ഹിംസയുടേയും അഹിംസയുടേയും ദാർശനിക സമസ്യകൾ
എം.പി .ബാലറാം
ഒന്ന്
കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലം ചലച്ചിത്ര പ്രവർത്തനത്തിൽ ഗാഢമായി ഏർപ്പെട്ടു വരുന്ന ഒരാളുടെ കലാ ജീവിതത്തെ ഒരൊറ്റ ഹ്രസ്വചിത്രത്തെ മാത്രം അടിസ്ഥാനമാക്കി വിലയിരുത്താൻ ഒരുങ്ങുന്നത് യുക്തിക്ക് നിരക്കുന്നതല്ല. അത്തരം സാഹസികതകൾക്ക് ഇവിടെ ഒരുങ്ങുകയല്ല. ദേശീയശ്രദ്ധ നേടിയ 'ആരാച്ചാരുടെ ഒരു ദിവസം' (2000) മുതൽ സമീപ കാലത്തെ 'ജലോപരി നടത്തം' (2021) വരെയുള്ള ജോഷിയുടെ ചലച്ചിത്ര സപര്യക്കിടയിലെ ഹ്രസ്വവും ദീർഘവുമായ ശ്രമങ്ങളെയെല്ലാം അതിനായി പരിഗണിക്കേണ്ടതുണ്ട്. അതിനു പകരം 'മണിപ്പൂർ മൊസൈക്ക് ' എന്ന ഒരു ഹ്രസ്വ രചനയിലെ സൂക്ഷ്മമായ ചില നീരീക്ഷണങ്ങളും അവയെ യാഥാർത്ഥ്യങ്ങളാക്കി മാറ്റിയ വിവിധ ചോദനകളും ഈ കുറിപ്പുകളിൽ സംഗ്രഹിക്കപ്പെടുകയാണ്. സമകാലിക സംഭവഗതികളുടേയും പ്രത്യയസംഹിതകളുടേയും ഇഴകൾ മറ്റെല്ലാ ജോഷി ചലച്ചിത്രത്തിലുമെന്നപോലെ ഇവിടെയും വേർപിരിക്കാനാവാത്ത വിധം കൂട്ടുപിണഞ്ഞ് കിടക്കുന്നത് വായിക്കാൻ ശ്രമിക്കുകയാണ്. എഴുത്താണി കൊണ്ട് ഓലയിൽ രേഖപ്പെടുത്തപ്പെടുത്തപ്പെടുന്ന അപരിചിത അക്ഷരങ്ങളെയെന്ന പോലെ ജോഷിയുടെ സിനിമകളിൽ വിന്യസിക്കപ്പെടുന്ന കാഴ്ചയുടേയും ശബ്ദത്തിന്റേയും മൗനത്തിന്റേയും അക്ഷരങ്ങളും പ്രത്യേകമായ വായനാസാക്ഷരത നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. 'സാമാന്യ ബോധ'ത്തിന്റെ കാഴ്ചയെയും അതിസാധാരണവും 'സ്വീകാര്യ'വുമായ ശരാശരിയുക്തിയുടെ ഭാഷയേയും ജോഷിയുടെ സവിശേഷമായ ചലച്ചിത്രഭാഷ പകരം വെക്കുന്നത് അത്യസാധാരണവും അപരിചിതവുമായ ഒരു അപൂർവ്വ ഭാഷയാലാണ്. വാക്കുകളുടേയും ശബ്ദങ്ങളുടേയും വർണ്ണക്കൂട്ടുകളുടേയും അസംബന്ധങ്ങൾ കൊണ്ട് മലീമസമായ അരാഷ്ട്രീയ ഭാവുകത്വത്തെ മഹനീയമെന്ന് കൊണ്ടാടുന്ന നമ്മുടെ പൊതു ബോധത്തിന് ജോഷി ജോസഫിന്റെ സിനിമയെ തിരിച്ചറിയാൻ ഇനിയും പാഠങ്ങളനവധി പഠിക്കേണ്ടി വരും. മുന്നൊരുക്കമില്ലാതെ, അനേകം മുൻവിധികളോടെ ചലച്ചിത്രം കാണുന്നവനെയും തൃപ്തിപ്പെടുത്തുകയാണ് 'ജനകീയ കല'യുടെ ധർമ്മമെന്നത് തെറ്റായ ചലച്ചിത്ര പാഠമാണ്. അത് തിരുത്തപ്പെടുകയാണ് പ്രധാനമെന്നത് ജോഷി നൽകുന്ന സന്ദേശമാണ് (Manipur Mosaic: https://youtu.be/kqITd8hAzxA).
'ഒരു തേൻതുള്ളിയെക്കുറിച്ചുള്ള ആത്മവിചാരങ്ങൾ' - ഐറോംഷർമിളയുടെ അവസാനത്തെ സമീപദൃശ്യം |
ഹ്രസ്വമായ ഈ ചലച്ചിത്രാഖ്യാനം (2018) അതിലും ഹ്രസ്വങ്ങളായ മൂന്ന് പ്രത്യേക ആഖ്യാനങ്ങളുടെ ചേരുവയിൽ നിന്ന് പിറവിയെടുക്കുന്നതായാണ് സങ്കൽപ്പിക്കപ്പെടുന്നത്. പ്രത്യേകമായ ശീർഷകങ്ങൾ അവയ്ക്ക് ഓരോന്നിനും സ്വന്തമായുണ്ട്. എങ്കിലും തനിമകളുടെ കൂടിച്ചേർച്ച മൊസൈക്കിന്റെ സവിശേഷമായ രൂപീകരണത്തിനു കാരണമാകുന്നതുപോലെ സ്വത്വങ്ങളുടെ ഏകീകരണം മണിപ്പൂരിലെ ജീവിത വൈരുദ്ധ്യങ്ങളുടെ 'സങ്കലന'ത്തിനും ഇടയാക്കുന്നു - ഫിലിംസ് ഡിവിഷന്റെ നിർമ്മിതിയായ ജോഷി ജോസഫ് ചിത്രം 'ഔദ്യോഗികമായി' സ്വന്തം ശീർഷകത്തിലൂടെ ഉറക്കെ സംവദിക്കുന്നത് അധികാര പക്ഷത്തു നിന്നുള്ള ആശയസംഹിതയുടെ ആവർത്തിച്ചുള്ള വിളംബരശബ്ദം തന്നെയാകുന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ അവിടെ അവസാനിക്കാനും അവസാനിപ്പിക്കാനും തയ്യാറാകാതിരിക്കുമ്പോഴാണ് ജോഷി ജോസഫ് സിനിമയുടെ ഉള്ളടക്കങ്ങൾ 'അനൗദ്യോഗികമായ' നമ്മുടെ സൂക്ഷ്മവായനക്ക് അർഹമാകുന്നത്.
രണ്ട്
'കണ്ണാടിയിൽ ചെന്നു പതിച്ച പക്ഷി', 'ഒരു തേൻതുള്ളിയെക്കുറിച്ചുള്ള ആത്മവിചാരങ്ങൾ', 'നിർബന്ധമായും പക്ഷികൾക്ക് മാത്രം' - ഏതാണ്ട് 12 മിനിട്ട് ആകെ ദൈർഘ്യമുള്ള 'മണിപ്പൂർ മൊസൈക്കി'ൽ ഉൾച്ചേരുന്ന മൂന്ന് സ്വതന്ത്ര സമഭാഗങ്ങൾക്ക് നൽകപ്പെടുന്ന പേരുകളാണിവ. പ്രത്യക്ഷമായ പരസ്പര ബന്ധം മൂന്ന് 'കഥാഖ്യാന'ങ്ങൾക്ക് തമ്മിലില്ല. എങ്കിലും അവയെ കൂട്ടിയിണക്കുന്നത് ജോഷിയുടെ പരിചരണ രീതിയാകുന്നതോടു കൂടി ചിത്രങ്ങൾ ഫിലിംസ് ഡിവിഷൻ നിർമ്മിതിയുടെ പരിമിതമായ അതിരുകളെ ഭേദിക്കുകയും ജോഷി ജോസഫ് എന്ന സംവിധായകന്റെ 'സവിശേഷ' രചനകളായിത്തീരുകയും ചെയ്യുന്നു. ബാഹ്യവും കേവലം രൂപപരവുമായ വിഷയപരിചരിചരണമല്ല ഇത്. പ്രകൃതിയും സർവ്വചരാചരങ്ങളും ഒന്നിച്ച് ഒരു ലോകത്തിൽ ഒത്തുചേരുകയും തുല്യനിലയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്യുന്നതോടെയാണ് മണിപ്പൂർ മൊസൈക്കിലെ വ്യത്യസ്ത കഥാഖ്യാനങ്ങൾക്ക് തുടർച്ചയും പരിണാമവും ഉണ്ടാകുന്നത്. മൃഗങ്ങളും പക്ഷികളും മരങ്ങളും മനുഷ്യരും ഒരു പോലെ തനിമ നിർത്താൻ പാടുപെടുകയാണെന്ന അത്യന്തം ഉദാത്തമായ ഒരു ദർശനമാണ് മണിപ്പൂർ മൊസൈക്കിന് ആഖ്യാനപരമായ ഐകരൂപ്യം നൽകുന്നത്.
കലാപരവും ആഖ്യാനാത്മകവുമായ ഐകരൂപ്യം, പ്രത്യേകനിയമ പരിരക്ഷയിൽ മണിപ്പൂർ ഉൾപ്പെടെയുള്ള നാല് വടക്കു കിഴക്കൻ പ്രവിശ്യകളിൽ ഒരു കാലത്ത് അടിച്ചേൽപ്പിച്ച (പിൽക്കാലത്ത് ഉപാധികളോടെ അയവ് വരുത്തിയ) ഭരണകൂട ഐകരൂപ്യത്തിന്റെ അഹിംസാത്മകമായ നിഷേധമാണെന്നത് വളരെ പ്രധാനമാണ്. ഭൗമ പ്രകൃതിയിലെ ജീവീതമെന്ന പ്രതിഭാസം പക്ഷികളെ കേന്ദ്രമാക്കിയുളള ശീർഷകങ്ങളിൽ ആരംഭിക്കുകയും (Bird hit on the mirror, Strictly for birds) അവയെ പിന്തുടരുകയും മാത്രമല്ല ചെയ്യുന്നത്. ജീവിക്കാൻ പറ്റാതാകുമ്പോൾ കൂടുകളെപ്പോലും ഉപേക്ഷിക്കാനും (നാടുംവീടും നഗരവുംപോലെ!) പുതിയ കൂടുകൾ അന്വേഷിക്കാനും പക്ഷികൾ നിർബന്ധിക്കപ്പെടുന്നു. സ്വയംഹത്യക്ക് പകരം പക്ഷിയും ( നിർബന്ധമായും പക്ഷികൾക്ക് മാത്രം!) ഐറോംഷർമിളയും (ഒരു തേൻ തുള്ളിയെക്കുറിച്ചുള്ള ആത്മവിചാരങ്ങൾ) അവസാനം തിരഞ്ഞെടുക്കുന്നത് കൂട് ഉപേക്ഷിക്കുക എന്ന നിഷേധത്തിന്റെ ആത്യന്തിക പാതതന്നെയാകുന്നത് കലാപരമായ ഐകരൂപ്യത്തിന്റെ ആഖ്യാനാത്മക മാതൃകയാകുന്നു എന്ന് പറയാം.
'കണ്ണാടിയിൽ ചെന്നു പതിക്കുന്ന പക്ഷി'യിൽ വൃദ്ധനും അരയന്നവും |
ജോഷി ജോസഫിന്റെ ചലച്ചിത്രലോകത്തിൽ മനുഷ്യരും മറ്റു ജീവജാലങ്ങളും തമ്മിലും മനുഷ്യർ തമ്മിൽത്തമ്മിലും ഉള്ള അധികാരബന്ധങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പ്രഭാത സവാരിക്ക് മുമ്പ് വൃദ്ധനെ വിളിച്ചുണർത്തുകയും റോഡിലെ വാഹനത്തിരക്കിനെ ഗൗനിക്കാതെ വൃദ്ധനോട് ചേർന്ന് ഒപ്പത്തിനൊപ്പംമെല്ല നടന്നു നീങ്ങുകയും ചെയ്യുന്ന അരയന്നത്തിന്റെ ദൃശ്യംഓർമ്മിക്കുക! ജീവജാലങ്ങളുടെ ജൈവികമായ സഹചരത്വത്തിന്റേയും സാഹോദര്യഭാവത്തിന്റേയും ജീവസ്സുറ്റതും ചലനാത്മകവുമായ ദൃശ്യമാതൃകയായി അതു കാണപ്പെടുന്നു (കണ്ണാടിയിൽ ചെന്നു പതിച്ചു പക്ഷി). പുരാവൃത്തങ്ങൾ വീരപരിവേഷം നൽകി നൂറ്റാണ്ടുകളിൽ വിശ്രമമില്ലാതെ കുളമ്പടികൾ പതിപ്പിച്ച് ജൈത്രയാത്ര നടത്തിയ മണിപ്പൂരി കുതിരകൾ, ഐറോം ഷർമിള പതിനാറു വർഷത്തെ നിരാഹാര സമരം നിർത്തുന്നതിന് മൂകസാക്ഷികളായി അനുതാപാർദ്രത നിഴലിക്കുന്ന കണ്ണുകൾ ചിമ്മി സ്തബ്ധരായി നിൽക്കുന്ന (ഒരു തേൻതുള്ളിയെക്കുറിച്ചുള്ള ആത്മവിചാരങ്ങൾ) അവസാന രംഗവും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. കൂടൊഴിഞ്ഞ് പോകുന്ന പക്ഷിയുടെ അവസാന യാത്രയെ രാഗവിസ്താരത്താൽ ആശ്വസിപ്പിക്കുകയും ആശിർവ്വദിക്കുകയുമാണ് മറ്റൊരു അന്ത്യരംഗം - സ്ത്രീ ശക്തിയുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകൾ അത് അവശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉർവ്വരതയുടെ പ്രതീകമായി സ്ത്രീയും ഭൂമിയും ലോകവും ഇവിടെ ഒന്നിക്കുകയാണ് (നിർബന്ധമായും പക്ഷികൾക്ക് മാത്രം).
പക്ഷികളും മറ്റു ജന്തുജാലങ്ങളും വൃദ്ധരുംസ്ത്രീകളുമെല്ലാം അടങ്ങുന്ന സ്വപ്നതുല്യമായ ആവാസലോകത്തു നിന്ന് ഞെട്ടിയുണരാൻ കാലമായെന്നറിയിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. നടുക്കമുണ്ടാക്കുന്ന നിശ്ചല ദൃശ്യങ്ങൾ മണിപ്പൂർ ജീവിതത്തിന്റെ മറുപുറംകാട്ടുന്നു. അവിടെ ചോരപുരണ്ട മുഖങ്ങളുംമറ്റു ശരീര ഭാഗങ്ങളുംമൊണ്ടാഷ് കാഴ്ചകളുടെ രൂപം ധരിക്കുന്നു. മണിപ്പൂർ മൊസൈക്കിന്റെ പ്രശാന്തത പ്രശ്നസങ്കീർണ്ണമാകുന്നു. പക്ഷികളും ജന്തുജാലവും ശബ്ദം നഷ്ടപ്പെട്ട നിർഭാഗ്യവാന്മാരും അധിവസിക്കുന്ന ലോകം അതിജീവിതം കണ്ടെത്തുന്നത് അധികാര പക്ഷത്തു നിന്ന് പ്രകടിപ്പിക്കപ്പെടുന്ന ദയകൊണ്ടും ദാക്ഷിണ്യംകൊണ്ടും മാത്രമാകുന്നു - ജോഷിയുടെ കല മണിപ്പൂരിന്റെ ദുരന്ത ഭൂമിയിൽ നിന്ന് സ്വായത്തമാക്കുന്ന ഉൾക്കാഴ്ചയാണിത്. ഹിംസ നൽകുന്ന ദയയാണ് അഹിംസയുടെ പ്രാണവായു - ചരിത്രത്തിന്റെ പിൻബലത്തോടെ സ്വരൂപിക്കുന്ന ദാർശനിക പാഠംകൂടിയായി ഇതിനെ കാണാവുന്നതാണ്. ഭരണകൂടങ്ങൾ ഏതൊരു ജനതയുടെയും രാഷ്ട്രീയ ഇച്ഛയ്ക്കു മേൽ ബലംപ്രയോഗിച്ച് അടിച്ചേൽപ്പിക്കുന്ന യാന്ത്രിക യുക്തിയുടെ 'സങ്കലന' നയം ഭാവനാത്മകമായി അട്ടിമറിക്കപ്പെടുന്നു 'മണിപ്പൂർ മൊസൈക്ക് 'എന്ന ഈ ചെറു ചിത്രത്തിൽ.
മൂന്ന്
യഥാർത്ഥത്തിൽ 'മണിപ്പൂർ മൊസൈക്ക്' രണ്ടു തരംകാഴ്ച്ചകളെ സാധൂകരിക്കുന്നുണ്ട്: ആദ്യത്തേത് ഔദ്യോഗികം. രണ്ടാമത്തേത് അനൗദ്യോഗികം. ഔദ്യോഗികമായ നോട്ടത്തിൽ മണിപ്പൂർ പ്രകൃതിയും ജീവിതവും മൊസൈക്കിന്റെ ലാവണ്യം പ്രസരിപ്പിക്കുന്നു. ദൂരക്കാഴ്ച്ചയിൽ സിനിമ നമുക്ക് കാണിച്ചു തരുന്നത് മനുഷ്യനും പ്രകൃതിയും ജന്തുജാലങ്ങളും ചേർന്ന് രൂപപ്പെടുത്തുന്ന നിശ്ചിത പാറ്റേണുകളുടെ സൗന്ദരൃങ്ങളെയാണ്. അകലെ നിന്ന് കാഴ്ച് കാണുന്നവർക്ക് ഇത് മാറിമാറി വരുന്ന രൂപപ്പൊലിമകളുടെ ആകർഷകമായ ദൃശ്യം മാത്രമേ ആകുന്നുള്ളു. ഫിലിംസ് ഡിവിഷന്റെ 'ഔദ്യോഗിക' മേൽനോട്ടംഅതാണ് ആവശ്യപ്പെടുന്നത്. അകലെ നിന്ന് കാണുകയും ആസ്വദിക്കുകയും ചെയ്യുന്നയാളുടെ സൗന്ദര്യ ബോധത്തേയും ജിജ്ഞാസയേയും തൃപ്തിപ്പെടുത്തുകയാണ് ആദ്യകാഴ്ചയിൽ പ്രധാനം. പ്രശാന്തതയുടേയും തനിമയുടേയും ആദർശാത്മകമായ കൂടിച്ചേരലാണത്. ഔദ്യോഗികമായി സ്വീകരിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും ഇത്തരം ദൂരക്കാഴ്ചകൾ തന്നെയാകുമെന്നതിൽ അപാകതയില്ല.
'ദി പാഷൻ ഓഫ് ജോൺ ഓഫ് ആർക്ക് ' (1928 ). സത്യത്തിന്റെ വിഹ്വലമായ മുഖം - സ്ത്രീ സ്വത്വത്തിന്റെ നിശ്ശബ്ദേതിഹാസം. |
എന്നാൽ അധികാര പക്ഷത്ത് നിന്നുള്ള ഔദ്യോഗികമായ ദൂരക്കാഴ്ചകൾ എല്ലാ കാലത്തും എല്ലായിടത്തും സാധൂകരിക്കപ്പെടുകയില്ല. അരികിൽ നിന്ന് കാണേണ്ട കാര്യം എന്താണെന്ന് സമീപ ദൃശ്യംവ്യക്തമാക്കുന്നു. അത് എങ്ങനെ കാണണമെന്നും വ്യക്തമായി ധരിപ്പിക്കുന്നു. ജോഷി ജോസഫിന്റെ സംവിധാനകല ഇക്കാര്യം അർത്ഥശങ്കക്കിടയില്ലാതെ ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഔദ്യോഗികമായ നോട്ടങ്ങൾക്ക് പകരം തികച്ചും അനൗദ്യോഗികവും അരക്ഷിതവുമായ നോട്ടങ്ങളാണ് ('ഒരു തേൻ തുള്ളിയെക്കുറിച്ചുള്ള ആത്മവിചാരങ്ങ'ളിൽ) ഐറോംഷർമിളയെന്ന പോരാട്ട വ്യക്തിത്വത്തിന്റെ അത്യപൂർവവും അസന്നിഗ്ദ്ധവുമായ ഒരൊറ്റ നിമിഷത്തിന്റെ സമീപക്കാഴ്ചയെ ഇന്നത്തെ യാഥാർത്ഥ്യത്തിന്റെ നേർ പരിച്ഛേദമായി കാണിക്കാൻ ജോഷിയെ പ്രാപ്തമാക്കിയത്. നിശ്ശബ്ദതയുടെ ഇതിഹാസ ചിത്രമായ 'പാഷൻ ഓഫ് ജോൺ ഓഫ് ആർക്കിൽ ' തിയോഡോർ ഡ്രയറിന്റെ സംവിധാനവും ഫാൽ കനറ്റിയുടെ അഭിനയവും അനശ്വരമാക്കിയ സെന്റ് ജോണിന്റെ നിശ്ചല ദൃശ്യത്തെ (1928) ശക്തമായി ഓർമ്മിപ്പിക്കുന്നു ഒരു തുള്ളി തേനിന്റെ കയ്പ് രുചിയിൽ ഐറോംഷർമിള എന്ന യഥാർത്ഥ സ്ത്രീയുടെ സ്വത്വം സത്യത്തെ മുഖാമുഖം ദർശിക്കുന്ന 'മണിപ്പൂർ മൊസൈക്കി'ലെ അവസാനത്തെ സമീപദൃശ്യം.
ഹിംസയുടെ നിഴലിൽ അഹിംസയുടെയും നീതിയുടെയും പ്രതിരോധങ്ങൾ |
No comments:
Post a Comment