edam
in left perspective

Thursday 23 April 2020

കോവിഡ്- 19: വിറ്റഴിക്കൽ വിൽപ്പനയുടെ കേരളീയമാതൃക

'വൈറസ്കാല' വിചാരങ്ങൾ - രണ്ട്


എം. പി. ബാലറാം


തന്റെ ജീവിതത്തിന്റ അവസാനകാലത്ത് എം.എൻ.വിജയൻമാസ്റ്റർ നടത്തിയ പ്രവചനാത്മകമായ ഒരഭിപ്രായപ്രകടത്തിൽ , നേതൃസ്ഥാനത്തുള്ള പലർക്കും വന്നു ഭവിക്കാനിടയുള്ള അകാരണമായ ശത്രുതാഭയത്തെക്കുറിച്ച് (പെർസിക്യൂഷൻ മാനിയ) നമ്മെ ഭയപ്പടുത്തുന്ന ഒരു  മുന്നറിയിപ്പ് നൽകുന്നുണ്ട്:
 
"നമ്മെ നയിക്കുന്നവർ  പണത്തിന്  പിറകെ പായുകയാണെന്നും   പണം  പ്രണയം പോലെ അവരുടെ  ദൗർബല്യമായി ത്തീർന്നിരിക്കുകയാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ഊണിലും ഉറക്കത്തിലും പണം അവരുടെ  സുഖദമായ  സ്വപ്നമായി മാറിയിരിക്കുന്നു.  പണത്തിന് വേണ്ടി  അവർ  എന്ത് വേണമെങ്കിലും ഉപേക്ഷിക്കും. സ്നേഹവും പ്രതിബദ്ധതയും പ്രത്യയശാസ്ത്രവും  പണത്തിന്  മുന്നിൽ  പുല്ല് പോലെ  അവർ  ഉപേക്ഷിക്കും. പാർട്ടിയും പത്രവും അവർ വിൽക്കും.... ചുറ്റും നിൽക്കുന്നവർ  ശത്രുക്കളാണെന്ന് തോന്നും... പാർട്ടി ഒരു ഇടുങ്ങിയ ഗ്രൂപ്പിലേക്ക് ചുരുങ്ങും. പെർസിക്യൂഷൻ മാനിയ എന്ന് ഇതിനെ വിളിക്കാം"  (എം.എൻ.വിജയൻ, അഭിമുഖത്തിൽ നിന്ന്, 2007 ജൂലൈ 13 , ജനശക്തി വാരിക). 
 
യഥാർത്ഥത്തിൽ കടന്നു പോയ കാലം  ഈ മുന്നറിയിപ്പിനെ അർത്ഥവത്താക്കിയിരിക്കുന്നു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ  ശത്രുവേത്, മിത്രമേത്  എന്ന് ആർക്കും  ആരെയും തിരിച്ചറിയാൻ കഴിയാത്തവിധം  ഇടതുപക്ഷ മനസ്സുകളിൽ വരുത്തിയ 'ഗുണപര'മായ ഷണ്ഡീകരണം അങ്ങേയറ്റം 'വിപ്ലവകര'വും ദൂരവ്യാപകവുമായവുമായ  മാറ്റത്തിന്റെ ഒരു 'അപൂർവ' കേരളമാതൃക ലോകസമക്ഷം അവതരിപ്പിക്കുന്നുണ്ട്. കോവിഡ്- 19  രോഗബാധയുടെ ഇന്നത്തെ  കേരളീയ പശ്ചാത്തലം, യാതൊരു മറയുമില്ലാതെ സത്യത്തെ സത്യമായിക്കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. ഉറങ്ങുമ്പോൾ ഏത് വ്യക്തിയുമെന്നത് പോലെ ഏത് സമൂഹവും  സുന്ദരമാണ്. അർദ്ധമയക്കത്തിൽ സ്വന്തം ഭംഗി കണ്ണാടിയിൽ നോക്കി സ്വയം ആസ്വദിക്കുന്ന ഒരു സമൂഹത്തിന്, ഞെട്ടിയുണരാനും, ഞാനാരാണ്, നമ്മളാരാണ്, എന്ന് ഉറക്കെ ചോദിക്കാനുമുള്ള അവസരം, വൈറസ് ബാധയുടെ കാലം  ഒരുക്കിയിരിക്കുന്നു. ബോധപൂർവ്വം ഇവിടെ ഉണ്ടാക്കിയെടുത്ത  ഒരു ധൈഷണിക ഷണ്ഡീകരണപ്രക്രിയയെ   സൂക്ഷ്മമായി നോക്കിക്കാണാനും  വിശകലനം  ചെയ്യാനുമുള്ള  ബാധ്യത  ഇടത്പക്ഷത്തെ 'ആക്റ്റിവിസ്റ്റു'കളെന്നും 'ബുദ്ധിജീവി'കളെന്നും  വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്കെല്ലാമുണ്ട്. സ്പെയിനിലെ  ആഭ്യന്തരകലാപത്തിൽ ഫാസിസ്റ്റ് ശക്തികളാൽ കൊലചെയ്യപ്പെട്ട ലോർക്ക എഴുതിയ നാടകത്തിലെ അന്ത്യമുഹൂർത്തത്തിൽ തന്റെ പിഞ്ചുകുഞ്ഞിന്റെ ശവശരീരവുമായി ഒരമ്മ രംഗത്ത് വന്ന്  'ആരാണ് ആരാണിത് ചെയ്തത്?' എന്ന ചോദ്യം സ്വയം ഉരുവിട്ട് '  'ഞാനാണ്, ഞാനാണിത് ചെയ്തത് ' എന്ന് കുറ്റം ഏറ്റുപറയുന്നുണ്ട്. കവി കൊല്ലപ്പെട്ടതിന് ശേഷം അതറിയാനിടയായ നടി അന്ത്യമുഹൂർത്തത്തിലെ തന്റെ  സ്ഥിരം ചോദ്യം ഉറക്കെ ഉരുവിട്ട ശേഷം സദസ്സിന്റെ നേരെ വിരൽ ചൂണ്ടി മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞത് ഇങ്ങനെയാണ്:  "നിങ്ങളാണ്, നിങ്ങളാണ് ഈ പാതകം ചെയ്തത്"

മുന്നേ  എഴുതിവെച്ച  സ്ക്രിപ്റ്റിൽനിന്ന് പുറത്തേക്കുവരാനും  "നിങ്ങൾ, നിങ്ങളാണ്  ഈ പാതകം ചെയ്തത്"  എന്ന്  സമൂഹത്തെ  മുൻനിർത്തി  ഉത്തരവാദികൾക്ക്   നേരെ   വിരൽ ചൂണ്ടി പറയാനും പ്രാപ്തിയാർജ്ജിക്കുമ്പോൾ മാത്രമാണ്  നാം ചരിത്രത്തിന്റെ  കാഴ്ചയിൽ കുറ്റക്കാരല്ലാതായിത്തീരുന്നത്.  അതിന് പകരം മാപ്പുസാക്ഷികളെ  ഉണ്ടാക്കിയെടുക്കുകയും   അവരെക്കൊണ്ട് കുറ്റം ഏറ്റു പറയിക്കുകയും  ചിലരെക്കൊണ്ട് ചിലത്  വെട്ടിത്തിരുത്തിക്കുകയും  പശ്ചാത്തപിപ്പിക്കുകയും  ചെയ്താൽ  തീർക്കാനാവുന്നതാണോ  നാട്ടാരറിയാതെ നാടിനെ വിറ്റഴിക്കാനുണ്ടാക്കിയ പുതിയ രഹസ്യ ഉടമ്പടി? "അടിയൻ ലച്ചിപ്പോം"- (അടിയൻ രക്ഷിക്കാം) - സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ നോവലിൽനിന്നുള്ള ഒരു രംഗം: ശത്രുക്കളിൽ നിന്ന് ഒളിച്ച്  വേഷപ്രച്ഛന്നനായി  മാർത്താണ്ഡവർമ്മ യുവരാജാവ്  തന്റെ  അഭ്യുദയകാംക്ഷിയായ മാങ്കോയിക്കൽകുറുപ്പിന്റെ  ഭവനത്തിൽ എത്തിപ്പെടുന്നു. പെട്ടെന്ന് എട്ടുവീട്ടിൽ പിള്ളമാരുടെ ആശ്രിതനായ  വേലുക്കുറുപ്പും  പടയാളികളും  വീട് വളഞ്ഞ്  തീ വെക്കുകയും  യുവരാജാവിന്റെ അവസാനമായെന്ന് ആർത്ത് പരിഹസിക്കുകയും ചെയ്യുന്നു. "എടാ, ചത്തെങ്കിലും ബ്രാഹ്മണനെ രക്ഷിപ്പിനെടാ"  എന്ന് മാങ്കോയിക്കൽകുറുപ്പ്  വീണ്ടും വെല്ലുവിളിച്ച് പറഞ്ഞപ്പോൾ, "അടിയൻ ലച്ചിപ്പോം" എന്നൊരു  പ്രതിശബ്ദംകേട്ടു .' തുടരെ ഒരു അട്ടഹാസവുമുണ്ടായി. നാനായുധങ്ങളോടെ  ഒരു കൂട്ടം  ആളുകൾ  നാലു  ഭാഗത്തുനിന്നും  വന്ന് വേൽക്കാരെ വളഞ്ഞു' -   ഭ്രാന്തൻ ചാന്നാന്റെ പ്രച്ഛന്നവേഷത്തിൽ നാടകീയമായ ഒരു ചടുലനീക്കത്തിലൂടെ  അത്യന്തം  ഉദ്വേഗജനകമായ വിധത്തിൽ  യുവരാജാവിനെ രക്ഷിക്കുന്നത് കഥാനായകനായ അനന്തപത്മനാഭൻ തന്നെയാണെന്ന് സി.വി. പിന്നീട് വെളിപ്പെടുത്തുന്നുണ്ട്. 'ചത്തും കൊന്നും' യജമാനനെ രക്ഷിക്കാൻ  പ്രതിജ്ഞാബദ്ധമായ രണ്ടു നൂറ്റാണ്ട്  പഴക്കമുള്ള  രാജനീതിയുടെ   'ഉജ്ജ്വല' പാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളാൻ  സി.വി.രാമൻപിള്ളയ്ക്ക്  അന്ന് അവകാശമുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും  കേസരി ബാലകൃഷ്ണപിള്ളയും  സി.കേശവനും പി.കൃഷ്ണപിള്ളയും എ.കെ.ജി.യും പേരില്ലാത്ത ആയിരങ്ങളും  അടരാടിയത്  ചാന്നാൻമാരെയും പറയരെയും  വേലൻമാരെയും  മറ്റും കൊണ്ട്   'ചത്തുംകൊന്നും' രാജനീതി നടപ്പാക്കിക്കുന്ന  വ്യവസ്ഥയെ ഇല്ലാതാക്കാനാണ്. കേരളത്തിൽ  (ഇന്ത്യയിലും)  പിന്നീട് ജനാധിപത്യം പുലർന്നത് അതിന്റെ ഫലമായാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഏവർക്കും അവകാശപ്പെടാൻ അധികാരമുള്ള രാജ്യത്ത് "അടിയൻ ലച്ചിപ്പോം" എന്ന് ആർ എവിടെ എപ്പോൾ ഉച്ചരിച്ചാലും അതിനെ ജനത അശ്ലീലമെന്ന് വിധിയെഴുതും. ധൈഷണികമായ ഷണ്ഡത്വമെന്നത്  അടിമബോധത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പരിഷ്ക്കരിച്ച പദാവലിയാണ്. പരുഷമാണെങ്കിൽ ക്ഷമിക്കുക! അതിലും മെച്ചപ്പെട്ട വാക്ക് ബന്ധപ്പെട്ടവർക്ക് നിർദേശിക്കാം.

രാജ്യത്ത്  നിലവിലുള്ളത് ജനാധിപത്യ വ്യവസ്ഥയാണെന്ന് ജനങ്ങളെ  ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഓർമ്മിപ്പിക്കേണ്ട ഉത്തരവാദിത്തം 'അധ:കൃതപക്ഷ' ബുദ്ധിജീവികൾക്കുണ്ട്. ജനാധിപത്യത്തിന്റെ പേരിൽ അധികാരത്തിലെത്തിയ ഭരണാധികാരികൾ കോവിഡ്-19 നെ മറയാക്കി സ്വേച്ഛാധിപത്യം പ്രയോഗിക്കുന്നവരായി പരിണമിക്കുന്ന വിചിത്രമായ കാഴ്ച ലോകത്ത് പല രാജ്യങ്ങളിലും കാണപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഹംഗറി, തുടങ്ങിയവ പ്രത്യക്ഷ മാതൃകകളാണ്. മുമ്പ് തന്നെ സ്വേച്ഛാധിപത്യ പ്രവണതകൾ പ്രകടിപ്പിച്ചു തുടങ്ങിയ ടർക്കി, ഇറാൻ, ചില തെക്കേ അമേരിക്കൻ- പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വൈറസ്ബാധ കാര്യങ്ങൾ കുറെക്കൂടി 'സുഗമ'മാക്കിത്തീർക്കുകയും ചെയ്തു. എളുപ്പത്തിൽ വിശകലനം ചെയ്യാനും കാരണം കണ്ടെത്താനും കഴിയുന്ന ലളിതമായ പ്രക്രിയയല്ല  ഇതൊന്നും. കൊറോണ വൈറസ്  ബാധ മനുഷ്യന്റെ ശരീരത്തിൽ മാത്രമല്ല  രാഷ്ട്രീയശരീരത്തിലും   ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്നത്  നമ്മെ അസ്വസ്ഥരാക്കേണ്ട സംഗതിയാണ്. പരിമിതമായ ജനാധിപത്യബോധം പോലും ഭരണാധികാരികൾ വലിച്ചെറിയുകയും  ജനതയുടെ  പൂർണ്ണമായ കീഴടങ്ങൽ കൊണ്ട് മാത്രം തൃപ്തിയടയുന്ന സ്വേച്ഛാധിപത്യചോദനകൾ  മറയില്ലാതെ  പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു .സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് ചരിത്ര പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നവരെയും വൈറസ് ബാധ കീഴ്പ്പെടുത്തിത്തുടങ്ങുന്നത്  തിരിച്ചറിയാൻ കാര്യങ്ങൾ സൂക്ഷ്മമായി  നിരീക്ഷിക്കുന്നവർക്ക് കഴിയുന്നുണ്ട്. രാഷ്ട്രത്തിന്റെ മസ്തിഷ്കത്തെത്തന്നെ ബാധിച്ച് തുടങ്ങുന്നതോടെ അധികാരപ്രമത്തതയുടെ  'വൈറസ്'  ബാധ  വിചിത്രമായ പെരുമാറ്റ വൈകൃതങ്ങൾക്ക് കീഴ്പ്പെടാൻ ഭരണാധികാരികളെ മാത്രമല്ല  ബുദ്ധിജീവികളെയും  സാമാന്യജനതയേയുമെല്ലാം നിർബ്ബന്ധിക്കുന്നുണ്ട്. അങ്ങേയറ്റം  പ്രതിലോമകരമായ നയങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതിനെ 'വൈറസ്ബാധ'യുടെ പേരിൽ  ലജ്ജകൂടാതെ  ന്യായീകരിക്കാൻ ഔദ്യോഗിക ബുദ്ധിജീവികളും  അതിനെ കലവറകൂടാതെ പിന്തുണയ്ക്കാൻ സമൂഹമനസ്സും സന്നദ്ധമാകുന്നു. മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടപ്പെടുകയാണെന്ന ഗുരുതരമായ അവസ്ഥയെ  ആഗോളമുതലാളിത്തം  നേരിടുന്നത് അവന്റെ  ജന്തുസഹജമായ  ഭീതിയെയും നിസ്സഹായതയേയും മുതലെടുത്തുകൊണ്ടാണ്. മരണത്തെക്കുറിച്ചുള്ള ഭീതിദമായ ചിന്തകൾക്ക് ശമനമുണ്ടാക്കുന്ന പ്രത്യൗഷധമായി  രക്ഷകബിംബങ്ങൾ നിർദ്ദേശിക്കപ്പെടുന്നതങ്ങനെയാണ്. പുരോഹിതവർഗ്ഗം മതവിശ്വാസങ്ങളെ ഉപയോഗപ്പെടുത്തി സമൂഹത്തെ രക്ഷകബിംബങ്ങൾക്ക്  അടിമപ്പെടുത്തിയതെങ്ങനെയാണോ അതുപോലെയാണ് ആഗോള മുതലാളിത്ത ശക്തികളുടെ പിൻബലത്തിൽ  വ്യത്യസ്ത രാജ്യങ്ങളിൽ ഫാസിസ്റ്റ് ചോദനകൾ പ്രകടിപ്പിക്കുന്ന ഭരണാധികാരികൾ 'രക്ഷകബിംബ' പരിവേഷം ആർജ്ജിക്കുന്നത്.അതിനാൽ പണ്ടത്തെ മത പുരോഹിതന്മാരുടെ നേരവകാശികളായ 'അധികൃതപക്ഷ' ബുദ്ധിജീവി വർഗ്ഗം നാമജപങ്ങളോടെയും  മണിമുഴക്കങ്ങളോടെയും അധികാര ബിംബപൂജകളിൽ മുഴുകുന്നത് നമ്മെ ഒട്ടും  അത്ഭതപ്പെടുത്തേണ്ടതില്ല. നിസ്സഹായാവസ്ഥയിൽനിന്നും ജന്തുസഹജമായ  അടിമ ബോധത്തിൽ നിന്നും  മോചിതരാവാനാഗ്രഹിക്കുന്ന  സാമാന്യ ജനങ്ങളോടൊപ്പം നിൽക്കേണ്ട ബാദ്ധ്യത ഈ സാഹചര്യത്തിൽ  'അധ:കൃതപക്ഷ' ബുദ്ധിജീവികൾക്കെല്ലാമുണ്ട്.

കൊടുക്കൽ വാങ്ങലുകളിലൂടെയാണ് കേരളം കേരളമായത്. അതിനാൽ തനത് എന്ന സങ്കല്പം പോലും കേരളത്തിന് അന്യമായതാണെന്ന് പറയാം. കേരളത്തിന്റെ ഭാഷയും സാഹിത്യവും കൃഷിയും ഭക്ഷണവും ഉടുപ്പും നടപ്പും ജാതി- മത- ഗോത്ര വിശ്വാസങ്ങളും  കടം കൊണ്ടതാണ്. കൂടിച്ചേർച്ചകളിൽ നിന്ന് രൂപീകരിക്കപ്പെട്ടവയാണ്. കടലും  കരയും  തമ്മിലുള്ള  കൂടിച്ചേർച്ചയാണ് കേരളമെന്ന ഭൂമേഖലയെപ്പോലും സൃഷ്ടിച്ചത്. കുറെ ഭാഗം കടലെടുത്തു. ബാക്കി കര കടലിൽ നിന്നും വീണ്ടെടുക്കുകയും ചെയ്തു - ചരിത്രജ്ഞാനത്തിന്റെയും   നരവംശ ശാസ്ത്രത്തിന്റെയും  സാമൂഹ്യ ശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും  പുരാവസ്തു ശാസ്ത്രത്തിന്റെയും  ഭൂവിജ്ഞാനീയത്തിന്റെയും പിൻബലം കേരളത്തെക്കുറിച്ച് അത്യന്തം ഉദാരമായ അറിവുകൾ രൂപീകരിക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. മിശ്രിതമായ സ്വന്തം സാംസ്ക്കാരിക പശ്ചാത്തലത്തെക്കുറിച്ച് ആഴത്തിൽ  മനസ്സിലാക്കിയവർക്ക് കേരളത്തെ സംബന്ധിക്കുന്ന ഉദാത്തസങ്കൽപ്പങ്ങൾ മെനയുന്നതിന് നേരിടേണ്ടുന്ന തടസ്സങ്ങൾ നിരവധിയാണ്. ഇവയെല്ലാം അനിഷേധ്യമായ സത്യങ്ങളാണെന്ന്  തിരിച്ചറിയുമ്പോൾത്തന്നെ ഇവയിൽനിന്ന് ഉരുത്തിരിയുന്ന മൗലികമായ ചില യാഥാർത്ഥ്യങ്ങൾ കൂടി ഗ്രഹിക്കുന്നത് നല്ലതാണ്. കേരളീയസ്വത്വത്തിന്റെ രൂപീകരണം പോലെതന്നെ അതിന്റെ  പിൽക്കാല പരിണാമങ്ങളും ഏറെ പ്രധാനമാണ്. പ്രാകൃതമായ അടിമത്ത ബോധത്തിൽനിന്ന്   സ്വാതന്ത്ര്യ ബോധത്തിലേക്കുള്ള വളർച്ച  കേരളീയസ്വത്വത്തിന്റെ ഗുണപരമായ  പരിണാമത്തിന് നിദർശനമാണ്. ചരിത്രം കേവലമായ തുടർച്ചയല്ലെന്നും ഗംഭീരമായ ഇടർച്ചകൾ, വിച്ഛേദങ്ങൾ, കൂടിയാണെന്നും കേരളത്തിന്റെ അനുഭവങ്ങൾ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. രാജവാഴ്ചയുടെയും കോളണിഭരണത്തിന്റെയും കാലത്തെ (ആദ്യകാലത്തെ) കൊടുക്കൽ വാങ്ങലുകൾക്കിടയിൽ  കൈമാറ്റം ചെയ്യപ്പെട്ട ചരക്ക് മാത്രമായ കേരളീയമനുഷ്യൻ   ആ അവസ്ഥയിൽ നിന്ന്  സ്വാതന്ത്ര്യം നേടാൻ കൈക്കൊണ്ട ധീരതകളെയും അതിസാഹസികതകളെയും ആരും മറന്നു  കളയാൻപാടില്ലാത്തതാണ് . പാരമ്പര്യമതവിശ്വാസം വിലങ്ങുകൾ തീർത്തപ്പോൾ  അതിനെയും നൂറ്റാണ്ട് പഴക്കമുള്ള ജാതിചിന്ത വേലികൾ  കെട്ടിയപ്പോൾ അവയേയും  ചോദ്യം ചെയ്താണ് സ്വാതന്ത്ര്യത്തിന്റെ മൂല്യം  കൊടുക്കാനും  വാങ്ങാനും കഴിയുന്നതിന് അപ്പുറമാണെന്ന്  ഇവിടെ തെളിയിക്കപ്പെട്ടത്. ജാതി- മത കോയ്മകളുടെയെന്ന പോലെ, ഒരൊറ്റ വ്യക്തിയുടേയും, ഒരു സാമ്പത്തിക വ്യവസ്ഥയുടെയും, ഒരു രാഷ്ട്രീയ കൂട്ടുകെട്ടിന്റെയും അധീശത്വത്തെ പരമോന്നത സ്ഥാനത്ത് എക്കാലവും പ്രതിഷ്ഠിച്ച് കൊള്ളും കേരളമെന്ന്  വിശ്വസിക്കാൻ ഏറ്റവും വലിയ ശുഭാപ്തി വിശ്വാസിക്ക്പോലും ഇന്ന് സാധ്യമല്ല. കോവിഡ്- 19 നെ മറയാക്കി നടത്തിയ  കൊടുക്കൽ വാങ്ങലിനെ ന്യായീകരിക്കാൻ നാടിന്റെ സ്വാതന്ത്ര്യ ബോധത്തിന് വില നിശ്ചയിക്കുന്നവർ കേരളീയസ്വത്വത്തിന്റെ രൂപീകരണത്തെക്കുറിച്ചും അതിന്റെ പിൽക്കാല പരിണാമങ്ങളെക്കുറിച്ചും പരിമിതമായ അറിവെങ്കിലും ആർജ്ജിച്ചിരിക്കേണ്ടതാവശ്യമാണ്. ജനങ്ങളുടെ  'ജീവിതസുരക്ഷ ' യുടെ വിലയായി സർക്കാർ വിദേശകമ്പനികൾക്ക് കൈമാറിയിരിക്കുന്നത്  അവർ 'ജീവൻ'പോലെയും 'അമൃത് 'പോലെയും വിലമതിക്കുന്ന അവരുടെ സ്വാതന്ത്ര്യം തന്നെയാണെന്ന വസ്തുത, ഇതിനുത്തരവാദികളായ ഭരണാധികാരികളെ വൈകിയെങ്കിലും ലജ്ജിപ്പിക്കേണ്ടതാണ്!