങ്ങള്‍ ഇപ്പോഴും തിരയുന്നത്.
കട്ടെടുത്ത
അഗ്നിയുടെ പേരില്‍
തടവിലാക്കപ്പെടാനൊരുക്കമുള്ള
ധീരനായ ഒരു വീരനായകനെ
അന്വേഷിക്കാനാണ് ജനങ്ങള്‍
നിര്‍ബന്ധിക്കപ്പെടുന്നത്.
ഓര്‍ക്കുക.
അടിച്ചേല്‍പ്പിക്കപ്പെടുന്ന
ഒരു പ്രത്യയസംഹിതയായി മാത്രമല്ല
ഫാസിസം ചരിത്രത്തില്‍
സംഭവിക്കുന്നത്.
ജനിതക
കാരണങ്ങളാല്‍ ജനമനസ്സുകളില്‍
തന്നെ അത് സ്വാഭാവികമായ്
ബീജധാരണം ചെയ്യുകയും മുളപൊട്ടുകയും
ചെയ്യുന്നുണ്ട്.
ജനാധിപത്യത്തിന്റെ പേരിൽ ഇവിടെ
അരങ്ങേറുന്ന പ്രതിലോമമായ അസംബന്ധങ്ങള്‍ക്കും
അപൂര്‍ണ്ണതകള്‍ക്കുമിടയിലും
അനുലോമമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്.
സൂക്ഷ്മവും
ഗുണകരവുമായവ ആണവ.
അവയെ
തിരിച്ചറിയുകയും അഭിമുഖീകരിക്കുകയും
ചെയ്യേണ്ട ഉത്തരവാദിത്തം
ഇടതുപക്ഷ മനസ്സുകളുടേതാണ്.
കുഴഞ്ഞുമറിഞ്ഞ
അവസ്ഥക്കിടയിലും രാഷ്ട്രീയകുതിപ്പുകളേയും
വിശ്വാസവിച്ഛേദങ്ങളേയും
സമൂഹമനസ്സ് അബോധമായി
ആഗ്രഹിക്കുന്നുണ്ട്.
ഉണര്‍വ്വിന്‍റെ
കുതിപ്പുകള്‍ അടിത്തട്ടിലെ
ജീവിതങ്ങളെപ്പോലും ഇളക്കിമറിക്കാന്‍
ആരംഭിച്ചിരിക്കുന്നു.
‘പാപഭാര’ങ്ങളുടെയും
‘വിധിസംഹിതക’ളുടെയും നുകങ്ങള്‍
വെലിച്ചെറിയപ്പെടുന്നതോടെ
‘ജനാധിപത്യ’ത്തിനു
ജനങ്ങള്‍ക്കിടയിലേക്ക്
അതിഥിമര്യാദകളൊന്നുമില്ലാതെ
കടന്നുവരാന്‍ കഴിയും.
ബൂര്‍ഷ്വാരാഷ്ട്രീയത്തില്‍
ഇന്നെഴുന്നള്ളിക്കപ്പെടുന്ന
ആര്‍ഭാടങ്ങളെയും അലങ്കാരവസ്തുക്കളേയും
ചരിത്രം പുരാവസ്തുക്കളായി
മാറ്റുകയും ചെയ്യും.