'വൈറസ്കാല' വിചാരങ്ങൾ - അഞ്ച്
എം. പി. ബാലറാം
കോവിഡ്- 19 മഹാവ്യാധി രോഗാനുഭവത്തെ കേവലമായ വ്യക്ത്യനുഭവം എന്ന തലത്തിൽ നിന്ന് സാർവ്വലൗകികമായ ഒരു സാമൂഹ്യാനുഭവവും രാഷ്ട്രീയാനുഭവവുമാക്കി പരിവർത്തിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ വ്യത്യസ്ത ഭാഷകളുടെയും സംസ്കാരങ്ങളുടെയും ദേശങ്ങളുടെയും അതിരുകളുടെ പരിശുദ്ധിയുടെ പേരിൽ കലഹിച്ചു പോന്ന ജനതയെയാകെ ഒരു വൈറസ് അനുഭവം ഒന്നിപ്പിച്ചിരിക്കുന്നു. വെറും മൂന്നുമാസങ്ങൾക്ക് മുമ്പ് സർവ്വശക്തരായ ഭരണാധികാരികളും ആഗോളമുതലാളിത്ത ശക്തികളും സാമ്പത്തിക വിദഗ്ധരും സങ്കല്പിക്കുക കൂടി ചെയ്യാത്ത കാര്യങ്ങളാണ് നമ്മുടെ കൺമുന്നിൽ രൂപപ്പെട്ടു വരുന്നത്. ചരിത്രത്തിൽ അരങ്ങേറുന്ന എല്ലാ ആകസ്മിക സംഭവങ്ങളെയും പോലെ, ഈ മഹാവ്യാധി വ്യാപനവും ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഒരു പരീക്ഷണഘട്ടമായാണ് അനുഭവപ്പെടുന്നത്. രോഗബാധ അതിന് കീഴ്പ്പെട്ടുപോകുന്നവരെന്നും കീഴ്പ്പെടാത്തവരെന്നും വ്യത്യാസമില്ലാതെ ജീവിക്കുന്ന എല്ലാവരെയും ഒരുപോലെയാണ് മാറ്റിത്തീർക്കുന്നത്. ചരിത്രത്തിന്റെ യാദൃച്ഛികത്വം ലോകത്തെ മതിലുകളില്ലാത്ത തുറന്ന തടവറയാക്കി പുതുക്കിപ്പണിതിരിക്കുന്നു. ഇവിടെ ജീവിക്കാനും മരിക്കാനുമുള്ള നമ്മുടെ അവകാശം ക്ഷുദ്രമായ ഒരു വൈറസ് കാരണം അനിശ്ചിതത്വത്തിലായിരിക്കുന്നു.
മനുഷ്യജാതിയുമായോ മാനവ സംസ്കാരവുമായോ പ്രത്യേകാഭിമുഖ്യമൊന്നും വിശ്വപ്രകൃതികൾക്കില്ല. നമ്മെ ലോകത്തിന് ആവശ്യമുണ്ടെന്നതിന്റെ ഒരടയാളവും നമ്മളൊഴികെ ആരും അറിഞ്ഞുവെന്ന് അവകാശപ്പെട്ടിട്ടില്ല. എന്നാൽ നാം പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം നേർ വിപരീതമായ സംഗതികളാണ്. നാം ഉണ്ടാക്കിയെടുത്ത സവിശേഷബന്ധങ്ങളും മതങ്ങളും ശാസ്ത്രവും സ്ഥാപനങ്ങളും സംസ്കാരമാകെത്തന്നെയും വിളിച്ചറിയിക്കുന്നത് നമുക്ക് വേണ്ടി യാണ് ലോകം എന്നാണ്. മനുഷ്യന്റെ ഉത്ഭവകാലത്തോളം തന്നെ പഴക്കമുണ്ട്, അവന്റെ അവകാശവാദങ്ങൾക്കും.എന്നാൽ നമ്മളൊഴികെയുള്ള ജീവജാലങ്ങൾക്കോ പ്രകൃതിക്കോ നമ്മുടെ തന്നെ കണ്ടുപിടുത്തങ്ങളായ ദൈവങ്ങൾക്ക് പോലുമോ ഒട്ടും ബോദ്ധ്യപ്പെടുകയില്ല, ഭൂമുഖത്തെ നമ്മുടെ ആവശ്യകതയെപ്പറ്റിയുള്ള ന്യായവാദങ്ങൾ! മനുഷ്യന്റെ നിലനിൽപ്പിനുപോലും ഇന്ന് ആധാരമായിത്തീരുന്നത് ഈ ഒരു വൈരുദ്ധ്യമാണെന്നും ഇത്തരം ഒരു വിരോധാഭാസത്തെ ചുമടേററിക്കൊണ്ടല്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ലെന്നുമുള്ള അവസ്ഥയാണ് വൈറസ് ബാധകളുടെ ദുരന്തകളിക്കളങ്ങളാക്കി പ്രകൃതിയെ മാറ്റിത്തീർക്കുന്നത് - വൈകിയെങ്കിലും ഇത് നാം തിരിച്ചറിയേണ്ടതുണ്ട്. ഭൂമിയോ സൂര്യചന്ദ്രൻമാരോ അവ ഉൾക്കൊള്ളുന്ന ഗാലക്സികളോ അല്ല കേന്ദ്രമെന്ന തിരിച്ചറിവ് പോലെതന്നെ പ്രധാനമാണ് മനുഷ്യനല്ല കേന്ദ്രമെന്ന അറിവും. കോവിഡ്- 19 ഉൾപ്പെടെയുള്ള വൈറസ്സുകൾ ഇക്കാര്യം ആവർത്തിച്ച് നമ്മെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ബോദ്ധ്യപ്പെടാത്തത് വൈറസ്സിന്റെ 'ബോധം' പോലും നമുക്കിന്ന് ഇല്ലാതെ പോയതിനാലാണ്. അതിനാൽ ഇന്ന് ഭൂമുഖത്തെ ഏറ്റവും സഹതാപം അർഹിക്കുന്ന ജീവിയായി നാം മാറിയിരിക്കുന്നു!
കോവിഡ്- 19 മഹാവ്യാധി മനുഷ്യരുണ്ടാക്കിയ അതിരുകളെ ഒട്ടും മാനിക്കുന്നില്ലെന്ന 'ഖേദം' നമുക്കുണ്ട്. അതിനെ എതിരിടാൻ തല്ക്കാലം മരുന്നില്ലെന്ന നിസ്സഹായത കൂടുതൽ യാഥാർത്ഥ്യബോധമുള്ളവരാക്കി നമ്മെ മാറ്റേണ്ടതാണ്.എന്നാൽ സാമാന്യയുക്തിയെപ്പോലും പരിഹസിക്കുന്നവിധത്തിലാണ് രോഗവും രോഗിയും ഇവിടെ പരിചരിക്കപ്പെട്ടത്; ഇപ്പോഴും പരിചരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. അതിരുകളെ അതിലംഘിക്കുന്ന വൈറസ്സിനെ നേരിടാൻ അതിരുകളിൽത്തന്നെ മനുഷ്യരെ തളച്ചിടുക എന്ന നൂറ്റാണ്ടുകൾ പഴകിയ മൃതമായ യുക്തി യാന്ത്രികമായി എടുത്തുപയോഗിക്കുക മാത്രം ചെയ്തു. മുന്നറിയിപ്പുകളൊന്നും കൂടാതെ ഭ്രാന്തമായ ആവേശത്തോടെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഉണ്ടാക്കിയ ആഘാതങ്ങൾക്ക് ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ല. ലോകരാജ്യങ്ങളിൽ മിക്കതിലും ഏറിയും കുറഞ്ഞുമുള്ള അളവുകളിൽ ലോക്ക് ഡൗൺ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ലോകജനത ഒരിടത്തും ഇന്ത്യയിൽ അനുഭവിക്കേണ്ടി വന്നത് പോലെ മനുഷ്യത്വരഹിതവും അത്യന്തം ക്രൂരവുമായ ലോക്ക് ഡൗൺ ദീർഘകാലം സഹിക്കേണ്ടി വന്നിട്ടില്ല. ജാതി-ജൻമി കോയ്മകളുടെയും നാട്ടുരാജാക്കന്മാരുടെയും ബ്രിട്ടീഷ് ഭരണത്തിന്റെയും അടിമത്തനുകങ്ങൾ നൂറ്റാണ്ടുകളായി പേറി മുതുകൊടിഞ്ഞ മഹത്തായ ഒരു ജനതക്ക് ഇന്ത്യൻ ഭരണവർഗ്ഗം കോവിഡിന്റെ പേരിൽ നല്കിയ സമ്മാനം, സാർവ്വദേശീയ മാനങ്ങളുള്ളതാണ്.രോഗവ്യാപനം ഏറ്റവും തീവ്രമായ സന്ദർഭത്തിൽത്തന്നെ ലോക്ക് ഡൗണിൽ ഇളവുകൾ നൽകി ഒരു പരിശോധനയ്ക്കും വിധേയമാക്കാത്ത ജനങ്ങളെ തെരുവിൽ തള്ളുന്ന കാഴ്ചയും ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്! വിയറ്റനാമിന്റെയും വെനിസുലയുടെയും തെക്കൻ കൊറിയയുടെയും സിങ്കപ്പൂരിന്റെയും വിജയിച്ച പാഠങ്ങൾക്ക് നേരെ എതിർ ദിശയിലാണ് ഇന്ത്യയുടെ പരാജയ 'വീരഗാഥ'!
ഒരുപക്ഷെ അമേരിക്കയാകാം ഇന്ത്യയുടെ 'പരാജയ' ഗാഥയുടെ 'വീരോചിത' മാതൃക! പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും പ്രധാന മന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇക്കാര്യത്തിൽ പുലർത്തിയ അത്ഭുതകരമായ സാമ്യം അവർക്ക് പരസ്പരമുള്ള ഊഷ്മളമായ സൗഹൃദത്തിന് ചേർന്നതും സമകാലിക സന്ദർഭത്തിൽ സമാനതകളില്ലാത്തതുമാണ്.ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന സ്വന്തം രാജ്യത്തേയും അന്യരാജ്യങ്ങളിലേയും ജനങ്ങളാൽ വെറുക്കപ്പെട്ടവനായിത്തുടരുന്നതിന് ഇടയിൽ ഈ കോവിഡ് ലോക്ക് ഡൗൺ കാലത്ത് തന്നെ സംഭവി്ച്ചതാണ് ട്രമ്പ് ഭരണത്തിലെ ജോർജ് ഫ്ലോയ്ഡ് വധം. ഹിന്ദുത്വവാദികളാൽ ഇന്ത്യയിൽ തെരുവുകളിൽ പരസ്യ വിചാരണയ്ക്ക് വിധേയരാക്കപ്പെടുകയും ക്യാമറയ്ക്ക് മുന്നിൽ പകൽ വെളിച്ചത്തിൽ പരസ്യമായി കൊല്ലപ്പടുകയും ചെയ്യുന്ന മുസ്ലിം-ദളിത ജനതയുമായി വർഗ്ഗപരമായസാഹോദര്യം ട്രമ്പ് ഭരണത്തിൽ വംശഹത്യയിൽ വധിക്കപ്പെടുന്ന 'ജോർജ്ഫ്ലോയ്ഡ്'മാർക്കുണ്ട്. കോവിഡ് വൈറസിന്റെയും അമിതാധികാര (ഫാസിസ്റ്റ്) വൈറസിന്റെയും വ്യാപനവും പ്രവർത്തനവും ഇന്ത്യയിലും അമേരിക്കയിലും അത്ഭുതകരമായ സമാനതകളോടെയും പരസ്പര ധാരണകളോടെയുമാണെന്ന് പറയുന്നത് അതിനാലാണ്.
അവസാനം നാം എത്തിനില്ക്കുന്നതെവിടെയാണ്? ഇനിയും ചിന്താശേഷി പണയപ്പെത്താതെ ലോകത്തിന്റ വിവിധ കോണുകളിൽ ധൈഷണിക ജീവിതത്തിൽ അനവധി സാഹസികതകളോടെ ഏർപ്പെട്ടു വരുന്നവർ കോവിഡ് രോഗബാധയുടെ സന്ദർഭത്തിൽ ഉയർത്തുന്ന ചോദ്യം അതാണ്: മറ്റുള്ളവരോട് മാത്രമല്ല തന്നോട് തന്നെയും.കഴിഞ്ഞ മെയ് മാസമാദ്യം സാർവ്വദേശീയതലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ രാജ്യങ്ങളിലെ എഴുത്തുകാരും കലാകാരന്മാരും ചിന്തകരും തൊഴിലാളി സംഘടനാപ്രതിനിധികളും സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയപ്പോരാട്ടം നടത്തുന്നവരും ചേർന്ന് അവതരിപ്പിച്ച മാനിഫസ്റ്റോ മനുഷ്യന്റെ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന ഭൂമുഖത്തെ എല്ലാവരുടെയും ശബ്ദത്തെ ഉറക്കെ പ്രക്ഷേപിച്ചു. പ്രോഗ്രസ്സീവ് ഇന്റ്റർ നാഷണൽ എന്ന സംഘടനാ രൂപം അതിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നു. മഹാവ്യാധികളെയും വംശഹത്യകളെയും യുദ്ധഭീകരതകളെയും ക്ഷാമത്തേയും തൊഴിൽ നഷ്ടങ്ങളേയും ആഗോളീകരണത്തിന്റെ പേരിൽ ലോകത്താകമാനം സാർവ്വത്രികമാക്കിയ സാമ്രാജ്യത്വ ശക്തികൾക്ക് ഇന്നത്തെ മാരകമായ രോഗവ്യാപനത്തിന്റെ അനുഭവപശ്ചാത്തലത്തിൽ ധാർമ്മികമായും രാഷ്ട്രീയമായും നിലനിൽക്കാനുള്ള അർഹതയെയാണവർ ചോദ്യം ചെയ്യുന്നത്. രോഗങ്ങളെയും മരണങ്ങളെയും ലാഭ വസ്തുക്കളാക്കി വിപണിയിൽ വിറ്റഴിക്കുന്നവരുടെ കൈയിൽ ഭൂമിയുടെയും മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെയും വർത്തമാനവും ഭാവിയും ഒട്ടും ഭദ്രമല്ലെന്ന് സ്വയം ബോദ്ധ്യപ്പെടുന്ന ഒരു ചരിത്ര സന്ദർഭത്തിലാണ് നാം ഇന്ന് എത്തിനിൽക്കുന്നത്.
No comments:
Post a Comment