edam
in left perspective

Tuesday, 20 September 2016

ഇടം പ്രതികരണങ്ങൾ

ഒന്ന്

 

'ബ്രണ്ണൻ 125': തമസ്കരണം ഒരു ആരാച്ചാർപണിയാണ്


കുഞ്ഞപ്പ പട്ടാന്നൂർ                        

ഒരു കപ്പൽഛേദത്തിൻറെ  ബാക്കിപത്രത്തിൽ എഴുതപ്പെട്ടതാണ് ബ്രണ്ണൻ എന്ന മഹാവിദ്യാലയത്തിൻറെ ജീവചരിത്രം: തിരകൾക്കപ്പുറം അപരദേശത്ത് പിറന്നു വളർന്ന ഒരു മനുഷ്യൻ വിധിവശാൽ അറബിക്കടലോരത്തെ  കിഴക്കൻദേശങ്ങളിൽ ഒരിടത്ത്- തലശ്ശേരി എന്നപേരുള്ള ഈ ദേശത്ത്-കരയടുത്ത വിധി ദിനത്തിൽ ബ്രണ്ണൻ
വിദ്യാലയത്തിൻറെ ചരിത്രം  ആരംഭിക്കുന്നു.

ആ ചരിത്രത്തിൻറെ 125 - ആം  വാർഷികം ഓർമപെരുനാളിന്റെ ആർഭാടങ്ങളോടെ ആഘോഷിക്കപ്പെടുമ്പോൾ ഉയരുന്ന ചോദ്യമുണ്ട്: ബ്രണ്ണന്റെ ഓർമ്മപ്പെരുനാൾ ആഘോഷിക്കാൻ അർഹതപ്പെട്ടവരാര്? അഥവാ, ആരാണ് ബ്രണ്ണൻ ഭാഗധേയത്തിന്റെ ഈ വർത്തമാനകാലത്തെ യഥാർത്ഥ അവകാശികൾ?

'ഭൂമിയുടെ അവകാശികൾ ആര്?' എന്ന ബഷീറിയൻ ചോദ്യത്തിന്റെ വലിയ മാനങ്ങളിലേക്ക് പോകാതെ തന്നെ ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ 'ബ്രണ്ണനൈറ്റി'നും ബ്രണ്ണൻ ഭാഗധേയത്തിന്റെ അവകാശികളാര് എന്ന പ്രസക്തമായ ചോദ്യമുന്നയിക്കാനും ഉത്തരം തേടുവാനും ഉത്തരവാദിത്തമുണ്ട്.

പല തലമുറകൾ നടന്നുതീർത്ത ദൂരങ്ങളാണ് ബ്രണ്ണന്റെ ചരിത്ര ദൂരങ്ങൾ. എണ്ണമറ്റ ജീവിതങ്ങളുടെ പാദമുദ്രകൾ പതിഞ്ഞു കിടപ്പുണ്ട് ബ്രണ്ണന്റെ ചരിത്ര വഴികളിൽ. അവർക്കൊക്കെയും അവകാശപ്പെട്ടതാണ് ബ്രണ്ണൻ എന്ന മഹാപൈതൃകത്തിന്റെ നേരവകാശം.

വിധിഭാഗധേയങ്ങളുടെ ഒസ്യത്തുപോലെ, എഡ്വേർഡ് ബ്രണ്ണൻ നമ്മൾക്കായി തന്നുപോയ ഒരു മഹാസ്വപ്നമുണ്ട്: മത-ജാതി-വംശ-വർണ്ണ ഭേദങ്ങളേതുമില്ലാതെ വിവേചനങ്ങൾക്കപ്പുറം എല്ലാ മനുഷ്യരുടെയും മക്കൾക്കായി വിദ്യ പകർന്നു കൊടുക്കുക എന്ന മഹാസ്വപ്നം!

ആ മഹാസ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിന്റെ 125 - ആം ഓർമപെരുനാൾ ആഘോഷിക്കപ്പെടുമ്പോൾ ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ അടയാളപ്പെടുത്തേണ്ട നേരുകളെന്ത്?

തുല്യതാബോധത്തിലും സ്നേഹോദാരതകളിലും സമ്പന്നമായ ബ്രണ്ണൻ ക്യാമ്പസ് പ്രചോദിപ്പിച്ച വലിയ സങ്കല്പങ്ങൾ ഉള്ളിലേറ്റെടുത്തു പുറംലോകത്തിന്റെ വിശാലമായ തുറസ്സുകളിലേക്ക് സഞ്ചരിച്ചവർ. സാംസ്കാരിക-സർഗ്ഗാത്മക മേഖലകളിലും സാമൂഹിക-രാഷ്ട്രീയ-ധൈഷണിക രംഗങ്ങളിലും തങ്ങളുടേതായ സംഭാവനകൾ സാക്ഷാൽക്കരിച്ചർ. അവർ പലരുണ്ട്. പല തലമുറകളിൽ പെട്ടവർ - ഇവരൊക്കെയും ബ്രണ്ണൻ ഭാഗധേയത്തിന്റെ നേരവകാശികൾ!

ശതോത്തരി എന്ന് നാമകരണം ചെയ്യപ്പെട്ട 125 - ആം വാര്ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട സ്മരണിക: ഈ സ്മരണിക ഒരു ചരിത്ര രേഖയാണ്, അഥവാ ചരിത്ര രേഖയായി തീരാവുന്ന ഓർമ്മകളുടെ ലിഖിതശേഖരം.

ഇത്തരമൊരു ഓർമ്മപ്പുസ്തകത്തിൽ 125 വർഷം ദൈർഘ്യമേറിയ ചരിത്രത്തിന്റെ ചരൽപ്പാതയിലൂടെ നടന്നുകേറിയ കാൽപ്പാടുകൾ മുഴുവൻ അടയാളപ്പെടുത്തുക അസാധ്യമാണ്. പലതലമുറകൾക്കായി വീതിക്കപ്പെടേണ്ട അനുഭവങ്ങളുടെ ആൽബത്തിൽ എല്ലാ അനുഭവങ്ങളും ആലേഖനം ചെയ്യുക എന്നതും പ്രയാസകരമാണ്, സമ്മതിക്കുന്നു.

എന്നാൽ കാര്യങ്ങൾ നേരാംവണ്ണം നിർവ്വഹിക്കുക എന്ന ഒരു നേർവഴി ഉണ്ടല്ലോ. ഈ നേരാംവഴി 'ബ്രണ്ണൻ 125' എന്ന ഓർമ്മ പുസ്തകത്തിൽ നിർവ്വഹിക്കപ്പെട്ടില്ല എന്ന വാസ്തവത്തെ നമ്മൾ എവ്വിധം തിരിച്ചറിയണം?

ഈ 'സ്മരണിക'യിൽ സ്മരിക്കപ്പെടേണ്ട പേരുകൾ പലതും പരാമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, പരാമർശിക്കപ്പെടേണ്ട ചില പേരുകൾ ബോധപൂർവ്വം വിട്ടുകളഞ്ഞിട്ടുണ്ട്. എന്ത് കൊണ്ട്?

അഭിമുഖങ്ങളായും ആത്മഗതങ്ങളായും ജീവചരിത്രക്കുറിപ്പുകളായും (ഛായാപടങ്ങൾക്കൊപ്പം) പ്രസക്തമായ പലർക്കും ഈ സ്മരണികയിൽ ഇടം കൊടുത്തിട്ടുണ്ട്, ശരിയാണ്. എന്നാൽ അത്രതന്നെ പ്രസക്തരായ, ഒരുവേള അതിലും പ്രസക്തരായ ചിലരുടെ ജീവിതങ്ങളും ജീവിതസംഭാവനകളും തമസ്ക്കരിക്കപ്പെട്ടിരിക്കുന്നു - തമസ്ക്കരണം ഒരു ആരാച്ചാർ പണിയാണെന്ന് ഓർക്കേണ്ടവർ ഓർക്കണം.

ഒരു കാര്യം അടിവരയിട്ട് പറഞ്ഞു വെക്കട്ടെ: ഒരു മഹാവിദ്യാലയത്തിന്റെ 125 വർഷത്തിന്റെ ചരിത്രം ആലേഖനം ചെയ്ത് സൂക്ഷിക്കാനുള്ള ചുമതല ഏൽപ്പിക്കപ്പെട്ടവർ എന്തുകൊണ്ടോ ബ്രണ്ണൻ എന്ന മഹാപൈതൃകം ആവശ്യപ്പെടുന്ന നേരും നെറിയും കാത്തുസൂക്ഷിക്കാൻ മറന്നു പോയിരിക്കുന്നു.


രണ്ട്

 

ചേരമാങ്കോട്ടയിലെ ഒച്ചുകൾ


സുകുമാർ അണ്ടലൂർ 

1. ഒച്ചുകൾ 


ചരിത്രം 
അയവെട്ടുന്ന 
ചേരമാങ്കോട്ടയിൽ
ഒച്ചുകളിഴയുന്നു
അജ്‍ഞതയുടെ 
പുറന്തോടിനുള്ളിൽ 
അവ ഞെളിയുന്നു
ജീർണ്ണതയുടെ ഗന്ധം നുണഞ്ഞു
പെരുമാളുടെ സിംഹാസനത്തിൽ 
കയറിയിരിക്കുന്നു
സംസ്കാരത്തിന്റെ 
സ്മരണികയിലൊത്തുകൂടി 
ഇണചേർന്ന് 
പെറ്റുപെരുകുന്നു 
എഴുത്തോലപേജുകൾ
തിന്നുതീർക്കുന്നു
പഴയ 
പൂമുഖപ്പടിയിലെ 
വഴുവഴുപ്പിൽ 
പിന്നെയും 
കാവൽ കിടക്കുന്നു. 

2. സംഗീതശില്പം - ബ്രണ്ണന് ഒരു ഗീതം.

എഡ്വേർഡ് ബ്രണ്ണൻ 
എഡ്വേർഡ് ബ്രണ്ണൻ 
റോയൽ ബ്രണ്ണൻ!
നിന്നുടെ സ്വരരാഗ 
നിർഭര ഹൃദയം -
ഞങ്ങൾക്ക് വരദാനം 
- ഞങ്ങൾ ബ്രണ്ണന്റെ മക്കൾ!
ഓർമ്മകൾ പെയ്യുന്ന 
മോഹങ്ങൾ തളിർക്കുന്ന 
ലഹരികൾ പൂക്കുന്ന പൂങ്കാവനം 
- ഇത് നമ്മുടെ ശാന്തിവനം.
          കപ്പൽഛേദ
          ക്കണ്ണീർക്കഥയുടെ 
          മുത്തുകൾ വാരിവന്നവനേ 
          അറിവിൻ കുന്നുകൾ 
          കയറി വരുന്നോർ -
          ക്കാശ്രയമല്ലോ നിൻ മുറ്റം
ഇവിടെ ജ്ഞാന-
-വിജ്ഞാനത്തിൻ
ക്ഷീരപഥങ്ങൾ തെളിയുന്നു
ഇവിടെ പ്രണയം 
വർണ്ണമയൂര-
പ്പീലികളായി വിടരുന്നു 
          ഗുരുമന്ത്രങ്ങളിൽ 
          നിറഞ്ഞുനിൽപ്പൂ 
          പെരിയ ജീവിത
           രസതന്ത്രം.
           തളർന്ന പഥികൻമാരേ,
           വന്നിത്തണലിൻ
           സ്നേഹമറിഞ്ഞേപോ!
എഡ്വേർഡ് ബ്രണ്ണൻ 
എഡ്വേർഡ് ബ്രണ്ണൻ 
റോയൽ ബ്രണ്ണൻ!
നിന്നുടെ സ്വരരാഗ 
നിർഭര ഹൃദയം -
ഞങ്ങൾക്ക് വരദാനം 
- ഞങ്ങൾ ബ്രണ്ണന്റെ മക്കൾ!
ഓർമ്മകൾ പെയ്യുന്ന 
മോഹങ്ങൾ തളിർക്കുന്ന 
ലഹരികൾ പൂക്കുന്ന പൂങ്കാവനം 
- ഇത് നമ്മുടെ ശാന്തിവനം.

(സ്മരണിക കമ്മിറ്റി  ആവശ്യപ്പെട്ട്  നൽകിയ സംഗീതശിൽപ്പം. തുടർന്ന് ഇത് നിരാകരിക്കപ്പെട്ടു.)

സുകുമാർ അണ്ടലൂർ - 1975 ൽ ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദം. പ്രധാന കൃതികൾ - കോളേജ് കൊളാഷ്, മണിച്ചിത്രത്താഴ്.

No comments:

Post a Comment