edam
in left perspective

Thursday 16 July 2020

മായയും മനുഷ്യരും: നെടുകെ പിളർന്ന ശീർഷകം

എൻ. പ്രഭാകരന്റെ 'മായാമനുഷ്യർ' എന്ന നോവലിനെക്കുറിച്ചുള്ള ചിന്തകൾ


എം. പി. ബാലറാം



ഒന്ന്

മായാമനുഷ്യർ എന്ന രചനയെ നാം വായിക്കുന്നതും വിലയിരുത്തുന്നതും ഒരു തുടർച്ചയുടെ ഭാഗമായാണ്. അഞ്ചുപതിറ്റാണ്ടുകളുടെ രചനാനുഭവത്തിന്റെ തുടർച്ചയായി ഈ നോവലിനെ സമീപിക്കേണ്ടത് എഴുതിയ ആളോട് മാത്രമല്ല ചരിത്രത്തോടും നമ്മുടെ വായനയോട് തന്നെയും സത്യസന്ധത പുലർത്താൻ ആവശ്യമാണ്. ഒരു കൃതിയും ശൂന്യതയിൽ സ്വയംഭൂവായി ഒരിക്കലും പിറവിയെടുക്കുന്നില്ല; ശൂന്യതയിൽ വായിക്കപ്പെടുന്നുമില്ല. എഴുത്തെന്നത് പോലെ വായനയും ജൈവികവും ചരിത്രപരവുമായ ഒരു പ്രക്രിയയാണ്. രചനയേയും വായനയേയും സവിശേഷമായ സന്ദർഭങ്ങളാണ് പ്രസക്തമോ അപ്രസക്തമോ ആക്കി മാറ്റുന്നത്. 'പുലിജന്മ'ത്തിൽ (നാടകരൂപമായല്ല ആദിരൂപമായി) കാരിഗുരിക്കൾ  'വാഴ്ന്നോര്ടെ പ് രാന്തും', 'മറ്റുള്ളോര്ടെ ആതിയും' മാറ്റാനുള്ള വഴി കണ്ടെത്തുന്നത് പുലിയൂര് കുന്നിൽ പോയി പുലിജ്ജടയും പുലിവാലുമായി പുലിവേഷത്തിൽ പ്രത്യക്ഷപ്പെടലിലാണ്. അതയാൾ സാധിക്കുന്നു. പുലിജന്മത്തിൽ നിന്ന് വിടുതിയില്ലെന്ന  അറിവ് അയാളുടെ ദുരന്തവുമായിത്തീരുന്നു . 'കാട്ടാടി'ലെ ജോർജ്ജ് കുട്ടിയുടെ ഉള്ളിൽ നിന്നും ഉയരുന്ന അവസാനത്തെ നിലവിളി ശബ്ദം ഒരു മനുഷ്യന്റേതാവുന്നതിനു പകരം ഒരു കാട്ടാടിന്റേതായിത്തീരുന്നു. കാട്ടിൽ പോയി മറയുക എന്ന തന്നുള്ളിലെ കാട്ടാടിന്റെ സ്വപ്നം നേടാനാവാതെ സ്വയം തന്നെത്തന്നെ കുരുതി കൊടുക്കുകയാണ് അയാൾ. 'പിഗ്മാനി'ലെ  ശ്രീകുമാറിന് കാമ്പസ് വേഷത്തിൽ നിന്ന് മോചനം നൽകുന്നത് സമനില നഷ്ടപ്പെട്ടവന്റെ ഭ്രമാത്മകഭാവനയാണ്. പേര് മാറ്റങ്ങളുടെയും വേഷം മാറ്റങ്ങളുടെയും പരമ്പരയാണ് ബഹുവചനം എന്ന നോവലിന്റെ തനിമയായിത്തീരുന്നത്... ദൃശ്യവും അദൃശ്യവുമായി പല പേരുകളുടെയും പല വേഷങ്ങളുടെയും വിചിത്രജന്മങ്ങളെ ഒരൊറ്റ ജീവിതം കൊണ്ട് തന്നെ സാധിപ്പിച്ചെടുക്കുക എന്നത് രചനയിലെ ജൈവികമായ ചോദനയാണ്.

ഏറിയും കുറഞ്ഞും പ്രഭാകരന്റെ രചനകളിൽ ഈ ചോദന ആവർത്തിക്കപ്പെടുന്നു.അതിന്റ തുടർച്ച ഗമനെയും പിന്തുടരുന്നു.അയാൾക്ക് പോയ്മറയാൻ കാടിന് പകരം ചെറുനഗരത്തിന്റെ ഇടുങ്ങിയ തെരുവുകൾ മാത്രം ബാക്കിയായുണ്ട്! 'തീയൂർ രേഖകളു'ടെയും , 'ജനകഥ'യുടെയും ചരിത്രഭാരം കൈയൊഴിഞ്ഞതിന്റെ പേരിൽ നോവലിനെ കുറ്റപ്പെടുത്താൻ കഴിയില്ല. വിപണി ആവശ്യപ്പെടുന്ന ചേരുവകൾ ഇന്ന് വ്യത്യസ്തങ്ങളാണ്. അവയെ തൃപ്തിപ്പെടുത്തേണ്ട ബാധ്യതകൾ കൂടി നിറവേറ്റുമ്പോഴാണ്  'മായാമനുഷ്യർ'  'മായാപരത 'യുടെ ആഖ്യാനമായി 'കൊണ്ടാടപ്പെടാൻ' യോഗ്യത നേടുന്നത്. ജൈവികമായ ചോദനകളെയും ചരിത്രത്തിന്റെ പ്രേരണകളെയും വെറും മായക്കാഴ്ച്ചകളായി കാണാനാണ് പുതിയ ഭാവുകത്വം ആഗ്രഹിക്കുന്നത്. അതിന് കീഴ്പ്പെടുകയാണ് ' മായാമനുഷ്യർ' എന്നനോവൽ.

രണ്ട്

നോവൽ ആരംഭിക്കുന്നത് പേരിൽ നിന്നാണ്. പ്രധാന പാത്രത്തിന്റെ 'ഗമൻ' എന്ന പേരിൽ നിന്ന്. 'പേരിൽ നിന്ന് തന്നെ തുടങ്ങാം.ഈ കഥയിലെ നായകന്റെ പേര് ഗമൻ എന്നാണ്' - തുടർന്ന് മലയാളികൾക്ക് തീർത്തും അസാധാരണമായിതോന്നാവുന്ന ഒരു പേരായി അത് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. പേരിന്റെ അപരിചിതത്വം, അസാധാരണത്വം - ഇവ പ്രശ്നവിഷയങ്ങളായി കഥയിൽ ആവർത്തിക്കപ്പെടുന്നുണ്ട്.പേര്,ആളെ തിരിച്ചറിയുന്നതിനും ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് പകരം ആളെ അകറ്റുന്നതിനും ഒറ്റപ്പെടുത്തുന്നതിനും ഉതകുന്നത് ഗമനെ സംബന്ധിക്കുന്ന അനുഭവങ്ങളുടെ സവിശേഷതയായി അടയാളപ്പെടുത്തേണ്ടതുണ്ട്. ജീവിച്ചിരിക്കുന്നതിന്റെ അടയാളമായി പേര് മാറുന്നത് പ്രഭാകരന്റെ നോവൽ ലോകത്ത് അത്ര അസാധാരണമല്ലെന്ന് ബഹുവചനം നോവലിലെ പ്രധാന പാത്രത്തിന്റെ (ജയൻ) പേര് മറവിക്ക് നൽകിയ പ്രാധാന്യത്തിൽ നിന്നറിയാം. അല്ലാത്തപ്പോഴെല്ലാം ആൾമാറാട്ടത്തിനുള്ള എളുപ്പവഴി വേഷം മാറുന്നത് പോലെ പേരും മാറുകയാണ്. സ്വന്തം പേര് പരിഹാസം, അവജ്ഞ, നിന്ദ, അപമാനം, വിധേയത്വം - ഇവയെല്ലാം മാറിമാറി പലരിൽ നിന്നും ഏറ്റു വാങ്ങാൻ ഇടയാക്കിയതിന്റെ അപകർഷതാ ബോധം ഗമന്റെ വിശ്വാസങ്ങളെയും വീക്ഷണങ്ങളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. 'ആദിപാപം' പോലെയും ജനനമറുക് പോലെയും അത് അയാളുടെ ജീവിത വിധിയെ നിർണ്ണയിക്കുന്നു.

ഗമൻ മറ്റുള്ളവരെയും ലോകത്തെയും നോക്കിക്കാണുന്നതെങ്ങനെ? അയാളുടെ വിലയിരുത്തലും വിമർശനവും എന്താണ്? 'മായാമനുഷ്യർ' എന്നത് ഗമന്റെ സങ്കല്പനമാണ്. ജന്തുജനം, കാട്ടാട്, പിഗ്മാൻ, ബഹുവചനം, തീയൂർ രേഖകൾ, ജനകഥ, ജീവന്റെ തെളിവുകൾ - പ്രസക്തമായ മുൻ കാല രചനകളിലൊന്നും പ്രഭാകരൻ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ സ്വരത്തിന് ഇത് പോലെ ആധികാരികത നൽകിയത് കണ്ടിട്ടില്ല. നേരെമറിച്ച് വ്യത്യസ്തങ്ങളായ പ്രദേശങ്ങളെയും വിചിത്രസംസ്കാരങ്ങളെയും വിരുദ്ധവ്യക്തിത്വങ്ങളെയും നാനാ ജാതിമത രാഷ്ട്രീയ പ്രമാണങ്ങളെയും അന്തമറ്റ സ്വരവൈചിത്ര്യങ്ങളെയും നോവലിന്റെ ആഖ്യാനലോകത്തിന് തനിമകളൊന്നും നഷ്ടപ്പെടുത്താതെ ഉൾക്കൊള്ളാൻ സാധിച്ചത് കോണ്ടാണ് അവ ഏറ്റവും പ്രസക്തമായി പരിഗണിക്കപ്പെടുന്നത്. 'മായാമനുഷ്യർ' ഒരേയൊരാളുടെ (ഗമന്റെ) ശബ്ദത്തെ, നോട്ടത്തെ, അനുഭവത്തെ, വ്യക്തിത്വത്തെ, ആശയങ്ങളെ മാത്രം ആധികാരികമായി കണക്കാക്കുകയും അയാളുടെ സങ്കല്പനത്തെ നോവലിന്റെ ശീർഷകസ്ഥാനം നൽകി അംഗീകരിക്കുകയും ചെയ്യുന്നു.രാഷ്ട്രീയം, സാഹിത്യം, തത്വചിന്ത, ചരിത്രം, വിദ്യാഭ്യാസം- വ്യത്യസ്ത വ്യവഹാര മേഖലകളിലെ മാറ്റങ്ങളെയും വളർച്ചകളെയും യാതൊരു മുന്നൊരുക്കവുമില്ലാതെ നിരീക്ഷിക്കാനും തീർപ്പ് കൽപ്പിക്കാനും അയാൾക്കുള്ള യോഗ്യത (അക്കാദമിക് അല്ല) എന്താണ്? ആരാണ് ഗമനെ അതിന് അധികാരപ്പെടുത്തിയത്? എന്താണ് ഈ ആധികാരികതക്ക് അടിസ്ഥാനമാകുന്നത്?

മൂന്ന്

നോവൽ പേരിൽ നിന്ന് തുടങ്ങുന്നു. നമ്മുടെ നിരീക്ഷണം പേരിനെത്തന്നെ പിന്തുടരുകയും ചെയ്യുന്നു. ഗമൻ ഒരു പാട് അർഥ സാധ്യതകളുള്ള പദമാണ്. സഞ്ചാരം, അനിശ്ചിതം, അസ്ഥിരം, അപരിചിതം, അന്യം - ഇവയ്ക്കെല്ലാം പുറമെ  'ഗമനം' ആകാശഗമനത്തെ സൂചിപ്പിക്കാൻ, ഉപയോഗിച്ച് സ്ഥിരപ്പെട്ടുപോയ ഒരു പ്രയോഗവുമാണ്. ഗമൻ മറ്റുള്ളവരിൽ  മായാമാനുഷികത്വം ആരോപിച്ചതു പോലെ, മറ്റുള്ളവർ ഗമനി( സഞ്ചാരി, അപരിചിതൻ,അന്യൻ)ലും അയാളുടെ പേരിനെ അന്വർത്ഥമാക്കുന്ന മാന്തികത്ത്വം ആരോപിച്ച് , അകൽച്ച ഭാവിച്ച് മാറി നിന്ന് അയാളെ നിരീക്ഷിക്കുകയാകുമോ?

നാല്
  
തത്ത്വസംഹിതകളുടെയും രാഷ്ട്രീയ പ്രമാണങ്ങളുടെയും സാമ്പത്തിക ശാസ്ത്രജ്ഞത്തിന്റെയും കലാ- സാഹിത്യ- സാംസ്കാരിക പ്രവണതകളുടെയും ചരിത്രത്തിന്റെയും, ആദ്ധ്യാത്മികതയുടെയും ലോകങ്ങൾ  ഒന്നൊന്നായി  നോവലിന്റെ ആഖ്യാനത്തിൽ വിവിധ അദ്ധ്യായങ്ങളിൽ വരികയും പോകയും ചെയ്യുന്നുണ്ട്. വ്യത്യസ്ത വ്യവഹാരങ്ങളെ സംബന്ധിക്കുന്ന വാക്കുകളുടെ അവസാനമില്ലാത്ത ആരവം തുടക്കം മുതൽ ഒടുക്കം വരെ ഉയർന്നു കേൾക്കുകയും ചെയ്യുന്നുണ്ട്. ധൈഷണികലോകത്ത് ജീവിക്കുകയും വ്യാപരിക്കുകയും ചെയ്യുന്ന ആളുകളുടെ സംഭാവനകളെന്ന നിലയിലാണ് വാക്കുകൾ ഇടം നേടുന്നത്. ഇത്രയും സമൃദ്ധമായി, ധാരാളിത്തത്തോടെയും ആർഭാടമായും  ആശയങ്ങളെയും വാക്കുകളെയും ഉൽപ്പാദിപ്പിക്കാൻ പ്രാപ്തമാക്കിയ ഒരു സമൂഹത്തിന്റെ സാമ്പത്തിക അടിത്തറയെക്കുറിച്ച് ആഖ്യാനം മൗനം പാലിക്കുകയും ചെയ്യുന്നു. വാക്കുകളുടെ അമിതമായ ഉൽപ്പാദനവും ഉപഭോഗവും ചേർന്ന് സൃഷ്ടിക്കുന്ന പ്രതിഭാസമാണ് കൃത്രിമമായ 'മായികപരത' എന്നത് തിരിച്ചറിയപ്പെടാതെ പോകുന്ന യാഥാർത്ഥ്യമാണ്. 'ജന്തുജന്മ'ങ്ങൾ ഇടതിങ്ങിപ്പാർക്കുകയും ചത്തടിയുകയും ചെയ്യുന്ന അടിത്തട്ടുകളിൽ നിന്ന് മായാമനുഷ്യർ ജീവിക്കുന്ന മുകൾത്തട്ടുകളിൽ എത്തിപ്പെട്ടത് മലയാളനോവലിനെ സംബന്ധിച്ചിടത്തോളം ഒരു നേട്ടമായി പറയാൻ കഴിയില്ല.

അഞ്ച്
    
അടിത്തട്ടുകളിലെ അനുഭവ ജീവിതവും മുകൾത്തട്ടുകളിൽ രൂപപ്പെട്ടു വരുന്ന ആശയജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സംഘർഷങ്ങളുമാണ് 'മായാമനുഷ്യർ' പോലുള്ള ഒരു നോവലിനെ മലയാളത്തിൽ സാദ്ധ്യമാക്കിത്തീർക്കുന്നത്. ഇത് ഇന്ന് ഊന്നിപ്പറയേണ്ടുന്ന അവസ്ഥയുണ്ട്. മറ്റേത് വിപണിവസ്തുക്കളെയും പോലെ സർഗ്ഗാത്മകരചനകളെയും സുഭഗവും സുന്ദരവുമാക്കി കൊണ്ടാടേണ്ട ഉത്തരവാദിത്തം വിമർശനത്തിനില്ല.
രചനയെ മനസ്സിലാക്കുന്നതിൽ നിന്ന് അത് വായനക്കാരനെ തടയുകയാണ് ചെയ്യുന്നത്. തൊണ്ണൂറുകളുടെ ആദ്യം മായാമയൻ എന്ന കഥയും അതിലെ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രവും ഉണ്ടായ കാലത്തെ വായനയിൽ നിന്ന് ഇന്നത്തെ 'മായാമനുഷ്യർ' വായനക്ക് ഗുണപരമായി ഏറെ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അന്നത്തെ (മായാമയൻ, 1994) കഥയുടെ അവസാനം കമ്പിക്കാലിൽ കെട്ടിയിടപ്പെട്ടപ്പോൾ വാപിളർത്തി ഈരേഴു പതിനാല് ലോകങ്ങളെയും വായ്ക്കുള്ളിൽ കണ്ട് ആളുകൾ ഭയപ്പെട്ടുകൊള്ളുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്  ഉണ്ണികൃഷ്ണൻ! അയാളുടെ 'മായക്കാഴ്ച'കളിൽ നിന്ന് അകലം പാലിച്ച് യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ അന്നത്തെ വായനക്ക് കഴിഞ്ഞു. ഇന്ന് ഗമന്റെ നോട്ടത്തിലും ചിന്തകളിലും വാക്കുകളിലും ആവർത്തിക്കപ്പെടുന്ന ('മായാമനുഷ്യരി'ലെ) 'മായാപരത'യെ വർത്തമാനകാല യാഥാർത്ഥ്യമായി വായന  അംഗീകരിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. നവലിബറൽ ഭാവുകത്വം രചനയെയെന്ന പോലെ വായനയേയും (അതിന്റെ യുക്തി ബോധത്തെയും) മായക്കാഴ്ചകളുടെ ചൊൽപ്പടിയിലാക്കിയിരിക്കുന്നു. സാഹിത്യവും കലയും സംസ്കാരവും വിദ്യാഭ്യാസവും രാഷ്ട്രീയവും രോഗ ചികിത്സയും തത്ത്വചിന്തയും മായാപരതക്ക് കീഴ്പ്പെടുകാണ് എന്ന ഗമന്റെ വീക്ഷണം  ആഖ്യാനത്തിലെന്ന പോലെ വായനയിൽ എല്ലാ സന്ദർഭത്തിലും അംഗീകരിക്കപ്പെടുകയില്ല. കാരണം യുക്തിബോധത്തിന്  നിരക്കാത്ത  ഗമന്റെ മായക്കാഴ്ച്ചകളുടെ വേരുകൾ അയാൾ നിലകൊള്ളുന്ന സംഘർഷ ഭൂമികയിലാണെന്ന് സൂക്ഷ്മമായ വായനതിരിച്ചറിയുക തന്നെ ചെയ്യും -  അനുഭവജീവിതവും ആശയജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളിൽ നിന്ന് ഉയിരെടുക്കുന്ന ഒരു ഭ്രമാത്മക കൽപ്പനയായി ഗമന്റെ 'മായക്കാഴ്ച' വിമർശനത്തിൽ വിലയിരുത്തപ്പെടുകയും ചെയ്യും!

ആറ്    
    
'മായാമനുഷ്യർ' എന്ന സങ്കല്പനം നോവലിൽ രൂപീകരിക്കപ്പടുന്നത്, മനുഷ്യരേയും അവരെ സംബന്ധിക്കുന്ന യാഥാർത്ഥ്യങ്ങളെയും മായക്കാഴ്ച്ചകളാക്കിമാറ്റിയാണ്. മായയും മനുഷ്യരും തമ്മിലുള്ള സംയോജനത്തിൽ നിന്ന് മായാമനുഷ്യരെന്ന ശീർഷകം ഉണ്ടാവുന്നു. നോവൽ ആരംഭിക്കുന്നത് കഥാപാത്രത്തിന്റെ പേരിൽ നിന്ന് മാത്രമല്ലെന്നും ശീർഷകത്തിൽ നിന്നുകൂടിയാണെന്നും ഇത് സൂചിപ്പിക്കുന്നു. ഗമന്റേത് മാത്രമല്ല മറ്റ് കഥാപാത്രങ്ങളുടെയും പേരുകൾ പുരാവൃത്തീകരണത്തിന് വിധേയമായിത്തീരുന്നുണ്ട്. ഉണ്ണികൃഷ്ണൻ (മായാമയൻ) പുരാവൃത്തീകരണത്തിന്റെ ആദിരൂപമാണ്. മായാമനുഷ്യരിൽ ഗമനുപുറമെ ഗൗതമൻ, ഫൽഗുനൻ ('അർജ്ജുനന്റെ പര്യായം'!), ഭാർഗ്ഗവൻ, ഹരി,സൂര്യനാരായണൻ,ഗഗൻ,മോക്ഷിത്കുമാർ, ഗുണശേഖരൻ, ശിവരാജ്,ചന്ദ്രാംഗദൻ... ഉണ്ണികൃഷ്ണന്റെ പിൻഗാമികളാകാൻ അവകാശമുള്ള പുരാവൃത്തീകരിക്കപ്പെട്ട പേരുകളെല്ലാം നോവലിന്റെ മായാപരതയെ യാഥാർത്ഥ്യമെന്ന് വരുത്തിത്തീർക്കാൻ ഏറെ സാഹസപ്പെടുന്നുണ്ട്. ആചുസ്വാമി, കത്തിഗാന്ധി, ജിഗിൻമുത്തു തുടങ്ങിയവ പുരാവൃത്തങ്ങളുടെ നവീന രൂപകങ്ങൾക്ക് മാതൃകകളായിത്തീരുന്നു. ഗമൻ ജോലി ചെയ്യുന്നത് 'സ്മൃതിവിരുന്ന് 'എന്ന പേരിലുള്ള സാഹിത്യ മാസികയിൽ. സ്വയം അദൃശ്യനാവാനുള്ള വിദ്യ തേടിയെത്തുന്നത് മോക്ഷിത്കുമാർ എന്ന തെരുവ് മായാജാലക്കാരന്നരികെ. അയാളുടെ വീടിനടുത്തുള്ള അറിയപ്പെടുന്ന സ്റ്റോപ്പ് 'മായാമുക്ക്'. അവിടെ അടയാളപ്പെടുത്താൻ 'ദേവീസ് കഫെ'. വീട്ടിലേക്കുള്ള വഴി മായാതെരുവ്! അവിടെ കണ്ടുമുട്ടുന്ന അപരിചിതരധികവും ഊമകൾ. അവർ സംസാരിക്കുന്നത് വിചിത്രമായ ആംഗ്യഭാഷയിലും. മായാപരതയുടെ ഒരു മിഥ്യാലോകം ഗമന് വേണ്ടി നോവലിൽ മെനഞ്ഞെടുക്കപ്പെടുന്നത് അടിത്തട്ടുകളിലും അരികുകളിലും പുറന്തള്ളുന്ന അനവധി യാഥാർത്ഥ്യങ്ങളെ മറന്നു കൊണ്ടാണ് - അവയുടെ ഞരക്കങ്ങളും നിശ്ശബ്ദരോദനങ്ങളും നോവലിന്റെ അകത്തളങ്ങളിൽ നിന്നുയരുന്നത് 'മായാമനുഷ്യർ' എന്ന ശീർഷകത്തെ നെടുകെ രണ്ടാക്കി പിളർക്കുന്നു!

ഏഴ്

മുമ്പ് സൂചിപ്പിച്ചതുപോലെ അനുഭവങ്ങളുടെയും ആശയങ്ങളുടെയും പിളർക്കപ്പട്ട ലോകങ്ങൾക്കിടയിടയിലാണ് ഗമൻ അകപ്പെട്ടു പോകുന്നത്. ഏറ്റവും സാധാരണക്കാരും അങ്ങേയറ്റം സഹായമന:സ്ഥിതിയുള്ളവരുമായ മനുഷ്യരുമായി അയാൾ  ഇടപഴകുന്നുണ്ട് - സുമേഷ്, മൂകേഷ് മാഷ്, സെബിൻ, അവിനാഷ്, ഹരി മാഷ്.... അങ്ങിനെ വളരെ കുറച്ചു പേർ. അവർക്കിടയിൽ അവരിലൊരാളായി മാറാൻ ഗമന് വിഷമമില്ല. അവരെ മനസ്സിലാക്കാൻ അയാൾക്ക് വേഗം കഴിയുന്നു.അയാളെ മനസ്സിലാക്കാൻ അവർക്കും ( "താൻ തിരക്കിട്ടെന്ന പോലെ വന്നു കയറി 'ങ്ഹാ,ഗമൻ...അല്ലേ' എന്നു പറഞ്ഞ് കൈകൊടുത്തപ്പോൾ ആ ചെറപ്പക്കാരന്റെ മുഖത്തു  കണ്ട പേടിയും പരിഭ്രമവുമെല്ലാം മുക്കാലും അലിഞ്ഞുപോയിരിക്കുന്നു എന്നതിൽ ഹരിമാഷ്ക്ക് വലിയ ആശ്വാസം തോന്നി" - ഗമനെ മറ്റൊരാൾ വിലയിരുത്തുന്ന ഇത്തരം സന്ദർഭം മായാമനുഷ്യരിൽ മറ്റൊന്നില്ല..). അവർ തമ്മിൽ സംസാരിക്കുന്നത് സാധാരണ നാട്ടുഭാഷയിൽ. അവരൊന്നും മായക്കാഴ്ച്ചയുടെ ഭാഗങ്ങളല്ല. നേരെമറിച്ച് വായനശാലയിൽ ക്ലാസ്സെടുക്കാൻ വന്ന 'സൈദ്ധാന്തിക പണ്ഡിതനെ'യും, സാഹിത്യസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന 'വൃദ്ധ സാഹിത്യകാരനെ'യും വിദ്യാഭ്യാസത്തിൽ ഭാഷക്കുള്ള സ്ഥാനത്തെക്കുറിച്ച് വിസ്തരിച്ചു സംസാരിച്ച വിദഗ്ധനെയും  മായക്കാഴ്ച്ചകളുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നു. സ്വന്തമായി പേര് പോലും നൽ്കാതെ അതിശയോക്തിയുള്ള വർണ്ണനകൊണ്ട് അവരെ ആദ്യം കോമാളിരൂപങ്ങളും പിന്നെ മായാമനുഷ്യരുമാക്കി പരിണമിപ്പിക്കുകയാണ് ഗമന്റെ നോട്ടങ്ങൾ. അതിനുള്ള അറിവ്, അവകാശം, അധികാരം, ഇവ യഥാർത്ഥത്തിൽ തനിക്ക് സ്വന്തമായുണ്ടോ എന്ന് ഗമൻ സംശയിക്കാൻ തയ്യാറാകുന്നത് അയാളുടെ അന്തസ്സംഘർഷങ്ങളെ പ്രത്യക്ഷമാക്കുന്നുണ്ട്. നാം അത് തിരിച്ചറിയാൻ തയ്യാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

എട്ട്

താൻ കാണുന്ന മായക്കാഴ്ചകളെയും തനിക്ക് അനുഭവപ്പെടുന്ന 'മായാപരത'യേയും ഗമൻ വീണ്ടു വിചാരങ്ങൾക്ക് വിധേയമാക്കുന്നുവെന്നത് അനുലോമമായ ചില സൂചനകൾ നൽകുന്നുണ്ട്. ആത്മഭാഷണങ്ങൾ കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിന് അനിവാര്യഘടകമാവുന്നതു പോലെ കഥാപാത്രങ്ങളുടെയും ആഖ്യാതാവിന്റെയും ആത്മഗതങ്ങൾ ചില സന്ദർഭങ്ങളിൽ സത്യം മൊഴിയുന്ന വിപരീതദർശനങ്ങളാകാറുണ്ട്. ( 'ആ കൊള്ളിവാക്കിലില്ലയോ, വാസ്തവനാളം?') കോട്ടയുടെ പരിസരത്തുള്ള സെമിത്തേരിക്ക് സമീപം ജിഗിൻ മുത്തുവിന്റെ സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞ തന്നെക്കുറിച്ചുള്ള തെറികളൊക്കെ കേട്ടിട്ടും ഗമന് ഒന്നും തോന്നുന്നില്ല. അയാളുടെ ചിന്തകൾ: ".... തന്നേക്കാൾ നാലോ അഞ്ചോ വയസ്സിനുമാത്രം ഇളപ്പമുള്ളവർ താൻ കാണുന്നതിൽ നിന്ന് എത്ര വ്യത്യസ്തമായാണ് കാര്യങ്ങളെ കാണുന്നതെന്ന തിരിച്ചറിവ് അയാൾക്ക് വല്ലാത്ത അമ്പരപ്പുണ്ടാക്കി........ ഇങ്ങനെയൊക്ക ചിന്തിക്കുന്നത് ഒരു പക്ഷേ തന്റെ ആന്തരിക ബലഹീനതകൊണ്ടാവാം. ചരിത്രവും ഫിലോസഫിയുമൊക്കെ നന്നായി പഠിച്ച് ആ പഠനത്തിന്റെ സംസ്കാരത്തെ മാനസിക ജീവിതത്തിന്റെ  ഭാഗമാക്കിത്തീർത്ത ഒരാളുടെ ആലോചന ഇമ്മട്ടിലൊന്നുമായിരിക്കില്ല. പക്ഷെ, അത്തരത്തിലുള്ള പഠനങ്ങൾക്കുള്ള സന്നദ്ധതയും സാവകാശവും എത്രപേർക്കാണുണ്ടാവുക. ഭൗതികസാഹചര്യങ്ങളും സാമ്പത്തിക സ്ഥിതിയും ഒട്ടും അനുകൂലമല്ലെങ്കിൽ പഠനവും മനനവുമൊന്നും വലിയ ഉയരങ്ങളിൽ ചെന്നെത്തുകയില്ല. അസാധാരണ ധിഷണാബലവും സഹനശേഷിയും സ്ഥൈര്യവുമുള്ള മഹാന്മാരുടെ ഗണത്തിൽ പെടുന്നവർക്ക് ഏത് പ്രതികൂലസാഹചര്യത്തെയും മറികടന്നു പോവാൻ് കഴിയുമായിരിക്കും പക്ഷേ അവർ ചിന്തിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന കാര്യങ്ങൾ മാത്രമല്ലല്ലോ ലോകത്തിന് പ്രസക്തമായി അനുഭവപ്പെടുക .ഏറ്റവും സാധാരണന്മാരായവർ സ്വന്തം അനുഭവലോകത്തെ മുൻനിർത്തി സ്വരൂപിക്കുന്ന ധാരണകൾക്കും വിചാരങ്ങൾക്കും അവരുടേതായ മൂല്യമില്ലേ. അവ സ്പർശിക്കുന്ന വാസ്തവത്തിന്റെ തലങ്ങൾ അപ്പാടെ  അപ്രസക്തമാണെന്ന് ആരും സ്ഥാപിച്ചാലും അത് ശരിയാവുകയില്ലല്ലോ."

ഗമനെയും അയാളുടെ (മായ)കാഴ്ചകളെയും കുറിച്ച് അയാൾതന്നെ സ്വയം പറയുന്നതിൽ കൂടുതൽ കാര്യങ്ങളൊന്നും വിമർശനത്തിന് പറയാനില്ല. അയാളുടെയോ ആഖ്യാതാവിന്റെയോ നാക്ക് പിഴയുടെ ഫലമാണോ അല്ലയോ ഇത് എന്ന് നുണ പരിശോധന നടത്തി അറിയേണ്ട ഉത്തരവാദിത്തം വിമർശനത്തിനില്ല. മറ്റാർക്കും അറിയാത്തതും ഗമന് മാത്രം അറിയാവുന്നതുമായ മൂന്ന് വസ്തുതകളെ അയാളുടെ  ആത്മഗതം വെളിവാക്കുന്നുണ്ട്:

1.  ആഴത്തിലുള്ള പഠനത്തിന്റെയും അന്വേഷണത്തിന്റെയും അഭാവമാണ് തന്റെ ബലഹീനതക്ക് കാരണം.
2.  തന്റെ സാമ്പത്തികസ്ഥിതിയുടെയുടെയും മറ്റ് സാഹചര്യങ്ങളുടെയും പരിമിതികൾ കൊണ്ട് പഠനവും മനനവും മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല.
3. തന്നെപ്പോലുള്ള സാധാരണന്മാരുടെ ധാരണകൾക്കും വിചാരങ്ങൾക്കും അവയുടേതായ മൂല്യമുണ്ട്.
          
ഗമന്റെയും അയാളോട് യോജിപ്പുള്ളവരുടെയും നോട്ടത്തിൽ കാണപ്പെടുന്ന മായക്കാഴ്ചകളുടെ വേരുകൾ, ഇവിടെ ആത്മഭാഷണത്തിലൂടെ  പ്രകടിപ്പിക്കപ്പെടുന്ന  സാമൂഹ്യയാഥാർത്ഥ്യത്തിൽ ഒളിഞ്ഞിരിപ്പുള്ളത് മനസ്സിലാക്കാൻ കഴിയുമ്പോൾ മാത്രമേ നോവൽ വായനയോടും അതിന്റെ പിന്നിലെ രചനയെന്ന പ്രക്രിയയോടും നീതി പുലർത്തിയെന്ന്  അവകാശപ്പെടാൻ നമുക്ക് കഴിയുകയുള്ളു. 'സ്മൃതി വിരുന്നി'ലേക്കയച്ച കവിത പ്രസിദ്ധീകരിക്കാൻ കൂട്ടാക്കാത്തതിന്റെ പേരിൽ ജിഗിൻമുത്തു ഗമനോട് മറ്റൊരു സന്ദർഭത്തിൽ പറയുന്നത് ഇങ്ങനെയാണ്: "നിങ്ങൾ ഒരു ആർക്കിയോളജിക്കൽ പീസായിത്തന്നെ നിങ്ങളുടെ മാസിക നടത്തിക്കൊണ്ടു പോയ്ക്കോളൂ......". തുടർന്നുള്ള ഗമന്റെ ചിന്തകൾ, ആത്മവിചാരങ്ങൾ എന്നതിലുമധികം ആത്മവിചാരണകളായി പരിണമിക്കുന്നു: "അയാളുടെ വാക്കുകളെയും പ്രകടനത്തെയും വെറും തമാശയായി കരുതാൻ ശ്രമിച്ചെങ്കിലും അഹങ്കാരിയും മിക്കവാറും അൽപ്പബുദ്ധിയുമായ ആ ചെറുപ്പക്കാരൻ ആരോപിച്ചതുപോലെ താൻ ആർക്കും വേണ്ടാത്ത ഒരു പുരാവസ്തുവും പിടിച്ച് ഇരിക്കുകയാവുമോ എന്ന ആലോചന ഗമനെ പെട്ടെന്ന് നിരുന്മേഷനാക്കി".

വിപണി സാധ്യതകൾ മാത്രം പരിഗണിച്ച് ആഗോളീകരണത്തിന്റെ നേട്ടങ്ങളായും ന്യായീകരണങ്ങളായും ഉൽപ്പാദിപ്പിക്കപ്പെടുന്ന മറ്റേതൊരു കമ്പോള വസ്തുവിനേയും പോലെ 'സുഭഗമായും സുന്ദരമായും' സൃഷ്ടിക്കപ്പെടുന്ന നമ്മുടെ കാലത്തെ ഏതോരു രചനയേയും കാത്തിരിക്കുന്നത് ഗമനെ ഏറ്റവും ഭയപ്പെടുത്തുന്ന പുരാവസ്തുവിന്റെ അനുഭവം തന്നെയായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

No comments:

Post a Comment