edam
in left perspective

Monday 29 March 2021

ഇപ്പോൾ നാം എന്തു ചെയ്യണം?

എം. പി. ബാലറാം 

കേരളവുമായി ബന്ധമുള്ള ഏതൊരാൾക്കും ഈ സന്ദർഭത്തിൽ ഇങ്ങനെയൊരു ചോദ്യം നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള  വഴി, പലരും കരുതും പോലെ മറുചോദ്യങ്ങൾ ചോദിക്കുകയല്ല. മുരട്ടു ന്യായവാദങ്ങൾ നിരത്തുകയുമല്ല. ചരിത്രം നമ്മുടെ താർക്കികയുക്തികൾക്കും ന്യായാന്യായ വാദഗതികൾക്കും സിദ്ധാന്ത ശാഠ്യങ്ങൾക്കും  ഒപ്പം ആടുകയും പാടുകയും ചെയ്യുന്ന പാവയല്ല. അധികാരത്തിന്റെയും സമ്പത്തിന്റെയും രാജപാതകൾ വിട്ട് ദുർഘടവും കുഴഞ്ഞു മറിഞ്ഞതുമായ വഴികളിലാണ് ഏതൊരു ജനതയും, നിർണ്ണായകമായ മുഹൂർത്തങ്ങളിൽ, ചരിത്രത്തിന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത്. ഇപ്പോൾ എന്താണ് കേരളത്തെ സംബന്ധിച്ച് ഉയരുന്ന ചോദ്യത്തിനുള്ള സാധ്യമാകുന്ന ഉത്തരം? തിരഞ്ഞെടുപ്പ് ആസന്നമായ ഇത്തരം ഒരു ഘട്ടത്തെ നേരിടേണ്ടതെണ്ടതെങ്ങനെ?

കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയവും സാമൂഹികവും സാസ്കാരികവുമായ അടിസ്ഥാനപ്രശ്നങ്ങളെ നേർക്കുനേർ എതിരിട്ടതിന്റെയും അതിജീവനമാർഗ്ഗങ്ങൾ അതാത് സന്ദർഭങ്ങളിൽ സ്വയം കണ്ടെത്തിയതിന്റെയും സാഹസിക ചരിത്രമാണ് - ഇതറിയുന്നവരാരും  സമകാലികമായി നേരിടുന്ന ചോദ്യങ്ങളുടെയും പ്രശ്നങ്ങളുടെയും മുമ്പിൽ പതറില്ല. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകൾക്കിടയിൽ, കേരളമെന്ന് ഇന്നു നാംഅടയാളപ്പെടുത്തി വിളീക്കുന്ന ഭൂപ്രദേശം, അതിന്റെ ഭൂസ്ഥിതി, ജനതയുടെ ഭാഷ, ജീവിതസമ്പ്രദായം, സാമ്പത്തികവും രാഷ്ട്രീയവും മതപരവും ജാതീയവുമായ പ്രാമാണ്യത്തിനു വേണ്ടി വ്യത്യസ്ത വിഭാഗങ്ങളുംവർഗ്ഗങ്ങളുംതമ്മിൽ ഏർപ്പെട്ട അവസാനം കാണാത്ത കലഹങ്ങൾ, കലാപങ്ങൾ - ഇതേക്കുറിച്ചുള്ള അവബോധം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിക്കുന്ന ആർക്കും അത്യന്തം ഉദാരമായ സ്വതന്ത്രചിന്താഗതിയും ജനാധിപത്യബോധവും പകർന്നുകൊടുക്കുമെന്നാണ് നമ്മളെല്ലാം പ്രതീക്ഷിക്കുന്നത്. എന്നാൽ സത്യത്തിൽ സംഭവിക്കുന്നത് നേർവിപരീതമായ കാര്യങ്ങളാണ്. ഒരു ദേശത്തിന്റെയും അതിന്റെ രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരികാപചയങ്ങളുടെയും പേരിൽ 'അന്യൂന'മായ ഒരു 'കേരള മാതൃക' സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നാം ഇന്നുയർത്തുന്ന ചോദ്യം സ്വത്വപ്രതിസന്ധി നേരിടുന്ന ഏതൊരു ജനതയും സ്വയം ചോദിക്കാൻ നിർബന്ധിക്കപ്പെടുന്ന ആ പഴയ (പുതിയ) ചോദ്യം തന്നെയാണ്.

'ഇടതു പക്ഷസ്വത്വം' എന്നത് കേരളത്തെ സംബന്ധിച്ചുള്ള ചരിത്രപരവും സാമൂഹ്യ ശാസ്ത്രപരവുമായ അറിവുകളുടെ പിൻബലത്തോടെ രൂപീകരിക്കപ്പെട്ടുപോന്ന ഒരു സങ്കൽപ്പനമാണ്. ഫുക്യാമയുടെ വാദത്തെ  സാധൂകരിക്കും വിധത്തിൽ, കേരളീയ സ്വത്വത്തെ സംബന്ധിക്കുന്ന  സങ്കൽപ്പനം അതിവേഗത്തിൽ തിരുത്തിക്കുറിക്കപ്പെടുകയും, ആഗോളവൽകരണത്തിന്റെ മൂല്യവ്യവസ്ഥക്ക് ചേർന്ന 'നവീനസ്വത്വം' രൂപീകരിക്കപ്പെടുകയുമാണ്. ജാതീയവും മതപരവും വർഗ്ഗപരവുമായ അതിർവരമ്പുകളാണ് പുതുക്കിപ്പണിയുന്നത്. നവീനവൽക്കരിക്കപ്പെട്ട പ്രത്യേകജനുസ്സിലുള്ള ഒരു 'മാർക്സിസ്റ്റ് മാതൃക' ഇവിടെ പിറവിയെടുക്കുകയും ശ്രദ്ധാപൂർവ്വം വളർത്തപ്പടുകയുമാണ്. അർത്ഥവും ആശയവും അതിനായി യഥേഷ്ടം ഉപയോഗിക്കപ്പെട്ടുപോരുന്നുണ്ട്. ഹിന്ദുത്വഫാസിസത്തെ എതിരിടുകയാണെന്ന് ക്ലാസ്സിക്കൽ മാർക്സിസത്തിന്റെ പദാവലികളുപയോഗിച്ച് ഒരുവശത്ത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾത്തന്നെ, മറുവശത്ത് ഹിന്ദുത്വഫാസിസത്തിനെ പരോക്ഷമായി ന്യായീകരിക്കുന്ന മതപരവും ജാതീയവും വർഗ്ഗപരവുമായ വേർതിരിവുകളൊന്നൊന്നായി നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. മാർക്സിസ്റ്റ് സങ്കൽപ്പനങ്ങളടെ ചെലവിൽ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തികച്ചും 'നവീനമായ' കേരളീയ വികസനമാതൃകക്ക് വളരാൻ വെള്ളമായും വളമായും അഴിമതി ഉപയോഗിക്കപ്പെടുന്നു. കേരളീയ സമൂഹത്തെ പരിപൂർണ്ണമായി കീഴ്പ്പെടുത്താനും, പ്രതിലോമവൽക്കരിക്കാനും, ഹിന്ദുത്വഫാസിസ്റ്റുകളെ പരോക്ഷമായി സഹായിക്കുന്ന വിധത്തിലാണ് അതിവേഗപുരോഗതിയുടെ പേരിൽ, അഴിമതിവൽക്കരിക്കപ്പെട്ട അരാഷ്ട്രീയവികസന അജണ്ട നടപ്പിലാക്കാൻ ഒരുമ്പെടുന്നത്. കർട്ടനുപിന്നിൽ ഒരുങ്ങുന്നത് കോർപ്പറേറ്റ് മുലാളിത്തത്തിന്റെ ഇടതു-വലതു ദല്ലാളുകൾ ചേർന്നു രൂപപ്പെടുത്തിയെടുത്ത 'വികസനവീരഗാഥ'കളുടെ തിരക്കഥകളാണ്. കമ്യൂണിസ്റ്റ് ചൈനയിലും, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലുംപല കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും'വിജയകരമായി' പരീക്ഷിച്ചുവരുന്ന ഇടതു-വലത് സഖ്യത്തിന്റെ പിൻവാതിൽ പ്രവേശനമാണിത്. കേരളീയ സ്വത്വത്തിന്റെ പൊളിച്ചെഴുത്തായി നാളെ കോർപ്പറേറ്റ് ചരിത്രകാരന്മാർക്ക് വ്യാഖാനിക്കാൻ പാകത്തിൽ, പുരോഗമന ചിന്തയുടെ അടിസ്ഥാന ശിലകളൊന്നൊന്നായി, ബോധപൂർവം ഇവിടെ മണ്ണിട്ടുമൂടുകയാണ്.

നാം വ്യക്തമായി തിരിച്ചറിയേണ്ട കാര്യമുണ്ട്: സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും രാഷ്ട്രീയവളക്കൂറുള്ള മണ്ണിൽ വേര് പിടിക്കാൻ സാധിക്കാഞ്ഞ കോർപ്പറേറ്റ്-വ്യാജ ഇടതുപക്ഷ സഖ്യത്തിന്റെ കേരളപതിപ്പാണ് ഇന്ന് പൂർവ്വാധികം ഹിംസാത്മകമായി ഇവിടെയും ചുവടുകൾ ഉറപ്പിക്കാൻ സാഹസപ്പെടുന്നത്. സിംഗൂരിൽ പറ്റിയ തോൽവിക്ക് ടാറ്റ മറുപടി നൽകിയത് ഹിന്ദുത്വ ഫാസിസത്തിന്റെ തണലിൽ, ഗുജറാത്തിൽ മാറ്റി സ്ഥാപിച്ച കാർ നിർമ്മാണ ഫാക്റ്ററിയിലൂടെയാണ്. ഇതൊട്ടും യാദൃച്ഛികമായി സംഭവിച്ചതല്ല. ആഗോള കോർപ്പറെയ്റ്റ് മുതലാളിത്തം ഇടത്-വലത് ഭേദമന്യേ ആരെയും വിലക്കെടുത്തും അനുനയിപ്പിച്ചും എതിരിടുന്നവരെ ഭരണകൂട ഹിംസയാൽ നിശ്ശബ്ദമാക്കിയുമാണ് 'മഹത്തായ ഇന്ത്യൻ ജനാധിപത്യ'ത്തിന്റെ 'വികസനപുരോഗതി' രാജ്യമെങ്ങും നടപ്പാക്കുന്നത്. ഇതിൽ തങ്ങളുടെ ചരിത്രപരമായ  പങ്ക് നിർവ്വഹിക്കാൻ കേരളീയ ഔദ്യോഗിക ഇടതുപക്ഷം തുടർച്ചക്കുള്ള ഒരവസരംകൂടി നൽകാനാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. നമുക്ക് അർത്ഥശങ്കക്കിടയില്ലാത്ത വിധം ജനങ്ങളോട് പറയാനുള്ളത് ഇതാണ്: വലതുപക്ഷത്തിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തിന്റെ ദൗത്യം അധീകാരദല്ലാളുകളും, അവസാരവാദരാഷ്ട്രീയക്കോമാളികളും അഴിമതിയുടെ ആൾ രൂപങ്ങളുമാവുകയല്ല. ഹിംസാത്മക രാഷ്ട്രീയത്തെ പിൻപറ്റുകയുമല്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വെച്ചുനീട്ടുന്ന സൗജന്യ വാഗ്ദാനങ്ങൾ ഭക്ഷിച്ച് സ്വയംതങ്ങളെത്തന്നെ പണയപ്പെടുത്തുന്നത്, ഇടതുപക്ഷ സംസ്കാരമല്ല. ഒരു രക്ഷകബിംബത്തെയും, സ്വന്തം രക്ഷയ്ക്ക് ചുമതലപ്പടുത്തിയ ചരിത്രം, ഇടതുപക്ഷത്തിനില്ല. ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങൾ തന്നെ.അത് നിറവേറ്റാനുള്ള അവസരമാണ്, ജനങ്ങൾക്ക്  കൈവന്നിരിക്കുന്നത്. അതവർ നിറവേറ്റുകതന്നെ ചെയ്യും.

                                                                                   (മറുവാക്ക് മാസിക 2021, മാർച്ച് ലക്കം)