edam
in left perspective

Sunday, 7 August 2016

ഇടം ഡയറി

ബ്രണ്ണൻ അനുഭവം: അത് ആർക്കവകാവശപ്പെട്ടതാണ്?

എം. പി. ബാലറാം



ബ്രണ്ണൻ അനുഭവം എന്താണ്? നാല് പതിറ്റാണ്ടിന് ശേഷം ഇന്നും ഈ ചോദ്യം ചോദിക്കാൻ നിര്ബന്ധിക്കപ്പെടുന്നുണ്ട്.

ആഘോഷങ്ങളുടെ വെച്ചുകെട്ടലുകളെയും, 'മഹാബിംബം' എഴുന്നള്ളിപ്പുകളെയും അകത്തു നിന്നും പുറത്തു നിന്നും സന്ധിയില്ലാതെ എതിരിട്ട പാരമ്പര്യം ബ്രണ്ണനുണ്ട്. ബ്രണ്ണൻ അനുഭവമെന്ന് ഇതിനെ സാമാന്യമായി വിളിക്കാം. 

ഒരു പാരമ്പര്യത്തിന്റെ സത്തയെയും വിശ്വാസ്യതയേയും ഇന്ന് ഔദ്യോഗികമായി സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ കൊണ്ട് തിരുത്തിയെഴുതാൻ ആർക്കാണവകാശം?

കപ്പൽഛേദങ്ങളിൽ നിന്ന് കരപറ്റുവാനും ഭേദചിന്തകളുടെ നിസ്സാരതകളെ മറികടക്കുവാനും വലുപ്പച്ചെറുപ്പങ്ങളെ അവഗണിക്കാനും ജ്ഞാനോദയങ്ങളെ സ്വപ്നം കാണാനും കരുത്തുനല്കിയതു ബ്രണ്ണൻ പാരമ്പര്യത്തിന്റെ സംഭാവനയാണ്.

ജയപരാജയങ്ങളെക്കുറിച്ചു വേവലാതിയില്ലാതിരിക്കാനും പ്രണയത്തെയും മരണത്തെയും നിർമ്മമമായി നോക്കിക്കാണാനും വിയോജിക്കാനുള്ള ശത്രുവിന്റെ അവകാശത്തെപ്പോലും ജന്മമുദ്രയായി അംഗീകരിക്കാനും പഠിപ്പിച്ചത് ബ്രണ്ണൻ അനുഭവത്തിന്റെ അകത്തളമാണ്.

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാന്തരമായി തലശ്ശേരിയിലെ അഗതികളെ സംഘടിപ്പിച്ചുള്ള പ്രതിഷേധപ്രകടനം, വ്യാകരണം ക്ലാസ്സിൽ അധ്യാപകന്റെ അറിവിന്റെ പരിമിതിയെ ചോദ്യം കൊണ്ടെതിരിട്ട ഭാഷയുടെ ധിക്കാരം, ബാലറ്റ് പേപ്പർ തന്നെ വലിച്ചുകീറി തീയിടുമ്പോൾ പ്രകടിപ്പിച്ച രാഷ്ട്രീയബോധത്തിന്റെ അമർഷം, നിഷേധചിന്തയെ അതിന്റെ ബാലപാഠം പഠിപ്പിച്ച അധ്യാപകനെതിരെത്തന്നെ പ്രയോഗിച്ച് ഇറങ്ങിപ്പോരാൻ കാണിച്ച ധൈഷണികധാർഷ്ട്യം, കലാഭാസങ്ങളാണെന്നാരോപിച്ച് കലാവേദികൾക്ക് മുൻപിൽ തകരച്ചെണ്ട മുഴക്കുമ്പോൾ കാട്ടിയ വിദൂഷകത്വം - അതിരുകളില്ലാത്ത ബ്രണ്ണൻ അനുഭവങ്ങൾക്കൊന്നും സമാനതകൾ കണ്ടെത്താൻ പിൽക്കാലത്ത് ഒരിക്കലും കഴിഞ്ഞിട്ടില്ല.

ഇന്ന് പിൻതിരിഞ്ഞു നോക്കുമ്പോൾ ഒട്ടും ദുഃഖം തോന്നുന്നില്ല. പശ്ചാത്താപചിന്തയും പാപബോധവുമില്ലാതെ തലയെടുപ്പോടെ ബ്രണ്ണൻ അനുഭവത്തെ നേർക്കുനേരെ നോക്കാൻ ഇന്നും കഴിയും. എല്ലാ വൈരുദ്ധ്യങ്ങളെയും സംഘര്ഷങ്ങളെയും ആപൽക്കരമായി ഉൾക്കൊള്ളാൻ കഴിയുന്ന വിശാലത, അതിനുള്ള സന്നദ്ധത, ബ്രണ്ണൻ അനുഭവങ്ങൾക്കുണ്ട്. പുറമേക്ക് ശാന്തം, എപ്പോഴും ഏതുനേരവും എങ്ങനെയും പൊട്ടിത്തെറിക്കാവുന്ന ചിന്തയുടെയും സർഗ്ഗാത്മകതയുടെയും വെടിമരുന്നുകൾ, അതാണ് ബ്രണ്ണന്റെ ഈടുവെയ്പ്പ്.

ഗവർണ്ണറിൽ നിന്നാരംഭിച്ച്  മുഖ്യമന്ത്രിയിലവസാനിക്കുന്ന നാനാമേഖലകളിലെ വി. വി. ഐ. പികളെയും വി. ഐ. പി. കളെയും സാഹിത്യസാംസ്കാരിക 'മഹാബിംബ'ങ്ങളെയും എഴുന്നള്ളിക്കുന്ന പരിപാടി അവസാനിക്കുമ്പോൾ അതിന്റെ ഔദ്യോഗിക ചുമതലക്കാരും പ്രധാനപങ്കാളികളും മുഖ്യധാരാമാധ്യമങ്ങളിൽ വക്താക്കളായി രചനയിലേർപ്പട്ടവരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: ബ്രണ്ണൻ അനുഭവത്തോട്, അതിന്റെ പാരമ്പര്യത്തോട്, സാക്ഷാൽ എഡ്‌വേർഡ് ബ്രണ്ണനോട്, ഞാൻ എത്രത്തോളം നീതി കാണിച്ചു? പരിഗണിക്കേണ്ടവരിൽ ആരുടെയെല്ലാം ശബ്ദങ്ങളെ ഘോഷങ്ങൾക്കിടയിൽ ബോധപൂർവ്വം കേൾക്കാതാക്കി? ബ്രണ്ണനുമായി ജൈവബന്ധം പുലർത്തിയ, ഇന്നും പുലർത്തുന്ന, അതിന്റെ മുറ്റത്തും പരിസരത്തുമുള്ള ആരെയെല്ലാം അവഗണനകളുടെയും തമസ്ക്കരണങ്ങളുടെയും പാതാളക്കുഴിയിൽ തള്ളി കാണാതാക്കി? ആരെയെല്ലാം, ആരുടെയെല്ലാം, വിലപ്പെട്ട അനുഭവങ്ങളെയും വാക്കുകളെയും അദൃശ്യമാക്കി? ചരിത്രകാലഘട്ടവും മാറിമാറി വന്ന തലമുറകളും ചേർന്ന് രൂപം നൽകിയ ബ്രണ്ണന്റെ ഈടുവെയ്‌പ്പിനോട്‌, ബ്രണ്ണൻ അനുഭവത്തോട് ഉത്തരവാദിത്വം പുലർത്താൻ എനിക്കെന്തുകൊണ്ട് സാധിച്ചില്ല? 

ബ്രണ്ണൻ അനുഭവം - അതാർക്കവകാശപ്പെട്ടതാണ്?

1 comment:

  1. Mansoor P, Kalady.11 August 2016 at 12:30

    "കപ്പൽഛേദങ്ങളിൽ നിന്ന് കരപറ്റുവാനും ഭേദചിന്തകളുടെ നിസ്സാരതകളെ മറികടക്കുവാനും വലുപ്പച്ചെറുപ്പങ്ങളെ അവഗണിക്കാനും ജ്ഞാനോദയങ്ങളെ സ്വപ്നം കാണാനും കരുത്തുനല്കിയതു ബ്രണ്ണൻ പാരമ്പര്യത്തിന്റെ സംഭാവനയാണ്.ജയപരാജയങ്ങളെക്കുറിച്ചു വേവലാതിയില്ലാതിരിക്കാനും പ്രണയത്തെയും മരണത്തെയും നിർമ്മമമായി നോക്കിക്കാണാനും വിയോജിക്കാനുള്ള ശത്രുവിന്റെ അവകാശത്തെപ്പോലും ജന്മമുദ്രയായി അംഗീകരിക്കാനും പഠിപ്പിച്ചത് ബ്രണ്ണൻ അനുഭവത്തിന്റെ അകത്തളമാണ്." - Reminds me of the famous french 'Sorbonne' experience. Brennen is Kerala's Sorbonne. Sarkozy once famously commented that Sorbonne, at the heart of Paris, is the source of all dissent and tried to crush it and move it to the suburbs. To diffuse the rebellious spirit of Brennen, our rulers have devised another plan. To 'celebrate' Brennen and to co-opt it to the official pantheon. Should never be allowed. People in the forefront of these 'celebrations' are, as the author suggets, the executors of Brennen experience.

    ReplyDelete