edam
in left perspective

Tuesday 30 June 2020

സൈക്കഡലിക് കൊളാഷ്: മഹാവ്യാധിയും സുകുമാറിന്റെ കലയുടെ ഭ്രമാത്മകതയും

'വൈറസ്കാല' വിചാരങ്ങൾ - നാല്


എം. പി. ബാലറാം




ഒന്ന്

സുകുമാർ അണ്ടലൂർ കവിയാണ്. ഫോട്ടോഗ്രാഫി ആർട്ടിസ്റ്റുമാണ്. കവിതയുടെയും ഫോട്ടോഗ്രാഫിയുടെയും ഭാവനാത്മകമായ കൂടിച്ചേർച്ചയിൽ നിന്ന് സൈക്കഡലിക് കൊളാഷുകൾ ഒരു മൗലിക കലാരൂപമായി ജന്മമെടുക്കുന്നു. മൗലികമായ മറ്റേതൊരു കലാസൃഷ്ടിയേയും പോലെ 'ലെൻസ് ആർട്ട്' എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന കൊളാഷുകളുടെ (മുപ്പത് ചിത്രങ്ങൾ) വർത്തമാനകാല സാധ്യതകളാണ് ഇവിടെ പരിശോധിക്കുന്നത്. ഗൗരവപൂർവ്വമായ ചിന്തയുടെയും ആഴമേറിയ അനുഭവങ്ങളുടെയും പിൻബലത്തിൽ ജന്മമെടുക്കുന്ന ഏത് കലാസൃഷ്ടിയും നമ്മുടെ സൂക്ഷ്മമായ പരിചരണം അർഹിക്കന്നുണ്ട്. ഔദ്യോഗികമായ അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇക്കാര്യത്തിൽ ഒരിക്കലും പരിഗണനാവിഷയങ്ങളാകുന്നില്ല. നാളെ നിലനില്ക്കാൻ യോഗ്യതയുണ്ടോ എന്ന പ്രശ്നം നാളെയ്ക്ക് വിട്ടുകൊടുക്കുക!

സുകുമാറിന്റെ കലയെ അതർഹിക്കുന്ന അങ്ങേയറ്റത്തെ ഉത്തരവാദിത്വത്തോടെയും സർഗ്ഗാത്മകമായും സമീപിക്കാനുള്ള വർത്തമാനകാല ബാധ്യതയെ നിറവേറ്റുക മാത്രമാണ് നാം ചെയ്യുന്നത്.

യഥാർത്ഥത്തിൽ സുകുമാർ അണ്ടലൂരിന്റെ കവിതാജീവിതം ഇതിന് മുമ്പും ഒരു പ്രശ്നവിഷയമായി അനുഭവപ്പെട്ടിട്ടുണ്ട്. നിരീക്ഷിച്ചറിഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ അതിന്റെ തുടർച്ചയും പരിണാമഭേദവുമായി ഫോട്ടോഗ്രാഫി കലയേയും സുകുമാറിന്റെ നൂതനകൊളാഷുകളെയും കാണാതിരിക്കാനുള്ള വിവേകം ഇതെഴുതുന്ന ആളുടെ ബാധ്യതയാണ്. എങ്കിലും കവിതയിലെ ചില മുൻ കണ്ടെത്തലുകളെ സൈക്കഡലിക് കൊളാഷുകളുടെ വായനയിൽ പ്രയോജനപ്പെടുത്താവുന്ന സൂചനകളായി ഉപയോഗിക്കാം: "ഭൂമിയുമായും ആകാശവുമായുമുള്ള നിലയ്ക്കാത്ത സംവാദങ്ങളിലാണ് സുകുമാറിന്റെ കവിത ഏർപ്പെടുന്നത്.....ഭൂമിയുമായും ആകാശവുമായും ഉള്ള ആത്മബന്ധത്തിൽ നിന്ന് സുകുമാറിന്റെ കവിതക്ക് ഹരിതശോഭയും മഴവില്ലിൻ സ്വപ്നവർണ്ണങ്ങളും പകർന്നു കിട്ടുന്നു. ഒരേയൊരു കാൽപ്പാദം കൊണ്ട് ഭൂമിയിലും ഒറ്റച്ചിറക് കൊണ്ട് ആകാശത്തിലും തുഴയാൻ പ്രാപ്തമായ കവിതയാണിത്. വെറും മണ്ണിലൂടെയും ആകാശലോകത്തിലൂടെയും മാറിമാറിയുള്ള പ്രയാണങ്ങൾ അർദ്ധഗന്ധർവ്വത്വത്തിന്റെ അനുഗ്രഹവുംശാപവും, ഒരേസമയം പേറുന്ന ഒന്നാക്കി കവിതയെ മാറ്റിത്തീർക്കുന്നുണ്ട്" (അവതാരിക, എംപി.ബാലറാം, 'സഹനയാത്രയിൽ', കവിതാസമാഹാരം).

പ്രസിദ്ധീകരണത്തിലിരിക്കുന്ന സുകുമാർ അണ്ടലൂരിന്റെ 'സഹനയാത്രയിൽ' എന്ന കവിതാസമാഹാരത്തിന് വേണ്ടിയുള്ള അവതാരികയിൽ കവിതകളുടെ സ്വഭാവം വായനക്കാരെ പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ എഴുതിയ ഈ ലേഖകന്റെ തന്നെവാക്കുകളാണിവ. ഇവിടെ നിന്നാണ് സുകുമാറിന്റ കൊളാഷ് ഫ്രെയിമുകളെ മുൻനിർത്തിയുള്ള പുതിയ പര്യാലോചനകൾ കോവിഡ് മഹാവ്യാധിയുടെ വർത്തമാനകാല സന്ദർഭത്തിൽ ആരംഭിക്കേണ്ടത്.


മാനുഷികമായ സർവ്വതിനേയും കോവിഡ് മഹാവ്യാധി അപ്രസക്തമാക്കി മാറ്റിയിയിട്ടുണ്ട്. മനുഷ്യന്റെ കണ്ണിൽ അത്യന്തം നാശകാരിയാണത്. നിഷേധാത്മകതയാണ് വൈറസ്സിന്റെ അടിസ്ഥാന ജന്മസ്വഭാവമെന്ന് നാം സങ്കൽപ്പിക്കുന്നു. നമ്മുടെ സങ്കൽപ്പവും ബോധവുമാണ് ശരി എന്ന് വിശ്വസിക്കാൻ നമുക്ക് അവകാശമുണ്ട്. എന്നാൽ എന്താവും വൈറസ്സുകളുടെ ഭ്രാന്തമായ നിഷേധാത്മകതയ്ക്ക് പിന്നിലെ പ്രേരണ? ഒരു ജീവിവർഗ്ഗം എന്ന നിലയിൽ ഈ ഭൂമുഖത്ത് നിലനിൽക്കാനും പുരോഗമനമെന്നും വികാസമെന്നും അഭിവൃദ്ധിയെന്നും സമൃദ്ധിയെന്നും പലപല പേരുകളിൽ നമ്മുടെ നിലനില്പിനെ നീതീകരിക്കാനും മനുഷ്യനുണ്ടായിരുന്ന പരമാധികാരം ഒരു ക്ഷുദ്രജീവിയാൽ ചോദ്യം ചെയ്യപ്പെടുകയാണ്. മനുഷ്യന്റെ യുക്തിയ്ക്ക് മീതെ വൈറസ് സ്വന്തം യുക്തിയെ പ്രതിഷ്ഠിക്കുന്നു.

മനുഷ്യന്റെറ ജീവിതവും മരണവും അവന്റെ നിയന്ത്രണത്തിനും ഇച്ഛയ്ക്കും അതീതമായി സംഭവിക്കുന്ന കാര്യങ്ങളാണെന്ന് താൽക്കാലികമായെങ്കിലും സ്ഥാപിക്കപ്പെടുന്നു. സാമ്പ്രദായികവും കേവലവുമായ മനുഷ്യയുക്തി സാമ്രാജ്യത്ത്വ ആഗോളീകരണത്തിന്റെ ഭ്രാന്തയുക്തിക്ക് കീഴ്പ്പെട്ടിരിക്കുകയാണെന്ന് സ്വന്തം ഭാഷയിൽ ഓർമ്മപ്പെടുത്തുകയാണ് വൈറസ് ചെയ്യുന്നത്. പ്രകൃതിയുടെ വൈരുദ്ധ്യാത്മക യുക്തിയുമായി ഒത്തിണങ്ങിപ്പോകുന്നത് മനുഷ്യനല്ല; മനുഷ്യനൊഴികെയുള്ള, കോവിഡ് - 19 വൈറസ് ഉൾപ്പെടെയുള്ള, സർവ്വജീവജാലങ്ങളുമാണ്. ഈ തെറ്റിനെ തിരുത്താനുള്ള ഉത്തരവാദിത്വം മനുഷ്യന്റെ പക്ഷത്ത് നിന്ന് നിറവേറ്റപ്പെടാതെ പോകുമ്പോൾ പ്രകൃതി പ്രതികരിക്കുന്നത് മിക്കവാറും ഭ്രാന്തമായ വൈറസ് അധിനിവേശങ്ങളിലൂടെയാണ്. ഏറ്റവും ലളിതമായി പറഞ്ഞാൽ ആഗോളീകൃത മുതലാളിത്തത്തിന്റെ ഭ്രാന്തമായ പരിക്രമണങ്ങൾക്കും അധിനിവേശങ്ങൾക്കും എതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണമാണിത്. ഭൂഖണ്ഡങ്ങൾ, വൻകരകൾ,ചെറുതുംവലുതുമായ രാഷ്ട്രങ്ങൾ, വ്യത്യസ്ത ജാതി-മത-വംശ-വർഗ്ഗങ്ങൾ, ഇവ തമ്മിൽ മനുഷ്യരുണ്ടാക്കിയ അതിർ വരമ്പുകളാണ് യാദൃച്ഛികമെന്ന് തോന്നിപ്പിക്കും വിധം ഒരു വൈറസ്സിനാൽ തകർക്കപ്പെട്ടത് !

അയുക്തിയും യാദൃച്ഛികതകളും ഉന്മാദാവസ്ഥയും മുതലാളിത്തവ്യവസ്ഥയുടെ കൂടപ്പിറപ്പുകളാണ്. അസ്ഥിരതകളുടെയും അനിശ്ചിതത്ത്വങ്ങളുടെയും ഇരകളാക്കി മനുഷ്യനുൾപ്പെടെയുള്ള സർവ്വജീവ ജാലങ്ങളെയും ഭൗമപ്രകൃതിയേയും മാറ്റിയതിന്റെ പാപം എത്രതവണ കൈകഴുകിയാലും മായില്ല. വളർച്ചയെത്തിയ സാമൂഹ്യജീവിതത്തേയും സാമൂഹ്യബോധത്തേയും പരസ്പരശത്രുതക്കുള്ള കരുക്കളാക്കി ഉപയോഗിച്ചതിനുള്ള ശിക്ഷയാണ് ശാരീരിക അകലം പാലിച്ചും മുഖംമറച്ചുമുള്ള ഏകാന്തത്തടവുകളിലൂടെ മനുഷ്യവംശം അനുഭവിക്കുന്നത്.ഇതൊന്നും വിധിവിശ്വാസത്തിന്റെയും ഈശ്വരകോപത്തിന്റെയും മേൽവിലാസത്തിൽ എഴുതിത്തള്ളി നിഷ്ക്കളങ്കത ചമഞ്ഞിരിക്കാൻ മനുഷ്യവംശത്തിൽ പിറന്ന ഒറ്റയാൾക്ക് പോലും ഇന്ന് കഴിയില്ല എന്നതാണ് നമ്മുടെ കാലഘട്ടത്തിന്റെ ദുരന്തം! മഹാവ്യാധിയുടെ ഇന്നത്തെ ദുരന്തസന്ദർഭത്തിന് സുകുമാറിന്റെ സൈക്കഡലിക് കൊളാഷുകളുടെ ജനിതക പ്രകൃതിയേയും പരിണാമഭേദങ്ങളെയും ആഴത്തിൽ 'വായിക്കാൻ' കഴിയും. മഹായുദ്ധങ്ങൾ കലയിലെയും സാഹിത്യത്തിലെയും രചനകൾക്കുള്ള വ്യാഖ്യാനങ്ങളാവാൻ ഉദ്ദേശിച്ച് പൊട്ടിപ്പുറപ്പെടുന്നവയല്ല. കോവിഡ് മഹാവ്യാധിയും ആരും ആഗ്രഹിക്കാത്തരീതിയിൽ ഇവിടെ സുകുമാറിന്റെ കലയുടെ ഭ്രമാത്മകതയ്ക്ക് മാതൃകയാവുന്നതിൽ വിരോധാഭാസമുണ്ട്!

രണ്ട്




'പരിശുദ്ധ കൽപ്പനകളാ'യും 'ഉദാത്ത'ങ്ങളായും വിലമതിക്കപ്പെട്ടിരുന്ന സർവ്വകലാരൂപങ്ങളെയും ആഗോളമുതലാളിത്തം അതിന്റെ കമ്പോള യുക്തിക്ക് കീഴ്പ്പെടുത്തിക്കഴിഞ്ഞിണ്ട്. വാക്കുകളുടെ കലയായ കവിത ആദ്യംതന്നെ ഇരയാക്കപ്പെട്ടതാണ്. നൈസർഗ്ഗികമായ ചോദനകളിൽ നിന്നും മാനുഷിക യാഥാർത്ഥ്യങ്ങളിൽ നിന്നും അകറ്റപ്പെട്ട വാക്കുകൾ വെറും അസ്ഥികൂടങ്ങളായി കവിതകളിൽ അടക്കം ചെയ്യപ്പെടുന്ന അവസ്ഥ ഇന്നുണ്ട്.മുമ്പ് ഉദ്ധരിച്ച സുകുമാറിന്റെ കവിതാ ജീവിതത്തെക്കുറിച്ചുള്ള അവലോകനത്തിന്റെ തുടർച്ചയായി ഇപ്രകാരം കാണാവുന്നതാണ്: "സംവാദങ്ങൾകൊണ്ട് മാത്രം പൂർണമാകുന്നതല്ല സുകുമാറിന്റെ കവിതാ ദർശനം. ഭൂമിയുമായും ആകാശവുമായുമുള്ള നിലയ്ക്കാത്ത സംഘർഷങ്ങളാണ് സുകുമാറിന്റെ കവിതാജീവിതത്തിന്റെ ചാലകശക്തിയായിത്തീരുന്നത്. അഭയസങ്കൽപ്പങ്ങളും ആകാശചാരിത്വവും എല്ലാ കാലത്തും കവിതയുടെ രക്ഷക്കെത്തില്ലെന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. 'കറുത്ത വിണ്ടല'ത്തേയും, 'വിഷപ്പുകയേറ്റ് കരിഞ്ഞ കുരുന്ന് മക്കളേയും', 'കൊടും വറുതിക'ളെയും 'തീരാദുരന്തദു:ഖ'ങ്ങളെയും, 'ഭ്രാന്തിന്റെ തിരിയാത്ത തീരാപ്പുലമ്പുകളെ'യും, 'ഗർഭിണിതുപ്പുന്ന പൂരത്തെറികളെ'യും 'സുരലോക സർപ്പിള ഗാലക്സികളെ'യും 'തമോഗർത്തങ്ങളെ'യും നേരിടാനുള്ള കരുത്ത് സുകുമാറിന്റെ കവിത നേടുന്നുണ്ട്.ഭൂമിയുടെയും സ്വർഗ്ഗത്തിന്റെയും ദർശനങ്ങൾക്ക് തുല്യം നരകത്തിന്റെ ഇരുണ്ട ദർശനത്തെക്കൂടി സ്വായത്തമാക്കുമ്പോഴാണ് സുകുമാർ അണ്ടലൂറിന്റെ കവിതയ്ക്ക് സമഗ്ര രൂപം കൈവരിക്കാൻ കഴിയുന്നത് " വാക്കുകളെ അവയുടെ വർത്തമാനകാല അവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ളശ്രമങ്ങളെയാണ് പ്രസക്തമായി ഇവിടെ കാണുന്നത്. കവിതകളെ കൊണ്ടാടുകയല്ല, വെറും ഫോസിലുകളായിത്തീരുന്നതിന് പകരം കവിതകളെ ജീവനുള്ളവയായി നിലനിർത്താനുള്ള നമ്മുടെ കാലത്തെ സാഹസികതകളെ ബോദ്ധ്യപ്പെടുത്തുക മാത്രമാണ് ഇവിടെ ഇതെഴുതുന്ന സന്ദർഭത്തിൽ ലക്ഷ്യമാക്കിയിരുന്നത്; ഇപ്പോഴും ലക്ഷ്യമാക്കുന്നത്; മറ്റേതൊരു ജീവി വർഗ്ഗത്തേയും പോലെ കലാരൂപങ്ങൾക്ക് കമ്പോളയുക്തിക്ക് കീഴടങ്ങാതെ സ്വതന്ത്രമായി ശുദ്ധവായു ശ്വസിക്കാനും ജീവൻ നിലനിർത്താനുമുള്ള പോരാട്ടങ്ങളിൽ, ഏർപ്പെടേണ്ടി വരുന്നു എന്ന സത്യത്തെ ബോദ്ധ്യപ്പെടുത്തുകയാണ്.

ഒരു കലയെന്ന നിലയിലുള്ള ഫോട്ടോഗ്രാഫിയുടെ സാധ്യതകളെ പൂർണ്ണമായും മുതലാളിത്ത വിപണി കൈയടക്കിക്കഴിഞ്ഞിട്ടുണ്ട്. ചിത്രകലയ്ക്ക് വലിയ വെല്ലുവിളിയുയർത്തി അവതരിച്ച ഫോട്ടോഗ്രാഫി കലയുടെയും കമ്പോളത്തിന്റെയും ഇരട്ട മറുകുകൾ കൊണ്ട് ജന്മനാതന്നെ സ്വന്തം ശരീരത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്.കേവലം രണ്ട് നൂറ്റാണ്ട് മാത്രം പഴക്കമുള്ള ഒരു കലാരൂപം എല്ലാ അർത്ഥത്തിലും ജീർണ്ണതയുടെ പക്ഷത്ത് ഇന്ന് നിലയുറപ്പിച്ചിരിക്കുന്നത് യാതൊരു കുറ്റബോധവും കൂടാതെയാണ്! അതിനുള്ള ജന്മാവകാശം പിറവി തൊട്ടുതന്നെ തങ്ങൾക്ക് കൈവന്ന ഭാവത്തിലാണ്! ഏതാണ്ട് ഒരു നൂറ് കൊല്ലം മുമ്പാണ് (1931 ൽ) വാൾട്ടർ ബെൻജമിൻ photography - as - art യും art - as - photography യും തമ്മിൽ അന്ന് നിലവിലുണ്ടായിരുന്ന വൈരുദ്ധ്യത്തെക്കുറിച്ച് പറഞ്ഞത്. അങ്ങനെയുളള എല്ലാ വൈരുദ്ധ്യങ്ങളെയും കലാകമ്പോളം സുഭഗങ്ങളായ ഉപഭോഗവസ്തുക്കളും പരസ്യക്കാഴ്ച്ചകളുമാക്കി ഇന്ന് വിററഴിച്ചു കഴിഞ്ഞിട്ടുണ്ട്. വ്യാപാരവൽക്കരിക്കപ്പെടാത്തതും വിറ്റഴിക്കാൻ വേണ്ടിയല്ലാത്തതുമായി ഫോട്ടോഗ്രാഫിയിൽ ബാക്കി എന്തുണ്ട്? മനുഷ്യനെ പ്രായത്തിന്റെയും ലിംഗത്തിന്റെയും വംശത്തിന്റെയും പരിഗണനകൾ കൂടാതെ ശരീരങ്ങളുടെ അശ്ലീലക്കാഴ്ച്ചകളാക്കി പ്രദർശിപ്പിക്കുയും അത് വിറ്റഴിക്കുകയുമായിത്തീർന്നിരിക്കുന്നു ഫോട്ടോഗ്രാഫി കലയുടെ വിപ്ലവകരമായ ദൗത്യം! പത്രങ്ങളാലും ടെലിവിഷൻ-സിനിമാ മേഖലകളാലും 'നവസാമൂഹ്യ'(?) മാധ്യമങ്ങളാലും അധികാര രാഷ്ട്രീയത്തിന്റെ വേണ്ടപ്പെട്ട ആളുകളാലും എന്നും ഊട്ടിവളർത്തപ്പെടുന്ന ഈ യാഥാർത്ഥ്യത്തിന്റെ അയഥാർത്ഥ ദല്ലാളുകൾ (വർച്വൽ റിയാലിറ്റി!) നമ്മുടെ കാലഘട്ടത്തിൽ മിക്കപ്പോഴും ബൂർഷ്വാ ജനാധിപത്യത്തിന്റെ, അല്ലെങ്കിൽ ഫാസിസത്തിന്റെ വിശ്വസ്ത ശമ്പള ക്കാരോ ചാരന്മാരോ ആയി അതിവേഗം പരിണമിച്ച് കൊണ്ടിരിക്കുന്നു.ബിംബങ്ങളുടെ അറ്റം കാണാത്ത ഈ ശവപ്പറമ്പിന്റെ നടുവിൽ സുകുമാറിനെപ്പോലെയുള്ളവരുടെ കേമറകൾക്ക് ചെയ്യാൻ സാധിക്കുന്നതെന്തെന്ന് സൈക്കഡലിക് കൊളാഷുകൾ കൃത്യമായി ബോദ്ധ്യപ്പെടുത്തുന്നുണ്ട്! വാക്കുകളുടെ അതിർ വരമ്പുകളേയും ബിംബങ്ങളുടെ ജഡതയേയും അവ ഒരേ സമയം ഭേദിക്കുന്നു.


സൈക്കഡലിക് കൊളാഷുകൾ ഒരർത്ഥത്തിൽ നമ്മുടെ കാലഘട്ടത്തിലെ കലയുടെ നിർവ്വചനങ്ങളാവുകയാണ്. തത്ത്വങ്ങളുടെ രൂപം ധരിച്ചല്ല സ്വാതന്ത്ര്യം ഇവിടെ കടന്നു വരുന്നത്. അനുഭവങ്ങളുടെ ദ്വന്ദ്വാത്മകമായ രൂപങ്ങളിൽ. അവയുടെ തീവ്രതയും ആഴവും ചിത്രങ്ങളുടെ ഫ്രെയിമുകളെയും പ്രതലങ്ങളെയും ഭേദിച്ച് പുറത്ത് വ്യാപിക്കുന്നു.അതിരുകൾ അസംബന്ധങ്ങളായി മാറുന്ന ഇന്നത്തെ അവസ്ഥയിൽ നിറങ്ങളും വരകളും അതിരുകളാൽ തളയ്ക്കപ്പെടാതെ സ്വതന്ത്രമായി കാണപ്പെടുന്നതിന് വ്യാഖ്യാനം വേണ്ടതില്ല.ചിത്രങ്ങളിലെ ജ്വലിക്കുന്ന വർണ്ണങ്ങൾ ഓരോന്നും എരിയിക്കുന്നത് മാനുഷികമായ ക്ഷുദ്രതകളെയാണ്! അവന്റെ കണ്ണുകളിലും മനസ്സുകളിലും തളച്ചിടപ്പെട്ട അടിമബോധത്തിന്റെ ഇരുട്ടുകളെയാണ്! കത്തുന്ന നിറങ്ങളുടെ ഫ്രെയ്മുകൾക്കിടയിൽ അപൂർവ്വമായി കാണപ്പെടുന്ന ഇരുൾപ്പരപ്പുകൾ ജ്വാലകളുടെ മറുപുറം തന്നെയാണ്. മനസ്സുകളെ എരിയിക്കുന്ന തീജ്വാലയുടെ വിപരീതങ്ങളായി ഇരുട്ട് നിലകൊള്ളുമ്പോൾത്തന്നെ അവയിൽ പ്രകാശരേഖകൾ കാണപ്പെടുന്നത് സത്യത്തിന്റെ ദ്വന്ദ്വാത്മകസ്വഭാവത്തെ സൂക്ഷ്മമായ ഭാഷയിൽ പ്രത്യക്ഷമാക്കിത്തീർക്കുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ചത് പോലെ മഹാവ്യാധി ലോകം മുഴുവനുമുളള മനുഷ്യരെ മൂടുന്ന ഇന്നത്തെ അവസ്ഥയിൽ 'യാദൃച്ഛികത' ജീവിതത്തിന്റെയും മരണത്തിന്റെയും അടിസ്ഥാന സ്വഭാവമായി മാറിയിട്ടുണ്ട്. മഹായുദ്ധങ്ങളിലും വംശഹത്യകളിലും പ്രകൃതിദുരന്തങ്ങളിലും മനുഷ്യജീവിതങ്ങളുടെ വിധി നിശ്ചയിച്ചത് യാദൃച്ഛികതയുടെ നിയമങ്ങളാണെന്ന് കോവിഡ് വൈറസ്സിന്റെ സാർവ്വദേശീയ അനുഭവപശ്ചാത്തലത്തിൽ സാമാന്യവൽക്കരിക്കപ്പടാൻ സാധ്യതയുണ്ട്.ഒരു ഭാഗത്ത് യാന്ത്രിക യുക്തിയേയും മറുഭാഗത്ത് യാദൃച്ഛികതയുടെ അയുക്തിയേയും അവസരം നോക്കി ന്യായീകരിച്ചും എതിർത്തുമാണ് മുതലാളിത്ത വ്യവസ്ഥ, വിപരീതമായ സാഹചര്യങ്ങളെ അതാത് സന്ദർഭങ്ങളിൽ നേരിട്ടത്. ഈ മുഹൂർത്തത്തിൽ സുകുമാറിന്റെ ലെൻസ് ആർട്ട് സങ്കേതം ഉപയോഗിച്ചുള്ള കൊളാഷ് ചിത്രങ്ങൾ രൂപം കൊള്ളുന്നത് യാദൃച്ഛികമായാണ് എന്ന് പറയുന്നതിൽ ഒരു 'കാവ്യാത്മകയുക്തി'യുണ്ട്. ചിത്രങ്ങളിൽ ആവർത്തിക്കപ്പെടുന്ന തീഷ്ണമായ അഗ്നി ജ്വാലകളെയും തീച്ചൂളകളെയും ലാവാപ്രവാഹങ്ങളെയും തമോഗർത്തങ്ങളെയുമെല്ലാം യാദൃച്ഛികതയുടെ 'ബിംബാംത്മക' യുക്തിയായി നോക്കിക്കാണാനാണ് ഇന്നത്തെ അവസ്ഥ നമ്മെ നിർബന്ധിക്കുന്നത്! അതിന്റെ പിന്നിലും ഇനിയും രഹസ്യം വെളിപ്പെടുത്തപ്പെടാത്ത നിലയിൽ മറ്റൊരു 'യാഥാർത്ഥ്യം' ഒളിച്ചിരിക്കുന്നുണ്ടാവാം!

മനുഷ്യന്റെ അടയാളങ്ങൾ യാതൊന്നും ചിത്രങ്ങളിലില്ല. മറ്റ് ജീവജാലങ്ങളുടെ സൂചനകളും ഇല്ല. സ്വയം രൂപീകൃതങ്ങളായി കാണപ്പെടുന്ന, ജീവൻ നിലവിൽ ഇനിയും രൂപപ്പെടാത്ത, ചരിത്രം എന്നൊന്ന് സങ്കൽപ്പിക്കപ്പെടാത്ത, അഭൗമമായ ലോകങ്ങളെ ചിത്രങ്ങൾ പ്രത്യക്ഷമാക്കുന്നുണ്ട്. ജീവിതത്തിന്റെയും മരണത്തിന്റെയും മുദ്രകൾ എവിടെയും കാണപ്പെടുന്നില്ല.മനുഷ്യന്റെതായ സർവ്വതും നിഷേധിക്കപ്പെടുകയോ അവ നിലനില്ക്കുന്നു എന്ന് സങ്കൽപ്പിക്കപ്പെടുകയോ ചെയ്യാത്ത, സൃഷ്ടി -സ്ഥിതി-സംഹാര-മുഹൂർത്തങ്ങളെ ഒരൊറ്റ പ്രതലത്തിൽ ഒന്നിപ്പിക്കുന്ന, മനുഷ്യരുടെയോ ദൈവങ്ങളുടെയോ പ്രകൃതിയുടെയോ കണക്ക് കൂട്ടലുകളെയും സങ്കൽപ്പങ്ങളെയുമെല്ലാം അതിലംഘിക്കുന്ന, വിചിത്രലോകങ്ങളെയാണ് സുകുമാറിന്റെ ചിത്രങ്ങൾ ഓരോ ഫ്രെയിമിനത്തും കൊളാഷുകളുടെ രൂപത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നത്. കമ്പോളത്തിന്റെയും അധികാരശക്തികളുടെയും ലോകങ്ങളുടെ ഗംഭീരങ്ങളായ നിഷേധങ്ങളായിത്തീരുമ്പോൾത്തന്നെ, ഭ്രമാത്മകഭാവനയുടെ ഭാവിസാധ്യതകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ ഇവിടെ അവശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. സന്നിഗ്ദ്ധതകളുടെയും അസന്നിഗ്ദ്ധതകളുടെയും കൂടിച്ചേർച്ച സൈക്കഡലിക് കൊളാഷുകളെ അപൂർവ്വങ്ങളായ മാതൃകകളാക്കിത്തീർക്കുന്നു.

1 comment:

  1. 'കോളേജ് കൊളാഷ്'സുകുമാറിൻെറ കഴിഞ ജന്മമാണെങ്കിൽ 'സൈക്കഡലിക്ക് കൊളാഷ്'പുതുജന്മമാണ്.താങ്കളുടെ എഴുത്ത് അർത്ഥ തലങളെ വിപുലമാക്കുന്നു.നന്ദി.ലളിതകലാ അക്കാദമിയുടെ 2020 ഡിസംബർ ലക്കത്തിൽ സുകുമാറിൻെറ സൈക്കഡലിക് കൊളാഷിനെക്കുറിച്ച് ഒരു ചെറു ലേഖനം എഴുതാൻ കഴിഞ്ഞതിൽ എനിക്ക് സന്തോ ഷമുണ്ട്.

    ReplyDelete