edam
in left perspective

Thursday 7 October 2021

പുതുമുറ നിരൂപകർക്ക്, സ്നേഹപൂർവ്വം

 ആത്മവിചാരങ്ങൾക്ക് ഒരു ആമുഖം

 

 എം പി. ബാലറാം

 
 
ത്മവിചാരങ്ങൾ ആവശ്യമായി വരുന്ന ചില നേരങ്ങളെ മുഖത്തോടുമുഖം നേരിടാൻ  നിർബന്ധിക്കപ്പെടുന്ന ചില സന്ദർഭങ്ങളുണ്ടാവാം. അത്തരമൊരു സന്ദർഭം ഡോ. പി. ശിവപ്രസാദ് ജനശക്തിയിൽ എഴുതിയ ലേഖനം (ഒരു വിമതചിന്തകന്റെ നിശ്ശബ്ദ രേഖകൾ, ജനശക്തി വാരിക, 2021 സപ്തംബർ 15-30) ഒരുക്കിത്തന്നിരിക്കുന്നു. എഴുതിയ ശിവപ്രസാദിനോടും അതു പ്രസിദ്ധീകരിച്ച ജനശക്തിയോടും ഇക്കാര്യത്തിൽ കൃതജ്ഞതയുണ്ട്. രണ്ടു കാരണങ്ങൾ കൊണ്ടാണു ദീർഘമായ ഈ ലേഖനം പ്രസക്തമായിത്തീരുന്നത് - ഒന്ന്: എഴുത്തിലെ നിഷ്ക്കളങ്കതയും ആത്മാർഥതയും. രണ്ട്: അസന്ദിഗ്ദ്ധവും നിരങ്കുശവുമായ എഴുത്ത്. പരസ്പരം ബന്ധപ്പെട്ട ഈ രണ്ട് ഗുണങ്ങളും ഇന്ന് അധികമാരിൽ നിന്നും പ്രതീക്ഷിക്കാൻ പറ്റാത്തതാണ്. പ്രത്യേകിച്ചും രാഷ്ട്രീയമായി ഇടതുപക്ഷ - മാർക്സിസ്റ്റ് നിലപാടുകളിലും ആശയപരമായ അതിന്റെ സാഹോദര്യബന്ധങ്ങളിലും കടുത്ത വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ ചുറ്റുപാടിൽ. ആരും ആരെക്കുറിച്ചും ഒന്നും പറയാൻ തയ്യാറാകാതെ  മൗനത്തിൽ തല പൂഴ്തിയിരിക്കുന്ന, ഭീതിദമായ ഇന്നത്തെ അവസ്ഥയിൽ സത്യസന്ധവും നിശിതവുമായ എഴുത്ത് ഏറെ വിലമതിക്കപ്പെടേണ്ടതാണ് -  അത് ആർക്കെതിരെ, എന്തിന്റെ പേരിലായാലും! മൗനത്തിന്റെ ആത്മസംതൃപ്തിക്കും മൂകതയുമായുള്ള ആത്മഭാഷണങ്ങൾക്കും പകരം ശിവപ്രസാദിന്റെ എഴുത്ത് അന്വേഷിക്കുന്നത് വാക്കുകളിലും വസ്തുതകളിലും മറഞ്ഞുകിടക്കുന്ന നേരിന്റെ കണികകളെയാണ്. നമുക്ക് ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് കണക്കിലെടുക്കാതെയുള്ള ഈ തുറന്ന ഭാഷണങ്ങളുടെ പേരിലാണ് ജനശക്തി ലേഖനം ശ്രദ്ധേയമാകുന്നത്.

 
നാം നമ്മെ മനസ്സിലാക്കുന്നത് പോലെ മറ്റെല്ലാവരും നമ്മെ മനസ്സിലാക്കണമെന്നില്ല. ശിവപ്രസാദിന്റെ വിലയിരുത്തൽ ഒരു ജീവിതകാലത്തെ ആകെ ഈടുവെപ്പുകളെക്കുറിച്ചുള്ളതാണ്. എം പി. ബാലറാം എന്ന 'നിരൂപകന്റെ (അത് 'ഞാനാ'യത് യാദൃച്ഛികം മാത്രം. മറ്റാരായാലും ശിവപ്രസാദിന്റെ അഭിപ്രായം ഇതുതന്നെയായിരിക്കുമെന്ന് ഉറപ്പുണ്ട്) തീരെ ഹ്രസ്വമല്ലാത്ത എഴുത്തു ജീവിതത്തിൽ ഇതേവരെ പ്രസിദ്ധീകരിച്ച എല്ലാ രചനകളെക്കുറിച്ചുമുള്ള അതിലെ മൂല്യവിചാരത്തോട് ആർക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഏത് എഴുത്തും എഴുതി പ്രസിദ്ധീകരിക്കപ്പെടുന്നതോടെ അവനവനോടും ലോകത്തോടുമുള്ള അതിന്റെ ഉത്തരവാദിത്തം നിറവേറ്റിക്കഴിയുന്നുവെന്ന ഉറച്ച ബോദ്ധ്യം എല്ലാകാലത്തും ഉണ്ട്. ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ആരും ചുമതലപ്പെടുത്താതെ തന്നെ ചിന്തകളിലും വാക്കുകളിലും അടയിരിക്കുന്നതും നിശ്ശബ്ദതകളോട് സന്ധി ചെയ്യാതെ ഇടവിട്ടുള്ളകാലങ്ങളിൽ രചനകളിലേർപ്പെടാൻ ധൈര്യപ്പെടുന്നതും. അതു ചെയ്യാൻ പ്രാപ്തിയുള്ള  വേറെയും അനേകം പേർ ഇവിടെയുണ്ടാവാം. ഒരുപക്ഷേ ഇതിലും നന്നായി.

സ്വന്തം ധാരണകളുടെ അടിസ്ഥാനത്തിൽ ശിവപ്രസാദ് ഉന്നയിക്കുന്ന ഒന്നു രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് എഴുത്തിന്റെ ലോകത്തിലെ കൂട്ടായ്മകളുടെ തകർച്ചയുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന് കുറെക്കൂടി ഗൗരവതരമായ  പരിഗണന അർഹിക്കുന്ന വിഷയമാണ്: സ്വന്തം നിലപാട് തറയിൽ ഉറച്ചു   നിൽക്കുകയും പ്രത്യയശാസ്ത്ര സ്ഥൈര്യത്തോടെ വിമർശനത്തെ നാളിതുവരെ ഉപയോഗിക്കുകയും ചെയ്ത ഒരു വിമർശകൻ ഇന്ന് അനുഭവിക്കാനിടയുള്ള അന്ത:സംഘർഷങ്ങളെ  അത്യന്തം സഹാനുഭാവത്തോടെയാണ് ശിവപ്രസാദ് നോക്കിക്കാണുന്നത്. ഏറെ കൗതുകകരങ്ങളാണ് ഈ രണ്ടു നിരീക്ഷണങ്ങളും. വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന് പരസ്പരം നോക്കിക്കാണുന്നതിന്റെ അകൽച്ച ഇത്തരം അനുഭവങ്ങളുടെ ആഖ്യാനത്തിൽ ശിവപ്രസാദിനു നേരിടേണ്ടി വരുന്നുണ്ട്. കാലത്തിന്റേയും ദേശത്തിന്റേയും സ്വാഭാവികമായ അകൽച്ച മാത്രമല്ല ഇത്. രാഷ്ടീയ പ്രത്യയശാസ്ത്രങ്ങൾക്ക് ജനജീവിതങ്ങളിൽ സൃഷ്ടിക്കാൻ കഴിയുന്ന സ്വാധീനതകളെയും പിൽക്കാലങ്ങളിൽ അവയുടെ തിരോധാനങ്ങൾ സൃഷ്ടിക്കുന്ന ശൂന്യതയേയും മറ്റൊരു ധ്രുവത്തിൽ നിന്ന് സങ്കൽപ്പിക്കാനും ആഖ്യാനംചെയ്യാനുമാണ് ശിവപ്രസാദ് ശ്രമിക്കുന്നത്. സത്യം തേടുന്നതിലെ നിഷ്കളങ്കതക്കും ആത്മാർത്ഥതക്കും മാത്രം എല്ലായ്പോഴും സത്യം കണ്ടെത്താനാവില്ലെന്നത് ജീവിതാഖ്യാനങ്ങളെ സംബന്ധിക്കുന്ന ഒരു പ്രാഥമിക പാഠമാണ്. കഥയുടേയും ചരിത്രത്തിന്റേയും ജീവചരിത്രത്തിന്റേയും രചനകൾക്കു മാത്രമല്ല വിമർശനപരമായ അവധാരണങ്ങൾക്കും ബാധകമാകുന്നതാണ് ഈ പാഠം. ശിവപ്രസാദിന്റെ അനുഭാവപൂർവ്വമായ വാക്കുകളുടെ നിഷ്ഫലത ഇത് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. കാലത്തിന്റേയും ദേശത്തിന്റേയും അകൽച്ചകളല്ല, വെല്ലുവിളിയാകുന്നത് തങ്ങളെ എന്നും അലോസരപ്പെടുത്തുന്ന വർഗ്ഗപ്രത്യയശാസ്ത്രങ്ങൾ തന്നെയാണെന്നു കാണാൻ ശിവപ്രസാദിനും സമാനമായ വഴികളിലൂടെ സഞ്ചരിക്കുന്ന പുതുതലമുറ നിരൂപണത്തിനും കഴിയേണ്ടതാണ്.

തു തന്നെയാണ് എം. പി. ബാലറാം എന്ന യുവാവ് അരനൂറ്റാണ്ട് മുമ്പ് ഗൗരവപൂർവ്വമായ എഴുത്തു ജീവിതം ആരഭിക്കുന്ന കാലത്ത് നേരിട്ട പ്രശ്നവും. ഒരൊറ്റ വ്യത്യാസം മാത്രമേ അന്നത്തെയും ഇന്നത്തെയും ചിന്തകൾക്കു തമ്മിലുള്ളു. അലോസരപ്പെടുത്തുന്ന ചിന്ത എന്നതിനു പകരം വിമോചന ചിന്തയായാണ് വർഗ്ഗ പ്രത്യയശാസ്ത്രം അയാളെ സ്വാധീനിച്ചത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ അക്കാലത്തെ ചിന്തിക്കുന്ന ആരെയും കൊണ്ടു ചെന്നെത്തിച്ചത് പ്രതിരോധത്തിന്റെയും വിമോചനത്തിന്റെയും കഠിനമായ ചിന്താ പഥങ്ങളിലാണ്. അധികാരപ്രാപ്തി ലക്ഷ്യം വെച്ചല്ല വർഗ്ഗവിമോചനം ലക്ഷ്യമാക്കിയാണ് എഴുത്തിലും ചിന്തയിലും ഏർപ്പെട്ടത്. അതിന് സഹായകമായ ദാർശനികവുംരാഷ്ട്രീയവുമായ കരുക്കൾ മാർക്സിസ്റ്റ് പ്രത്യയ സംഹിതയിലുള്ളത് കാണാനും അവയെ ഭാവനാത്മകമായി പ്രയോഗിക്കാൻ എഴുത്തു വിഷയങ്ങളെ ഉപയോഗിക്കാനുമാണ് അയാൾ ശ്രമിച്ചത്. പ്രത്യയശാസ്ത്ര സ്ഥൈര്യമെന്ന് ശിവപ്രസാദിനെപ്പോലെയുള്ളവരാൽ വിശേഷിപ്പിക്കപ്പെടുന്ന സവിശേഷമായ ഗുണത്തിന്റെ രൂഢമൂലമായ വേരുകളുള്ളത് പുതുമുറക്കാർ അനാവശ്യമാണെന്നു കരുതുന്ന, ചിന്തയിൽ അവരെന്നും അകലം പാലിക്കാൻ ആഗ്രഹിക്കുന്ന കീഴാള വിമോചന പ്രത്യയസംഹിതയിൽ തന്നെയാണെന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്.

വീണ്ടും വീണ്ടും ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടം ഏതൊരു നിരൂപണ പദ്ധതിയുടെയും അനിവാര്യഘടകമാണെന്ന് ഇന്ന് ശിവപ്രസാദിനെ പോലെയുള്ളവരോട് പറയേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. കലയുടേയും സാഹിത്യത്തിന്റേയും സവിശേഷമായ ചരിത്രത്തിന്റെ മാത്രമല്ല ജാതി - മത - വംശ - വർഗ്ഗ രൂപീകരണങ്ങളുടേയും ശാസ്ത്രീയ തത്വങ്ങളുടേയും സാമൂഹിക - രാഷ്ട്രീയ  പരിണാമങ്ങളുടേയും വിസ്ത്രൃതമായ ചരിത്രത്തിന്റെ പിൻബലം സാഹിത്യ നിരൂപണത്തെ വൈജ്ഞാനികതയുടേയും സൗന്ദര്യാത്മകതയുടേയും വിളനിലമാക്കി മാറ്റിയിട്ടുണ്ട്. ഇവയുടെ സാധ്യതകളെ പൂർണ്ണമായും നിരാകരിക്കുന്ന ആധുനികതാ പ്രസ്ഥാനത്തിന്റെ അത്യന്തം സൗന്ദര്യാത്മകമായ രാഷ്ട്രീയവിരുദ്ധ മനസ്സുകൾക്കുള്ള പ്രതിവിഷമായി സങ്കൽപ്പിക്കപ്പെട്ടതാണ് എം. പി. ബാലറാമിന്റെ നിരൂപണപദ്ധതി. പ്രാഥമികമായ ചരിത്രബോധത്തിന്റെ പിൻബലമില്ലാതെ ഇന്ന് ഒരാൾക്ക് ആ എഴുത്തിന്റെ അർത്ഥവും അതിലെ സത്യവുമെന്തെന്ന ശരിയായ ധാരണ സ്വരൂപിക്കാൻ കഴിയില്ല. നിരൂപണം എത്രമേൽ നിഷ്കളങ്കവും ആത്മാർത്ഥവുമായിരുന്നാലും ഇത്തരം ധാരണകൾ തിരുത്തപ്പെടുകയില്ലെന്ന് ശിവപ്രസാദിനെപ്പോലുള്ള പുതുമുറ എഴുത്തുകാർ മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്.

ശയ സൗഹൃദങ്ങളും വ്യക്തി സൗഹൃദങ്ങളും തമ്മിലുള്ള  പരസ്പരബന്ധത്തെ പിന്തുടർന്നുള്ള അന്വേഷണങ്ങളും പ്രശ്നത്തിന്റെ കാതലെന്തെന്ന് അറിയാൻ പുതിയ എഴുത്തുകാരെ ഏറെ സഹായിക്കും. എല്ലാ ബന്ധങ്ങളെയും ശുഭകരമെന്നോ അശുഭകരമെന്നോ രണ്ടു വിഭാഗങ്ങളാക്കി വേർതിരിക്കാനും അവയെ തികച്ചും വ്യക്തിബന്ധങ്ങൾ മാത്രമാക്കി ചുരുക്കിക്കാണാനുമാണ് നിലവിലുള്ള സാഹചര്യം ഏവരേയും പഠിപ്പിക്കന്നത്. ഒരു കാലത്ത് ദൃഢപ്പെട്ട ബന്ധങ്ങൾ ഓരോന്നായി തകരുന്നതും 'വിമത ചിന്ത' സൗഹൃദങ്ങളിൽ വലിയ വിള്ളലുകൾ വീഴ്ത്തുന്നതും ഇടതുപക്ഷത്തെ ചില എഴുത്തു ജീവിതങ്ങളെ  ഒരിക്കലുമില്ലാത്ത വിധം ദയനീയാവസ്ഥയിൽ എത്തിച്ചതുമല്ലാം ശിവപ്രസാദിന് ആത്മാർത്ഥമായി പരിതപിക്കാനും അനുതാപത്തോടെ നോക്കിക്കാണാനും കാരണമാകുന്നുണ്ട്. ഇത്തരത്തിൽ അനുതാപവും ആർദ്രതയും അർഹിക്കുന്ന ഇന്നും ജീവിക്കുന്ന ഒരു കഥാപുരുഷനായി മാറുന്നു എം. പി. ബാലറാം. ഇടതുപക്ഷാഖ്യാനത്തിന്റെ ദുരന്ത പരിണാമമായും പ്രഹസനാന്ത്യമായും ഇതിനെ വ്യാഖ്യാനിക്കാമെന്ന സൗകര്യവും ഇത്തരമൊരു ജീവിതകഥക്കുണ്ട്. എങ്കിലും ചില സംശയങ്ങൾ ബാക്കിയാവുന്നുണ്ട്: അത്ര എളുപ്പത്തിൽ പറഞ്ഞു പോകാനും ലളിതവൽക്കരിക്കരണത്തിന് വിധേയമാക്കാനും സാധിക്കുന്നതാണോ ഇടതുപക്ഷ സൗഹൃദാഖ്യാനങ്ങൾ ? രാഷ്ട്രീയ നിലപാടുകളുമായും, ചരിത്ര പരിണാമങ്ങളുമായും, പ്രത്യയ സംഹിതകളുമായും കെട്ടുപിണഞ്ഞു കിടക്കുന്ന സൗഹൃദബന്ധങ്ങളെ ഒറ്റപ്പെട്ടുപോയെന്നു സങ്കൽപ്പിക്കപ്പെടുന്ന ചിലരുടെ തൊഴുത്തിൽ കൊണ്ടു ചെന്നു കെട്ടാൻ ആർക്കെങ്കിലും സാധിക്കുമോ?

വ്യക്തിപരമായ ബന്ധങ്ങളുടേയും രാഷ്ട്രീയ സൗഹൃദ ബന്ധങ്ങളുടേയും അടിത്തറകൾ വ്യത്യസ്തങ്ങളാണ്. അവയുടെ പിറവി, പ്രവർത്തനം, പരിണാമം - ഇവയെല്ലാം ഗുണപരമായി ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. മുമ്പ് എഴുത്തിന്റെ ലോകത്ത് ഒന്നിച്ചവർ നിലപാടുകൾ മാറുമ്പോൾ വേർപിരിയുന്നതിനെ വ്യക്തിസൗഹൃദ ബന്ധങ്ങളിലെ തകർച്ചകളായും എഴുത്ത് അകപ്പെടുന്ന ദുരന്ത മുഹൂർത്തങ്ങളായും തുല്യപ്പെടുത്തുന്നത് അസ്ഥാനത്താണെന്നാണ് പറയുന്നത്. ആശയപരമായ കാരണങ്ങൾ ദൃഢബന്ധങ്ങൾ സൃഷ്ടിക്കാൻ മാത്രമല്ല അവയെ ഇല്ലാതാക്കാനും പ്രാപ്തമാണ്. എഴുത്തിന്റെ കുന്തമുനയായി രാഷ്‌ട്രീയം മാറുന്നു എന്ന ലളിതമായ യുക്തിയിൽ എല്ലാം അടങ്ങിയിരിക്കുന്നു. പ്രത്യയസംഹിതകളെ പ്രയോഗിക്കാൻ വേണ്ടിയുള്ള ആയുധങ്ങളായും വഴി കാട്ടുന്ന വെളിച്ചങ്ങളായും എഴുത്തിൽ സൂക്ഷ്മമായി ഉപയോഗിക്കാനാണ് ശ്രമിച്ചത്. ഇത് മാറുന്ന കാലത്തിനനുസരിച്ച് മാറ്റിയെഴുതപ്പെടേണ്ട തൽക്കാല യുക്തിയല്ല. അങ്ങനെ മാറിമാറി ധരിക്കാനുള്ള കുപ്പായങ്ങളായി കാഴ്ച്ചപ്പാടുകളെ കാണുന്നവരുമായാണ് സന്ധിചെയ്യാനൊരുക്കമില്ലാത്തത്. അതു കൊണ്ടുണ്ടാകുന്ന വലിയ നഷ്ടങ്ങൾ വാസ്തവത്തിൽ നിസ്സാരങ്ങളാണ്. ചെറിയ നേട്ടങ്ങൾ പോലും ഇവിടെ അമൂല്യങ്ങളുമാണ്.

വസാനമായി ഒരു ജീവിതകാലത്തിന്റെ എഴുത്തെന്ന അദ്ധ്വാനത്തിന്റെ ലാഭനഷ്ടങ്ങളുടെയും വരവു ചെലവുകളുടേയും കണക്കു പുസ്തകത്തിലെ ഇന്നവശേഷിക്കുന്ന ഈടുവെപ്പുകളെക്കുറിച്ചു കൂടി ഒരു വാക്ക്: ശിവപ്രസാദ് ഭാഷയെ വിമർശനത്തിന്റെ സ്വന്തം ഈടുവെപ്പായി വിലയിരുത്തുന്നതും നവീകരിക്കപ്പടുന്ന ഭാഷാശൈലി  വിമർശകന്റെ സ്വത്വത്തെ അടയാളപ്പെടുത്തുന്നുവെന്നു പറയുന്നതും സൗന്ദര്യാത്മകതയുടെ ഭാഗികമായ, ഒരേയൊരു അളവുകോൽ ഉപയോഗിച്ചാണ്. സാഹിത്യ നിരൂപണത്തിന്റെ എല്ലാ കാലത്തെയും ദേശത്തെയും ഉദ്ദേശ്യലക്ഷ്യങ്ങളുടെ ഒരേയൊരു മാനദണ്ഡം ഭാഷയാണെന്നും ഭാഷാശൈലി മാത്രമാണെന്നും പറയുന്നത് ഭാഷയെന്ന ഒരൊറ്റ കളിവസ്തുകൊണ്ടുള്ള കലാവിദ്യയായി വിമർശനത്തെ ഉപയോഗിക്കുന്നവരെ സാധൂകരിക്കാനേ ഉതകുകയുള്ളൂ. അത്യന്തം വിഭാഗീയമായ ഇത്തരം ഒരു ദർശനം ചിലരുടെ കണക്കു പുസ്തകത്തിൽ വൻ ലാഭവും ചിലരുടേതിൽ നഷ്ടം മാത്രവും അവശേഷിപ്പിക്കുന്ന കണക്കിലെ കളിയാണെന്ന് കാണാൻ പുതുമുറയെഴുത്തുകാർക്ക് കഴിയേണ്ടതാണ്. അളവു കോലാണ് മാറ്റേണ്ടത്. പ്രത്യയശാസ്ത്രവും ഭാഷയുമല്ല.