edam
in left perspective

Tuesday, 21 October 2014

എം. എൻ. വിജയൻ: വി സി ശ്രീജന്റെ കുറ്റവിചാരങ്ങൾ - 2

എം. പി. ബാലറാം

 

'അസത്യത്തിന്റെ നീതിസംഹിത' 

ഒന്ന്

"The Lumpen Proletariat, this scum of depraved elements from all classes, with head quarters in big cities, is the worst of all possible allies. This rabble is absolutely venal and absolutely brazen. If the French workers, in every revolution, inscribed on the houses: Mort aux voleurs ! Death to thieves ! and even shot some, they did it not out of reverence for property, but because they rightly considered it necessary above all to get rid of that gang. Every leader of the workers who uses these scoundrels as guards or relies on them for support proves himself by this action alone a traitor to the movement".

Frederich Engels, Preface to 'The Peasant War in Germany' (K. Marx and F. Engels Selected Works, Vol. 2, Progress Publishers, Moscow, 1976, pg. 163)


'അസത്യത്തിന്റെ നീതിസംഹിത'ക്ക് നാവുകൾ എത്ര? ശ്രീജന്റെ പുസ്തകത്തിലെ ഓരോ ലേഖനവും അഭിമുഖീകരിക്കുന്ന ചോദ്യമിതാണ്.

1997 മുതൽ 2007 വരെ എഴുതിയ അഞ്ചുലേഖനങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. എം. എൻ. വിജയൻ എന്ന 'പാപ'ത്തിന്റെ ഉല്പത്തി കഥ മുതൽ 'പാപപരിഹാര'ത്തിന്റെയും 'പാപസങ്കീർത്തന' ത്തിന്റെയും കഥകൾ വരെ, പത്തു വർഷങ്ങൾക്കിടയിൽ പ്രസിദ്ധീകരിച്ച അഞ്ചു ലേഖനങ്ങൾ. എം. എൻ. വിജയന്റെ ജീവിതത്തിലെ അവസാനത്തെ പത്ത് വർഷങ്ങളാണ് ഇതെന്നത് നമ്മുടെ നിരൂപണചരിത്രത്തിലെ വിലപ്പെട്ട രേഖയാവേണ്ടാതാണ്. [1]

1. കേസരിയെ മറക്കുക - 1997 ജൂലൈ
2. മന:ശാസ്ത്ര നിരൂപണം മലയാളത്തിൽ - 2002 മെയ്‌ 
3. കുറ്റവും കുറവും - 2006 ജനുവരി 
4. മൂന്നു ചോദ്യങ്ങൾ - 2005 ഓഗസ്റ്റ്‌ 
5. മന:സാക്ഷി സൂക്ഷിപ്പുകാരൻ - 2007 ഒക്ടോബർ

വിചിത്രങ്ങളും പരസ്പരവിരുദ്ധങ്ങളുമായ വ്യത്യസ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്നവയാണ് ഈ രചനകൾ. തത്വവിചാരം, മന:ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, ചരിത്രം ഇവിടങ്ങളിൽ നിന്നെല്ലാം 'മാധ്യമച്ചന്ത'ക്ക് ആവശ്യമുള്ള കരുക്കൾ ശ്രീജൻ ശേഖരിക്കുന്നുണ്ട്. 'അസത്യ'ത്തെ ന്യായീകരിക്കുന്നതിന് 'വസ്തുനിഷ്ഠ' തെളിവുകൾ എവിടെനിന്നും ശേഖരിക്കാം. 'അബദ്ധധാരണ'കളെ നീതീകരിക്കാൻ അറിവുകളിൽ അപ്രമാദിത്വം ഭാവിക്കാം. 'തെറ്റി'ന് 'ശരി'യല്ലാത്തതായി ഒന്നുമില്ല. ശ്രീജന്റെ മുന്നുപാധി ഒന്ന് മാത്രമാണ് : അറിവ് പാശ്ചാത്യമോ പൌരസ്ത്യമോ ആകട്ടെ, ഭാരതീയമോ കേരളീയമോ ആകട്ടെ, അന്തിമമായി അതിന്മേലുള്ള അധികാരം തന്റേത് മാത്രമാണ്. തനിക്ക് ആവശ്യം ഉള്ളപ്പോൾ എടുത്തുപയോഗിക്കാനും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാനും ഉള്ളതാണ് ഏതു വിജ്ഞാനവും [2], ഏതു രാഷ്ട്രീയനിലപാടും. തനിക്ക് മാത്രം അവകാശപ്പെട്ട അറിവുകളുടെ അതിർത്തി ആക്രമിക്കപ്പെടുമ്പോഴും ചോദ്യം ചെയ്യപ്പെടുമ്പോഴും ശ്രീജന്റെ നിരൂപണം 'ജന്മസ്വഭാവം' കൊണ്ടെന്നത് പോലെ വിറളികൊള്ളും. പ്രാകൃതവും മൃഗസഹജവുമായ അതിർത്തിബോധത്തിൽ നിന്ന് ജനിക്കുന്നതാണ് അതിലും പ്രാകൃതമായ ശ്രീജന്റെ 'കുറ്റവിചാരണ'കൾ [3]. എം. എൻ. വിജയന്റെ 'സംഗ്രഹവിചാരണ' (summary trial) 'അസത്യത്തിന്റെ നീതിമാതൃക'യെന്ന വിശേഷണത്തിന് അർഹമായി തീരുന്നത് അപ്പോഴാണ്‌.

വലതുപക്ഷം സ്വാധീനശക്തി ഉറപ്പിക്കുന്നത് മിത്തുകളുടെ സഹായത്താലാണെന്ന് റോളാങ് ബാർത്ത് പറയുന്നു. ബാഹ്യമായി പ്രകടിപ്പിക്കപ്പെടുന്ന മിത്തിന്റെ ഭാഷ 'അരാഷ്ട്രീയ'മാണ്. എന്നാൽ നിഗൂഢമായ രാഷ്ട്രീയം ആന്തരമായി അതിനുണ്ട്. അസത്യങ്ങളെ 'സത്യ'ങ്ങളുടെ ആധികാരികതയോടെ, സ്വാഭാവികമായാണ് ജനങ്ങൾക്കിടയിൽ അവതരിപ്പിക്കുന്നത്‌. തെറ്റായ ആശയങ്ങൾ അതോടെ സാമൂഹ്യശക്തിയായി മാറുന്നു. ബൂർഷ്വാതിന്മകളുടെ സമൂഹ്യവല്ക്കരണമാണ് വലതുപക്ഷവല്ക്കരണം. 'ശരിമ'യുടെ ആധികാരികതയും സ്വാഭാവികതയും കൈവരിച്ചതിനു ശേഷമാണ്, 'തിന്മ' സമൂഹത്തിൽ നടപ്പിലാക്കപ്പെടുന്നത്. ഒട്ടും ചാഞ്ചല്യമില്ലാതെ, സ്വാഭാവികതയോടെയാണ് ശ്രീജന്റെ പുസ്തകത്തിൽ 'അസത്യത്തിന്റെ നീതിസംഹിത' ഉപയോഗിക്കപ്പെടുന്നത്. ബാഹ്യമായി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം, ആന്തരികമായി അസത്യങ്ങളെയും അബദ്ധധാരണകളെയും ഒളിച്ചുവെക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വിശ്വാസ്യത ഇരട്ടിപ്പിക്കാൻ വേണ്ടിയുള്ളതാണ് ഈ രചനാതന്ത്രം.

ശ്രീജന്റെ നിരൂപണങ്ങളിൽ ഒളിച്ചുവെക്കപ്പെടുന്ന പ്രതിലോമചിന്തക്ക് ഒരു സാമൂഹ്യപശ്ചാത്തലവും ചരിത്രപശ്ചാത്തലവും ഉണ്ട്. നവലിബറലിസം അതിന്റെ മൂല്യബോധത്തിന് ചേർന്ന പുതിയൊരു നിരൂപണപദ്ധതി മലയാളത്തിൽ രൂപീകരിച്ചിട്ടുണ്ട്. നിഗൂവും കുടിലവുമായ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയാണ് ഇതിന്റെ കാതൽ. നവോത്ഥാനചിന്താഗതികളെയും പുരോഗമനരാഷ്ട്രീയത്തെയും അത് ഭ്രഷ്ട് കൽപ്പിച്ച് പടിക്ക് പുറത്ത് നിർത്തുന്നു. വിമോചനസമരസന്ദർഭത്തിലെ (1957-59) സാമ്രാജ്യത്വശക്തികളുടെ നേരിട്ടുള്ള ഇടപെടലുകളും ജാതി - മത - വർഗ്ഗീയ ശക്തികളുടെ പ്രത്യക്ഷമായ പങ്കാളിത്തവും ബൂർഷ്വാ - പെറ്റിബൂർഷ്വാ ലിബറലിസത്തിന്റെ അപചയത്തിന് കാരണമായിത്തീർന്നു. എം. ഗോവിന്ദനും അനുചരന്മാരും ഉൾപ്പെട്ട ഒരു ബുദ്ധിജീവിസമൂഹം ഈ അപചയത്തിന്റെ അടയാളങ്ങളായിത്തീർന്നു. ആധുനികതാപ്രസ്ഥാനം ജീവിതപരാജയങ്ങളുടെയും പുരോഗമനവിരുദ്ധതയുടെയും കഥകൾ ആവർത്തിച്ചു. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ മുരടിപ്പുകൾ ഒരു ദശാബ്ദക്കാലം നമ്മുടെ സാംസ്കാരിക മുരടിപ്പിന് കാരണമായിത്തീർന്നു. അറുപതുകളുടെ അവസാനത്തോടെ മുതലാളിത്തവ്യവസ്ഥക്കും അതിന്റെ ഭരണകൂടത്തിനുമെതിരെ ദേശവ്യാപകമായി ഉയർന്നുവന്ന തൊഴിലാളി - കർഷക - വിദ്യാർത്ഥി - യുവജന പ്രക്ഷോഭങ്ങൾ പുരോഗമന - ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീനശക്തി വർദ്ധിപ്പിച്ചു.  കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ ആശയപരവും സംഘടനാപരവുമായ 'ശരിമ'യും കരുത്തും പരീക്ഷിക്കപ്പെട്ട അവസരങ്ങൾ എഴുപതുകളിൽ ഉണ്ടായി. ജനകീയവും പുരോഗമനാത്മകവുമായ സാംസ്കാരികപ്രസ്ഥാനങ്ങൾ ഉയർന്നു വന്നു. ബൂർഷ്വാ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ആശയങ്ങളുടെ പ്രയോഗക്ഷമത മൂർത്തമായ രാഷ്ട്രീയസാഹചര്യങ്ങൾ പ്രത്യക്ഷമാക്കിത്തീർത്തു. സാമ്രാജ്യത്വ താല്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ മൂല്യം നഷ്ടപ്പെട്ടു. രാഷ്ട്രീയ കക്ഷിബന്ധങ്ങളിൽ ആഴത്തിലുള്ള മാറ്റങ്ങൾക്കു അടിയന്തരാവസ്ഥാപ്രഖ്യാപനം വഴിവെച്ചു. പ്രത്യക്ഷരാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയും പ്രതിലോമാശയങ്ങളും ജാതി - മത - വർഗ്ഗീയ സംഘടനകളുടെ പ്രവർത്തനത്തിലൂടെയും ആധുനികതാപ്രസ്ഥാനത്തിലൂടെയും സാമൂഹ്യാചാരങ്ങളിലൂടെയും മറ്റും [4] ഗൂമായി ഇടതുപക്ഷ സമൂഹത്തിനകത്ത്‌ വലതുപക്ഷ തുടർച്ചയുണ്ടാക്കുന്നതിൽ വിജയിച്ചു.

ഇടതുപക്ഷസമൂഹത്തിന്നകത്തും പുറത്തും പലരൂപങ്ങളിൽ ഒളിവായി (ചിലപ്പോൾ തെളിവായും) നിലനിന്നുപോന്ന പ്രതിലോമാശയങ്ങളുടെ സാന്നിദ്ധ്യമാണ് ആഗോളീകരണത്തിന് ചേർന്ന 'നവസാഹിത്യ'മായും 'നവനിരൂപണ'പദ്ധതിയായും മലയാളത്തിൽ രൂപാന്തരപ്പെട്ടത്. ശ്രീജൻ ഇതിന്റെ അഭേദ്യമായ ഭാഗമായി തീർന്നിരിക്കുന്നു. ഏറെ പണിപ്പെട്ട് നിർമ്മിക്കുകയും തന്റെ നിരൂപണങ്ങളിൽ മുൻനിരയിൽ എഴുന്നള്ളിക്കുകയും ചെയ്ത 'അധിനിവേശിതസാമന്ത'ന്റേതു പോലുള്ള ബിംബങ്ങൾ ബാഹ്യമായി സാമ്രാജ്യത്വ വിരുദ്ധതയെ പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സാമ്രാജ്യത്വാഗോളീകരണങ്ങൾക്കും സാംസ്കാരിക അധിനിവേശത്തിനും ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ നിർഭയമായി അവസാനം വരെ ഉറച്ച നിലപാടെടുത്ത എം. എൻ. വിജയനെ എതിരിടാൻ ഇതേ മിത്ത് ഉപയോഗപ്പെടുത്തുമ്പോൾ ശ്രീജന്റെ നിഗൂ രാഷ്ട്രീയോദ്ദേശ്യം പ്രത്യക്ഷമായിത്തീരുന്നു.

'സാമാന്യബോധ'ത്തിൽ കവിഞ്ഞ രാഷ്ട്രീയബോധമോ 'പ്രാഥമികവിജ്ഞാന'ത്തിൽ കവിഞ്ഞ 'ചരിത്രജ്ഞാന'മോ ഇല്ലാത്ത മാതൃകാവായനക്കാരെ [5] ഇടതുപക്ഷ സമൂഹത്തിനകത്ത്‌ (പുറത്തും) സങ്കൽപ്പിക്കാൻ അതിനാൽ വി. സി. ശ്രീജന് അനായാസം സാധിക്കുന്ന അവസ്ഥയാണ് ഉള്ളത്. ശ്രീജനുൾപ്പെടെയുള്ള 'നവനിരൂപക'രുടെ ഉപഭോക്താക്കളാണ് അവർ. നവലിബറലിസത്തിന് പ്രിയങ്കരങ്ങളായ ജാതി - മത - ദേശ - വംശ സ്വത്വവാദവുമായി സാധ്യമാവുന്ന ഒത്തുതീർപ്പുകൾ ശ്രീജന്റെ നിരൂപണത്തിൽ തുടർച്ചയായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അധിനിവേശവിരുദ്ധ സംസ്കാരത്തെക്കുറിച്ചും, കേരളീയസ്വത്വരൂപങ്ങളെക്കുറിച്ചും വാചാലമാവുന്ന ശ്രീജന്റെ നിരൂപണം അതിന്റെ രചനാകാലത്ത് (1997-2007) രക്തത്തിന്റെയും കണ്ണീരിന്റെയും വിലയുള്ള വാക്കുകൾ കൊണ്ട് എം. എൻ. വിജയൻ നടത്തിയ അധിനിവേശവിരുദ്ധ പോരാട്ടത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നു. തന്റെ കുറ്റവിചാരണക്കുള്ള സന്ദർഭമായി പ്രസ്തുതകാലത്തെതന്നെ ശ്രീജൻ ഉപയോഗിക്കുകയും ചെയ്യുന്നു. നിരൂപകന്റെ 'അധിനിവേശവിരുദ്ധത'യുടെ കാപട്യത്തിനും, കുടിലതക്കും ഇതിൽപ്പരം എന്ത് തെളിവാണ് വേണ്ടത്?


രണ്ട് 

വലതുപക്ഷത്തിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷം നിലനില്ക്കുന്നത് മിത്തുകളുടെ ബലത്തിലല്ല, ബാർത്ത് തുടരുന്നു. ജാതി - മത - വംശ - ദേശ സങ്കുചിതത്വങ്ങളെയും മുതലാളിത്ത ചൂഷണ വ്യവസ്ഥയെയും ഇടതുപക്ഷം എതിരിടുന്നത് കെട്ടുകഥകൾ കൊണ്ടല്ല, യാഥാർത്ഥ്യബോധം കൊണ്ടാണ്, യാഥാർത്ഥ്യങ്ങളിൽ ഇടപെട്ടും അവയെ നിർമ്മിച്ചും, പുതുക്കിപ്പണിതുമാണ്. സത്യത്തോടുള്ള പ്രതിബദ്ധതയാണ് ഭാഷയോടുള്ള പ്രതിബദ്ധതയായി പരിണമിക്കുന്നത്. എം. എൻ. വിജയന്റെ രണ്ടോ മൂന്നോ അഭിമുഖ സംഭാഷണ സന്ദർഭങ്ങളിൽ നിന്നും, ഓർമ്മക്കുറിപ്പുകളിൽ നിന്നും വൈകല്യങ്ങൾ കണ്ടെടുക്കാൻ പണിപ്പെടുകയാണ് ശ്രീജൻ.കാര്യമായി ഒന്നും എഴുതാതിരിക്കുകയും, സംസാരിച്ചു കാലം കഴിക്കുകയും ചെയ്ത ആളായി എം. എൻ. വിജയനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു (62-63). ഭാഷ ശ്രീജനെപ്പോലുള്ള 'പണ്ഡിത'ന്മാർക്ക്  'കുറ്റവും കുറവും' പരിശോധിച്ചറിയാൻ വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നതല്ലെന്നും ഒരു കാലഘട്ടത്തിലെ ജനമനസ്സുകളെ ആഴത്തിൽ സ്വാധീനിക്കുവാനുള്ള ആയുധമാക്കാനുദ്ദേശിച്ചുള്ളത് കൂടിയാണെന്നും മനസ്സിലാക്കാൻ കഴിയാതിരുന്നത് നിരൂപണത്തിന്റെ വർഗ്ഗപരമായ പരിമിതിയാണ്.

അസത്യങ്ങളുടെ 'ചിലംബലു'കൾക്കും വില കുറഞ്ഞ അപവാദങ്ങൽക്കും എത്ര ഒളിക്കാൻ [6] ശ്രമിച്ചാലും അപശകുനമായി പുറത്തേക്കു നീളുന്ന കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയുടെ വാൽ അനക്കങ്ങൾക്കുമപ്പുറം 'നവനിരൂപണ'ത്തിൽ നിന്ന് പ്രതീക്ഷിക്കാൻ ബാക്കിയെന്താണ്  ഉള്ളത് ?

പുസ്തകത്തിലെ കേന്ദ്രാശയം സംഗ്രഹിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്: (അടിവര എന്റേത്) "സ്വന്തം സംസ്കാരത്തെയും പാരമ്പര്യത്തെയും അഭിമുഖീകരിക്കാതെ മാറിനടക്കാൻ ഒരു ചിന്തകനും സാധിക്കുകയില്ല. ആരെങ്കിലും അങ്ങനെ മാറിനടക്കാൻ മുതിരുകുയാണെങ്കിൽ അത് അയാളുടെ ചിന്തയെ വിനാശത്തിലേക്ക് നയിക്കും. തന്റെ നാട്ടിലെ തത്വവിചാരങ്ങളെ ഉപേക്ഷിക്കാനും എന്നിട്ട് അന്യനാട്ടുകാരുടെ ചിന്താസംഹിതകളിൽ കയറിപ്പറ്റാനും അങ്ങനെ ചിന്താവ്യാപാരങ്ങളിൽ ഏർപ്പെടാനും കഴിയുമെന്നു വിചാരിക്കുന്നത് വെറുതെ. കേരളത്തിൽ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന തത്വസംഹിതകളെ വിമർശനാത്മകമായി നേരിട്ടും മാറ്റിമറിച്ചും ഖണ്ഡിച്ചും അവയ്ക്കൊരു തുടർച്ചയുണ്ടാക്കുന്നതിന് പകരം അവയെ ഒന്നാകെ ഉപേക്ഷിച്ച് പാശ്ചാത്യപദ്ധതികളെ വാരിപ്പുണരുകയായിരുന്നു നമ്മുടെ പൂർവ്വികർ. മലയാളവിമർശന രംഗത്ത് ഈ പദ്ധതിയുടെ മഹാരൂപമായിരുന്നു കേസരി ബാലകൃഷ്ണപ്പിള്ള. ഈ സംരംഭത്തിന്റെ തുടക്കം ചന്തുമേനോനിൽ ആണ്. ഇന്ദുലേഖയുടെ പതിനെട്ടാം അദ്ധ്യായം ഇതിന്റെ നാടകരൂപമത്രെ... അതിലെ നായകൻ മാധവനോ ഗോവിന്ദൻ കുട്ടിമേനോനോ അല്ല മറിച്ചു അധിനിവേശ സാമന്തൻ എന്ന അമൂർത്ത ബിംബമാണ് ". (പേ. 9)

തന്റെ മുഖ്യതീസിസ് ശ്രീജൻ തുടരുന്നത് ഇപ്രകാരമാണ്: "... പാശ്ചാത്യ സാഹിത്യ പ്രസ്ഥാനങ്ങളെ വളരെ യാന്ത്രികമായി മലയാളത്തിൽ പ്രയോഗിക്കുക മാത്രമായിരുന്നു അദ്ദേഹം (കേസരി). കാലഹരണപ്പെട്ട വിമർശകനാണ് കേസരിയെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും പ്രസക്തമാണെന്ന് എം. എൻ. വിജയൻ വിചാരിക്കുന്നു. ഇതിന്  നേരെ വിപരീതമായി മലയാളസാഹിത്യം അതിന്റെ സ്വത്വം കണ്ടെത്തണമെങ്കിൽ കേസരിയെ മറക്കണമെന്നാണ്  [7] എന്റെ ആവശ്യം". (പേ. 10)

എം. എൻ. വിജയൻ എന്ന 'പാപ'ത്തിന്റെ ആദിരൂപമെന്തെന്ന കണ്ടെത്തലാണ്  ആദ്യത്തെ രചനയിലുള്ളതെങ്കിൽ (കേസരിയെ മറക്കുക, 1997) ഒരു പതിറ്റാണ്ട് കാലം കൊണ്ട് അത് നിന്ദയും പരിഹാസവും ശാപവചനങ്ങളും വ്യക്ത്യധിക്ഷേപങ്ങളും എല്ലാം ചേർന്ന കുറ്റവിചാരണയായി പരിണമിക്കുകയാണ് (കുറ്റവും കുറവും, 2006). മലയാളികൾ ദശകങ്ങളായി അനുഭവിക്കുന്ന ഒരു 'ശിക്ഷ'യായി എം. എൻ. വിജയനെ അവതരിപ്പിക്കുന്നിടത്താണ്  നിരൂപണം തളയ്ക്കപ്പെടുന്നത്: "... വിജയന് കാര്യം മനസ്സിലായിട്ടില്ല. എല്ലാവർക്കും മനസ്സിലായിട്ടും വിജയന് മാത്രം അത് മനസ്സിലാവാത്തതിന്റെ ശിക്ഷ മലയാളികൾ അനുഭവിക്കാൻ തുടങ്ങിയിട്ട് ദശകങ്ങൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നു" (പേ. 61). ശ്രീജന്റെ 'നീതിസംഹിത' പൂർണ്ണമായും മാതൃകാപരമാവുന്നത് ഇപ്പോഴാണ്‌.

സ്വന്തം x അന്യം, തന്റേത് x അവന്റേത്‌, നമ്മുടെ x അവരുടെ, കേരളീയം x പാശ്ചാത്യം .... എന്നിങ്ങനെ ഭാഷയെയും ദേശത്തെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ചിന്താപദ്ധതികളേയുമെല്ലാം ശിഥിലീകരിക്കുന്നത് സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ കാര്യപരിപാടിയുടെ മുഖ്യഭാഗമാണ്. ആഗോളീകൃതമായ മൂലധനചൂഷനത്തെ മൂടിവെക്കാനും വർഗ്ഗപരമായി ഒന്നിക്കുന്നതിൽ നിന്ന് ജനവിഭാഗങ്ങളെ തടഞ്ഞുനിർത്താനും വേണ്ടിയാണ് ശിഥിലശക്തികളെ ഉപയോഗിക്കുന്നത്. അധിനിവേശവിരുദ്ധതയുടെ പേരിൽ, 'വിപരീത ദ്വന്ദ്വ' പരികല്പനയെ തന്റെ തീസ്സിസ്സുകളിൽ ഒന്നായി അവതരിപ്പിക്കുന്ന ശ്രീജന്റെ നിരൂപണം, ഫലത്തിൽ അധിനിവേശതാല്പര്യങ്ങളെ ഗൂമായി സഹായിക്കുകയാണ്. ദ്വന്ദ്വാത്മക ഭൌതികവാദത്തിലെ ദ്വന്ദ്വാത്മക സങ്കല്പത്തെ തന്റെ സ്വതന്ത്രചിന്താഗതിയുടെ പേരിൽ ഉപേക്ഷിച്ച ശ്രീജൻ [8], പ്രതിലോമകരമായ ദ്വന്ദ്വാത്മകതയെ നിരൂപണത്തിലെ അനിവാര്യഘടകമായി സ്വീകരിച്ചതിൽ ഒരു കാവ്യനീതിയുണ്ട്.


പുരാവസ്തുശാസ്ത്രം, സാമൂഹ്യശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിജ്ഞാനമേഖലകളിലെ സാർവ്വദേശീയമായ അറിവുകളെയെല്ലാം 'കേരളീയ'വും 'നമ്മുടെ'തുമല്ലെന്ന കാരണത്താൽ സംശയദൃഷ്ടിയോടെ വിപരീതദ്വന്ദ്വമായി വേർതിരിച്ചു കാണുന്ന ശ്രീജന്റെ നിരൂപണപദ്ധതി ആരെ സഹായിക്കാൻ വേണ്ടിയുള്ളതാണ്? ഓരോ സമൂഹവും സ്വയം പരിപാലിക്കുന്ന ചാലകവ്യൂഹങ്ങളാണെന്നും 'ശരിയായ ആശയങ്ങൾ വരേണ്ടത് ജനങ്ങളിൽ നിന്നുതന്നെയാണെന്നും' ഉള്ള സിദ്ധാന്തം കൃത്യമായ രാഷ്ട്രീയ നിലപാടിനെ നിർവ്വചിക്കുന്നുണ്ട്. ആരും ആരേയും ബോധവൽക്കരിക്കെണ്ടതില്ലാത്ത ഒരു പരിതസ്ഥിതിയിൽ, ആരെ ഉദ്ദേശിച്ചാണ് ശ്രീജൻ എഴുതുന്നത്‌ ? എന്തിന് വേണ്ടിയുള്ളതാണ് പിന്നെ എഴുത്ത് ?


'സങ്കരസ്വത്വ'ത്തിന്റെ രൂപീകരണം

വംശീയവും ജാതീയവും മതപരവും സാംസ്കാരികവും ആയ 'പരിശുദ്ധി' നവനിരൂപകനുൾപ്പെടെ ഇന്ന് ജീവിക്കുന്ന ഒരു കേരളീയനും അവകാശപ്പെടാൻ കഴിയാത്ത വിധത്തിലാണ് ഒരു സങ്കരസ്വത്വമായി കേരളജനത രൂപാന്തരപ്പെട്ടത്. 'നമ്മുടെ' 'അവരുടെ' എന്ന്  യഥാർത്ഥ്യബോധത്തോടെ ആർക്കും ആരെയും മാറ്റിനിർത്താനും വേർതിരിക്കാനും കഴിയാത്ത വിധത്തിലാണ് കേരളീയമായ ആചാരങ്ങളും വസ്ത്രധാരണരീതികളും കൃഷിസമ്പ്രദായവും പരമ്പരാഗത വ്യവസായങ്ങളും നാടൻകലകളും ജാതിമതാരാധനകളും മറ്റും രൂപീകരിക്കപ്പെട്ടത്. ആധുനിക ഭാഷയായുള്ള മലയാളത്തിന്റെ രൂപാന്തപ്രാപ്തി അന്യഭാഷാ സമ്പർക്കത്തെ പൂർണ്ണമായും ആശ്രയിക്കുന്നതാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ ഭാഷകളിൽ നിന്ന് പദങ്ങളും ഘടനകളും മലയാളവുമായി കൂടിച്ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അതിനെ മാറ്റിത്തീർത്തു. സാമ്പത്തികമായും സാമൂഹ്യമായും സംസ്കാരികമായുമുള്ള കേരളത്തിന്റെ പരിണാമം കൊടുക്കൽ വാങ്ങൽ പ്രക്രിയയെ പൂർണ്ണമായി അടിസ്ഥാനമാക്കുന്നു എന്നാണ് ഇതിനർത്ഥം. കൊടുക്കുന്നതിലുമധികം വാങ്ങുന്നതിന്റെയും സൗജന്യമായി ലഭിക്കുന്നതിന്റെയും 'പ്രയോജന'മാണ് പ്രത്യുല്പ്പാദനക്ഷമത എന്നെന്നേക്കുമായ് നഷ്ട്ടപ്പെട്ട ഒരു ലംപെൻ (Lumpen) ബുദ്ധിജീവിവർഗ്ഗം ഇവിടെ ഉയർന്നുവരാനിടയാക്കിയത്. എം. എൻ. വിജയൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വിചാരണ ചെയ്യാനും ഇന്ന് മൃതശരീരത്തോട് പോലും ക്രൂരത കാട്ടാനും പ്രസ്തുത വർഗ്ഗത്തിൽപ്പെട്ട ഒരംഗം തന്നെ നിയോഗിക്കപ്പെട്ടതിന്റെ [9] ചരിത്രരേഖയായി ഈ പുസ്തകം ഓർമ്മിക്കപ്പെടും .  

കുറിപ്പുകൾ

[1] പ്രസിദ്ധീകരിച്ച വർഷത്തിന്റെ ക്രമം തെറ്റിച്ച് ലേഖനം പുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ ദുരൂഹതയുണ്ട്. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ടായതിന് ശേഷമാണ് 'കുറ്റവും കുറവും' പ്രസിദ്ധീകരിച്ചത് (2006) എന്ന വസ്തുതയെ അത് മറച്ചുപിടിക്കുന്നു.

[2] മാനസികാപഗ്രഥനം, ഘടനാവാദം. അപനിർമ്മാണം, മാർക്സിസം എന്നിവിടങ്ങളിൽ നിന്നെല്ലാം തന്റെ ആവശ്യത്തിനുള്ള ആശയങ്ങളെ ശ്രീജൻ ഉപജീവിച്ചിട്ടുണ്ട്. ഉപയോഗിച്ചിട്ടുമുണ്ട്. "ഉദ്ധരിക്കുന്ന എല്ലാ ചിന്തകരെയും ഞാൻ അംഗീകരിക്കുന്നു എന്ന് തെറ്റിദ്ധരിക്കരുത്. ആരുടെയെങ്കിലും ഒരു വരി ഉദ്ധരിച്ചാൽ അയാൾ പറഞ്ഞതെല്ലാം ഉദ്ധരിച്ചവൻ അംഗീകരിക്കുന്നു എന്ന് തെറ്റിദ്ധരിക്കുന്നവർ നമ്മുടെ നാട്ടിൽ ഏറെയാണ്‌" (പേ. 31) എന്ന പ്രസ്താവം 'പാപം' കഴുകിക്കളയാനും കുറ്റബോധം മറച്ചുവെക്കാനും വേണ്ടി ഉള്ളതാണ്.

[3] ഫ്രോയ്ഡ്, എറിക് ഫ്രോം, ലകാൻ, ചോംസ്കി, പിയാഷെ, വില്ല്യം റീഹ് തുടങ്ങിയവരെപ്പറ്റിയുള്ള എം. എൻ. വിജയന്റെ യാദൃച്ഛിക പരാമർശങ്ങളോട് പോലും ശ്രീജൻ ഹിംസാത്മകമായി പ്രതികരിക്കുന്നു. അവരുടെ മേലുള്ള തന്റെ അധികാരം അന്തിമവും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്.

[4] കുഞ്ഞപ്പ പട്ടാന്നൂർ, എം. പി. ബാലറാം എന്നിവർ ചേർന്ന് രചിച്ച 'വർഗ്ഗഭാവുകത്വം' എന്ന പുസ്തകത്തിന്റെ അവതാരികയിൽ സി. പദ്മനാഭൻ ഈ വിഷയം ആഴത്തിൽ ചർച്ച ചെയ്യുന്നു. 'വർഗ്ഗഭാവുകത്വം', കോറസ് കണ്ണൂർ, 2013, പേ. 12-14.

[5] തന്റെ ആശയങ്ങൾ തികച്ചും ജനകീയവും പുരോഗമനപരവുമാണെന്ന് വരുത്താൻ ശ്രീജൻ പലപ്പോഴും ശ്രമിക്കാറുണ്ട്. ജനങ്ങളെക്കുറിച്ച് ബൂർഷ്വാ ജനാധിപത്യവും, ഫാസിസവും, മതതീവ്രവാദവും പ്രകടിപ്പിക്കുന്ന 'ഉൽകണ്ഠകളു'ടെ തുടർച്ചയായി ഇതിനെയും കണ്ടാൽ മതി. "ശരിയായ ആശയങ്ങൾ വരേണ്ടത് ജനങ്ങളിൽ നിന്ന് തന്നെ. സങ്കീർണ്ണമായ ദാർശനിക ധാരണകൾ ഉൾപ്പെടെ എല്ലാ ആശയങ്ങളും ബീജരൂപത്തിൽ പിറക്കുന്നത്‌ ജനങ്ങളിൽ നിന്നാണ്... വ്യക്തിയെ സൃഷ്ടിക്കുന്നത് ചരിത്രമാണെന്ന പഴയ ഭൗതികവാദമായി ഇതിനെ കാണുക." (പേ. 12)

[6] പാർട്ടിയുമായുള്ള എം. എൻ. വിജയന്റെ അഭിപ്രായവ്യത്യാസങ്ങൾ ആശയപരമല്ലെന്നും വിവരക്കേട് കൊണ്ടും മനോവൈകല്യം കൊണ്ടും ഉണ്ടായതാണെന്നും ശ്രീജൻ പറയുന്നു. പാർട്ടിസംഘടനാശൈലിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്ന പ്രസ്താവം നോക്കുക: "പാർട്ടികൾ അവരുടെ രീതിയിൽ തർക്കങ്ങളും ചർച്ചകളും കഴിഞ്ഞ് ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ഒരു തീരുമാനത്തിലെത്തി ഐക്യത്തോടെ അത് നടപ്പാക്കും. ഒരു പൌരൻ എന്ന നിലയിൽ നിങ്ങൾക്ക് അതുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ പാർട്ടിക്ക് പുറത്തു നിന്നുകൊണ്ട് അതിന്റെ നയം മാറ്റിച്ചുകളയാം എന്ന് തെറ്റിദ്ധരിക്കാൻ മാത്രം മെഗെലൊ മാനിയ... വിജയനെ എങ്ങനെ ബാധിച്ചു എന്ന് മനസ്സിലാവുന്നില്ല." (പേ. 71) മാർക്സിസത്തിന്റെ രൂപത്തെയും ഉള്ളടക്കത്തെയും 'പ്രതിവാദ'ങ്ങളിലൂടെ എതിരിട്ട ശ്രീജൻ, എം. എൻ. വിജയനെ ഇങ്ങനെ വികലമായി ന്യൂനീകരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് ഊഹിക്കാനേ കഴിയൂ.

[7] ചന്തുമേനോൻ, കേസരി എന്നിവരേക്കുറിച്ചുള്ള ശ്രീജന്റെ പരാമർശങ്ങൾ സൂക്ഷ്മമായ വിശകലനം അർഹിക്കുന്നു. ഈ ലേഖനത്തിന്റെ പരിധിയിൽ അത് ഉൾപ്പെടുന്നില്ല.

[8] "വൈരുദ്ധ്യവാദത്തിലെ സംപ്രത്രയങ്ങൾ നിരർത്ഥകവും നിയമങ്ങൾ അശാസ്ത്രീയവും ദ്വന്ദ്വാത്മക സംവർഗ്ഗങ്ങൾ സന്ദിഗ്ദ്ധാത്മകവും ആണെന്നും അതുകൊണ്ട്  വൈരുദ്ധ്യവാദം അസ്വീകാര്യമാണെന്നും തെളിയിക്കുന്നു.", വി. സി. ശ്രീജൻ, 'പ്രതിവാദങ്ങൾ', കറന്റ്‌ ബുക്സ്, തൃശൂർ, 2004, പേ. 20.

[9] പുസ്തകത്തിലെ സാഹിത്യ പ്രവർത്തക സഹകരണ  സംഘത്തിന്റെ പ്രസാധകക്കുറിപ്പ്‌: "ചിന്തയുടെ പുതിയ ജാഗ്രതയും വിമർശനത്തിന്റെ അന്തസ്സും കാലത്തിന്റെ നിർവ്വചനങ്ങളും കൊണ്ട് ലക്ഷ്യവേധിയായ 'എം. എൻ. വിജയൻ, കുറ്റവും കുറവും' സാഭിമാനം സാഹിത്യ പ്രവർത്തക സഹകരണ  സംഘം പ്രസിദ്ധീകരിക്കുന്നു. ശ്രീ വി. സി. ശ്രീജന്  സംഘത്തിന്റെ നന്ദി." എം. എൻ. വിജയൻ സംഘത്തിന് വേണ്ടി ചെയ്ത അവസാനകാല സേവനങ്ങൾക്കുള്ള 'മരണാനന്തര ബഹുമതി'യായി ഈ നന്ദി പ്രസ്താവത്തെ കാണേണ്ടതാണ്. മരിച്ചു കഴിഞ്ഞതിനു ശേഷവും കുറ്റവാളിയുടെ മൃതദേഹത്തോട് ക്രൂരതകൾ തുടർന്ന പതിനെട്ടാം നൂറ്റാണ്ടിലെ അനുഭവങ്ങൾ ഫൂക്കോ വിവരിക്കുന്നുണ്ട്. Michel Foucault, 'Discipline and Punish', Penguin, 1991, Pg. 50-51.  

1 comment:

  1. This article puts forward two very original and interesting points regarding the antics of V. C. Sreejan. The first one is an incisive reading of sreejan's basic anti-Marxian stand in his criticism of M. N. Vijayan. From Sreejan's writings on Vijayan, the author unearths the basic strategy that he uses in almost all his critiques. They are always based on dualist conceptions, the author shows here. This is particularly interesting as Sreejan had, few years ago, severely criticised the dialectical kernel of Marxian thought in his diatribe against Marxism - Leninism. So the author incisively shows here that after shunning the revolutionary materialist dialectics of Marx as scientifically untenable Sreejan here is seen embracing the most reactionary form of dualism. It cannot be otherwise. If, because of your class affiliations (lumpen proletariat affiliations, as observed by the author) you shun materialist dialectical method which sees and analyses every social phenomenon as a living reality and never loses sight of the fluidity or the dynamic aspect of the phenomena, then you have nothing else to do but to start viewing them as dead objects waiting to be classified into 'yes' or 'no' categories. This is exactly what pushes the hapless Sreejan into the depths of lifeless, 'cut-and-dried' critical categories. Thus his vulgar critique of Vijayan becomes a logical continuation of him embracing the reactionary dualist method rather than the revolutionary dialectical one. This observation, for me, is a masterly one from the author.

    Another point that crumbles Sreejan's citadels is the observation that much of Sreejan's criticism takes the form of ridiculing others' lack of 'knowledge' or 'reading'. This can be seen in almost all of sreejan's works. For example, in his book on post modernism, he spends a lot of time trying to prove that his adversaries have not either read important works or have nor understood it. This line of attack, the author shows here, stems from Sreejan's deep and reactionary idea that all 'knowledge' is his private property. He resents every effort by others to foray into territories which sreejan believes are reserved and can be understood by elite thinkers like himself. This is also a consequence of the thoroughly reactionary core of his thought. Thus, instead of analysing the social, political, ideological or literary aspects of others' thoughts, he reduces his critique to an effort to prove that others' have not understood what he has and rests assured that he is superior to them. This reduction of polemics to petty personal mud slinging shows the depths to which sreejan has lowered himself.

    I think, after his successful effort to demolish Sreejan's thought (heralded by bourgeois media as the 'best' in Kerala !!!) by picking and pointing out the contradictions in Sreejan's works M. P. Balaram would have said what Lenin once said about Narodnik socialists:

    "But enough! Many similar insinuations still remain, but I know of no job more fatiguing, more thankless and more disgusting than to have to wade through this filth, to collect insinuations scattered here and there, to compare them and to search for at least one serious objection.
    Enough!"

    ReplyDelete