എം. പി. ബാലറാം
ജീവനുള്ള ഓരോ ശരീരത്തേയും ഓരോ മനസ്സിനേയും ഫാഷിസം പരീക്ഷണവസ്തുവാക്കുന്നുണ്ട്. ഉറങ്ങുന്ന ഓരോ ശരീരത്തേയും ഓരോ മനസ്സിനേയും ഞെട്ടിച്ചുണർത്തുന്നു. ആട്ടിത്തെളിച്ചു തെരുവിലെത്തിക്കുന്നു. ഒരു രാത്രികൊണ്ട്, അല്ലെങ്കിൽ ഒരൊറ്റ രാപ്പകൽ കൊണ്ട് ജനതയെ ആൾക്കൂട്ടമാക്കി മാറ്റുന്നു. ജനാധിപത്യ-സ്വാതന്ത്ര്യ-സമത്വവാദികൾ, വ്യക്തിവാദക്കാർ, കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ, ജാതിമതവിശ്വാസക്കാർ, അവിശ്വാസികൾ ഇവരെയെല്ലാം ഭേദചിന്തകൾ കൂടാതെ വരിവരിയായി പുറത്തളത്തിൽ ഒന്നിപ്പിക്കുന്ന ജാലവിദ്യയാണ് അരങ്ങേറുന്നത്. നാടിൻറെ രാഷ്ട്രീയബോധത്തെ എച്ചിൽക്കൂട്ടങ്ങളുടെ അവശിഷ്ടങ്ങളുടെ മുൻപിൽ എത്തിക്കുന്ന രാസപരീക്ഷണത്തെ എതിരിടാൻ ഏവരും തയ്യാറാവേണ്ടതുണ്ട്.
മഹത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ് ഫാഷിസത്തിന് എക്കാലത്തും പഥ്യമായത്. എന്റെ രാജ്യം, എന്റെ മതം, എന്റെ സംസ്കാരം, എന്റെ ജാതി, എന്റെ ഭാഷ, എന്റെ ചരിത്രം - എല്ലാറ്റിനെയും മഹത്വത്തിൽ കുളിപ്പിക്കുന്നു. അലങ്കൃതമായ കുപ്പായം ധരിച്ച് എന്റേതായതെല്ലാം മഹത്വവൽക്കരിക്കപ്പെടുന്ന കാഴ്ച കണ്ട് ഏവരുടെയും കൺകുളിർക്കുന്നു. മഹത്വമില്ലാത്തതാർക്കാണ്? നിന്റെ രാജ്യം, നിന്റെ മതം, നിന്റെ സംസ്കാരം, നിന്റെ ചരിത്രം ... നിന്റേതെലാം മ്ലേച്ഛം. എന്റെ X നിന്റെ എന്ന വിപരീതം കൊണ്ട് ശരീരത്തെയും മനസ്സുകളെയും രണ്ടാക്കി പകുത്തുമുറിക്കുന്ന പ്രക്രിയയെയാണ് ഫാഷിസം എന്ന് വിളിക്കുന്നത്. വെറും തൂലിക കൊണ്ടെഴുതപ്പെട്ട് ഇവ കടലാസ്സിലൊതുങ്ങിനിൽക്കുന്നില്ല. 'വിപരീതങ്ങൾ' കത്തികൊണ്ടും വെടിമരുന്നുകൊണ്ടുമാണ് നീതി നടപ്പാക്കുന്നത്. അനിവാര്യമായ നീതിനടത്തിപ്പായി ഇത് ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ഒരു ജനതയുടെയാകെ മനസ്സുകളിലും ശരീരങ്ങളിലും മഷിപതിപ്പിച്ച് പെരുങ്കള്ളന്മാരും കുറ്റവാളികളുമാക്കിത്തീർക്കുന്ന പരീക്ഷണം ഇന്ത്യൻ ഫാഷിസത്തിന് പുതിയ മാനങ്ങൾ നൽകുന്നു.
വേലയും കൂലിയും ഇല്ലാതായിത്തീർന്ന, വിളയ്ക്ക് വില നഷ്ടപ്പെട്ട, രോഗവും വാർദ്ധക്യവും മരണവും എന്നും വിളയാടുന്ന ഗ്രാമങ്ങളോടും നഗരങ്ങളോടും അധികൃതർ ചോദിക്കുന്നു: നിങ്ങൾക്കെന്തുവേണം? ഭക്ഷണമോ ഭാഷണമോ? പാവങ്ങൾക്ക് പട്ടിണിമാറ്റാൻ അന്നമാണാവശ്യം. ഒരു ന്യൂനപക്ഷത്തിന് ഭാഷണം മാത്രം മതി. ഭക്ഷണത്തെ ഭാഷണം കൊണ്ട് മറയ്ക്കുന്ന (മറക്കുന്ന) ജാലവിദ്യ ഇവിടെയും തുടങ്ങിക്കഴിഞ്ഞു. തീ തുപ്പുന്ന വാക്കുകൾ കൊണ്ട്, മയക്കുന്ന അലങ്കാരങ്ങൾ കൊണ്ട്, പ്രസംഗപാടവം കൊണ്ട് എരിയുന്ന വയറുകൾ നിറക്കപ്പെടുമെന്നാണ് പ്രത്യാശിക്കുന്നത്.
ഡിമോണെറ്റൈസേഷനകത്ത് (demonetisation) ഒരു പിശാച് (demon) മറഞ്ഞിരിപ്പുണ്ട്. കല്ലിലും തൂണിലും മറഞ്ഞുകിടന്ന പുരാവൃത്തത്തിലെ നരസിംഹത്തെപോലെ, അല്ലെങ്കിൽ പഴങ്കഥയിലെ ജാലവിദ്യക്കാരന്റെ കുടത്തിലൊളിച്ച ഭൂതത്തെപ്പോലെ. പുറത്തുചാടുന്ന ഭൂതം ആദ്യം കഥകഴിക്കുന്നത് ജാലവിദ്യക്കാരനെത്തന്നെയാണ്. ഇതാണ് ഫാഷിസത്തിന്റെ അനുഭവപാഠം. ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവർത്തിക്കപ്പെടാൻ ഡിമോണെറ്റൈസേഷൻ എന്ന വർത്തമാനനാടകത്തിന്റെ ശില്പികൾക്ക് അധികനാൾ കാത്തിരിക്കേണ്ടിവരില്ല.
It might be possible to immunise a society against the deadliest of plagues but, as history has shown, mass immunisation against the plague of fascism is impossible. First, it has to run its course and then, what might be left of the society will be immune to fascism for a long time to come.
ReplyDeleteജീവിതം നിലനിർത്താൻ. പ്രത്യാശ എന്നൊരാശയം വെള്ളത്തിനും ശ്വാസത്തിനുമൊപ്പം പ്രാധാന്യമുള്ളതാണ്. ബുദ്ധി ജീവികളൊഴിച്ചുള്ള ഗണത്തിന് അതൊരു വൈറ്റമിനാണ്. ഏതൊരു ആന്റാബയോട്ടിക്കിനുമൊപ്പം ഒരു ബി കോപ്ലെക്സും അന്റാസിഡും സാധാരണ രീതിയാണല്ലോ. ഭുരിപക്ഷത്തിന് പ്രത്യാശയുണ്ട്.
ReplyDelete