edam
in left perspective

Saturday 26 May 2018

പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ രക്ഷിക്കാനാരുണ്ട്?

എം. പി. ബാലറാം


പുരോഗമന സാഹിത്യപ്രസ്ഥാനം ഇന്ന് 'വ്യക്തിവൽക്കരണ'ത്തിന് പിറകെയാണ്. 'വ്യക്‌തിബിംബ'ങ്ങളിലാണ് അവർ അഭയം കണ്ടെത്തുന്നത്. 'വ്യക്തിവൽക്കരണ' ത്തിന്റെ പക്ഷം ചേർന്ന് നിൽക്കുന്നത് മദ്ധ്യവർഗ്ഗസമൂഹത്തിൽ പ്രസ്ഥാനത്തിന് കൂടുതൽ 'സ്വീകാര്യത'യും 'മാന്യത'യുമുണ്ടാക്കും. പക്ഷെ രൂപീകരണകാലത്തെ പ്രവർത്തനലക്ഷ്യങ്ങളും, ആശയപരമായ പ്രതിബദ്ധതയും ഇല്ലാതാകുന്നതോടെ പ്രസ്ഥാനത്തിന്റെ ശിഥിലീകരണവും ആരംഭിക്കുന്നു. സാമൂഹ്യമായും വർഗ്ഗപരമായും ഉള്ള കൂട്ടായ്മകൾ പ്രസ്ഥാനത്തിന് നഷ്ടപ്പെടുകയാണ്. സാമൂഹ്യവൽക്കരണം, രാഷ്ട്രീയവൽക്കരണം തുടങ്ങിയവയെക്കുറിച്ചു പരാമർശിക്കുന്നത് പോലും അസംബന്ധമാണെന്ന് വന്നിരിക്കുന്നു. പ്രസ്ഥാനത്തിന്റെ വ്യക്തിവൽക്കരണം, സ്വാഭാവികമായും ഭാവുകത്വലോകത്തെയും വ്യക്തിവൽക്കരിക്കുന്നതിലാണ് ചെന്നെത്തുക. സാഹിത്യഭാവുകത്വം വ്യക്തിവൽക്കരിക്കപ്പെടുന്നത്, ആഗോളീകൃതകാലത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ആവശ്യമാണ്. ഇടതുപക്ഷ-വലതുപക്ഷ കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പുരോഗമനപക്ഷത്തുള്ളവർ പോലും നിശ്ശബ്ദതപാലിക്കാൻ തുടങ്ങിയിരിക്കുന്നു. ഒടുവിൽ 'ചരിത്ര'വും 'രാഷ്ട്രീയ'വും സാഹിത്യത്തിന് ആവശ്യമില്ലാത്ത അനാവശ്യവസ്തുക്കളാണെന്ന് 'പ്രാമാണിക'രായ ഇടതുപക്ഷ ചിന്തകർതന്നെ അഭിപ്രായപ്പെടുന്ന സ്ഥിതിയുണ്ടായിക്കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ പുരോഗമന സാഹിത്യപ്രസ്ഥാനത്തിലും ഒപ്പം മലയാളസാഹിത്യത്തിലും വളർന്നു ശക്തിപ്പെട്ട പ്രതിഭാസത്തെ (വ്യക്തിവൽക്കരണത്തെ) മനസ്സിലാക്കുകയും എതിരിടുകയും ചെയ്യേണ്ടത് ആവശ്യമാണ്. വ്യക്തിവൽക്കരണം ഒരു യാദൃശ്ചികതയല്ലെന്ന് ആദ്യം തന്നെ തിരിച്ചറിയണം.

കലയിലും ജീവിതത്തിലും വ്യക്തിവൽക്കരണം ഉദാരവ്യക്തിവാദത്തിന്റെ (Liberal Individualism) പുത്തൻ പതിപ്പായി തെറ്റിദ്ധരിപ്പിച്ചു പുനരവതരിപ്പിച്ചത് ഒട്ടും നിരുപദ്രവകരമായല്ല. ആഗോളീകരണത്തിനും നവലിബറലിസത്തിനും കേരളത്തിലെ ഇടതുപക്ഷ സമൂഹത്തിൽ ആധിപത്യം നേടാനുള്ള അവസരമൊരുക്കുകയാണ് ഇന്ന് 'വ്യക്തിവൽക്കരണം'. സാമൂഹ്യവൽക്കരണത്തിനും വർഗ്ഗവൽക്കരണത്തിനുമെതിരായുള്ള പ്രച്ഛന്നരൂപത്തിലുള്ള ആക്രമണമാണിത്. പത്തൊമ്പതാം ശതകത്തിലെ 'ലിബറൽ ഹ്യുമനിസ'ത്തിന്റെ പുനരവതാരമായല്ല 'വ്യക്തികർത്തൃത്വ'ങ്ങൾ  ഇന്ന് പിറവിയെടുക്കുന്നത്. ഗൂഢവും കുടിലവുമായ ഉദ്ദേശ്യലക്ഷ്യങ്ങൾ അതിനുണ്ട്. സാംസ്കാരികമായ പ്രതിരോധശേഷിയെ നശിപ്പിക്കുകയും അങ്ങനെ നിർവ്വീര്യമാക്കപ്പെട്ട സമൂഹമനസ്സിനെ ആക്രമിച്ചു കീഴടക്കുകയും ചെയ്യുകയെന്ന ഗൂഢ ദൗത്യം 'വ്യക്തിവൽക്കരണ'ത്തിലൂടെ നടത്തിയെടുക്കേണ്ടതായുണ്ട്.

ആത്യന്തികമായി ആഗോളമുതലാളിത്ത മൂലധനത്തിന്റെ സർവ്വാധിപത്യത്തിനും ഫാസിസത്തിനും വഴിയൊരുക്കുകയെന്നത് വ്യക്തിവൽക്കരണത്തിന്റെ ദീർഘകാല ലക്ഷ്യമാണ്. അതിനാൽ ആഗോളീകരണയുക്തികൾക്ക് കീഴ്പ്പെട്ട് ജീവിക്കുകയാണ് 'എനിക്ക്' ഉചിതമായത് എന്ന് 'വ്യക്തിവൽക്കരണം' ഒറ്റയൊറ്റ മനസ്സുകളെ ബോധവൽക്കരിച്ചുകൊണ്ടേയിരിക്കുന്നു. രാഷ്ട്രീയമുക്തമായ മധ്യവർഗ്ഗസമൂഹം അത് പരിശുദ്ധപ്രമാണമായി അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഗൂഢതാത്പര്യങ്ങളാണ്, പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് വ്യക്തമാക്കാനാണ് ശ്രമിച്ചത്. 'പുരോഗമന വിരുദ്ധത'യുടേയും 'കമ്മ്യൂണിസ്റ് വിരുദ്ധത'യുടെയും പേരിൽ മുൻപ് ശത്രുപക്ഷത്ത് അകറ്റി നിർത്തിയ ആധുനികതാ പ്രസ്ഥാനത്തിന്റെ ആളുകളെ ഒന്നൊന്നായി പുരോഗമന സാഹിത്യ പ്രസ്ഥാനം പൂവിട്ടു പൂജിക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. പുരോഗമനാശയങ്ങളുടെ നിർവ്വീര്യതയും പിന്മാറ്റവും പ്രതിലോമചിന്താഗതികളുടെ കടന്നുവരവിന്‌ അനുകൂലമായ സാഹചര്യം സൃഷ്ടിക്കും - ചരിത്രത്തിന്റെ സുനിശ്ചിതമായ പാഠമാണിത്.

'മയ്യഴി'യിലെ തുമ്പികളുടെയും 'ഖസാക്കി'ലെ അപ്പുക്കിളിയുടെ തലയിലെ പേനുകളുടെയും കണക്കെടുക്കാൻ പിറകെ പോകുന്ന ദയനീയ അവസ്ഥയിൽ നിന്ന്, പുരോഗമനസാഹിത്യപ്രസ്ഥാനത്തെ രക്ഷിക്കാൻ ആർക്ക് കഴിയും? ഏറ്റവും ഒടുവിൽ, കണ്ണൂരിൽ നടന്ന പത്തു ദിവസത്തെ 'ടി. പത്മനാഭൻ സാംസ്കാരികോത്സവ'ത്തിലാണ് പ്രസ്ഥാനം അതിന്റെ സാന്നിദ്ധ്യമറിയിച്ചത്. സംഗീതമേളകൾ, ചിത്രകാരക്കൂട്ടായ്മകൾ, സാക്ഷാൽ മുതുകാടിന്റെ മാന്ത്രിക വിദ്യകൾ, പോരാത്തതിന് ചലച്ചിത്രതാര സുന്ദരികളുടെ നൃത്തചുവടുകളും - മാർച്ച് മാസത്തിൽ കെട്ടിയാടിയ വടക്കേമലബാറിലെ മറ്റേതൊരു തിറയുത്സവത്തെയും തോൽപ്പിക്കാൻ 'പത്മനാഭൻ ഉത്സവ'ത്തിന് സാധിച്ചിരിക്കുന്നു. ടി പത്മനാഭൻ ജീവിച്ചിരിക്കെത്തന്നെ ഒരു തിറയാട്ടക്കോലമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. മാഫിയകളും അധികാര രാഷ്ട്രീയവും വാണിഭ ശക്തികളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന അത്ഭുതകരമായ 'വികസന' മാതൃകക്ക് നമ്മുടെ കൺമുന്നിൽത്തന്നെ ഉദാഹരണം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് ഇതിലെ സജീവമായ പങ്കാളിത്തം കൊണ്ട് 'വിപ്ലവകരമായ' തങ്ങളുടെ 'കർത്തവ്യം' നിറവേറ്റി എന്ന് അഭിമാനിക്കാം. വ്യക്തിയുടെ സ്വാതന്ത്യം, വ്യക്തിയുടെ ഭാവന, വ്യക്തിയുടെ മാഹാത്മ്യം, വ്യക്തിയുടെ ഓർമ്മകൾ, വ്യക്തിയുടെ ജീവിതം - ടി പത്മനാഭൻ കഥകളിൽ തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും വീണ്ടും വീണ്ടും പകർത്തിയെഴുതിയും ആവർത്തിക്കപ്പെട്ട ഒരൊറ്റ വ്യക്തിയുടെ ഊതിവീർപ്പിച്ച സങ്കൽപലോകമാണല്ലോ, പുരോഗമന സാഹിത്യപ്രസ്ഥാനം ഒടുവിൽ ചെന്നെത്തിനിൽക്കുന്ന ആദർശലോകം. ഒരാൾക്ക് മെഗലോമാനിയ (ആത്മ മഹത്വബോധം) പിടിപെടുമ്പോൾ ചികിത്സക്ക് വിധേയമാക്കാം. പണ്ടത്തെ ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെയും ആദ്യകാല പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെയും മഹത്തായ പൈതൃകമവകാശപ്പെടുന്ന ഒരു സംഘടനക്ക് ഇതേ രോഗം (വ്യക്തി മഹത്വബോധം) ബാധിക്കുമ്പോൾ അതിനെ രക്ഷിക്കാനാരുണ്ട്?