edam
in left perspective

Friday, 5 June 2015

ആം ആദ്മി: ബി. രാജീവന്റെ അഞ്ചു തീസിസ്സുകൾ

എം. പി. ബാലറാം 

ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ (ഫെബ്രുവരി 2015) ആം ആദ്മി പാർട്ടിയുടെ 'വൻ വിജയ'ത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള ബി. രാജീവന്റെ ലേഖനം ('ഗാന്ധി ജയിക്കുന്ന തിരഞ്ഞെടുപ്പുകൾ', മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാർച്ച്‌ 1, 2015) താത്വികവും പ്രായോഗികവുമായ ചില മൗലിക പ്രശ്നങ്ങളുയർത്തുന്നുണ്ട്. സമീപകാല രചനകളിൽ രാജീവൻ അവതരിപ്പിക്കുന്ന ദാർശനികവും രാഷ്ട്രീയവുമായ പരികൽപ്പനകൾ ഈ ലേഖനത്തിലും ആവർത്തിക്കപ്പെടുന്നുണ്ട്. ആം ആദ്മി വിജയത്തിന്റെ പ്രാധാന്യത്തിനുള്ള കാരണങ്ങളായി അഞ്ചു വസ്തുതകളെ ലേഖനത്തിൽ വേർതിരിച്ചു പറയുകയും കൃത്യമായി നിർവ്വചിക്കുകയും ചെയ്തിരിക്കുന്നു. സൌകര്യത്തിന് വേണ്ടി ഇവയെ 'ആം ആദ്മി തീസിസ്സുകൾ' എന്ന് (ആം. ആ. തീ.) ഇവിടെ വിളിക്കുന്നു. ആഗോളീകരണത്തിന്റെയും നവലിബറലിസത്തിന്റെയും പുതിയ വെല്ലുവിളികളെ നേരിടാനെന്ന പേരിൽ സമീപകാല രചനകളിൽ താൻ രൂപീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്ത 'ജൈവരാഷ്ട്രീയം', 'ജനസഞ്ചയം' എന്നീ പരികൽപ്പനകൾ ഉപയോഗിച്ച് ആം ആദ്മി വിജയത്തിന്റെ പ്രാധാന്യം കണ്ടെത്താൻ ശ്രമിക്കുകയാണ്, അഞ്ചു തീസിസ്സുകളിലൂടെ പൊതുവെ ചെയ്യുന്നത്. പശ്ചിമേഷ്യൻ ഭരണകൂടങ്ങൾക്കെതിരെ 'അറബ് വസന്തം' എന്നപേരിൽ പടർന്നു പിടിച്ച പ്രക്ഷോഭപരമ്പരകളെ വിശകലനം ചെയ്തപ്പോളും നവസാമൂഹ്യ ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെട്ട നേഴ്സുമാരുടെ പണിമുടക്കം പോലുള്ള സംഭവഗതികളെ വിശദീകരിക്കേണ്ടി വന്നപ്പോഴും സൈദ്ധാന്തികമായി പ്രസ്തുത പരികല്പ്പനകളെത്തന്നെ രാജീവൻ ആശ്രയിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാഭാവികമായ തുടർച്ചയായി ആം. ആ. തീ. നെയും കാണാവുന്നതാണ്. ഗാന്ധിസത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, മുമ്പത്തെതിന്റെ ആവർത്തനങ്ങളായല്ല, പുതിയ തീസിസ്സുകളിൽ  കടന്നു വരുന്നത്. അരവിന്ദ് കെജ്രിവാളിന്റെ 'സ്വരാജി'ൽ അവതരിപ്പിക്കുന്ന ഗാന്ധിസത്തിന്റെ പ്രത്യയശാസ്ത്രപ്രമാണം, തന്റെയും ആഗോളീകൃതകാലഘട്ടത്തിലെ പ്രതിരോധപ്രസ്ഥാനങ്ങളുടെയാകെയും, പ്രത്യയശാസ്ത്രപ്രമാണമാണെന്ന മട്ടിലാണ് രാജീവന്റെ ലേഖനത്തിൽ പരിഗണിക്കപ്പെടുന്നത്.

അതിശയോക്തിപരങ്ങളായ വാദഗതികളും വ്യാഖ്യാനങ്ങളുമാണ് തീസ്സിസ്സുകളുടെ ന്യായീകരണത്തിന് ഉപയോഗിക്കപ്പെടുന്നത്. ശാസ്ത്രീയമായ വസ്തുനിഷ്ഠതയും സൈദ്ധാന്തിക പിൻബലവും ആവശ്യപ്പെടുന്ന (രാജീവന്റെ രചനകളിൽ നിന്നും പ്രതീക്ഷിക്കുന്ന) ഒരു ലേഖനം അത്യുക്തികളും അതിപ്രശംസകളും കൊണ്ട് ആരംഭിക്കുന്നത് അതിന്റെ ദൗർബ്ബല്ല്യത്തെ കാണിക്കുന്നു. മാർക്സിസത്തിന്റെ സംഘടനാ  ചട്ടക്കൂടുകളിൽ നിന്നും ('സ്റ്റാലിനിസ്റ്റ്") 'കാറ്റഗറി'കളിൽ നിന്നും ഗാന്ധിസത്തിന്റെ 'ജൈവരാഷ്ട്രീയ' ചിന്തയിലേക്കുള്ള 'മധ്യവർഗ്ഗബുദ്ധിജീവിതത്വ' പരിണാമത്തെ, കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ആരംഭം മുതൽ അവസാനം വരെയുള്ള രാജീവന്റെ തീസിസ്സുകളും അനുബന്ധ ഭാഗങ്ങളും. മധ്യവർഗ്ഗവായനാസമൂഹം ആവശ്യപ്പെടുന്ന അസ്ഥിരതകളും, ആയുക്തികളും, അതിവൈകാരികതയും, 'അരാഷ്ട്രീയത'യും ഉദാരമായ അളവുകളിൽ കൂട്ടിക്കലർത്തി നിർമ്മിച്ചെടുത്തതാണ് 'ആം ആദ്മി' തീസിസ്സുകൾ. ആദ്യവാചകം നോക്കുക: "പലകാരണങ്ങളാൽ സ്വാതന്ത്യലബ്ധിക്കു ശേഷം ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ സംഭവിച്ച ഒരു രാഷ്ട്രീയ വഴിത്തിരിവിന്റെ പ്രകടസൂചനയായിത്തന്നെ വിലയിരുത്തപ്പെടാവുന്ന ഒന്നാണ് ഇക്കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കൈവരിച്ച അസാധാരണ വിജയം" (അടിവര എന്റേത്).

രാജീവന്റെ വർത്തമാനകാലചിന്തയുടെ സ്വഭാവത്തെ കൃത്യമായി അടയാളപ്പെടുത്തുകയും നിർവ്വചിക്കുകയും ചെയ്യുന്ന ഒരു പാറ്റെണ്‍ ആദ്യവാക്യത്തിൽ തന്നെ (അടിവരയിട്ട ഭാഗത്തിൽ വിശേഷിച്ചും) ഉരുത്തിരിയുകയും രൂപപ്പെട്ടു വരുകയും ചെയ്യുന്നുണ്ട്. അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ നിന്നും ഇന്റർനെറ്റിനെ ഉപയോഗിച്ചുള്ള നവസാമൂഹ്യമാധ്യമങ്ങളിൽ നിന്നും കടംകൊണ്ട പുതിയ 'വാർത്താമൂല്യ'ബോധമാണ്, വർത്തമാനകാലസംഭവഗതികളുടെ മൂല്യം നിർണ്ണയിക്കുന്നതിൽ രാജീവന് പ്രേരകശക്തിയായി തീരുന്നത്. ചെറുതിനെ വലുതാക്കാനും, വലുതിനെ ചെറുതാക്കാനും ഈ മൂല്യബോധമനുസരിച്ച് നിഷ്പ്രയാസം കഴിയും. പ്രാദേശികതയെ ആഗോളീകൃതവും, ആഗോളീകൃതത്തെ പ്രാദേശികവുമാക്കിത്തീർക്കാം. അപ്രസക്തവും അസംഗതവുമായതിനെ ഊതിവീർപ്പിച്ച് മഹത്തരമാക്കാം. 'മഹാത്തര'മായവയെ നിസ്സാരവുമാക്കാം. കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയജീവിതത്തിനിടയിൽ രാജ്യം നേരിട്ട സംഘർഷങ്ങളുടെയും സങ്കീർണ്ണതകളുടെയും ചരിത്രത്തെ മുഴുവൻ, ഒരു പ്രാദേശിക തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ എഴുതിത്തള്ളാനും 'ചിന്താലാളിത്യ'ത്തിന്റെ പുതിയ കുപ്പായം എടുത്തു ധരിക്കാനും, ബി. രാജീവൻ എന്ന 'മുൻമാർക്സിസ്റ്റി'നു ('നവഗാന്ധിയന്') അധികം ആലോചിക്കേണ്ടതില്ല. നമ്മുടെ കാലത്തെ 'കേരളീയമദ്ധ്യവർഗ്ഗനീതിബോധം' ആവശ്യപ്പെടുന്നത്, ലേഖകൻ ഉദാരമായി അവർക്ക് തീസിസ്സുകളിലൂടെ നല്കുക മാത്രം ചെയ്യുന്നു.

തുടർന്ന് ലേഖനത്തിൽ അവതരിപ്പിക്കുന്ന അഞ്ചു തീസിസ്സുകളെ ഓരോന്നായി നമുക്ക് സൂക്ഷ്മമായി പിന്തുടരാം:

തീസിസ്സ്  ഒന്ന്: ".... കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി സമ്പത്തും അധികാരവും കൈയ്യാളുന്നവർ ജനാധിപത്യത്തിന്റെ പേരിൽ  രാഷ്ട്രീയ പാർട്ടികളായി സംഘടിച്ച്  ഇന്ത്യയിലെ കോടിക്കണക്കായ സാധാരണമനുഷ്യർ (ആം ആദ്മി) ക്ക്  മേൽ വമ്പിച്ച ഒരു ഉദ്യോഗസ്ഥ ശ്രേണിയുടെ അകമ്പടിയോടെ നടത്തിപ്പോന്ന ഭരണത്തിന്റെ അപ്രതിരോധ്യമായ തേർവാഴ്ചയുടെ ചരിത്രത്തിൽ ഈ പുതിയ രാഷ്ട്രീയ പ്രതിഭാസം ഒരു വിള്ളൽ വീഴ്ത്തിയിരിക്കുന്നു എന്നതാണ്"

".... അതായത് ജനങ്ങളെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുന്ന  കാര്യത്തിൽ ഐക്യപ്പെടുന്ന പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ചട്ടക്കൂടുകൾ ഭേദിച്ച് അവകാശങ്ങൾക്ക്  വേണ്ടി ഇത്രയും കാലം ഭരണക്കാർക്കു മുന്നിൽ നീട്ടിപ്പിടിച്ച ഭിക്ഷാപാത്രങ്ങൾ വലിച്ചെറിഞ്ഞു കൊണ്ട് സ്വന്തം അധികാരത്തിന്റെ യാഥാർത്ഥ്യം തിരിച്ചറിയുന്ന സാധാരണ മനുഷ്യർ അധികാരത്തിന്റെ അരങ്ങിലേക്ക് കടന്നു കയറുന്ന ഒരു പുതിയ ജനാധിപത്യരാഷ്ട്രീയത്തിന്റെ ഉദയസൂചനയായി ആം ആദ്മിയുടെ മുന്നേറ്റം മാറിയിരിക്കുന്നു എന്നർത്ഥം" (അടിവര എന്റേത്).

അതിപ്രശംസകളും അമിതഭാഷണങ്ങളും അലങ്കാരചാതുര്യവും ('അപ്രതിരോധമായ തേർവാഴ്ച', 'വിള്ളൽ വീഴ്ത്തിയിരിക്കുന്നു', 'നീട്ടിപ്പിടിച്ച ഭിക്ഷാപത്രങ്ങൾ', 'അധികാരത്തിന്റെ അരങ്ങ് ', 'ജനാധിപത്യരാഷ്ട്രീയത്തിന്റെ ഉദയസൂചന') അതിവൈകാരികതയും കൊണ്ട് നിറം പിടിപ്പിച്ച രാജീവന്റെ 'ആം. ആ. തീ.' (ഒന്ന്) പുതിയ കാലഘട്ടത്തിന് നിരക്കുന്ന എന്ത് രാഷ്ട്രീയമായ ഉൾക്കാഴ്ചയാണ് പുതുതായി നമുക്ക് പകർന്നു നല്കുന്നത്?

മധ്യവർഗ്ഗചിന്തയുടെ രാഷ്ട്രീയ കാപട്യം വെളിവാക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് നിബിഡമാണ്  തീസിസ്സിന്റെ ആഖ്യാനം. ഇവിടെ അനാവരണം ചെയ്യപ്പെടുന്ന ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭൂപടത്തിൽ രണ്ടേ രണ്ട് വിഭാഗങ്ങൾ (വർഗ്ഗങ്ങളല്ല) രണ്ട്  വിരുദ്ധപാളയങ്ങളിലായി വേർതിരിഞ്ഞു നില്ക്കുന്ന സ്ഥിരമായ കാഴ്ചയാണ് ഉള്ളത്. കഴിഞ്ഞ ഏഴു പതിറ്റാണ്ട് കാലമായി 'സമ്പത്തും അധികാരവും കൈയ്യാളുന്നവർ ജനാധിപത്യത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളായി സംഘടിച്ച് ' ഒരു ഭാഗത്തും 'ഇന്ത്യയിലെ കോടിക്കണക്കായ സാധാരണ മനുഷ്യർ' മറുഭാഗത്തും - ഇതിൽ 'രാഷ്ട്രീയ പാർട്ടികളായി സംഘടിച്ചവർ', 'വമ്പിച്ച ഉദ്യോഗസ്ഥ ശ്രേണി'യുടെ അകമ്പടിയോടെ 'കീഴാള' ജനതയ്ക്ക് മേൽ  നടത്തിയ അധികാര ദുർവ്വിനിയോഗത്തിന്  കടിഞ്ഞാണിടാൻ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയം അവസരമൊരുക്കിയിരിക്കുന്നു ! എത്ര ലളിതമാണ് കാര്യങ്ങൾ? 'അവകാശലംഘന'ങ്ങളുടെയും, 'ആയിരക്കണക്കായ സമരങ്ങളുടെയും' 'ലക്ഷക്കണക്കായ ആത്മബലികളുടെയും ആത്മഹത്യകളുടെയും' ചരിത്രത്തെ ഒരു കൈപ്പിഴയെന്നപോലെ മായ്ച്ചു കളയാനും, 'സ്വന്തം അധികാരത്തിന്റെ യാഥാർത്ഥ്യത്തെ' 'സാധാരണ ജനങ്ങൾ' തിരിച്ചറിയാനും ആം ആദ്മി വിജയം കാരണമായിരിക്കുന്നു! 

ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ സ്വാതന്ത്യപ്രാപ്തിയെത്തുടർന്നു ബൂർഷ്വാജനാധിപത്യം നേരിട്ട വെല്ലുവിളികൾ എന്തോക്കെയായിരുന്നെന്നും, സാമ്രാജ്യത്വ - ബൂർഷ്വാ - ഭൂപ്രഭുത്വ - ഫ്യൂഡൽ ശക്തികൾ തമ്മിലുള്ള സന്ധികളും സമരങ്ങളും അതിന്റെ പുരോഗതിയെ തടസ്സപ്പെടുത്തിയത് എപ്രകാരമായിരുന്നെന്നും, വ്യത്യസ്ത സാമ്പത്തിക വർഗ്ഗങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയപാർട്ടികൾ ഇടത് , വലത് , മധ്യവർഗ്ഗനയങ്ങളെ പ്രതിനിധീകരിച്ച് പ്രവർത്തിച്ചതെങ്ങനെയായിരുന്നെന്നും, വിശദീകരിക്കേണ്ട ബാദ്ധ്യത 'ആം ആദ്മി' പരിവർത്തനത്തിന്  വിധേയനായ ശേഷം ബി. രാജീവൻ ഏറ്റെടുക്കേണ്ട കാര്യമില്ല. എന്നാൽ ചരിത്രത്തിലെ ഈ വസ്തുതകളെയെല്ലാം മറന്നു കളയേണ്ടതാണെന്ന ഭാവത്തിൽ, 'ഒഴിഞ്ഞ സ്ലേറ്റിൽ', ആം ആദ്മി തീസിസ്സുകൾ എഴുതാൻ പുറപ്പെടുന്നത്  അത്യന്തം അരോചകവും പരിഹാസ്യവുമായി അനുഭവപ്പെടും എന്ന് മാത്രമേ പറയുന്നുള്ളൂ. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നതും, (വാഗ്ദാനം ചെയ്യാതെ) നിശബ്ദത പാലിക്കുന്നതുമായ ജനകീയാവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി 'ജനങ്ങൾ നടത്തിയ ആയിരക്കണക്കായ സമരങ്ങൾ' സംഘടിപ്പിച്ചതും 'ലക്ഷക്കണക്കായ ആത്മബലി'കൾക്ക്  വേദിയൊരുക്കിയതും ഒളിവിലും തെളിവിലും പ്രവർത്തിച്ച രാഷ്ട്രീയ പാർട്ടികൾ തന്നെയായിരുന്നുവെന്നത്  യാഥാർത്ഥ്യമാണ് . സാധാരണ ജനങ്ങളെ പ്രാഥമികമായ പൌരബോധത്തിൽ നിന്ന് , വർഗ്ഗബോധത്തിലേക്കും രാഷ്ട്രീയബോധത്തിലേക്കും വഴിതെളിയിച്ചത്  വർഗ്ഗ - ബഹുജന - രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്നുവെന്ന സത്യം നിഷേധിക്കാനാവാത്തതാണ്.

പുരോഗമന - ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പക്ഷത്തും, ബൂർഷ്വാ - പ്രതിലോമ പ്രസ്ഥാനങ്ങളുടെ പക്ഷത്തുമായി വേർതിരിഞ്ഞു നിൽക്കുകയാണ്  രാജീവൻ അവമതിപ്പോടെ അകറ്റിനിർത്തുന്ന 'രാഷ്ട്രീയപാർട്ടി'കളുടെ വർഗ്ഗം. 'ഭിക്ഷാപാത്രവുമായി പിച്ചതെണ്ടുന്ന' അടിമമനസ്ഥിതിക്കാരുടെ അവസ്ഥയിൽ നിന്ന്, വർഗ്ഗബോധവും, സ്വതന്ത്രചിന്തയും, രാഷ്ട്രീയപ്രബുദ്ധതയും ആർജ്ജിക്കുന്ന അവസ്ഥയിലേക്കുള്ള 'സാധാരണ ജനങ്ങ'ളുടെ പരിണാമത്തിന് , രാഷ്ട്രീയ പാർട്ടികളോടാണ് ബൂർഷ്വാ ജനാധിപത്യം കടപ്പെട്ടിരിക്കുന്നത്. പ്രാഥമികമായ ഈ നീതിബോധം, ജനാധിപത്യം എല്ലാ പാർട്ടികളിൽ നിന്നും വ്യക്തികളിൽ നിന്നും ഒരു പോലെ ആവശ്യപ്പെടുന്നുണ്ട്.

രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കിയുള്ള ഒരു രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച്  സ്വപ്നം കാണുകയാണ്  'ആം. ആ. തീ.' ചെയ്യുന്നത്. വൈരുദ്ധ്യങ്ങളുടെയും സങ്കീർണ്ണതകളുടെയും
കലവറയാണ്  ബൂർഷ്വാജനാധിപത്യം. വിഭിന്നവർഗ്ഗതാല്പര്യങ്ങൾ ഇവിടെ സമരസപ്പെടുകയും, സമരത്തിലേർപ്പെടുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ ദിശ നിർണ്ണയിക്കുന്നത്  ഈ സമരങ്ങളിലൂടെയും സന്ധികളിലൂടെയുമാണ്. രാഷ്ട്രീയബോധമാർജ്ജിച്ച സാധാരണ ജനങ്ങളാണ്, ജനാധിപത്യത്തിന്റെ ചാലകശക്തി. 'ആം ആദ്മി' പാർട്ടിയുടെ കാലത്തോട് കൂടിയാണ് 'സാധാരണ ജനങ്ങൾ' രാഷ്ട്രീയബോധം ആർജ്ജിച്ചത്  എന്ന വിധത്തിൽ തീസിസ്സു കുറിക്കുന്നതിന് യാതൊരു നീതീകരണവുമില്ല. 'ചരിത്ര'ത്തോടും ബൂർഷ്വാ ജനാധിപത്യത്തോടും കാട്ടുന്ന വഞ്ചനയായിരിക്കും അത്. 'ജനാധിപത്യ'ത്തിന്റെ സംരക്ഷകരെന്ന് നടിക്കുകയും, അതിന്റെ അഭേദ്യഭാഗമായ 'പരമ്പരാഗതവും' 'പാരമ്പര്യേതര'വുമായ പാർട്ടികളെ തള്ളിപ്പറയുകയും ചെയ്യുന്നതിനെയാണ്  രാഷ്ട്രീയകാപട്യം എന്ന് വിളിക്കുന്നത്‌.

രാജീവന്റെ തീസിസ്സുകളിൽ ശ്രദ്ധാപൂർവ്വമുള്ള അശ്രദ്ധയോടെ ഒഴിവാക്കുകയും താമസ്ക്കരിക്കുകയും ചെയ്യുന്ന പദാവലികളും പരികൽപ്പനകളും എന്തൊക്കെയാണെന്നത്  ഈ രാഷ്ട്രീയ കാപട്യത്തെ ഒന്ന് കൂടി പ്രത്യക്ഷമാക്കുന്നുണ്ട്. 'വർഗ്ഗബോധം', 'വർഗ്ഗരാഷ്ട്രീയം', 'വർഗ്ഗസംഘടന', വർഗ്ഗസമരം', 'വർഗ്ഗസാഹോദര്യം', - ഇതെല്ലാം ഒഴിവാക്കപ്പെടേണ്ട 'സ്റ്റാലിനിസ്റ്റ്' കാറ്റഗറിയിൽ പെട്ട 'ക്ലാസ്സിക്കൽ മാർക്സിസ'ത്തിന്റെ പദാവലികലാണ്. പഴകിയ കുപ്പായങ്ങൾ വലിച്ചെറിയുന്ന ലാഘവത്തിലാണ് (പാമ്പ് ഉറയൂരുന്നത് പോലെ എന്ന്  പറയുന്നത്  പാമ്പിന്റെ 'സ്വാധികാര'ത്തെ പരിഹസിക്കലാവും) 'കേരളീയമാർക്സിസ്റ്റു ബുദ്ധിജീവിത'ങ്ങൾ, ആശയപ്രമാണങ്ങൾ ഉപേക്ഷിക്കുന്നത്. ഇന്നലെ ഒരു വി. സി. ശ്രീജൻ, ഇന്ന് ബി. രാജീവൻ!

തീസിസ്സ്  രണ്ട് : ".... നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ പുതുജീവൻ ആർജ്ജിച്ച്‌  അപ്രതിരോധ്യമെന്ന പ്രതീതി സൃഷ്ടിച്ച്  കൊണ്ട്  ഇന്ത്യൻ രാഷ്ട്രീയത്തിൽ അശ്വമേധത്തിനിറങ്ങിയ ഹിന്ദുത്വരാഷ്ട്രീയത്തിന്റേതു ജീവനില്ലാത്ത ഒരു പോയ്ക്കുതിരയാണെന്ന്  തെളിയിക്കാൻ ഈ തെരഞ്ഞെടുപ്പ്  സാധാരണ ജനങ്ങൾക്ക്‌  അവസരം നല്കി എന്നതാണ്"

തുടർന്ന്  ഹിന്ദുമത രാഷ്ട്രീയത്തിന്  സ്വാധീനം ഉറപ്പിക്കാൻ കഴിയാത്തതിന്  അടിസ്ഥാനപരമായ കാരണങ്ങൾ, രാജീവൻ വിശദീകരിക്കുന്നുണ്ട്. വിചിത്രമായ ന്യായവാദങ്ങളാണ് , അവതരിപ്പിക്കുന്നത്‌: "ഇന്ത്യൻ ജനജീവിതത്തിന്റെ ശക്തികൾക്കും സിദ്ധികൾക്കും ആധാരമായ വിശ്വാസവൈവിദ്ധ്യത്തിന്റെയും ആചാരബഹുലതയുടെയും പരസ്പരസംക്രമണങ്ങ (Becomings) ളുടെ സൂക്ഷ്മജീവിതമേഖലകളെ നശിപ്പിച്ച് മാത്രമേ ആധുനിക മതരാഷ്ട്രീയത്തിന്  വേരുറപ്പിക്കാൻ കഴിയൂ."

ഈ വിഷയത്തെക്കുറിച്ചുള്ള വാദഗതി സമാഹരിക്കപ്പെടുന്നത് ഇപ്രകാരമാണ്: ".... അതായത്  ഭരണകൂടപരമാധികാര കേന്ദ്രീകരണത്തിന്റെ നഗ്നരൂപമായ ഫാസിസത്തെ മാതൃകയാക്കുന്ന ബി. ജെ. പി. യെപ്പോലും തളയ്ക്കാൻ പോന്ന ജനസഞ്ച (Multitude) രാഷ്ട്രീയത്തിന്റെ വോട്ടുകൾ."

ജാതി - മത - ഗോത്ര - ദേശ - വംശ - വർഗ്ഗങ്ങളായി വേർതിരിക്കപ്പെട്ട ഇന്ത്യൻ ജനജീവിതത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും, അതിന്റെ ശക്തിദൗർബല്യങ്ങളെ കുറിച്ചുമുള്ള അജ്ഞതയിൽ നിന്ന് മാത്രമേ ഇത്തരം അഭിപ്രായങ്ങൾ പൊട്ടിപ്പുറപ്പെടുകയുള്ളൂ. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ മാത്രം മുൻനിർത്തി, 'ഫാസിസം പോയ്ക്കുതിര'യാണെന്ന്  തീസിസ്സിലൂടെ സിദ്ധാന്തിക്കും മുൻപ് വസ്തുതകൾ കണ്‍‌തുറന്നു കാണാൻ തയ്യാറാവേണ്ടതുണ്ട്.

ദൽഹി അസംബ്ലിയിലേക്ക്  2013ൽ നടത്തിയ തെരഞ്ഞെടുപ്പിൽ എഴുപതിൽ 28 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തിയ ആം ആദ്മി പാർട്ടി 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റും നേടാതെപോയത് , സൈദ്ധാന്തികമായി എന്ത് കാരണങ്ങൾ കൊണ്ടാണെന്ന് കണ്ടെത്താൻ രാജീവന് പണിപ്പെടേണ്ടി വരും. വീണ്ടും 2015ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ എഴുപതിൽ 67 സീറ്റുകൾ നേടി (54.3% വോട്ടുകൾ) ആം ആദ്മി ഒന്നാം സ്ഥാനത്തെത്തിയപ്പോഴും മൂന്നു സീറ്റുകൾ മാത്രം നേടിയ ബി. ജെ. പി. ക്ക്  32.2 ശതമാനം വോട്ടുകൾ നേടാനായത്, 'ജീവനില്ലാത്ത പൊയ്ക്കുതിര'യാണെന്നതിന്റെ തെളിവായി രാജീവൻ കാണുമോ? മാസങ്ങളുടെയും ദിവസങ്ങളുടെയും (ചിലപ്പോൾ മണിക്കൂറുകളുടെയും) വ്യത്യാസത്തിനു ചാഞ്ചാടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയബോധവും രാഷ്ട്രീയാഭിപ്രായങ്ങളും സാമ്രാജ്യത്വാധിനിവേശത്തിനും (ആഗോളീകൃത സാമ്രാജ്യത്വത്തിന്  പ്രത്യേകിച്ചും) ഫാസിസത്തിനും വളക്കൂറുള്ള മണ്ണാണൊരുക്കുന്നതെന്ന് തിരിച്ചറിയാൻ 'മധ്യവർഗ്ഗ'ബോധത്തിൽ നിന്ന് 'വർഗ്ഗരാഷ്ട്രീയ'ബോധത്തിലേക്ക്‌ നമ്മുടെ എഴുത്തുകാർ 'സ്വയം പുതുക്കിപ്പണിയാൻ' തയ്യാറാവേണ്ടി വരും.

'ഇന്ത്യൻ ജനജീവിതത്തിന്റെ ശക്തികൾക്കും സിദ്ധികൾക്കും ആധാരമായ വിശ്വാസവൈവിദ്ധ്യത്തിന്റെയും ആചാരബഹുലതയുടെയും പരസ്പരപരസംക്രമണങ്ങ
(Becomings) ളുടെ സൂക്ഷ്മജീവിതമേഖലക'ളിൽ (രാജീവന്റെ തന്നെ പ്രയോഗം) ആഴത്തിൽ വേരുകൾ പടർത്തിയാണ് ജാതി - മത - വംശ - സ്വത്വരാഷ്ട്രീയം ശക്തിയാർജ്ജിക്കുന്നത് എന്നത് ഒരു വിരോധാഭാസമാണ്. ഫാസിസത്തെ സ്വയം ('വിശ്വാസവൈവിദ്ധ്യങ്ങൾ', 'ആചാരബഹുലതകൾ') പ്രതിരോധിക്കുമെന്നു രാജീവൻ കരുതുന്ന ഇന്ത്യൻ സമൂഹമനസ്സ്, അതേ ഫാസിസത്തെ വരവേൽക്കാനും പൂവിട്ടു പൂജിക്കാനും തയ്യാറാവുന്നു എന്ന വൈരുദ്ധ്യമാണ്  നാം ഇന്ന്  യഥാർത്ഥത്തിൽ നേരിടുന്നത്. ആധുനിക ജനാധിപത്യം ആവശ്യപ്പെടുന്ന 'പ്രബുദ്ധത'യെ 'പാശ്ചാത്യ'മായ ആശയമാക്കി കണക്കാക്കി നിരാകരിക്കുകയാണ് രാജീവൻ. പകരം പൌരസ്ത്യമായ ആചാരവൈചിത്ര്യങ്ങളെയും വിശ്വാസ വൈവിദ്ധ്യങ്ങളെയും പുരോഗമനപരങ്ങളായി സ്വീകരിക്കുകയും ചെയ്യുന്നു. 'ആം.ആ. തീ.' നെത്തന്നെ മറയാക്കി ഫാസിസ്റ്റ് ആശയങ്ങൾക്ക് ജാതി - മത - ഗോത്ര വർഗ്ഗ മനസ്സുകളിൽ യഥേഷ്ടം വ്യാപരിക്കാവുന്നതാണ്. 'ആം.ആ.തീ' കൾക്ക്  ആന്റി തീസിസ്സ് ചമക്കുന്നതിലാവും ഇത്  പുരോഗമന മനസ്സുകളെ കൊണ്ട് ചെന്നെത്തിക്കുക!

തീസിസ്സ്  മൂന്ന് : ".... മൂന്നാമത്തെ കാരണം വികസനത്തിന്റെ പേരിൽ ആഗോള കോർപ്പറേറ്റ്  ഭീമന്മാർക്ക് മനുഷ്യനേയും പ്രകൃതിയെയും കൊള്ളയടിക്കാൻ വിട്ടുകൊടുക്കുന്ന ഭരണക്കാർക്കെതിരെ ഇന്ത്യയിൽ എമ്പാടും വിവിധരീതികളിൽ നടന്നു വരുന്ന ഭാവിയെന്തെന്നറിയാത്ത വലുതും ചെറുതുമായ ജനങ്ങളുടെ ചെറുത്തുനിൽപ്പുകൾക്ക്  സാധാരണമനുഷ്യരുടെ ഈ രാഷ്ട്രീയജനവിധി പ്രത്യാശ പകരുന്ന ഒന്നായി മാറിയിരിക്കുന്നു എന്നതാണ്."


ആഗോളീകൃത നയപരിപാടികളുമായും നവലിബറലിസത്തിന്റെ ആശയപ്രമാണങ്ങളുമായും സന്ധി ചെയ്യുന്ന ആം ആദ്മി പാർട്ടിക്ക്, ആഗോളകോർപ്പറേറ്റ്  ഭീമന്മാർക്കെതിരെ സന്ധിയില്ലാസമരം  നടത്തുന്ന ജനങ്ങളെ എങ്ങനെ രക്ഷിക്കാനാവും? ആഗോളകോർപ്പറേറ്റുകളുടെ ഉദാരമായ സംഭാവനകളെ, ന്യായമായ സാമ്പത്തിക സ്രോതസ്സുകളെന്ന മട്ടിൽ കണ്ട്  സ്വീകരിക്കുന്ന ഒരു പാർട്ടിയുടെ നേതൃത്വത്തിൽ 'നവമുതലാളിത്ത ആഗോളവത്കരണത്തിനെതിരെ നീങ്ങുന്ന വിമോചകമായ ഒരു എതിർ ആഗോളവത്കരണ (counter globalisation) ത്തിന്റെ ദിശയിലേക്കുള്ള രാഷ്ട്രീയചലനം' (രാജീവന്റെ വാക്കുകൾ) ഉണ്ടാകുമെന്ന് സ്വപ്നം കാണുന്നത് എങ്ങനെയാണ്?

തീസിസ്സ്  നാല്: ".... നാലാമതായി പറയാവുന്ന കാരണം ഇത്  ബി. ജെ. പി. ഒഴികെയുള്ള എല്ലാ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെയും  പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം സ്വയം കണ്ടെത്താൻ പ്രേരിപ്പിക്കുന്ന ഒരാത്മപരിശോധനയിലേക്ക് നയിച്ചേക്കാം എന്നതും അതിന്റെ ഫലമായി അവയുടെ പരസ്പരബന്ധസമവാക്യങ്ങൾ തന്നെ മാറിപ്പോയേക്കാം എന്നതുമാണ്‌."

ഇടതുപക്ഷ പാർട്ടികളുടെ ഭാവിയെക്കുറിച്ച്  ഇങ്ങനെയൊരു 'ദീർഘദർശന'ത്തിലാണ്  തീസിസ്സ് നാല് അവസാനിക്കുന്നത്:
"എന്നാൽ വർത്തമാനലോകയാഥാർത്ഥ്യങ്ങളെ വിലയിരുത്തുന്നതിലും സംഘടനാസങ്കൽപ്പത്തിലും പഴയ സ്റ്റാലിനിസ്റ്റ്  കാറ്റഗറികളിൽ നിന്നും മുക്തിനേടാൻ ഈ പാർട്ടികൾക്ക്  ഇനിയും കഴിഞ്ഞിട്ടില്ല. അതിനാൽ ഈ സാഹചര്യത്തിൽ സ്വയം പരിവർത്തിക്കാനുള്ള ധീരമായ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നുല്ലെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ അവയ്ക്ക് ഭാവിതന്നെയില്ല എന്ന നിലവന്നിരിക്കുന്നു."

ഏതാണ്ട്  ഒരു ശാപവചനത്തിന്റെ സ്വഭാവത്തിലുള്ളതാണ്  അവസാനവാക്യം. ഇടതുപക്ഷ പാർട്ടികൾ, സംഘടനാപരമായും ആശയപരമായും ഒരു 'ആം ആദ്മിവല്ക്കരണ'ത്തിന്  തയ്യാറാകണമെന്ന്  തീസിസ്സ്  എഴുത്തുകാരൻ നിഷ്ക്കളങ്കമായി ആഗ്രഹിക്കുന്നുണ്ടാവുമോ? 'വർഗ്ഗരാഷ്ട്രീയ'മെന്ന കാഴ്ചപ്പാടും, 'വര്ഗ്ഗസംഘടന'കളുടെ 'സ്റ്റാലിനിസ്റ്റ്' ചട്ടക്കൂടുകളും, 'വർഗ്ഗസമര'മെന്ന മൂർച്ചയുള്ള ആയുധവും അടിയറ വെക്കുന്നതോടെ ആഗോളീകൃതവ്യവസ്ഥ ഒരുക്കുന്ന മറ്റൊരു കണ്ണാടിക്കൂട്ടിൽ, (ആം ആദ്മി പാർട്ടിക്ക്  തുല്യം) കമ്മ്യൂണിസ്റ്റ്‌ പാർട്ടികളേയും കാഴ്ചവസ്തുക്കളാക്കി മാറ്റിത്തീർക്കാം എന്ന്, രാഷ്ട്രീയവിവേകമുള്ള ആരെങ്കിലും ഇന്ന്  പ്രത്യാശിക്കുമോ? 'ജൈവരാഷ്ട്രീയ'വല്ക്കരണത്തിന്റെയും 'ജനസഞ്ചയത്വ'ത്തിന്റെയും പരീക്ഷണത്തിന്‌  വിധേയമായി, ആം ആദ്മി പാർട്ടി, ഇതെഴുതി പൂർത്തിയാക്കുമ്പോഴേക്കും, പൊട്ടിച്ചിതറുന്നതിന്റെ വാർത്തകളാണ്  ഡൽഹിയിൽ നിന്നും ലഭിക്കുന്നത്. 'സ്വയംപരിവർത്തിക്കാനുള്ള ധീരമായ പരീക്ഷണ'ത്തിൽ 'ഭാവി ഇല്ലാതാവുന്നത്' ആർക്കാണെന്ന്  അധികം കാത്തിരിക്കാതെ അറിയാനാവും.

'അഞ്ചാമത്തെ തീസിസ്സ്' എന്ന്, ഇവിടെ പ്രത്യേകം വിശേഷിപ്പിക്കുന്ന പ്രസ്താവമാണ് യഥാർത്ഥത്തിൽ രാജീവന്റെ ഇന്നത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്താണെന്ന് വ്യക്തമായി കാട്ടിത്തരുന്നത്. മുൻപ് പറഞ്ഞ നാല്  തീസിസ്സുകൾക്കും "ആസ്പദമായ ഒരടിസ്ഥാന രാഷ്ട്രീയ യാഥാർത്ഥ്യം" എന്തെന്ന് ഇതിലൂടെ വിശദമാക്കുന്നു. അതിനാൽ 'തീസിസ്സുകളുടെ തീസിസ്സ് ' എന്നും ഇതിനെ വിളിക്കാവുന്നതാണ്. 'കേരളീയ മദ്ധ്യവർഗ്ഗ ബുദ്ധിജീവിതത്വം' പുതുതായി കണ്ടെത്തിയ രാഷ്ട്രീയ 'ഗുരുത്വകേന്ദ്രം' ഗാന്ധിസത്തിന്റെതാണ്:

തീസിസ്സ്  അഞ്ച് : ".... അത് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ആം ആദ്മി പാർട്ടിയുടെ ഈ വിജയം കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെക്കാലമായി നിർവ്വീര്യമാക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്ത ഗാന്ധിയൻ ജനകീയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉയിർത്തെഴുന്നേൽപ്പിന്റെ ശക്തമായ സൂചന നല്കുന്നു എന്നതാണ്"

അതിവൈകാരികതയുടെയും അതിവാചാലതയുടെയും ഭാഷാശൈലി മാറ്റി മാറ്റി ഉപയോഗിച്ച് , തന്റെ ചിന്താപരമായ ദാരിദ്ര്യത്തെ മറച്ചുവെക്കാൻ പണിപ്പെടുകയാണ്  രാജീവൻ. അരവിന്ദ്  കേജ്രിവാളിനെപ്പോലുള്ള മധ്യവർഗ്ഗ കോർപ്പറേറ്റ് ബുദ്ധിജീവികൾക്ക് , 'നിഷ്കളങ്ക'മായി ഗാന്ധിയൻ ജനാധിപത്യ സങ്കൽപ്പമെന്തെന്നു വിശദമാക്കുന്ന 'ഗ്രന്ഥരചന'യിൽ മുഴുകാം. അത്ര നിസ്സാരമായതാണോ ബി. രാജീവനെപ്പോലുള്ള ഒരെഴുത്തുകാരന്റെ മാർക്സിസത്തിൽ നിന്ന്  ഗാന്ധിസത്തിലേക്കുള്ള പരിണാമത്തിന്റെ പ്രശ്നം?

സ്വാതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും ഗാന്ധിസവുമായി ആശയതലത്തിലും പ്രായോഗികതലത്തിലും ഉണ്ടായ നിരന്തരസംവാദങ്ങൾ, സംഘർഷങ്ങൾ, സന്ധികൾ, സമരങ്ങൾ - ഇവയിലൂടെയെല്ലാം പരിണമിച്ചുണ്ടായതാണ്  കേരളീയ ഇടതുപക്ഷ - കമ്മ്യൂണിസ്റ്റ്‌  സമൂഹവും, അതിന്റെ മനസ്സും. ഗാന്ധിയൻ സങ്കൽപ്പത്തിലുള്ള വ്യക്തി, കുടുംബം, ധാർമ്മികത, സ്നേഹബന്ധം, അഹിംസാസിദ്ധാന്തം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയമീമാംസ - ഇവയെക്കുറികുറിച്ചെല്ലാം സ്ഥൂലമായും സൂക്ഷ്മമായും ഗ്രഹിക്കാൻ ചരിത്രം കേരളത്തിന്‌ നിരവധി അവസരങ്ങൾ നല്കിയിട്ടുണ്ട്. അരവിന്ദ്  കേജ്രിവാളിന്റെ "സ്വരാജ്" (ആം ആദ്മി മാനിഫെസ്റ്റൊ) വായിച്ചും, അതിൽ നിന്നുള്ള രാജീവന്റെ ദീർഘമായ ഉദ്ധരണികൾ കണ്ടു ബോദ്ധ്യപ്പെട്ടും, അതിവൈകാരികതയുടെയും വാചാലതയുടെയും ഭാഷാശൈലി കൊണ്ട് മനസ്സ്  മാറിയും, ഇടതുപക്ഷ - കമ്മ്യൂണിസ്റ്റ്‌  ബോധത്തെ 'ആം ആദ്മിവല്ക്കരണ'ത്തിന്  വിധേയമാക്കാനാവില്ല. 

"മാർക്സ്, എംഗൽസ് , സ്പിനോസ, അല്തുസ്സർ, നെഗ്രി, ദെലേസ് , ഗത്താരി, ഫ്യൂക്കോ ---> ഗാന്ധി." മന്ത്രജപത്തിന്റെ (വിശ്വാസികൾ പൊറുക്കുക) ലാഘവത്തോടെ വ്യത്യസ്തചിന്തകളെ ഉപയോഗിക്കാനും ഉപേക്ഷിക്കാനും, ആവശ്യം കഴിഞ്ഞാൽ കാഴ്ചവസ്തുവാക്കി മാറ്റാനും, ആവശ്യത്തിനനുസരിച്ച്  തീസിസ്സുകൾ മാറ്റിയെഴുതാനും നമ്മുടെ 'ബുദ്ധിജീവി'കൾക്ക്‌  എല്ലാ സ്വാതന്ത്ര്യവും സൌകര്യവും സമൂഹം ഉദാരമായി നല്കുന്നുണ്ട്. അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച്  സമൂഹവും മാറും എന്ന് പ്രതീക്ഷിക്കാതിരുന്നാൽ മാത്രം മതി. മാത്രമല്ല, വർത്തമാനകാല സന്ദർഭത്തിൽ ഇത്തരം ബുദ്ധിജീവികളെ, കോർപ്പറേറ്റ് രാഷ്ട്രീയത്തിന്റെ 'കാഴ്ചപ്പണ്ട'ങ്ങളായിക്കണക്കാക്കി സമൂഹം കൃത്യമായി തിരിച്ചറിഞ്ഞാൽ അവരെ നമുക്ക് കുറ്റം പറയാനാവില്ല.

(സമയം മാസിക, കണ്ണൂർ 2015 മെയ്‌  ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)