edam
in left perspective

Saturday 25 January 2014

വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ സര്‍ഗ്ഗാത്മക സാധ്യതകള്‍


എം. പി. ബാലറാം

ഒന്ന്

നമ്മുടെ കാലഘട്ടത്തില്‍ മാര്‍ക്സിസ്റ്റു രാഷ്ട്രീയത്തിന്റെ സര്‍ഗ്ഗാത്മകമായ സാധ്യതകളെ കുറിച്ചുള്ള ഏതൊരു സംവാദത്തിനും വിലങ്ങുതടിയാവുന്നത്  രണ്ടു ചിന്താധാരകളാണ്.

   1. കമ്മ്യൂണിസ്റ്റ്‌ ഭൂതകാലത്തിന്റെ  നാളിതുവരെയുള്ള സംഭാവനകളുടെയെല്ലാം നിരാകരണവും തമസ്കരണവും. മാര്‍ക്സിസ്റ്റു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും പാര്‍ട്ടി സംഘടനയേയും സാര്‍വദേശീയ-ദേശീയ സാഹചര്യത്തിലുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളേയും ചരിത്രത്തില്‍ നിന്നടര്‍ത്തിയെടുത്ത് കാണുന്നത് നിരാകരണത്തിന്റെ നവലിബറല്‍ രൂപമാണ്. ആഗോളീകരണത്തിന്റെ ആശയപ്രമാണങ്ങളായ ജാതി – മത – ഗോത്ര – ദേശ സ്വത്വവാദങ്ങളും പോസ്റ്റ്‌ സ്ട്രക്ച്ചറല്‍ - പോസ്റ്റ്‌ മാര്‍ക്സിസ്റ്റു ചിന്തകളും ഉപയോഗപ്പെടുത്തിയുള്ള നൂതനപരികല്പനകള്‍ കൊണ്ട് ഭൂതകാലതെയാകെ തമസ്കരിക്കുന്നത് നിരുപദ്രവകരമായ സാംസ്കാരിക പ്രവര്‍ത്തനമല്ല. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളും പാര്‍ട്ടികളും പരാജയപെട്ട ദൈവങ്ങളായി തീരുമ്പോള്‍ ബൂര്‍ഷ്വാ ജനാധിപത്യവും അതിനെ പരിരക്ഷിക്കുന്ന പാര്‍ലമെന്‍റെറി വ്യവസ്ഥയും സ്ഥിരദൈവങ്ങളായി പ്രതിഷ്ഠിക്കപ്പെടുമെന്നാണ് വ്യമോഹിക്കുന്നത്. വിപ്ലവം നടത്തേണ്ടതെങ്ങനേയെന്നും വിപ്ലവ പാര്‍ട്ടികള്‍ സംഘടിപ്പിക്കപ്പെടെണ്ടതെങ്ങനെയെന്നുമുള്ള ഉദാരമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കാന്‍ ഐ എം എഫും ലോകബാങ്കും സ്പോണ്‍സര്‍ ചെയ്യുന്ന എന്‍ ജി ഒകള്‍ തയ്യാറായി നില്‍പ്പുണ്ട്. രാഷ്ട്രീയേതര വികസനവാദികളും ജാതി – മത – വംശ – ദേശസ്വത്വവാദികളും കേവല പരിസ്ഥിതി പ്രസ്ഥാനങ്ങളും പോസ്റ്റ്‌ മോഡേണിസ്റ്റ് പോസ്റ്റ്‌ മാര്‍ക്സിസ്റ്റു സൈദ്ധാന്തികരും ഒന്നിച്ചണിനിരക്കുന്ന അതിവിപുലമായ വിശുദ്ധകുടുംബമായി (Holy Family) കമ്മ്യൂണിസ്റ്റ്‌ വിരുദ്ധപക്ഷം മാറിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്‌ ഭൂതകാലത്തെയും അതിന്റെ സാഹോദര്യബോധത്തെയും ചവിട്ടിത്തള്ളി മുന്നേറുന്നവര്‍ക്കൊപ്പം അണിചേരാന്‍ പാര്‍ട്ടി സംഘടനയെയും പാര്‍ട്ടിക്കുപ്പായത്തെയും തന്നെയാണ്‌ ചിലര്‍ മറയാക്കി മാറ്റുന്നതെന്ന് വരുന്നത് നമ്മുടെ കാലത്തിന്റെ മഹാദുരന്തങ്ങളിലോന്നാണ്. ട്രോട്സ്കിയെയും റോസാ ലക്സംബര്‍ഗിനെയും ഇല്ലായ്മ ചെയ്ത രാഷ്ട്രീയ മാഫിയാ ശക്തികള്‍ കമ്മ്യൂണിസ്റ്റ്‌ സാഹോദര്യബന്ധങ്ങളില്‍ ആഴമേറിയ വിള്ളലുകള്‍ സൃഷ്ടിക്കാനാണ് ഇവിടെ പുനര്‍ജനിച്ചിരിക്കുന്നത്. വിമോചന സമരകാലത്തിൽ നിന്ന് (1957-1959) വ്യത്യസ്തമായി, വര്‍ഗ്ഗരാഷ്ട്രീയം കൊല ചെയ്യപ്പെടുന്നത് മുഖ്യധാരാ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയം നേരിടുന്ന ജീര്‍ണ്ണതയുടെ ഫലമായാണ് എന്ന് വരുന്നത് ചരിത്രത്തിന്റെ വിരോധാഭാസമാണ്. വിപ്ലവപാരമ്പര്യത്തെ നിരാകരിക്കുന്നതിലും തമസ്കരിക്കുന്നതിലും മുഖ്യധാര ഇടതുപക്ഷവും വലതുപക്ഷവും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് അരങ്ങേറുന്നത്. മൂലധനസ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ രാഷ്ട്രീയപക്ഷം നോക്കാതെ അവര്‍ക്ക് മുന്നില്‍ തുറന്നുകിടക്കുന്നുണ്ട്. സോവിയറ്റ്‌ യൂണിയനിലും യൂറോപ്യന്‍ രാജ്യങ്ങളിലോട്ടാകെയും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തെ നിരാകരിക്കാന്‍ പ്രേരണയായി മാറിയത് മുതലാളിത്ത മൂലധനത്തിന്റെ പ്രലോഭനങ്ങള്‍ തന്നെയായിരുന്നു എന്നത് നമ്മുടെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് അനുഭവപാഠമാകേണ്ടാതാണ്.

   2. കമ്മ്യൂണിസ്റ്റ്‌ ഭൂതകാലാനുഭാവങ്ങളെ സാര്‍വ്വകാലികവും സാര്‍വ്വജനീനവുമായ സനാതന സത്യങ്ങളെന്ന മട്ടില്‍ കാണുന്നതും മിത്തുകളാക്കി ആരാധിക്കുന്നതും അര്‍ത്ഥവത്തായ ഏതൊരു സംവാദത്തിനും മുന്നില്‍ ഒട്ടേറെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മാര്‍ക്സിസത്തെ ചരിത്രത്തിന്റെ ഒരു സാധ്യതയും ഒരു ഉപകരണവുമെന്ന നിലയില്‍ കവിഞ്ഞ് ശാശ്വത സത്യമായി കണ്ടുകൊണ്ടുള്ള അന്ധമായ സ്വീകരണത്തിന്‍റെ വഴി അപകടകരമാണ്. ചരിത്രവസ്തുതകളുടെയും പ്രത്യയശാസ്ത്ര സംഹിതകളുടെയും സംഘടനാപ്രമാണങ്ങളുടെയും വിമര്‍ശനബുദ്ധി കൂടാതെയുള്ള സ്വീകരണം ഫാസിസത്തിലെക്കുള്ള വഴിതുറക്കലാണ്. ധൈഷണികചിന്തയും ഭാവനയും ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ ഇല്ലാതായി തീരുന്നത് മുരടിപ്പിന്റെയും ജീര്‍ണ്ണതയുടെയും ലക്ഷണങ്ങളാണ്. സംശയങ്ങളെയും ചോദ്യങ്ങളെയും നേരിടാന്‍ മടിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ആത്മവിശ്വാസക്കുറവിനെ കാണിക്കുന്നു. അയഥാര്‍ഥങ്ങളായ മിത്തുകളെ ആശ്രയിക്കേണ്ടി വരുന്നത് ആശയങ്ങള്‍ ദുര്‍ബലങ്ങളാവുമ്പോഴാണ്. മുതലാളിത്തവ്യവസ്ഥ എല്ലാ കാലത്തും സമൂഹത്തില്‍ മേല്‍ക്കോയ്മ നേടിയത് ഇത്തരം മിത്തുകളുടെ ബലത്തിലാണ്. വലതുപക്ഷസാഹിത്യവും, പ്രതിലോമകരമായ സാംസ്കാരികവിമര്‍ശനവും മുതലാളിത്തവ്യവസ്ഥയെ ഭദ്രമാക്കിത്തീര്‍ക്കാനുള്ള മിത്തുകള്‍ എല്ലാകാലത്തും സൃഷ്ടിച്ചിട്ടുണ്ട്. കൃത്രിമമായ മിത്തുകളെ ശാസ്ത്രീയചിന്ത കൊണ്ടും യാഥാര്‍ഥ്യബോധം കൊണ്ടും മാത്രമാണ് ഇടതുപക്ഷം നേരിടേണ്ടത്. സമാന്തരമായി സ്വന്തമായ മിത്തുകള്‍ സൃഷ്ടിച്ചുകൊണ്ടല്ല.

രണ്ട്

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ ‘വര്‍ത്തമാനകാല പ്രതിസന്ധി’യെ നാം എങ്ങനെയാണ് നിര്‍വ്വചിക്കുന്നത്? ‘മുഖ്യധാര’യുടെ നിര്‍വ്വചനത്തില്‍പ്പെടുന്ന ഏതെങ്കിലും ഇടതുപക്ഷപാര്‍ട്ടിയുടെയോ, മേല്‍ക്കോയ്മയ്ക്ക് വേണ്ടി അവയ്ക്കുള്ളില്‍ ആശയസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഏതെങ്കിലും വിഭാഗങ്ങളുടെയോ അരക്ഷിതാവസ്ഥയെ പ്രസ്ഥാനം പൊതുവായി നേരിടുന്ന പ്രതിസന്ധിയുടെ പ്രശ്നമായി വിപുലീകരിച്ചു കാണുന്നതെങ്ങനെയാണ്? ഇന്ത്യയില്‍ അവിടവിടെയായി മുഖ്യധാരാ ഇടതുപക്ഷപാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടാവുന്ന ജയപരാജയങ്ങളുടെ അവസ്ഥയിലേക്ക് രാജ്യത്തെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പൊതുവായി നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ ചുരുക്കിക്കാണുന്നതെങ്ങനെയാണ്? ബൂര്‍ഷ്വാപാര്‍ട്ടികളുമായി മത്സരിച്ച് തെരഞ്ഞെടുപ്പില്‍ നേടുന്ന വോട്ടുകളുടെയും സീറ്റിന്റെയും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ബലക്ഷയങ്ങളെ നിര്‍ണ്ണയിക്കുന്നതെങ്ങനെയാണ്?

ബൂര്‍ഷ്വാ പ്രസ്ഥാനങ്ങളുമായുള്ള തെറ്റായ താരതമ്യപ്പെടുത്തലുകളെ ഇടതുപക്ഷ ചിന്തകരും ചരിത്രകാരന്മാരും എക്കാലത്തും ചോദ്യം ചെയ്തിട്ടുണ്ട്. സോവിയറ്റ്‌ യൂണിയനിലും യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ചതിനു സമാനമായ ബൂര്‍ഷ്വാവല്‍ക്കരണം ഇടതുപക്ഷപാര്‍ട്ടികളെ ബാധിക്കുമ്പോള്‍ മാത്രമാണ് ഇടതുപക്ഷ – വലതുപക്ഷ വേര്‍തിരിവുകള്‍ അപ്രസക്തമായിത്തീരുന്നത്. ആഗോളീകരണവും അതിന്റെ ആശയപ്രമാണമായ നവലിബറലിസവും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ മുന്നിലുയര്‍ത്തുന്ന പ്രധാന വെല്ലുവിളിയും ഇതായിതീര്‍ന്നിരിക്കുന്നു; ചരിത്രപരമായ ദൗത്യത്തില്‍ നിന്ന് പ്രസ്ഥാനം പിറകോട്ടു പോകുന്ന സന്ദര്‍ഭങ്ങളിലെല്ലാം ബൂര്‍ഷ്വാവല്‍ക്കരണത്തിനു വേഗം കൂടുന്നു. മുതലാളിത്തഭരണകൂടം കൊഴിഞ്ഞില്ലാതാവുന്ന പ്രക്രിയക്ക് പകരം ബൂര്‍ഷ്വാവല്‍ക്കരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കൊഴിഞ്ഞില്ലാതാവുന്ന പ്രക്രിയക്ക് അത് തുടക്കം കുറിക്കുകതന്നെ ചെയ്യും.

ഭൂതകാലപാരമ്പര്യം കൊണ്ടുമാത്രം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ല. വര്‍ത്തമാനകാലവ്യവസ്ഥയെ എതിരിട്ടു വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കാനുള്ള പ്രത്യയശാസ്ത്രങ്ങളും പോരാട്ടങ്ങളും കൈയൊഴിയുന്നതോടുകൂടി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രതിസന്ധി ആരംഭിക്കുന്നു. അങ്ങനെയുള്ള പാര്‍ട്ടി അതിവേഗം ജനങ്ങള്‍ക്കിടയില്‍ അപ്രസക്തമായിത്തീരുകയും ചെയ്യുന്നു.

 

Saturday 18 January 2014

ഇടം - ആശയസമരത്തിന്റെ ഇന്ധനം

ഇടം ഇടതുപക്ഷ സൗഹൃദങ്ങളുടെ ഒന്നിക്കലാണ്. തകര്‍ക്കപ്പെട്ട സൗഹൃദങ്ങളുടെ വീണ്ടെടുക്കലാണ്. ‘ധീരനൂതന’ സൗഹൃദങ്ങളുടെ ദൃഡപ്പെടുത്തലാണ്. അന്യോന്യമുള്ള അടുപ്പങ്ങളുടെയും അകല്‍ച്ചകളുടെയും പുനര്‍നിര്‍ണ്ണയമാണ്. നിര്‍വ്വചനങ്ങളുടെ വീണ്ടുവിചാരങ്ങളും കണ്ടെത്തലുകളുമാണ്.

ഇടം ‘ഇടതുപക്ഷ’ത്തിനു വേണ്ടാതായ വര്‍ഗ്ഗസൗഹൃദത്തിന്‍റെ തിരിച്ചുവരവാണ്. പ്രച്ഛന്നവും പ്രത്യക്ഷവുമായ മൂലധനരാഷ്ട്രീയരൂപങ്ങളോടുള്ള ആശയസമരത്തിന്‍റെ ഇന്ധനമാണ്. അന്യവല്‍ക്കരിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്ത ‘വര്‍ഗ്ഗബോധ’ത്തെയും ‘വര്‍ഗ്ഗസാഹോദര്യ’ത്തെയും ഇടം മുന്നണിയില്‍ തന്നെ നിര്‍ത്തുന്നു. ഒട്ടും പശ്ചാത്താപബോധമില്ലാതെ.

ഇടം ഇടതുപക്ഷ-വലതുപക്ഷ വേര്‍തിരിവുകളെ അപ്രസക്തമാക്കുന്ന സന്ധികളുടെയും സമരസപ്പെടലുകളുടെയും നിര്‍ദ്ദയമായ നിരാസമാണ്. വേള്‍ഡ് സോഷ്യല്‍ ഫോറം / ജാതി-മത-വംശ-സ്വത്വ രാഷ്ട്രീയം / എന്‍. ജി. ഒ. രാഷ്ട്രീയം ഇവകൊണ്ട് വര്‍ഗ്ഗരാഷ്ട്രീയത്തെ പകരം വെക്കുന്ന നവലിബറല്‍‌ പ്രത്യയശാസ്ത്ര പ്രമാണങ്ങളെ വിചാരണക്ക് വിധേയമാക്കുന്നു. കോര്‍പ്പറേറ്റ് ഫണ്ടുകളുടെയും കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്‍റെയും സ്രോതസ്സുകളില്‍ നിന്ന് ‘പ്രത്യയശാസ്ത്രങ്ങളൊന്നുമില്ലാതെ’ ആം ആദ്മി രാഷ്ട്രീയം പിറക്കുന്നതെങ്ങനെയെന്നു ഇടം കൃത്യമായി തിരിച്ചറിയുന്നു.

ഇടം ഏതുരീതിയിലുള്ള ഫാസിസ്റ്റ് അധികാരപ്രയോഗങ്ങളുടെയും അതിലംഘനമാണ്. ഇടതുപക്ഷ-വലതുപക്ഷ വിലക്കുകളുടെ എതിരിടലാണ്. ഇടതുപക്ഷ സര്‍ഗ്ഗാത്മകതയുടെയും ധൈഷണികതയുടെയും ആഴങ്ങളുടെ അവസാനിക്കാത്ത അന്വേഷണമാണ്.

ഇടം അയഥാര്‍ത്ഥമായ ഭാവിവാഗ്ധാനങ്ങള്‍ വെറുതെ ഉരുവിടുകയില്ല. ഇന്നലെയുടെ ഗൃഹാതുരത്വത്തിലേക്ക് പിന്തിരിയുകയുമില്ല. സാമ്രാജ്യത്വ ആഗോളീകരണം നമുക്ക് നഷ്ടപ്പെടുത്തുന്ന ഇടങ്ങള്‍ ഏതൊക്കെയാണെന്നും, വീണ്ടെടുപ്പ് എങ്ങനെയൊക്കെ ആകാമെന്നുമുള്ള ചിന്തകള്‍ ഇടതടവില്ലാതെ പങ്കിടുകതന്നെ ചെയ്യും.