edam
in left perspective

Friday 2 April 2021

ജനാധിപത്യവൽക്കരണമോ ആത്മനാശമോ?

ഇപ്പോൾ നാം എന്തു ചെയ്യണം - രണ്ട്

 

എം. പി. ബാലറാം.


കേരളത്തിലെ 'ഔദ്യോഗിക' ഇടതുപക്ഷവും, അതിന്റെ ഭാഗമായ കമ്യൂണിസ്റ്റ് പാർട്ടികളും, നിലനിൽപ്പ് ഭീഷണിയെ നേരിടുകയാണിന്ന്. താൽക്കാലിക പരിഹാരങ്ങൾ അസാധ്യമായ അവസ്ഥയിലാണ്. ആത്മ നാശത്തിന്റെ വക്കിൽ, അന്ത്യം ആസന്നമായ മുഹൂർത്തത്തിൽ എത്തിപ്പെട്ട ഏതൊരാളെയും പോലെ അതിന് സ്വയംതിരിച്ചറിയാൻ കഴിയണമെന്നില്ല അവസാനത്തിന്റെ ആരംഭമായെന്ന്. നിലനിൽപ്പിനാശ്യമായ ജീവചോദനകൾ, അതിന്റെ തന്നെ ഭാഗമായ സ്വയംഹത്യക്കുള്ള ശക്തമായ പ്രേരണകൾ, ഇതുരണ്ടും ചേർന്ന് പ്രസ്ഥാനത്തെയും പാർട്ടിയേയും കേരളത്തിൽ ആഴമേറിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. രക്ഷാമാർഗ്ഗം നിർദ്ദശിക്കുക എളുപ്പമല്ല. വീണ്ടുവിചാരങ്ങളിൽ ആർക്കും താൽപ്പര്യവുമില്ല. ആസന്നമായ തിരഞ്ഞെടുപ്പിലെ ജയമോ പരാജയമോ കൊണ്ടാവില്ല കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിധി നിർണ്ണയിക്കപ്പെടുക. അകത്തും പുറത്തും പാർട്ടി പങ്ക്പറ്റുന്ന അങ്ങേയറ്റം പ്രതിലോമകരമായ ഏകാധിപത്യ പ്രവണതകൾ ഒരു കാര്യം മുൻകൂട്ടി ഉറപ്പിക്കുന്നുണ്ട്. ചൈനീസ് - വടക്കൻ കൊറിയൻ  പാർട്ടികളുടെ പിരമിഡ് മാതൃകകളുടെ ഹാസ്യാനുകരണങ്ങളായി തികച്ചും ഏകാധിപത്യപരമായി നിലനിൽക്കുന്ന  കേരളത്തിലെ പാർട്ടിക്ക് ജനാധിപത്യം അകത്തും പുറത്തും അഹിതകരമാകുന്നതിൽ അത്ഭുതമില്ല. ഏകാധിപത്യപരമായി അടിച്ചേൽപ്പിക്കപ്പെടുന്ന പാർട്ടി സംഘടനകൾ, ലോകത്ത് മിക്കയിടങ്ങളിലും ഇന്ന് ഉപയോഗിക്കപ്പെടുന്നത്, കമ്യൂണിസ്റ്റ് സങ്കൽപ്പനങ്ങളുടെയും അതിന്റെ ചരിത്രപരമായ പൈതൃകങ്ങളുടെയും ചെലവിൽ കോർപ്പറെയ്റ്റ് മൂലധന താൽപ്പര്യങ്ങളെ  സംരക്ഷിക്കാനാണ്. കേരളത്തിലെ അനുഭവവും വഴിക്കാകുന്നതിൽ ഒട്ടും അതിശയിക്കാനില്ല.

 

ആഗോളീകരണത്തിന്റെയും നവലിബറൽ മൂല്യവ്യവസ്ഥയുടെയും കടന്നുകയറ്റം, ഇന്ത്യയിലെ വർഗ്ഗ - ബഹുജന സംഘടനകളുടെ സ്വാധീനശക്തിയെ ഗണ്യമായ രീതിയിൽ ദുർബലപ്പെടുത്തി. ജാതി - മത സംഘടനകളും മറ്റു സ്വത്വ പ്രസ്ഥാനങ്ങളും ഇടതുപക്ഷത്തിന്റെ സ്വാധീനമേഖലകളിൽ വേരുറപ്പിക്കുന്നത് തടയാൻ, ഒരു നിലയ്ക്കും മാർക്സിസ്റ്റ് പാഠപുസ്തക വിജ്ഞാനംമാത്രം മതിയാകില്ലെന്നത് പുതിയ ലോകാനുഭവമാണ്. ഇത് മനസ്സിലാക്കുന്നതിൽ പാർട്ടി സംഘടനകൾ പരാജയപ്പെട്ടു. പ്രതിരോധവും പോരാട്ടവും ശക്തമാക്കാൻ അനിവാര്യമായ മുന്നുപാധികളാകേണ്ടിയിരുന്നത് അംഗബലത്തിലെ വർദ്ധന മാത്രമായിരുന്നില്ല. ജനകീയപ്രശ്നങ്ങളെ ആധാരമാക്കിയുള്ള വമ്പിച്ച ജന പങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭങ്ങൾ കെട്ടഴിച്ചു വിട്ട രാജ്യങ്ങളിലെല്ലാം ഒരു പരിധിവരെയെങ്കിലും, ഫാസിസ്റ്റ് സ്വഭാവംപ്രകടിപ്പിച്ചു തുടങ്ങിയ പാർട്ടികളെയും, ഭരണകൂടങ്ങളെയും, അതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിച്ചത്, ഇടതുപക്ഷ പാർട്ടികൾക്ക് പാഠമാകേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രം പരിമിതപ്പെടുത്തിയ ഒരു 'മാർക്സിസ്റ്റ്ചിന്തയും' അതിന്റെ ആവശ്യങ്ങൾക്കായി അതാത് സന്ദർഭങ്ങളിൽ രൂപപ്പെടുത്തുന്ന പ്രായോഗിക പ്രവർത്തനശൈലിയുംകൊണ്ട്, ലോകത്തിലെവിടെയെങ്കിലും ഏതെങ്കിലും ഒരു കമ്യൂണിസ്റ്റ് പാർട്ടി  നിലനിന്നു പോന്ന ചരിത്രമില്ല. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും,യൂറോകമ്യൂണിസത്തിന്റെ സ്വാധീന മേഖലകളിലുമെല്ലാം, തിരഞ്ഞെടുപ്പ് രാഷ്ടീയത്തിന്റെ കളിക്കളങ്ങളെ മാത്രം കണ്ടുകൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനത്തിനു പകരം ബഹുജന പ്രക്ഷോഭങ്ങളെയും ജനകീയസംഘടനകളെയും മുൻനിർത്തിയുള്ള ജനാധിപത്യപ്രവർത്തന ശൈലി സ്വീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ നിർബന്ധിക്കപ്പെടുകയാണ് ഇന്ന്. വോട്ടു ബാങ്ക് രാഷ്ട്രീയം വലതുപക്ഷത്തെപ്പോലും തുണയ്ക്കുകയില്ലെന്ന് തിരിച്ചറിയപ്പെടുന്ന ഒരു കാലത്താണ്, ഇന്ത്യയിലെ (കേരളത്തിലെയും!) ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടികളും, ജനങ്ങളെ വോട്ടു ബാങ്ക്അക്കൗണ്ടിലെ ജീവനില്ലാത്ത അക്കങ്ങൾ മാത്രമായി കണക്കാക്കികവടി നിരത്തി ഭാവി പ്രവചിക്കാനൊരുങ്ങുന്നത്.

ബൂർഷ്വാ ജനാധിപത്യത്തിന്റെ എല്ലാ നേട്ടങ്ങളെയും മേന്മകളെയും മാർക്സും മാർക്സിസവും, ആരംഭകാലം മുതൽക്കേ, സ്വന്തം വളർച്ചക്ക് പ്രാണവായുവായി ഉപയോഗിച്ച് പോന്നിട്ടുണ്ട്. ഇന്ത്യയിലും ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് മുള പൊട്ടിയ ആശയവും പ്രസ്ഥാനവും, ബ്രിട്ടീഷ് ഭരണത്തിൻ കീഴിലും, സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷവുംനിലനിന്ന ജനാധിപത്യാനുകൂല്യങ്ങളെ അതാത് കാലം ഉപയോഗിച്ചാണ്, ശക്തിപ്പെട്ടു പോന്നത്. ആരുടെയും സൗജന്യങ്ങളായി, ജനങ്ങൾക്ക് ജീവിതവഴികളിൽ നിന്ന് വീണുകിട്ടുന്നവയല്ല ജനാധിപത്യ വ്യവസ്ഥയിലെ അവകാശങ്ങളൊന്നുംതന്നെ. ജനതയുടെ നെടുനാളത്തെ പോരാട്ടങ്ങളുടെ സമ്പാദ്യങ്ങളാണവയെല്ലാം. തങ്ങൾ കനിഞ്ഞു നൽകുന്ന സൗഭാഗ്യങ്ങളും സൗജന്യങ്ങളുമാണ് ഇന്ന് നിങ്ങൾ അനുഭവിക്കുന്നത് എന്നു പറയുന്ന ബൂർഷ്വാഭരണാധികാരികളെ, സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പും അതിനുശേഷവും, കാലാകാലങ്ങളായി ജനങ്ങൾ അഭിമുഖീകരിച്ചു പോന്നിട്ടുണ്ട്. ഇടതുപക്ഷത്തിന്റെയും, കമ്യൂണിസ്റ്റ് പാർട്ടികളുടെയുംപേരിൽ ഭരണാധികാരം കൈയാളുന്നവർ, ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്ക് യാതൊരു വിലയുംകൽപ്പിക്കാതിരിക്കുന്നത്, അതിനാൽ ജനാധിപത്യവിരുദ്ധം മാത്രമായല്ല തിരിച്ചറിയപ്പെടേണ്ടത്; അതിനെ ബൂർഷ്വാഭരണവ്യവസ്ഥക്കകത്ത് അതിന്റെ വൈകൃതമായി വളരാൻ തുടങ്ങുന്ന ഏകാധിപത്യ പ്രയോഗത്തിന്റ ബീജരൂപമായാണ് കണക്കാക്കേണ്ടത്. ഇടതുപക്ഷഭരണത്തെ മാത്രമല്ല അതിൽ പ്രധാന പങ്ക് വഹിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയേയും നയിക്കുന്ന പ്രത്യയ സംഹിതയായി ഏകാധിപത്യബാധ മൂർച്ഛിച്ചത് കോവിഡ് - 19 മഹാവ്യാധിയുടെ കാലത്താണ് എന്നത് ഒട്ടുംയാദൃച്ഛികമല്ല. ഇടതു - വലതുപക്ഷ ഭേദമില്ലാതേയാണ് അമിതാധികാരപ്രയോഗത്തിനറെ ക്ഷുദ്രവൈറസ്സുകൾ ജനജീവിതങ്ങൾക്കുമേൽ അധിനിവേശത്തിനുള്ള സുവർണ്ണാവസരമാക്കി കോവിഡ് കാലത്തെ ഉപയോഗപ്പെടുത്തുന്നത്. സൗജന്യ പദ്ധതികളും പാരിതോഷിക വാഗ്ദാനങ്ങളുംകൊണ്ട് പെരുമഴപെയ്യിച്ച്, പാർട്ടി സംഘടനകളേയും, സമൂഹമനസ്സുകളെയും നിശ്ശബ്ദമാക്കാനുള്ള കാപട്യം ഏകാധിപത്യ വ്യവസ്ഥക്ക് മാത്രം ചേർന്നതാണെന്ന് ഉറക്കെ വിളിച്ച് പറയാനെങ്കിലും ജനസാമാന്യത്തിന് കഴിയേണ്ടതാണ്. അതിനവരെ പ്രാപ്തരാക്കേണ്ട ഇടതുപക്ഷത്തെ 'പ്രാമാണിക ബുദ്ധിജീവി'കളൊക്കെയും ക്ഷുദ്ര വൈറസ് ബാധക്ക് കീഴ്പ്പെട്ട് അധികാരത്തുടർച്ചയുടെ സുവർണ്ണകാലം സ്വപ്നംകാണുന്ന അടിമമനസ്സുകളായി മാറിക്കഴിഞ്ഞുവെന്നതും സാധാരണ ജനങ്ങൾ അറിയേണ്ടതാണ്.

No comments:

Post a Comment