എം. പി. ബാലറാം
പുരോഗമന സാഹിത്യപ്രസ്ഥാനം ഇന്ന് 'വ്യക്തിവൽക്കരണ'ത്തിന് പിറകെയാണ്. 'വ്യക്‌തിബിംബ'ങ്ങളിലാണ് അവർ അഭയം കണ്ടെത്തുന്നത്. 'വ്യക്തിവൽക്കരണ' ത്തിന്റെ പക്ഷം ചേർന്ന് നിൽക്കുന്നത് മദ്ധ്യവർഗ്ഗസമൂഹത്തിൽ പ്രസ്ഥാനത്തിന് കൂടുതൽ 'സ്വീകാര്യത'യും 'മാന്യത'യുമുണ്ടാക്കും. പക്ഷെ രൂപീകരണകാലത്തെ പ്രവർത്തനലക്ഷ്യങ്ങളും, ആശയപരമായ പ്രതിബദ്ധതയും ഇല്ലാതാകുന്നതോടെ പ്രസ്ഥാനത്തിന്റെ ശിഥിലീകരണവും ആരംഭിക്കുന്നു. സാമൂഹ്യമായും വർഗ്ഗപരമായും ഉള്ള കൂട്ടായ്മകൾ പ്രസ്ഥാനത്തിന് നഷ്ടപ്പെടുകയാണ്. സാമൂഹ്യവൽക്കരണം, രാഷ്ട്രീയവൽക്കരണം തുടങ്ങിയവയെക്കുറിച്ചു പരാമർശിക്കുന്നത് പോലും അസംബന്ധമാണെന്ന് വന്നിരിക്കുന്നു. പ്രസ്ഥാനത്തിന്റെ വ്യക്തിവൽക്കരണം, സ്വാഭാവികമായും ഭാവുകത്വലോകത്തെയും വ്യക്തിവൽക്കരിക്കുന്നതിലാണ് ചെന്നെത്തുക. സാഹിത്യഭാവുകത്വം വ്യക്തിവൽക്കരിക്കപ്പെടുന്നത്, ആഗോളീകൃതകാലത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ആവശ്യമാണ്. ഇടതുപക്ഷ-വലതുപക്ഷ കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പുരോഗമനപക്ഷത്തുള്ളവർ പോലും നിശ്ശബ്ദതപാലിക്കാൻ തുടങ്ങിയിരിക്കുന്നു. ഒടുവിൽ 'ചരിത്ര'വും 'രാഷ്ട്രീയ'വും സാഹിത്യത്തിന് ആവശ്യമില്ലാത്ത അനാവശ്യവസ്തുക്കളാണെന്ന് 'പ്രാമാണിക'രായ ഇടതുപക്ഷ ചിന്തകർതന്നെ അഭിപ്രായപ്പെടുന്ന സ്ഥിതിയുണ്ടായിക്കഴിഞ്ഞിരിക്കുന്നു.
'മയ്യഴി'യിലെ
തുമ്പികളുടെയും 'ഖസാക്കി'ലെ അപ്പുക്കിളിയുടെ തലയിലെ പേനുകളുടെയും
കണക്കെടുക്കാൻ പിറകെ പോകുന്ന ദയനീയ അവസ്ഥയിൽ നിന്ന്,
പുരോഗമനസാഹിത്യപ്രസ്ഥാനത്തെ രക്ഷിക്കാൻ ആർക്ക് കഴിയും? ഏറ്റവും ഒടുവിൽ,
കണ്ണൂരിൽ നടന്ന പത്തു ദിവസത്തെ 'ടി. പത്മനാഭൻ സാംസ്കാരികോത്സവ'ത്തിലാണ്
പ്രസ്ഥാനം അതിന്റെ സാന്നിദ്ധ്യമറിയിച്ചത്. സംഗീതമേളകൾ,
ചിത്രകാരക്കൂട്ടായ്മകൾ, സാക്ഷാൽ മുതുകാടിന്റെ മാന്ത്രിക വിദ്യകൾ,
പോരാത്തതിന് ചലച്ചിത്രതാര സുന്ദരികളുടെ നൃത്തചുവടുകളും - മാർച്ച് മാസത്തിൽ കെട്ടിയാടിയ വടക്കേമലബാറിലെ മറ്റേതൊരു തിറയുത്സവത്തെയും തോൽപ്പിക്കാൻ
'പത്മനാഭൻ ഉത്സവ'ത്തിന് സാധിച്ചിരിക്കുന്നു. ടി പത്മനാഭൻ
ജീവിച്ചിരിക്കെത്തന്നെ ഒരു തിറയാട്ടക്കോലമായി
പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. മാഫിയകളും അധികാര രാഷ്ട്രീയവും വാണിഭ
ശക്തികളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന അത്ഭുതകരമായ 'വികസന' മാതൃകക്ക്
നമ്മുടെ കൺമുന്നിൽത്തന്നെ ഉദാഹരണം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. പുരോഗമന
സാഹിത്യപ്രസ്ഥാനത്തിന് ഇതിലെ സജീവമായ പങ്കാളിത്തം കൊണ്ട് 'വിപ്ലവകരമായ'
തങ്ങളുടെ 'കർത്തവ്യം' നിറവേറ്റി എന്ന് അഭിമാനിക്കാം. വ്യക്തിയുടെ
സ്വാതന്ത്യം, വ്യക്തിയുടെ ഭാവന, വ്യക്തിയുടെ മാഹാത്മ്യം, വ്യക്തിയുടെ
ഓർമ്മകൾ, വ്യക്തിയുടെ ജീവിതം - ടി പത്മനാഭൻ കഥകളിൽ തിരിച്ചും മറിച്ചും
കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും വീണ്ടും വീണ്ടും പകർത്തിയെഴുതിയും
ആവർത്തിക്കപ്പെട്ട ഒരൊറ്റ വ്യക്തിയുടെ ഊതിവീർപ്പിച്ച സങ്കൽപലോകമാണല്ലോ,
പുരോഗമന സാഹിത്യപ്രസ്ഥാനം ഒടുവിൽ ചെന്നെത്തിനിൽക്കുന്ന ആദർശലോകം. ഒരാൾക്ക്
മെഗലോമാനിയ (ആത്മ മഹത്വബോധം) പിടിപെടുമ്പോൾ ചികിത്സക്ക് വിധേയമാക്കാം.
പണ്ടത്തെ ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെയും ആദ്യകാല പുരോഗമനസാഹിത്യ
പ്രസ്ഥാനത്തിന്റെയും മഹത്തായ പൈതൃകമവകാശപ്പെടുന്ന ഒരു സംഘടനക്ക് ഇതേ രോഗം
(വ്യക്തി മഹത്വബോധം) ബാധിക്കുമ്പോൾ അതിനെ രക്ഷിക്കാനാരുണ്ട്? 
No comments:
Post a Comment