edam
in left perspective

Tuesday 22 September 2020

ചരിത്രത്തെ ആർക്കാണ് ഭയം?

'വൈറസ് കാല' വിചാരങ്ങൾ - ആറ്


എം. പി. ബാലറാം

 

 https://collectionapi.metmuseum.org/api/collection/v1/iiif/398148/1681778/restricted

 Kathe Kollwitz 'Mothers'

 

ഒന്ന്


കോവിഡ് - 19 മഹാവ്യാധി, ചരിത്രത്തെ ഏറ്റവും വിശ്വസ്തനായ സഹചരനായിക്കാണാൻ മനുഷ്യവർഗ്ഗത്തെ നിർബന്ധിക്കുന്നുണ്ട്. ചരിത്രമെന്നതിന് സാമ്രാജ്യത്വത്തിന്റെയും കോർപ്പറേറ്റുകളുടെയും ജാതി - മത - വംശ - ദേശ സ്വത്വങ്ങളുടെയും ചരിത്രം എന്ന് മാത്രം അർഥം കൽപ്പിക്കപ്പെടാൻ തുടങ്ങിയകഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളുടെ സങ്കല്പനങ്ങൾ 'യാദൃച്ഛികമായി' ജന്മം കൊണ്ട ഒരു ക്ഷുദ്ര വൈറസിനാൽ തിരുത്തിക്കുറിക്കപ്പെടുകയാണ് ഇന്ന്. ഔദ്യോഗിക-മുഖ്യധാരാ ചരിത്ര രചയിതാക്കൾ പുനർവായനകൾക്കും പുനരെഴുത്തുകൾക്കും നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. 'ചരിത്രത്തിന്റെ അന്ത്യ'ത്തെക്കുറിച്ചുള്ള ഫുക്ക്യാമയുടെ ആദ്യകാല തീസിസ്സുകളെ പിന്തുടരാനുള്ള എല്ലാ പ്രലോഭനങ്ങളെയും (ഫുക്യാമ തന്നെ പിൽക്കാലത്ത് അത് തിരുത്തിക്കുറിച്ചത് അറിയാതെ) പ്രതിരോധിക്കാൻ ഒരു വൈറസ് കാരണമായിത്തീർന്നത് ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകയുക്തിയെ മൂർത്തമായി ഉദാഹരിക്കുന്നുണ്ട്. അത്യന്തം പുതുമയുള്ള ഈ തിരുത്തിയെഴുതലുകളെ ചരിത്രപരമായ ഒരു വിരോധാഭാസമായി മാത്രം കാണാനാണ് ചിലർക്ക് ഇപ്പോഴും താൽപ്പര്യം. മൗലികമായ മാറിച്ചിന്തിക്കലുകൾകൾക്ക് തയ്യാറാവാനുള്ള പാഠം വൈറസ് ബാധകളുടെ അനുഭവങ്ങളിൽ നിന്നും പഠിക്കാൻ മനുഷ്യസമൂഹം ഇന്നല്ലെങ്കിൽ നാളെ നിർബന്ധിക്കപ്പെടുകതന്നെ ചെയ്യും. അതിനുള്ള ഭൗതികവും ഭൗതികേതരവുമായ പരിതസ്ഥിതികൾ അതിവേഗം ലോകമെങ്ങും ഒരുക്കപ്പെടുന്നത് കാണാൻ കഴിവുണ്ടാവുകയാണ് പ്രധാനം. അതില്ലാതിരിക്കുമ്പോഴാണ് നാം ചരിത്രത്തെ ഭയപ്പെടുന്ന ഭീരുക്കളായി ചരിത്രത്തിൽ ഇടം നേടുന്നത്. ഭൂതത്തെയും വർത്തമാനത്തെയും ഭാവിയേയും കൂട്ടിവായിക്കാനറിയാത്ത പുതിയ കാലത്തെ 'നിരക്ഷരർക്ക്' ഭീരുക്കളായിക്കഴിയാനേ പറ്റൂ! അവരോട് സഹതപിക്കുക!

ചരിത്രം മാത്രമല്ല ഇന്ന് നമ്മുടെ ആധിക്ക് കാരണം. സമൂഹം ആധിക്ക് പുതിയ വിഷയമാണ്. വ്യക്തിയെ പരമോന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ച അവസ്ഥയെ മാറ്റാതെ നിലനിൽപ്പ് അസാധ്യമാണെന്ന ബോധം അതിവേഗ രോഗപ്പകർച്ച ഇന്നുണ്ടാക്കിത്തീർക്കുന്നു. വ്യക്തികർത്തൃത്വങ്ങളിൽ നിന്ന് സാമൂഹ്യ കർത്തൃത്വങ്ങളിലേക്കുള്ള നിർബന്ധപൂർവ്വമായ പരിണാമം ആഗോളീകരണത്തിന്റെയും നവലിബറൽ മൂല്യസങ്കൽപ്പങ്ങളുടെയും നിഷേധമാണ്. വ്യക്തിയുടെ താൽപ്പര്യങ്ങൾ, തിരഞ്ഞെടുപ്പ്, വിവേചനം, ആശയം , ആഗ്രഹങ്ങൾ, ഓർമ്മ, മറവി, സ്വാതന്ത്ര്യം - ഇവയെ മാത്രം അടിസ്ഥാനമാക്കിയുള്ള പരിശുദ്ധമൂല്യബോധം പ്രാകൃതമാണെന്ന് ഇന്ന്  'പുതുതായി' കണ്ടെത്താൻ ആഗോളീകൃതകാലം നിർബന്ധിക്കപ്പെട്ടിരിക്കുന്നു. വൈറസ്സിന്റെ അതിവേഗസാമൂഹ്യവ്യാപനം വ്യക്തിസ്വത്വങ്ങളെ അതിവേഗ സാമൂഹ്യവൽക്കരണത്തിന് നിർബന്ധിക്കുന്നു. ദുർബ്ബലമാവുന്ന വ്യക്തിസ്വത്വങ്ങളെ പിന്തള്ളി സ്വന്തം അതിജീവനത്തിന് വേണ്ടി സാമൂഹ്യകർത്തൃത്വങ്ങൾ രൂപീകൃതമാകുകയും അവയുടെ കൂട്ടായ്മകൾ ശക്തിപ്പെടുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് പ്രത്യയ സംഹിതയെ എതിരിടാൻ മുതലാളിത്തം നാളിതുവരെ ഉപയോഗിച്ച് പോന്ന 'വ്യക്തിവാദ'ത്തിന്റെ പടച്ചട്ട ഇവിടെ നിരുപയോഗമാക്കപ്പെടുകയാണ്.

ഏറ്റവും ലളിതമായി പറഞ്ഞാൽ നാം നേരിടുന്ന വെല്ലുവിളി നമ്മുടെ നിലനില്പിന്റേത് തന്നെയാണ്. ഈ പ്രശ്നം ഏറ്റവും സങ്കീർണമാണെന്നതിനാൽ പരിഹാരം ഒട്ടും ലളിതമല്ലെന്നതാണ് അതിന്റെ വൈരുദ്ധ്യം. കോവിഡ്-19 മഹാവ്യാധിയിൽനിന്നുള്ള രക്ഷക്ക് ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങളെന്ന പേരിൽ നിർദ്ദേശിക്കപ്പെടുന്ന 'സുവർണ്ണ'തത്വങ്ങൾ ഒരർത്ഥത്തിൽ പ്രതീകാത്മകമായി നമ്മുടെ അവസ്ഥയെ മറനീക്കി കാട്ടിത്തരുന്നുണ്ട്. രോഗം വരാതിരിക്കാനുള്ള ആദ്യത്തെയും അവസാനത്തെയും മുന്നുപാധി അന്യനിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുകയാണ്. അന്യൻ എന്നതിന്റെ വ്യാപ്തി വളരെ വലുതാവുകയും അതിന്  'അന്യ'രാജ്യങ്ങളെന്നും 'അന്യ'ജാതി-മത-ദേശ സമൂഹങ്ങളെന്നും 'അന്യ' ഗ്രാമ നഗര സാംസ്കാരിക വ്യത്യാസങ്ങളെന്നും വിപുലമായ അർത്ഥാന്തരങ്ങൾ ഉണ്ടായിത്തീരുകയും ചെയ്യുന്നു. തീവ്രമായ രോഗപ്പകർച്ചയെയും അതിന്റെ മാരകവിപത്തുകളെയും എതിരിടാനെന്ന പേരിൽ ഒറ്റയൊറ്റ വ്യക്തികളെ നിന്നേടങ്ങളിൽ അമിതാധികാരശക്തി പ്രയോഗിച്ച് അനിശ്ചിതകാലം തളച്ചിടുന്നത് 'അന്യ'നെന്ന പ്രേതം ആവേശിക്കാതിരിക്കാനാണ്. മനുഷ്യൻ ഒരു ചരിത്രജീവിയും  സാമൂഹ്യ ജീവിയുമാണെന്ന അടിസ്ഥാന യാഥാർത്ഥ്യം മറന്നുപോയ മുതലാളിത്ത സംസ്കാരം 'അന്യ'നെന്ന ശത്രുബാധയിൽ നിന്ന് രക്ഷ നേടാനുള്ള സാങ്കൽപ്പിക പരിഹാരമാണ് എന്നും തേടുന്നത്!

രണ്ട്

 
നമ്മുടെ നിലനില്പ് കേവലം ജൈവികമായ ഒന്നല്ലെന്നും അത് ചരിത്രവും സമൂഹവുമായി ഇഴ ചേർന്ന ഒരു രാഷ്ട്രീയയാഥാർത്ഥ്യം കൂടിയാണെന്നും ഉള്ള സത്യം ഓർമ്മിപ്പിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. അമിതാധികാരശക്തി പ്രയോഗത്തിനുള്ള അവസരമായി ഇന്നത്തെ രോഗബാധ ഉപയോഗിക്കപ്പെട്ട ഇടങ്ങളിലെല്ലാം അതിനെതിരെയുള്ള വലുതും ചെറുതുമായ ചെറുത്തു നിൽപ്പുകളും ഭരണാധികാരികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. വൈറസ് ബാധ സാമൂഹ്യമായ ഒരു പ്രതിഭാസമാണ് എന്നത് പോലെ തന്നെ പ്രധാനമാണ് അത് എല്ലാ സാമൂഹ്യ വൈരുദ്ധ്യങ്ങളും മൂർച്ഛിപ്പിക്കുന്നുണ്ടെന്നുള്ള സമകാലിക സത്യവും. നമ്മെ ഭരിക്കുന്നവർ ഇതിനെയാണ് സമർത്ഥമായി സ്വാർഥലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത്. സമ്പർക്ക നിരോധനം, നിരോധിത മേഖല, സാമൂഹ്യ അകലം, കൂട്ടായ്മ നിഷേധം,വ്യക്തി നിരീക്ഷണം, നിർബന്ധിത വാസം - രോഗപ്പകർച്ചയുടെ പ്രതിരോധത്തക്കുറിക്കാൻ ആധികാരികമായി പ്രയോഗിക്കപ്പടുന്ന പദാവലികൾ മിക്കതും അധികാരശക്തി പ്രയോഗവുമായി ബന്ധപ്പെട്ടവയാണെന്ന് വരുന്നത് യാദൃച്ഛികമല്ല.

ഫലത്തിൽ ഒരേസമയം രണ്ടു തരം കൂടുകളിൽ അടച്ചിടപ്പെട്ട ജീവിതങ്ങളായിത്തീർന്നിരിക്കുന്നു നമ്മുടേത്. വൈറസ് ബാധയുടെയും അമിധാകാര ശക്തിയുടെയും കൂടുകൾ. ആദ്യത്തേത് ജൈവികം; രണ്ടാമത്തേത് രാഷ്ട്രീയപരം. ലോക്ഡൗണിന്റെ അവസ്ഥ രണ്ടുതരം ബന്ധനങ്ങളെയും സാർവ്വലൗകികമായും സാർവ്വജനീനമായും അദൃശ്യമായി ബന്ധിപ്പിച്ച് നമ്മെ ഒന്നിപ്പിക്കുന്നത് നാം കാണാതിരിക്കരുത്. കൺമുന്നിൽ രൂപപ്പെടുന്ന എല്ലാ അതിർവരമ്പുകളെയും അവ തമ്മിലുള്ള അകലങ്ങളെയും മറികടക്കാൻ കണ്ണുകൾക്ക് പെട്ടെന്ന് കാണാൻ കഴിയാതെ രൂപപ്പെടുന്ന പരസ്പര ബന്ധങ്ങളുടെ പുതിയ സമവാക്യങ്ങളിലൂടെ ഇന്ന് സാധ്യമാകുന്നുണ്ട്. നമ്മുടെ കാലവും സംസ്കാരവും ഇതിന് പ്രാപ്തമായിത്തീരുന്നതിന്റെ സൂചനകൾ ജോർജ്ജ് ഫ്ലോയ്ഡിന്റെ വധത്തെ തുടർന്ന് ലോകമെങ്ങും സ്വാഭാവികമായി കത്തിപ്പടർന്ന പ്രക്ഷോഭങ്ങൾ എത്ര കൃത്യമായാണ് പ്രത്യക്ഷമായി അവതരിപ്പിച്ചത്? അമിതാധികാര ശക്തികൾക്കും ആഗോളീകരണത്തിന്റെ ഫലമായുള്ള പരിസ്ഥിതി നാശത്തിനും തൊഴിൽ നിഷേധങ്ങൾക്കും അരക്ഷിതമായ ജോലി സാഹചര്യങ്ങൾക്കുമെതിരെ സാമൂഹ്യ അകലങ്ങളെ മറികടന്നുള്ള കൂട്ടായ്മകളും ഐക്യദാർഡ്യവും രൂപപ്പെട്ടത്  ഏറെ പ്രതീക്ഷയോടെ നാം നോക്കിക്കാണുന്നുണ്ട്. ശാരീരികവും മാനസികവുമായ അദ്ധ്വാനശക്തി ഉപയോഗിച്ച്  ജീവിതവൃത്തിയിലേർപ്പെട്ട തത്വചിന്തകരെയും കവികളെയും കലാകാരന്മാരെയും ശാസ്ത്ജ്ഞരെയും തൊഴിലാളി സംഘടനകളെയും സ്വേച്ഛാധിപത്യ വിരുദ്ധ രാഷ്ട്രീയ പാർട്ടികളെയും പരിസ്ഥിതി സംരക്ഷണസംഘടനകളെയും പ്രതിനിധീകരിച്ച് സാർവ്വദേശീയമായി രൂപംകൊണ്ട പ്രോഗ്രസ്സീവ് ഇൻറ്റർനാഷണൽ പോലുള്ള പ്രസ്ഥാനങ്ങൾ മനുഷ്യരാശിയുടെ ഭാവി വാഗ്ദാനങ്ങളാണ്. എല്ലാ വിപരീതസാഹചര്യങ്ങളെയും എതിരിട്ട്  ഈ കാലയളവിൽ വ്യത്യസ്തഭാഷകളിലും സംസ്കാരങ്ങളിലും ദേശങ്ങളിലും ഭൂഖണ്ഡങ്ങളിലും ഉയിരെടുത്ത ധൈഷണികചിന്തകളുടെയും, കലാ-സാഹിത്യ സർഗ്ഗസൃഷ്ടികളുടെയും സാമൂഹ്യമാധ്യമ സാഹസിക പ്രവർത്തനങ്ങളുടെയുമെല്ലാം ലോകങ്ങൾ  ഒട്ടേറെ സമാനതകളുള്ളവയും സാങ്കല്പിക അകലങ്ങളെയെല്ലാം ഭേദിക്കാൻ ലോകജനതയെ ശക്തമായി പ്രേരിപ്പിക്കുന്നവയുമാണെന്നത് ഇന്നത്തെ യാഥാർത്ഥ്യം തന്നെയാണ്!

മൂന്ന്


കൊവിഡ് രോഗബാധയും  അമിതാധികാര വ്യവസ്ഥയും വ്യക്തിയെത്തന്നെയാണ് ആദ്യം ആക്രമിച്ച്  കീഴ്പ്പെടുത്തുന്നത് എന്നതിന് നമ്മുടെ കാലത്ത് അതിയായ പ്രാധാന്യമുണ്ട്. മുമ്പ് എല്ലാ കാലത്തുമെന്നതു പോലെ നമ്മുടെ കാലത്തും അധ:കൃതപക്ഷത്തെ വ്യക്തി അങ്ങേയറ്റം ദുർബലനും നിസ്സഹായനുമാണ്. നിരീക്ഷിക്കാൻ, പിന്തുടരാൻ, വിവരങ്ങൾ സമാഹരിക്കാൻ, ഒറ്റപ്പെടുത്തി മാറ്റിപ്പാർപ്പിക്കാൻ, ഭക്ഷണവും ചികിത്സയും നിഷേധിക്കാൻ, ഇവയ്ക്കെല്ലാം സൗകര്യപൂർവ്വം ഇരയായി അധികൃതപക്ഷം കണ്ടെത്തുന്നത് കീഴാള പക്ഷത്തുള്ള ദുർബല വ്യക്തിജീവിതങ്ങളെയാണ്. ഇന്നത്തെ കാലത്തിന്റെയും അധികാരശക്തിയുടെയും ഇരകളാകാൻ, പാതാളത്തേക്കാൾ കീഴെയുളള ഒരു ജീവിതാവസ്ഥയിലേക്ക്, ലോക്ക് ഡൗൺ കാലത്ത് ആട്ടോടിക്കപ്പെട്ട കുടിയേറ്റത്തൊഴിലാളി ശരീരങ്ങൾ വ്യക്തിദുരന്തങ്ങളുടെ ക്ലാസിക് മാതൃകകളാണ്. ആട്ടിൻപറ്റങ്ങളെ പോലെ ഒരു കൂട്ടമായിട്ടോ സ്ഥിതി വിവരക്കണക്കായിട്ടോ അല്ലാതെ ഒറ്റ മുഖവും ഒറ്റ ശരീരവും ഒറ്റയൊറ്റ ജീവിതം ജീവിക്കുന്നവരും ആയി ഇവരെക്കാണാൻ അധികാരസ്ഥാനത്തുള്ളവരും ഉപരി - മദ്ധ്യവർഗ്ഗ സമൂഹവും തയ്യാറായതിന് തെളിവുകൾ അധികം എടുത്തു കാട്ടാനില്ല. കോവിഡ് രോഗബാധയും ഫാസിസ്റ്റ് ക്ഷുദ്രതകളും ചേർന്ന് ഒരുതരം മത്സരബുദ്ധിയോടെ അക്രമോത്സുകമായി സമൂഹമസ്തിഷ്കത്തെ കീഴ്പ്പെടുത്തുമ്പോൾ ആത്യന്തികമായി അത് ബാധിക്കുന്നത് ഇവിടെ ഇന്ന് ഇപ്പോൾ ജീവിക്കുന്ന ഒറ്റയൊറ്റ  വ്യക്തിയുടെ ഒറ്റ ജീവിതം തന്നെയാണ്!

ഒരു വശത്ത് വ്യക്തിയെ ആരാധ്യബിംബമാക്കി പൂജിക്കുകയും മറുവശത്ത് സാധ്യമാവുന്ന അവസരങ്ങളിലെല്ലാം വ്യക്തിയെ ഒറ്റപ്പെടുത്തി നിസ്സാരനാക്കുകയും ചെയ്യുക എന്നതാണ് 'വ്യക്തിവാദം' എല്ലാ കാലത്തും ഫലത്തിൽ ചെയ്തു പോന്നത്. അത് തന്നെ ഇന്നും മാറ്റമില്ലാതെ തുടരുന്നു. പണം, പദവി, അധികാരം ഇവയുടെ കേന്ദ്രീകരണം കൊണ്ട് ബിംബവൽക്കരിക്കപ്പെടാത്ത വ്യക്തിയെ സങ്കൽപ്പിക്കാൻ ഏറ്റവും വലിയ ജനാധിപത്യവാദിക്ക് പോലും സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്. ആരാണ് മഹത്വത്തിന്റെ അവകാശി എന്ന് നിർണ്ണയിക്കുന്നത് അതാത് കാലത്ത് നിർമ്മിക്കപ്പെടുന്ന ആൾ ബിംബങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കിയാണ്. ഇതിന് വിപരീതധ്രുവത്തിൽ നിൽക്കുന്ന മറ്റോരു വ്യക്തി, മുതലാളിത്ത മൂല്ല്യവ്യവസ്ഥയുടെ അനിവാര്യ യാഥാർത്ഥ്യമായി നിലനിൽക്കുന്നുണ്ട്. പണത്തിലും പദവിയിലും അധികാരത്തിലും കീഴാളനായ വ്യക്തി തനിച്ചാകുമ്പോൾ നിലനിൽപ്പ് അസാധ്യവും കൂട്ടം ചേരുമ്പോൾ അതിജീവനം ശക്തവുമാകുന്നതിന്റെ സാമൂഹ്യ ശാസ്ത്ര അറിവുകൾ ഇന്നത്തെക്കാലത്തും വലിയ മാറ്റങ്ങളൊന്നും കൂടാതെ ജനങ്ങൾക്കെതിരെ പ്രയോഗിക്കാനാണ് ഭരണാധികാരികൾ ഉപയോഗിക്കുന്നതെന്നത്  ഒരു അത്ഭുതസത്യമാണ്! വൈറസ് വ്യാധിയെ ഇതിനുള്ള ഉപാധിയാക്കുന്നത് തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കാതിരിക്കയും ചെയ്യുന്നു.

ഭയം വൈറസ് ബാധയുടെയും അമിതാധികാര ശക്തിയുടെയും പൊതുവായ മുഖമുദ്രയായി അടിച്ചേൽപ്പിക്കപ്പെടുന്നതിന്റെ ന്യായീകരണം ഇപ്പോൾ വ്യക്തമാണ്. ഭയം പ്രാണവായുവിനും ദാഹജലത്തിനും തുല്യം അന്തരീക്ഷത്തിൽ ആരും ആവശ്യപ്പെടാതെ തന്നെ എന്തിനെയും ആരെയും എപ്പോഴും ചൂഴ്ന്നു നിൽക്കുന്ന അവസ്ഥ; ഇത് എല്ലാ തിരിച്ചറിവുകളിൽ നിന്നും ജനതയെ അദൃശ്യമായി തടയുന്നുണ്ട്. 'ഒറ്റ'യാണെന്ന ബോധത്തിലേക്കും അതിന്റെ ആധികളിലേക്കും ആട്ടിയോടിക്കപ്പട്ടു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് കാഫ്ക കഥയിലെ നായകനു തുല്യം ജന്തുവൽക്കരണം മാത്രമാണ് പരിഹാരമെന്ന് തോന്നുന്നതിൽ അത്ഭുതമില്ല. ആദിമമായ അടിമ ബോധത്തിലേക്ക് ഒരു ജനത മുറുമുറുപ്പുകളൊന്നും കൂടാതെ തിരിച്ചുപോകാൻ തയ്യാറാകുന്നത്  'പുരോഗമന - ജനാധിപത്യ' പ്രസ്ഥാനങ്ങളെയാണ് ഏറ്റവും ലജ്ജിപ്പിക്കേണ്ടത്. ധൈഷണികവും സർഗ്ഗാത്മകവുമായ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ  ഉത്തരവാദിത്തങ്ങളെ  ഇത് ഏറെ ഗൗരവമുള്ളതാക്കിത്തീർക്കുന്നുണ്ട്.

തുടക്കത്തിൽ ഉയർത്തിയ ചോദ്യത്തിലേക്ക് തന്നെ ഒടുക്കം നാം തിരിച്ചെത്തിയിരിക്കുന്നു : ചരിത്രത്തെ ആർക്കാണ് ഭയം? വിപരീതാർത്ഥത്തിൽ ചോദ്യം ഇങ്ങനെയും ചോദിക്കാം: ചരിത്രത്തെ ആർക്കാണ് ഭയമില്ലാത്തത്?

ചരിത്രം സംഭവപ്പട്ടികയല്ല. സ്ഥിതിവിവരക്കണക്കുമല്ല. പോരാട്ടങ്ങളുടെ ഏടുകളാണ്. പ്രതിരോധങ്ങളുടെ ഈടുവെപ്പുകളാണ് അതിന്റെ ഉള്ളടക്കം. കുതിപ്പും വിച്ഛേദവും അതിന്റെ ഭാഗങ്ങളാണ്. കീഴടങ്ങലിനും വിജയത്തിനും അതിന്റെ ഗതി നിർണ്ണയിക്കാനാവും. ഔദ്യോഗികമായി കഴുമരങ്ങളും സിംഹാസനങ്ങളും ഒരുപോലെ നീതീകരിക്കപ്പെടാം. വിജയിക്കുന്നത് ജനങ്ങളാണെങ്കിൽ, കൊട്ടാരം കാഴ്ച വസ്തുവാകാം. ഉടവാളുകൾ പ്രയോഗിക്കപ്പടാതിരിക്കുമ്പോൾ, തുരുമ്പിച്ച് മണ്ണടിയാം. എങ്കിലും ഒരു സത്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്: ആത്യന്തികമായി ചരിത്രം സ്വാതന്ത്ര്യത്തിന്റെ പക്ഷത്താണ്. തുറുങ്കുകൾക്ക് കാവൽ  നിൽക്കുന്നവർ ചരിത്രത്തെ ഭയപ്പെടുക തന്നെ വേണം!

അഗ്നി കട്ടെടുത്തതിന്റെ പേരിൽ ദൈവത്തിന്റെ കോപത്താൽ ബന്ധിതനാക്കപ്പെട്ട പ്രോമിത്യൂസ് ഇപ്രകാരം മൊഴിയുന്നു :

"മിന്നൽപ്പിണരുകളൊന്നായ്, വരിയട്ടെ!
കൊടുങ്കാറ്റുകളെല്ലാമലറട്ടെ ,ക്രുദ്ധരായ്
ഭൂകമ്പങ്ങൾ കുലുക്കിയുണർത്തട്ടെ, ഭൂമിയെ!
ആഴിത്തിരകളും ആകാശതാരവും, അറുതിയു-
മന്തവുമില്ലാതെന്നെ ഞെരിക്കിലും,
എത്രയും പീഡിതമാകിലു,മില്ലില്ലൊരിക്കലും
സാധിതമാകില്ലവനെൻ, ജീവൻ കവരുവാൻ!"
                                     (എസ്കില്ലസ്, ബന്ധനസ്ഥനായ പ്രോമിത്യൂസ്)

പോമിത്യൂസിന്റെ ഭയരാഹിത്യത്തിന് നേർവിപരീതം കാളിദാസന്റെ രഘുവംശമഹാകാവ്യത്തിന്റെ അന്ത്യഭാഗത്ത് അഗ്നിവർണ്ണമഹാരാജാവിന്റെ അവസ്ഥ അടയാളപ്പെടുത്തിയിട്ടുണ്ട്. സ്വേച്ഛാപരമായ  ഭരണത്തിലും സുഖലോലുപതയിലും മാത്രം മുഴുകിയ രാജാവിനെ കണ്ട് സങ്കടമുണർത്തിക്കാൻ എത്തിയ പാവം പ്രജകളെ സ്വന്തം മുഖം കാട്ടാൻ താൽപ്പര്യമില്ലാതെ ഒരു കാലടിമാത്രം പുറത്ത് കാണിച്ച് അത് കണ്ട് പോയ്ക്കൊള്ളാൻ അനുവദിക്കുകയാണ് അദ്ദേഹം. ജനങ്ങളാകട്ടെ ഇത് മഹാഭാഗ്യമായിക്കരുതി പാദം വന്ദിച്ച് തിരിച്ച് പോവുകയും ചെയ്യുന്നു. മാനവവംശത്തിന്റെ അപചയകാലങ്ങളിൽ  ജന്മമെടുക്കുന്ന അഗ്നിവർണ്ണന്മാരുടെ പക്ഷത്തല്ല ചരിത്രമെന്ന് കാളിദാസന്റെ തൂലിക അസന്നിഗ്ദ്ധമായി സൂചിപ്പിക്കുന്നുണ്ട്. അവരുടെ പുനരവതാരങ്ങൾ എക്കാലത്തെയും പ്രഹസന രൂപങ്ങളായിത്തീരുമെന്നതിന് ചരിത്രത്തിൽ പാഠങ്ങൾ നിരവധിയാണ്. 'അഗ്നിവർണ്ണന്മാർ' ചരിത്രത്തെ ഭയപ്പെടുക തന്നെ വേണം!