'വൈറസ്കാല' വിചാരങ്ങൾ - മൂന്ന്
എം.പി.ബാലറാം
കോവിഡ് -19 രോഗവ്യാപനം തടയാനെന്ന പേരിൽ ലോകത്താകമാനം ബൂർഷ്വാ ജനാധിപത്യം നിലവിലുള്ള രാജ്യങ്ങളിൽ ഭരണാധികാരികൾ അടിച്ചേല്പിക്കുന്ന അമിതാധികാര നടപടികൾ രാഷ്ട്രീയ വിദ്യാർത്ഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് വിഷയമായിട്ടുണ്ട്. അത്തരം രാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ മേൽവിലാസത്തിൽ ഭരണാധികാരികൾ പുറപ്പെടുവിക്കുന്ന 'ശാസന'കളുടെ ജനവിരുദ്ധതയ്ക്ക് സാർവ്വദേശീയവും സാമാന്യവുമായ സവിശേഷതകളുള്ളത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത്യസാധാരണവും സാധാരണഗതിയിൽ ജനങ്ങൾക്ക് അസ്വീകാര്യവുമായ ഇത്തരം ഒരു വിപരീതസാഹചര്യം എത്രയും എളുപ്പത്തിൽ വളരെ സ്വാഭാവികവും സ്വീകാര്യവുമാക്കിത്തീർത്തതിന്റെ പിന്നിലുള്ള പ്രേരണകളെന്തൊക്കെയാണ്? കൊറോണരോഗപ്പകർച്ചയ്ക്കും മരണനിരക്ക് വർദ്ധനവിനും മറുമരുന്നുകളായി മുതലാളിത്ത മൂലധനത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യവും മറയില്ലാത്ത തൊഴിലവകാശ ലംഘനങ്ങളും ജാതി-മത-വംശ വേർതിരിവുകളും ജനതയുടെ പരിപൂർണ്ണ ദാസ്യമനോഭാവവും നിർദ്ദേശിക്കപ്പെടുന്നതിന്റെ അടിസ്ഥാനമെന്താണ്? മൃദുലമോ കഠിനമോ ആയി വ്യത്യസ്ത രാജ്യങ്ങളിൽ നടപ്പിലാക്കപ്പെട്ട ലോക്ക് ഡൗൺ ജനാധിപത്യസങ്കൽപ്പങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള ആഘാതങ്ങൾക്ക് സമീപകാല ചരിത്രത്തിൽ സമാനതകളില്ല. രോഗപ്രതിരോധത്തിന് വേണ്ടി അടിയന്തരസാഹചര്യങ്ങളിൽ താല്ക്കാലികമായി സ്വീകരിക്കാൻ നിർബന്ധിക്കപ്പെട്ട ഭരണനടപടികളെന്ന നിലയ്ക്കല്ല ഈ അമിതാധികാര പ്രയോഗങ്ങൾ നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നത്. കോവിഡ്-19 വൈറസ് ഇനിയും ഏറെക്കാലത്തേക്ക് മനുഷ്യശരീരത്തിൽ നിലനില്ക്കാൻ ശേഷിയുള്ളതാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനു തുല്യം ആഗോളീകരിക്കപ്പെട്ട സമൂഹശരീരത്തിൽ സ്വകാര്യ മൂലധനപരിരക്ഷയും വർഗ്ഗപരമായ ചൂഷണവും സ്ഥിരമായി നിലനിർത്താൻ ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ് അമിതാധികാര വൈറസ്സുകളെയെന്ന ചിന്ത ഇന്ന് ശക്തമാണ്. ഈ ജനവിരുദ്ധ വൈറസ്സുകൾ ലോകവ്യാപകമായി ശക്തിപ്പെടുകയും കോവിഡിനെതിരെ ജനാധിപത്യ വ്യവസ്ഥയെ രക്ഷിക്കാൻ അവതരിച്ച രക്ഷകന്റെ വേഷം അണിയുകയും ചെയ്യുന്നു. 'കളങ്ക'മില്ലാത്ത സ്വേച്ഛാധിപത്യം നടപ്പിലാക്കുന്നതിനെ ന്യായീകരിക്കാൻ കോവിഡ്- 19 സൃഷ്ടിച്ച ഭീതിയും മരണനിരക്കിലുണ്ടാവുന്ന വർദ്ധനവും തരാതരം പോലെ സമർത്ഥമായി എവിടെയും ഉപയോഗിക്കപ്പെടുകയാണ്. ആഗോളീകൃത സമ്പദ് വ്യവസ്ഥയുടെയും നവ ഉദാരീകരണനയങ്ങളുടെയും രക്ഷയ്ക്കുള്ള അവസാനത്തെ അവസരമാക്കി ഇന്നത്തെ പ്രതിസന്ധിയെ മാറ്റിത്തീർക്കാനാവുമോ എന്നാണ് പരീക്ഷിക്കുന്നത്. ഇന്ത്യയിലും അതിവേഗം ഇത്തരം ജനവിരുദ്ധ പരീക്ഷണങ്ങൾക്ക് വേദിയൊരുക്കപ്പെടുകയാണ്.
കോവിഡ് എന്ന മഹാവ്യാധിയും മനുഷ്യരാശിയുടെ നിലനിൽപ്പിനെത്തന്നെ നാശകരമായി ബാധിക്കുന്ന അതിന്റെ മാരകവിപത്തുകളും ആരെങ്കിലും നിർമ്മിച്ചെടുക്കുന്ന കെട്ടുകഥകളല്ലെന്ന ഉറച്ച ബോദ്ധ്യം നമുക്കുണ്ട്. രാഷ്ട്ര-മത-വംശ-ജാതി-ലിംഗ-വർഗ്ഗ-ഭൂഖണ്ഡ വ്യത്യാസങ്ങളില്ലാതെ നാം നേരിട്ടുകൊണ്ടിരിക്കുന്ന മാരകയാഥാർത്ഥ്യത്തെ, ദാർശനികന്റെ മൗഢ്യം കൊണ്ടോ കവിയുടെ ഭാവനാത്മകത കൊണ്ടോ പ്രകൃതിസ്നേഹിയുടെ പിൻമടക്കങ്ങൾ കൊണ്ടോ സാങ്കല്പികമായി നേരിടാനാവുന്നതല്ലെന്ന് നാമറിയുന്നുണ്ട്. കോവിഡിനെ നേരിടാൻ ആവശ്യമായ അടിയുറച്ച ശാസ്ത്രീയ വീക്ഷണവും യുക്തിബോധത്തിലുള്ള അചഞ്ചലമായ വിശ്വാസവും അതിജീവനത്തിന് ഏതൊരു ജനതയും അന്തിമമായി ആശ്രയിക്കുന്ന അദമ്യമായ ഇച്ഛാശക്തിയും തന്നെയാണ് അമിതാധികാവൈറസ്സുകളെ ഇല്ലായ്മ ചെയ്യാൻ ലോകത്തെവിടെയുമെന്നപോലെ ഇന്ത്യയിൽ (ഈ കൊച്ചുകേരളത്തിൽ!) ജീവിക്കുന്ന നമുക്കും തുണയാകുന്നത്. മട്ടുപ്പാവുകളിലെ രക്ഷകബിംബങ്ങളിലല്ല, സമനിരപ്പുകളിലെ ജനജീവിതങ്ങളിൽത്തന്നെയാണ് നമ്മുടെ പ്രതീക്ഷ!
യഥാർത്ഥത്തിൽ കോവിഡ് - പത്തൊൻപത്, മനുഷ്യന്റെ ജൈവശരീരത്തേയും, അമിതാധികാരവ്യവസ്ഥ, നാടിന്റെ രാഷ്ട്രീയ ശരീരത്തേയും അധിനിവേശിക്കുന്ന രണ്ട് വ്യത്യസ്ത വൈറസ്സുകളായി പരസ്പര ബന്ധമില്ലാതെ പ്രത്യേകംപ്രത്യേകം നിലനില്ക്കുകയില്ലെന്നാണ് സമീപകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. അവ ഘടനാപരമായും ഗുണപരമായും പൊരുത്തപ്പെടുകയും ഓരോ രാജ്യത്തിന്റെയും ചരിത്ര സാഹചര്യങ്ങൾക്കനുസരിച്ച് പരസ്പരം പ്രതിപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. നവലിബറലിസം നിശ്ചിത ദൗത്യം നിറവേറ്റാൻ കോവിഡ്-19 ന്റെ ഇന്നത്തെ അവസരത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ്. ഓരോ രാജ്യത്തും നിലവിലുള്ള ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥയെ, അതിന്റെ അധികാര ശക്തിയെ, ചോദ്യം ചെയ്യപ്പെടാത്ത ആഗോള മുതലാളിത്ത മൂലധനചൂഷണത്തിന് പാകപ്പെടുത്തിയെടുക്കുകയാണ്. സ്വേച്ഛാധിപത്യപ്രയോഗങ്ങളെ ജനങ്ങൾക്കിടയിൽ സർവ്വസമ്മതവും സ്യീകാര്യവുമാക്കിത്തീർക്കാൻ കോവിഡ് - പത്തൊൻപത് കാലത്ത് നടപ്പിലാക്കപ്പെട്ട പ്രത്യേക നിയമങ്ങൾ എടുത്തുപയോഗിക്കുകയാണ്. ഈ സത്യം ഇന്ന് കൂടുതൽ കൂടുതൽ ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിലും നമുക്ക് ബോദ്ധ്യപ്പെട്ടു വരുന്നുണ്ട്. അതിനാൽ കൊറോണ വൈറസ് മഹാവ്യാധിയും അമിതാധികാരവ്യവസ്ഥയും, ഒന്ന് മറ്റൊന്നിന് വളമായും, പരസ്പരം ആശ്രയിച്ചും പോഷിപ്പിച്ചും ഐക്യപ്പെട്ടും ഒടുവിൽ സർവ്വവും ഹനിച്ചും കഴിയാൻ, സവിശേഷസാഹചര്യങ്ങളാൽ നിർബന്ധിക്കപ്പെടുകയാണെന്നതിന്റെ ജീവിക്കുന്ന തെളിവുകൾ നമ്മുടെ കൺമുന്നിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. രോഗപ്പകർച്ചയുടെ കനത്ത ആഘാതം തങ്ങളുടെ ജൈവശരീരങ്ങളെ തീവ്രമായി ബാധിച്ച അവസ്ഥയിലും അമേരിക്ക, ബ്രിട്ടൻ, ബ്രസീൽ, ഇസ്രായേൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ അഴിമതി വിചാരണയെ നേരിട്ടുകൊണ്ടിരിക്കുന്ന ഭരണാധികാരികളും അവരുടെ പക്ഷത്തുള്ള ഉപരി-മദ്ധ്യവർഗ്ഗ ജനവിഭാഗങ്ങളും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഉന്മത്തമായ ഹിംസാത്മകതയ്ക്ക് യുക്തിപരമായി എന്തു നീതീകരണമാണുള്ളത്? തങ്ങളുടെ രാഷ്ട്രീയ ശരീരങ്ങളെ പൂർണമായും അധിനിവേശം ചെയ്ത് കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന അമിതാധികാര വൈറസ്സ് പരഹിംസയിലും ആത്മഹത്യാവാഞ്ഛയിലും മാറിമാറി അഭയം അന്വേഷിക്കുന്ന ദയനീയമായ അവസ്ഥയിൽ ഇന്ന് അവരെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു! ആഗോളീകൃത മൂലധനത്തിന്റെയും സങ്കുചിത ദേശീയതയുടെയും രക്ഷകരുടെ പരിവേഷകരായ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക്മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ഹിംസയുടെ മൂർത്തികളായ എല്ലാ കപടബിംബങ്ങൾക്കും അന്തിമമായി എത്തിച്ചേരേണ്ട ഇടം ഇതു തന്നെയാണ്!
നമ്മുടെ കൺമുന്നിൽ രൂപപ്പെടുന്ന യാഥാർത്ഥ്യത്തെ കാണാനും തിരിച്ചറിയാനും കഴിവില്ലാത്ത ക്ഷുദ്രജീവികളായി സ്വയമറിയാതെ നാം മാറിക്കൊണ്ടിരിക്കുന്നു. ഭയം കോവിഡ് മഹാവ്യാധിയുടെയും അമിതാധികാരവൈറസിന്റെയും പൊതു അടയാളമാണ്. ഭയം കീഴടക്കിക്കഴിഞ്ഞ ഒരു ജനതയിൽ നിന്ന് ചരിത്രത്തിന് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. ചിന്തയുടെയും പ്രവൃത്തിയുടെയും കാതലിനെ, ഉൾക്കാമ്പിനെയാണ് ഭയം യഥാർത്ഥത്തിൽ ചോർത്തിക്കളയുന്നത്. എല്ലാമായയാൾ ഒന്നുമല്ലാതായിത്തീരുന്നു. വ്യക്തിയുടെ ഭയം ഒരാളിൽ ഒതുങ്ങി അവിടെത്തന്നെ അവസാനിക്കാം. ഒരു ജനതയുടെ ഭയം അവിടെ തീരില്ല. സമൂഹഭയം മഹാമാരിയേക്കാൾ വേഗത്തിൽ മനുഷ്യരെ കീഴ്പ്പെടുത്തുകയും നിസ്സഹായരാക്കുകയും ചെയ്യുന്നു. ഏതൊരു സമൂഹത്തിനും അവകാശപ്പെടാൻ കഴിയുന്ന നൈസർഗ്ഗികമായ സൃഷ്ടിപരതയെ കവർന്നെടുക്കുന്നു. സാങ്കല്പികമായ കണ്ടെത്തലല്ല ഇത്. താൽക്കാലികമായി, പെട്ടെന്നുണ്ടായ തോന്നലുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ അഭിപ്രായങ്ങളുമല്ല. കോവിഡ്- 19 ന്റെയും അമിതാധികാരവ്യവസ്ഥയുടെയും വൈറസ്സുകളുടെ ജനിതക ഘടനയിലെ സാദൃശ്യങ്ങൾ, സമാനതകൾ, നമ്മെ ഒട്ടേറെ യാഥാർത്ഥ്യങ്ങൾ കാണാൻ പ്രാപ്തരാക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടുകൾക്കുള്ളിൽ ഉപരി-മദ്ധ്യവർഗ്ഗ ജനവിഭാഗങ്ങളുടെ മൂല്യബോധത്തിലുണ്ടായ മൗലിക മാറ്റങ്ങളുടെ അന്തസ്സാരശ്ശൂന്യതകളെ മുഴുവൻ പിന്നിട്ട രണ്ട് മാസങ്ങൾ ക്രൂരമായി ലോകസമക്ഷം തുറന്നുകാട്ടിയിട്ടുണ്ട്. ഏറ്റവും ചുരുക്കി അതിനെ നിർവ്വചിക്കുകയും അതുമായി മുഖാമുഖം സംവദിക്കാൻ ഏവർക്കും അവസരം ഒരുക്കുകയും ചെയ്യേണ്ടതുണ്ട് :
നോട്ടുനിരോധനത്തിന്റെ ആദ്യപരീക്ഷണത്തെ വിജയകരമായി തരണംചെയ്ത അമിതാധികാരവ്യവസ്ഥക്ക്, കോവിഡ്-19 വൈറസ്സിനെ പ്രതിരോധിക്കാനെന്ന പേരിൽ നടപ്പിലാക്കപ്പെട്ട ലോകത്തെ ഏറ്റവും ദീർഘവും ക്രൂരവുമായ ലോക്ക് ഡൗൺ അനുഭവത്തിന്റെ ബാക്കിപത്രത്തെക്കുറിച്ചാലോചിച്ച് ഇപ്പോൾ ഏറെ വേവലാതിപ്പെടേണ്ടി വരില്ല. അമിതാധികാരത്തിന്റെ ഏകപക്ഷീയമായ പ്രയോഗങ്ങളുടെ പാപഭാരം മുഴുവൻ ഏറ്റെടുക്കാൻ തയ്യാറുള്ളവരായി, മാപ്പുസാക്ഷികളാകാൻ ഒരുക്കിനിർത്തിയവരായി, ഉപരി-മദ്ധ്യവർഗ്ഗ സമൂഹങ്ങളെ മാറ്റിയെടുത്തു കഴിഞ്ഞിരിക്കുന്നു. ഗുജറാത്ത് വംശഹത്യയിലൂടെ ആർജ്ജിച്ച ആത്മവിശ്വാസം എത്രയെത്ര ഊടുവഴികളിൽ, നെടുമ്പാതകളിൽ, നിരപരാധികളായ പൗരന്മാരുടെ രക്തതർപ്പണങ്ങളിലൂടെയാണ് ശ്രദ്ധാപൂർവ്വം വളർത്തിയെടുത്തത്! കാശ്മീരിൽ, ദില്ലിയിൽ, അലിഗഢിൽ, അധ:കൃതപക്ഷത്തിന് വേണ്ടി കലാ ധൈഷണിക മാധ്യമ പ്രവർത്തനം നടക്കുന്നേടങ്ങളിലെല്ലാം വിശ്രമമില്ലാതെ രാപ്പകൽ വ്യത്യാസമില്ലാതെ നടത്തിയ എത്രയെത്ര വേട്ടയാടലുകളിലൂടെയാണ്, ഹിംസയുടെ വൈറസ്സുകൾ കോവിഡ് -19 ന് മുമ്പ് തന്നെ അധീശത്വം സ്ഥാപിച്ചെടുത്തത്? സമ്മതവിശ്വാസങ്ങൾ മാത്രം പരിപൂർണ്ണ നിശ്ശബ്ദതയിലൂടെയും നിസ്സംഗതകളിലൂയും പ്രകടിപ്പിച്ച് എല്ലാ വാതിലുകളുമടച്ച്, എല്ലാറ്റിൽ നിന്നും അകലം പാലിച്ച്, പാപക്കറയില്ലെന്നുറപ്പിക്കാൻ വീണ്ടും വീണ്ടും കൈ കഴുകി ജീവിക്കുന്ന ഈ അപൂർവ ജനുസ്സ് ജീവികളെയാണ് കോവിഡ് -19 ന്റെ പ്രതിരോധത്തിന്റെ പേരിൽ ഭരണാകാരി വർഗ്ഗം വീണ്ടും ഭയപ്പെടുത്താനൊരുങ്ങുന്നത്! ജീവിക്കാനും അതിനായി മരിക്കാനും തയ്യാറുള്ളവരെല്ലാം മേൽക്കൂരകളും ജോലിയും തേടി തെരുവുകൾ കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. ഇതാണ് യാഥാർത്ഥ്യം.
കോവിഡ്- 19 അക്ഷരാർത്ഥത്തിൽ ഇന്ത്യയിലെ ജനങ്ങളെ തറനിരപ്പിൽ ഇഴയുന്നവരെന്നും തട്ടിൻ പുറത്തേറിപ്പോകുന്നവരെന്നും രണ്ടു വിഭാഗങ്ങളായി മറ നീക്കി തുറന്നു കാട്ടിത്തന്നു കഴിഞ്ഞിട്ടുണ്ട്. നവ ഉദാരീകരണം ആഗോളീകരണത്തിന്റെ നേട്ടങ്ങളായി പറഞ്ഞു പരത്തിയ നുണകളാണ് ലോകത്തെവിടെയുമെന്ന പോലെ ഇവിടെയും തകർന്നടിഞ്ഞത്. മുതലാളിത്തത്തിന്റെ പ്രാരഭകാലത്തെക്കുറിച്ച് 'മൂലധനം' ആദ്യ വോള്യത്തിൽ മാർക്സ് എഴുതിയത് ഇതാണ്: "മുതലാളിത്ത വ്യവസ്ഥക്ക് വഴിയൊരുക്കുന്ന ഈ പ്രക്രിയ ( primitive accumulation of capital - m.p.b) തന്മൂലം ഉൽപ്പാദനോപാധികളുടെ ഉടമാവകാശത്തെ തൊഴിലാളിയുടെ കൈയിൽ നിന്ന് തട്ടിയെടുക്കുന്ന പ്രക്രിയയല്ലാതെ മറ്റൊന്നുമല്ല.... ഇതിന്റെ ചരിത്രം, അവരുടെ തട്ടിപ്പറിയുടെ ചരിത്രം, മനുഷ്യരാശിയുടെ ചരിത്രത്തിൽ രക്തത്തിന്റെയും അഗ്നിയുടെയും അക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്". തുടർന്ന് ഓഗിയാറിനെ ഉദ്ധരിച്ച് പണത്തിന്റെയും മുതലാളിത്ത മൂലധനത്തിന്റെയും കടന്നു വരവിനെക്കുറിച്ചുള്ള പ്രസിദ്ധങ്ങളായ ഈ വരികളിലെ രൂപകങ്ങൾക്ക് എഴുതിയ കാലത്തിന്റെ അതേ പ്രസക്തിയും മൂർച്ചയും ഈ മഹാമാരിയുടെ കാലത്തും അവകാശപ്പെടാവുന്നതാണ്: ".... പണം ഒരു കവിളത്ത് ജന്മനാലുള്ള ഒരു ചോരപ്പാടോടുകൂടിയാണ് ലോകത്ത് കടന്നു വന്നതെങ്കിൽ മൂലധനം കടന്നു വന്നത് ആപാദശീർഷം രോമകൂപങ്ങളിൽ നിന്ന് ചെളിയും ചോരയും ഇറ്റിച്ചു കൊണ്ടാണ്." ഇന്ന് ആഗോളീകൃത മൂലധനത്തിന്റെ ഭ്രാന്തമായ പരിക്രമണത്തിന്റെയും ഓഹരിക്കമ്പോളത്തിന്റെ കൊള്ളക്കൊടുക്കകളുടെയും നടുക്ക് പെട്ട് ചതഞ്ഞരഞ്ഞുപോകുന്ന മനുഷ്യന്റെ, ഭൗമപ്രകൃതിയുടെ, വംശനാശം ആസന്നമായ ജീവജാലങ്ങളുടെ, ഇവയുടെയെല്ലാം അടിസ്ഥാനപരമായ നിലനിൽപ്പിന് പോലും ഭീഷണിയുയർത്തുന്നത് ആരാണ്?
ചുവടെക്കുറിക്കുന്ന വാക്കുകൾ സംവദിപ്പിക്കാൻ ശ്രമിച്ചത് മരണമണി മുഴക്കുന്ന ഒരു സംസ്കാരത്തിന്റെ അകത്തളത്തിലെയും പുറന്തളത്തിലെയും യാഥാർത്ഥ്യങ്ങളെയാണ്: "....ഇന്നും ജീവിച്ചിരിക്കുന്നവർ തന്നെ എവിടെയാണെന്നും എങ്ങനെയാണെന്നും എന്താണെന്നും തിരിച്ചറിയാൻ കഴിയാത്തവിധം ചിതറിത്തെറിച്ചു പോയിരിക്കുന്നു. വീട്ടുമുറ്റത്തെത്തിയ നരഭോജികൾ കൂട്ടമായി അകത്തളത്തിൽ കുടിപാർക്കാൻ തുടങ്ങിയിരിക്കുന്നു. നോക്കി നിൽക്കെ നമ്മളോരോരുത്തരും ആൾത്തീനി സംസ്കാരത്തിന് കീഴ്പ്പട്ടു കഴിഞ്ഞിരിക്കുന്നു..... ഇക്കാലയളവിൽ നരമാംസവും രക്തവുമെല്ലാം നമ്മുടെ ഇഷ്ടഭോജ്യവും പാനീയവുമായിത്തീർന്നിരിക്കുന്നു.... ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും വംശത്തിന്റെയും 'തനിമ'കളെക്കുറിച്ച് വാചാലമാവുന്നത് അന്തസ്സിന്റെ മുദ്രയായിത്തീർന്നിരിക്കുന്നു. ഒട്ടും നാണിക്കാതെ മുഖമുയർത്തി നാം 'അന്യ'രോടും ലോകത്തോടും വാചാലമാവുന്നു: 'ഞാനാണ്' 'ഞങ്ങളാ'ണ് കാര്യം. 'ഞങ്ങളാ'ണ് കൈകാര്യകർത്താക്കൾ. 'നീ', 'അവൻ' ഏവരും മ്ലേച്ഛന്മാർ. 'നിന്നെ'യും 'അവനെ'യും 'അവരെ'യും ആഹരിക്കുക. സ്വയം തന്നെത്തന്നെ വളർത്തുക! ..... 'അന്യനെ' ആഹരിച്ച് തന്നെത്തന്നെ വളർത്താനൊരുമ്പെടുമ്പോൾ, നമുക്ക് മുളയ്ക്കുന്ന പുതിയ പല്ലുകളും, ഒളിപ്പിച്ചു വെച്ച നഖങ്ങളും എന്തിന്റെ അടയാളങ്ങളാണ്? മദ്ധ്യവർഗ്ഗ സംസ്കാരത്തിന്റെ അപചയത്തിനും അക്രമോത്സുകതയ്ക്കും മരവിച്ച മനസ്സാക്ഷിക്കും ചരിത്രത്തിൽ സമാനതകളെവിടെ? നരവംശ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും അന്വേഷിക്കട്ടെ!"
ഫാസിസം ബാഹ്യമായുണ്ടാവുന്ന കടന്നാക്രമണം മാത്രമല്ലെന്നും അതിന്റെ വൈറസ്സുകൾ സമൂഹമനസ്സിനെയെന്ന പോലെ വ്യക്തിമനസ്സുകളെയും അധിനിവേശിച്ച് കീഴ്പ്പെടുത്തുമെന്നുമുള്ള ബോദ്ധ്യമാണ് മൂന്ന് വർഷം മുമ്പ് ഇത്രയും നിർദ്ദയമായി കുറിക്കുവാൻ ഇതെഴുതിയ ആളെ പ്രേരിപ്പിച്ചത് ('നരഭോജികൾ വീട്ടു മുറ്റത്ത്' എം.പി ബാലറാം, മുഖവുര). ഇന്ന് ഫാസിസത്തിന്റെയും കോവിഡ് - 19 ന്റെയും വൈറസ്സുകൾ, പരസ്പര ധാരണയോടെ, തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവിധം ഉപരി-മദ്ധ്യവർഗ്ഗ മനസ്സുകളിൽ ആധിപത്യം ഉറപ്പിക്കാൻ പാടുപെടുമ്പോൾ, ചോദിക്കാനുള്ളത് ഇന്നത്തെ ഇന്ത്യയുടെ (ലോകത്തിന്റെയും) അവസ്ഥയിൽ ഏറെ അർഥധ്വനികളുള്ള ആ പഴയ (പുതിയ) ചോദ്യം തന്നെയാണ്: "ജനാധിപത്യമോ സ്വേച്ഛാധിപത്യമോ?"
No comments:
Post a Comment