edam
in left perspective

Saturday, 27 August 2016

'ബ്രണ്ണൻ പൈതൃകം'

ഉത്ബുദ്ധത വീണ്ടെടുക്കുക! മൃത്യുജീർണ്ണത എതിരിടുക!

 

എം. പി. രാധാകൃഷ്ണൻ

1

"ബ്രണ്ണൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്". ബ്രണ്ണന്റെ ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം റിപ്പോർട്ട് ചെയ്തുകൊണ്ടുള്ള കെ. ബാലകൃഷ്ണന്റെ ഈ ശീർഷകം കണ്ടപ്പോൾ ചിരി വന്നു. "ഗവ: ബ്രണ്ണൻ കോളജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു". റിപ്പോർട്ടിന്റെ തുടക്കം അങ്ങിനെയാണ്. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനവും ചിരിക്ക് വകനൽകുന്നു. അവബോധതലത്തിൽ അറുപതുകളിൽ തന്നെ അന്തർദേശീയ നിലവാരം പുലർത്തിയ ഒരു കലാലയമായിരുന്നൂ ബ്രണ്ണൻ. പാരീസിലെ സോർബൺ (Sorbonne) സർവ്വകലാശാല വിദ്യാർത്ഥികലാപങ്ങളാൽ കത്തിയെരിഞ്ഞപ്പോൾ ബ്രണ്ണനും കത്തിയെരിഞ്ഞിരുന്നു. ഇന്നത്തെപ്പോലെ ആശയവിനിമയോപാധികൾ ഇല്ലാതിരുന്ന കാലത്തു വിയറ്റ്നാം യുദ്ധവും അമേരിക്കയിലെ വർണ്ണവിവേചനത്തിനെതിരായ കലാപങ്ങളും, ലോകത്തെമ്പാടുമുള്ള സർവ്വകലാശാലകളിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളും എല്ലാം ഈ കലാലയത്തിന്റെ സർഗ്ഗാന്തരീക്ഷത്തിൽ അർത്ഥവത്തായ അനുരണനങ്ങൾ ഉണ്ടാക്കിയിരുന്നു. "ക്ലാസുമുറികൾ തടവറകളാണ്; യാഥാസ്‌ഥിതികരായ അദ്ധ്യാപകരെ വിചാരണ ചെയ്യുക" തുടങ്ങിയ മുദ്രാവാക്യങ്ങളാൽ മുഖരിതമായിരുന്നു അക്കാലത്തെ ബ്രണ്ണന്റെ സാംസ്കാരികാന്തരീക്ഷം.

കഴിഞ്ഞവർഷം ബ്രണ്ണനിലെ ഇംഗ്ലീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒരു സെമിനാറിൽ, "ഇന്നത്തെ ബ്രണ്ണൻ കലാലയം ഒരു ശവപ്പറമ്പിനെ ഓർമ്മിപ്പിക്കുന്നു" എന്ന നിരീക്ഷണത്തോടെയായിരുന്നു ഞാൻ പറഞ്ഞു തുടങ്ങിയത്. എന്റെ വാക്കുകൾ പ്രിൻസിപ്പാളിനെ ചൊടിപ്പിച്ചു. പഴയ ബ്രണ്ണനും സമകാലിക ബ്രണ്ണനും തമ്മിൽ അവബോധതലത്തിൽ നിലനിൽക്കുന്ന ഗുണപരമായ അന്തരം ഞാൻ വിശദീകരിച്ചുകൊടുത്തു. അറുപതുകളിലും എഴുപതുകളിലും ബ്രണ്ണനിൽ ഉദ്ബുദ്ധരായ ചോദ്യകർത്താക്കളുടെ ഒരു വലിയ നിരയുണ്ടായിരുന്നു. അക്കൂട്ടത്തിൽ വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകരും ഉണ്ടായിരുന്നു. ബ്രണ്ണനിലെ ജനറൽ ലൈബ്രറി എണ്ണം പറഞ്ഞ ഗ്രന്ഥങ്ങളുടെ ഒരു കലവറയായിരുന്നു. റാസേന്റെ (Racine) നാടകങ്ങളും ഷീദിന്റെ (Andre Gide) 'ജർണ്ണലു'മെല്ലാം (Journals) ഞാൻ എടുത്തുവായിച്ചത് അവിടുന്നാണ്. നിലവാരമുള്ള മലയാളം പ്രസിദ്ധീകരണങ്ങൾക്ക് പുറമെ Guardian, New Statesman, The Listener തുടങ്ങിയ കനപ്പെട്ട ബ്രിട്ടീഷ് വാരികകളും അവിടെയുണ്ടായിരുന്നു. ഇത്തരം പ്രസിദ്ധീകരണങ്ങളുമായി നിരന്തരം സംവദിച്ച സഹൃദയരുടെ ഒരു സമൂഹം ബ്രണ്ണനിലുണ്ടായിരുന്നു. ഗൗരവമേറിയ വായനയും ചിന്തയും നിഷ്ക്രിയമായ അന്തർമുഖത്വത്തിലേക്കല്ല മറിച്ചു ചലനാത്മകമായ ജീവിതബോധത്തിലേക്കാണ് അന്ന് ബ്രണ്ണനിലെ വിദ്യാർത്ഥികളെ നയിച്ചത്.

വ്യവസ്ഥാപിതത്വത്തെ ഫലപ്രദമായും പ്രതിരോധിക്കുന്ന വാക്കായിരുന്നു അന്നത്തെ ഞങ്ങളുടെ വഴികാട്ടി. വാക്കും അവബോധവും തമ്മിലുള്ള ജൈവബന്ധം കണ്ടെത്താനും അങ്ങിനെ ലോകത്തെ മാറ്റിയെടുക്കാനും പ്രതിജ്ഞാബദ്ധരായ ഒരു യുവസമൂഹം അന്ന് ബ്രണ്ണനിൽ ഉണ്ടായിരുന്നു. തീമൊഴികളുടെ കളിത്തൊട്ടിലായിരുന്നു അന്ന് യുവമനസ്സ്. ബ്രണ്ണന്റെ ഇടനാഴികളിലും അവബോധത്തിന്റെ ആൾരൂപങ്ങളായി ആണും പെണ്ണും നിലയുറപ്പിച്ചിരുന്നു. ഇന്നത്തെ യുവാക്കളിൽ കാണുന്ന അറപ്പുണ്ടാക്കുന്ന 'കരിയറിസം' (careerism) ബ്രണ്ണനിലെ അന്നത്തെ അവബോധത്തിന്റെ രാജകുമാരന്മാരെ തീണ്ടിയിരുന്നില്ല. വാക്കിന്റെ വിമോചനമൂല്യമായിരുന്നു അന്ന് അവരുടെ പഠനവിഷയം.

ഇന്നത്തെ ബ്രണ്ണന്റെ കാമ്പസ്സിൽ നിന്നും വിമോചനമൂല്യമുള്ള വാക്കുകൾ അപ്രത്യക്ഷമായിരിക്കുന്നു. വിദ്യാർത്ഥി ഉച്ചരിക്കേണ്ട വാക്ക് കാലേക്കൂട്ടിതന്നെ രാഷ്ട്രീയകമ്പോളം അവന്റെ മേൽ അടിച്ചേൽപ്പിക്കുന്നു. ജീർണ്ണതയുടെ തൊഴുത്തിൽ തളക്കപ്പെട്ടതും നിശ്ചലമാക്കപ്പെട്ടതുമായ ഒന്നായി സമകാലിക മനുഷ്യചരിത്രം രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ രംഗവേദിയിലെ വില്ലൻ ആഗോള ഫിനാൻസ് ക്യാപിറ്റൽ തന്നെ. കലാശാലകളുടെ ധൈഷണിക ദൗത്യം എന്താവണം എന്ന് നിർണ്ണയിക്കുന്നത് ആഗോളകമ്പോളമാണ്. അമ്പതുകളുടെ അവസാനം അലഹബാദ് സർവ്വകലാശാലയിൽ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ജവഹർലാൽ നെഹ്‌റു ശ്രദ്ധേയമായ ഒരു പ്രഭാഷണം ചെയ്യുകയുണ്ടായി: യുവാക്കളെ സംബന്ധിച്ചെടുത്തോളം അതിരുകളില്ലാത്ത മാനവികതാബോധമാണ് കാര്യം എന്ന് നെഹ്‌റു പറഞ്ഞു. കലാശാലകൾ അവബോധത്തിന്റെ പണിപ്പുരകളാവണം. നെഹ്രുവിന്റെ സ്വപ്നം എന്നാൽ ഇന്നും സ്വപ്നമായി തന്നെ അവശേഷിക്കുന്നു. കാലം എത്ര മാറിപ്പോയിരിക്കുന്നു. ഇന്ന് ലോകത്തിൽ ഏറ്റവുമധികം സൈനികായുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം ഇന്ത്യയാണ്. ലോകത്തിലേറ്റവും പൊക്കമുള്ള യുദ്ധാതിർത്തിയും ഇന്ത്യക്കുമാത്രം അവകാശപ്പെട്ടതാണ്.

വലതുപക്ഷ ഫാഷിസത്തിനും ഇടതുപക്ഷ ഫാഷിസത്തിനും എതിരായി പല അതിർത്തികളിലും സർഗ്ഗാത്മകമായി  പോരാടിയ ലോകജനത ഇന്നെത്തിനിൽക്കുന്നതു ഒരു മൃത്യുസന്ധിയിലാണ്. ഉൽബുദ്ധതയുടെ പൈതൃകത്തെ എന്ത് വിലകൊടുത്തും തിരിച്ചെടുക്കേണ്ട ദൗത്യം ഇന്ന് ക്യാമ്പസ്സിന്റെതാണ്. ലോകജനതയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ നിശ്ശബ്ദമാക്കുന്ന കറുത്തശക്തികൾക്കെതിരെ ജാഗരൂകമാവുന്ന യുവതലമുറയാണ് കാര്യം. ആഗോളകമ്പോളത്തെ സംബന്ധിച്ചെടുത്തോളം ഇന്ന് ആരെയും ലേലം വിളിച്ചെടുക്കാനാവും. കേന്ദ്രീകൃത അധികാരത്തിന്റെ വക്താക്കളായ പുത്തൻ ഭരണകർത്താക്കളും ആഗോളകമ്പോളത്തിന്റെ ഏജൻസികളും ചേർന്ന് ഉൽപ്പാദിപ്പിച്ചെടുക്കുന്ന ഭീകരതയുടെ കളിക്കളമാണ് ഇന്ന് ആഗോളക്യാംപസ്‌. ഈ സന്ദർഭത്തിൽ ബ്രണ്ണൻ കോളേജിനെ അന്താരാഷ്‌ട്രനിലവാരത്തിലേക്കുയർത്തുന്നതിന് തുടക്കം കുറിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എന്ത് പ്രസക്തിയുണ്ട്?

ക്യാമ്പസ്സിനെ സമഗ്രമായും ഡിജിറ്റൽവൽക്കരിക്കപ്പെട്ട അഥവാ ആഗോളവിപണിയുടെ ചൊൽപ്പടിക്കനുസരിച്ചു കച്ചവടവൽക്കരിക്കപ്പെട്ട അറിവിന്റെ ഒരു കോട്ടയാക്കുക (Labyrinth) എന്നതാണോ കാര്യം? അതോ, പുത്തൻ കൊളോണിയലിസത്തിനും വർഗ്ഗീയതക്കും ആഗോളമൂലധനഭീകരതകൾക്കും ഭരണകൂടഭീകരതകൾക്കുമെല്ലാം എതിരായി പോരാടുന്ന ഒരു യുവ സമൂഹത്തിന്റെ നിർമ്മിതി സാദ്ധ്യമാക്കുന്ന ഒന്നായി കാമ്പസ്സിനെ മാറ്റിത്തീർക്കുക എന്നതോ?

2

കഴിഞ്ഞവർഷം ബ്രണ്ണനിലെ ഫിലോസഫി അസോസിയേഷൻ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം മനസ്സില്ലാമനസ്സോടെയാണ് ഞാൻ സ്വീകരിച്ചത്. ക്ഷണം സ്വീകരിച്ചതിൽ പിന്നെ ഒരു തരത്തിലുള്ള അങ്കലാപ്പിൽ ആയതുപോലെ തോന്നി. പാവത്താനായ എന്റെ പക്കൽ തത്വചിന്താവിദ്യാർത്ഥികൾക്ക് സമ്മാനിക്കാൻ വല്ല ദാർശനിക പൈതൃകവുമുണ്ടോ?, ഞാൻ എന്നോട് തന്നെ ചോദിച്ചു. ഏതാണ്ട് എഴുപതുകളോട് അടുത്ത് നിൽക്കുന്ന ഞാൻ എഴുപതുകളിലെ ആഗോളകേമ്പസ്സിന്റെ സർഗ്ഗവൈചിത്ര്യങ്ങളെക്കുറിച്ചും അവയെ പിന്തുടർന്ന് സാംസ്കാരിക ആക്ടിവിസത്തിന്റെ മേഖലയിൽ ബ്രണ്ണനിലെ വിദ്യാർത്ഥികൾ നടത്തിയ സർഗ്ഗപരീക്ഷണങ്ങളെ പരാമർശിച്ചുമാണ് ഭാഷണം തുടങ്ങിയത്. യാഥാസ്ഥിതികചിന്തയുടെ പരിമിതപ്പെടുത്തുന്ന അതിരുകൾ ആക്രമിച്ചുകടന്ന് ആധുനികസൗന്ദര്യദർശനത്തിന്റെയും രാഷ്ട്രീയാവബോധത്തിന്റെയും ഇടങ്ങളി ലേക്ക് യുവാക്കൾ അക്കാലത്തു നടത്തിയ സാഹസികയാത്രകളെയും ഞാൻ സൂചിപ്പിച്ചു. മാർക്സ് മാത്രമല്ല നീഷേയും ദാലിയും അർടോഡും (Artand) ഫ്രോയ്ഡും കമ്യുവുമെല്ലാം ഞങ്ങളെ ഉത്തേജിപ്പിച്ചിരുന്ന കാലം. സംസാരിക്കെ എവിടെയോവെച്ച് ഭ്രാന്തും ഉൽബുദ്ധതയും തമ്മിൽ നൂറ്റാണ്ടുകളോളം നിലനിന്ന ബന്ധത്തെപ്പറ്റി ആധുനികസംവേദക്ഷമതയുടെ പശ്ചാത്തലത്തിൽ സൂചിപ്പിച്ചു. രസകരമായ ഒരു സംഭവവും അവിടെ വെച്ച് ഞാനോർത്തു. പത്തുപതിനഞ്ചുവർഷം മുൻപ് ബ്രണ്ണനിലെ തത്വചിന്താവിദ്യാർത്ഥികൾ ഒരു സെമിനാറിൽ ഭാഗഭാക്കാവാൻ എന്നെ ക്ഷണിച്ചിരുന്നു. ആ സെമിനാറിന്റെ പ്രമേയം വിചിത്രമായിരുന്നു. "എന്ത് കൊണ്ട് നമുക്ക് വട്ടു വരുന്നില്ലാ?" എന്നതായിരുന്നു സെമിനാറിലെ ചർച്ചാവിഷയം. ഇത്തരമൊരു വിഷയം 2015ലെ തത്വചിന്താവിദ്യാർത്ഥികൾ ഏറ്റെടുക്കില്ല, ഞാൻ പറഞ്ഞു. അതിനു കാരണമുണ്ട്. സിരാസംഘർഷങ്ങൾ ആളിക്കത്തുമ്പോളാണ് ഭ്രാന്ത് വരുന്നത്. പരമ്പരാഗതമായി ഭ്രാന്തിന്റെ അടിത്തട്ടിൽ ഒരു നൈതികസംഘർഷം നമുക്ക് കാണാനാവും. ഇത്തരം നൈതികസംഘർഷങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിൽ നിന്നും അപഹരിക്കപ്പെട്ടിരിക്കുന്നു. തലങ്ങും വിലങ്ങും ഭൂമിയെ മുഴുവൻ ചൂഴ്ന്നു നിൽക്കുന്ന ആഗോളവിപണിയാണ് നൈതികസംഘർഷങ്ങളെ കൊന്നുതിന്നുന്നത്. പതിനഞ്ചുവർഷം മുൻപ് ഒരുപക്ഷെ നൈതികസംഘർഷത്തിന്റെ അവസാനത്തുള്ളികൾ ബ്രണ്ണനിലെ തത്വചിന്താവിദ്യാർത്ഥികളിൽ ബാക്കിനിന്നിരുന്നു. തുടർന്നുള്ള ദശകങ്ങളിൽ സംഭവിച്ച സാർവ്വത്രിക ചന്തവൽക്കരണം യുവാക്കളെ തന്നെ ശവംതീനികളാക്കാൻ പോന്നതാണ്.

ബ്രണ്ണനടക്കമുള്ള കാമ്പസ്സുകൾ അഭിമുഖീകരിക്കുന്ന മൃത്യുസന്ധി ഞാനിവിടെ പരാമർശിച്ച സാർവത്രികചന്തവൽക്കരണത്തിന്റെ ഉൽപ്പന്നമാണ്. ഒരുകാലത്തെ സംവാദമണ്ഡലങ്ങളുടെ സ്ഥാനം കൈയ്യേറിയത് ഷോപ്പിംഗ് മാളുകളാണ്. ആഗോളവിദ്യാഭ്യാസവിപണി രൂപകൽപ്പന ചെയ്‌തെടുക്കുന്ന പാഠ്യപദ്ധതികൾ ഇറക്കുമതി ചെയ്യാനാണ് നമ്മുടെ മുഖ്യമന്ത്രി അടക്കമുള്ള പല നേതാക്കളും ഒരുങ്ങുന്നത്. അപ്പോഴാവും ബ്രണ്ണൻ അന്താരാഷ്‌ട്രനിലവാരം കൈവരിക്കുക എന്ന മതിഭ്രമമാണ് അവരെ ഭരിക്കുന്നത്.ഈ മതിഭ്രമത്തിൽ നിന്നുള്ള മോചനമാണ് നമ്മുടെ നേതൃവർഗ്ഗം ആദ്യം നേടേണ്ടതും. ആഗോളവിദ്യാഭ്യാസവിപണിയുടെ ഭീകരതകളെ പ്രതിരോധിക്കാനും, മൂല്യങ്ങളുടെ പുനർമൂല്യനിർണ്ണയത്തിന് വിദ്യാർത്ഥിസമൂഹത്തെ ഒരുക്കാൻ കെൽപ്പുള്ള പാഠ്യപദ്ധതികൾ രൂപകൽപ്പനചെയ്തെടുക്കാനും ഭരണകർത്താക്കൾക്ക് പറ്റുമോ? എഴുപതുകളിലെന്നപോലെ നമ്മുടെ കാമ്പസ്സിനെ വീണ്ടും സർഗ്ഗസംവാദങ്ങളുടെ കളിത്തൊട്ടിലാക്കി മാറ്റിയെടുക്കാനാവുമോ?

അനുബന്ധം

ഭ്രാന്താശുപത്രികൾ നിറഞ്ഞു കവിയുന്നുണ്ട്. എന്നാൽ ഭ്രാന്തിന്റെ സർഗ്ഗമാനങ്ങൾ സാക്ഷാൽക്കരിച്ചെടുക്കുന്ന വിദ്യാർത്ഥികളും കവികളും ദാർശനികരും ഇന്ന് ഇല്ല തന്നെ. മരുന്നുവ്യാവസായ കുത്തകകൾ തങ്ങളുടെ പ്രതിവിധികളിലൂടെ സിരാസംഘർഷങ്ങളെ പാടേ ഉന്മൂലനം ചെയ്യുന്നു. ഭരണകർത്താക്കൾ അവബോധത്തെ തൂക്കിലേറ്റുന്നു. രോഹിത് വെമുല മറുവഴിയില്ലാതെ ആത്മഹത്യ ചെയ്യുന്നു. തന്റെ വിപ്ലവകരമായ ദൗത്യത്തെക്കുറിച്ചുള്ള ഉദ്ബുദ്ധനായ കലാശാലാവിദ്യാർത്ഥിയുടെ വീണ്ടുവിചാരം പ്രസക്തമാവുന്നത് ഈ പ്രതിസന്ധിയിലാണ്.

1 comment:

  1. ബ്രണ്ണനുമായി നേരിട്ട് ബന്ധമൊന്നും അവകാശപ്പെടാനില്ലാത്ത ഒരാളാണ് ഞാൻ. അവിടെ പഠിച്ചിട്ടില്ല, പഠിപ്പിച്ചിട്ടുമില്ല. എങ്കിലും ബ്രണ്ണന്റെ ചരിത്രവും പൈതൃകവും, അതിന്റെ വർത്തമാനവും സസൂക്ഷ്മം പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്. പ്രധാനമായും വിജയൻ മാഷിന്റെ രചനകളിലൂടെയും, മറ്റ് ഓർമ്മക്കുറിപ്പികളിലൂടെയും, തലശ്ശേരിയിലെ സുഹൃത്തുക്കളുമായുള്ള സംവാദങ്ങളിലൂടെയും, പിന്നെ പത്രമാധ്യമങ്ങളിലൂടെയും. അതിനാൽ തന്നെ ബ്രണ്ണന്റെ പൈതൃകത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളെപ്പറ്റിയും ആ കലാലയത്തിന്റെ ഇന്നത്തെ 'മൃത്യുസന്ധിയെ'പറ്റിയും ഉള്ള എം.പി. ബാലറാമിന്റെയും എം. പി. രാധാകൃഷ്ണന്റെയും രചനകൾ വളരെ താൽപര്യപൂർവ്വമാണ് വായിച്ചത്. 'ഇട'ത്തിന്റെ അണിയറക്കാരോട് ഒരു അപേക്ഷ. 'ബ്രണ്ണൻ പൈതൃകം' എന്ന പേരിൽ ഒരു സംവാദപരമ്പര ഇവിടെ തുടങ്ങണം. ബ്രണ്ണന്റെ ചരിത്രവും വർത്തമാനവും 'ബ്രണ്ണൻ അനുഭവ'ത്തിന്റെ യഥാർത്ഥ അവകാശികൾ ഇവിടെ രേഖപ്പെടുത്തട്ടെ. ചരിത്രത്തെ വളച്ചൊടിക്കാനും, ബ്രണ്ണൻ കാത്തുവെക്കുന്ന തിളയ്ക്കുന്ന ഓർമ്മകളെ മെരുക്കിയെടുക്കാനും ശ്രമിക്കുന്ന മുഖ്യധാരാ - ഭരണവർഗ്ഗ കോമാളിത്തത്തിന് ഇതാണ് മറുപടി. 'മഹാബിംബങ്ങൾ' തച്ചുടക്കാൻ ഇതാണ് വഴി.

    ReplyDelete