എം. പി. ബാലറാം
ഒന്ന്
‘സമകാലിക മലയാള
കവിതയുടെ രാഷ്ട്രീയ’ത്തെക്കുറിച്ചുള്ള എന്‍. പ്രഭാകരന്‍റെ ലേഖനം (അകം മാസിക, 2015
ജൂലൈ) വാസ്തവവിരുദ്ധവും അരാഷ്ട്രീയവുമായ സങ്കല്പ്പനങ്ങളുടെ അടിസ്ഥാനത്തില്‍
രചിക്കപ്പെട്ടതാണ്1. അതാരംഭിക്കുന്നത് ഇങ്ങനെയാണ്: “ആധുനികാനന്തര മലയാള
കവിതയില്‍ രണ്ടു രീതിയിലാണ് രാഷ്ട്രീയം പ്രത്യക്ഷപ്പെടുന്നത്. ഒന്ന്, പ്രാന്തവല്‍കൃത
ജീവിതങ്ങളുടെ ആവിഷ്കാരത്തിലൂടെ. മറ്റൊന്ന്, രാജ്യത്തെ രാഷ്ട്രീയാനുഭവങ്ങളോടും
പോതുപ്രശ്നങ്ങളോടുമുള്ള പ്രതികരണമെന്ന നിലയില്‍. രാഷ്ട്രീയാനുഭവങ്ങള്‍ എന്നതിന്
മിക്കവാറും ഇടതുപക്ഷവുമായി ബന്ധപ്പെട്ട പ്രത്യക്ഷ രാഷ്ട്രീയാനുഭവങ്ങള്‍ എന്ന്
മാത്രം അര്‍ത്ഥം കല്‍പ്പിച്ചിട്ടുള്ള കവികളാണ് കുഞ്ഞപ്പ പട്ടാന്നൂരും ഉമേഷ് ബാബു
കെ. സി.യും. ഇടതുപക്ഷ രാഷ്ട്രീയത്തിന് കേരളത്തില്‍ നല്ല വേരോട്ടമുണ്ടായിട്ടും
എന്ത് കൊണ്ട് ഈ കവികള്‍ക്ക് വിപുലമായ ജനകീയാംഗീകാരം കൈവരിക്കാന്‍ ആയില്ല എന്ന
ചോദ്യത്തിന് ഉത്തരം തിരയുമ്പോഴാണ് മലയാളത്തിലെ രാഷ്ട്രീയ കവിതയുടെ പല പ്രധാന
പരിമിതികളും വെളിപ്പെടുക.”
യാഥാര്‍ത്ഥ്യത്തിനു
നിരക്കാത്ത മൂന്ന് പ്രസ്താവനകള്‍, ആരംഭത്തിലുള്ള ഒറ്റ ഖണ്ഡത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്:
1. സമകാലിക കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകളില്‍, ‘ആധുനികത’യുടെയും
‘ആധുനികാനന്തരത’യുടെ ഘട്ടവിഭജനതിനുള്ള പ്രസക്തി എന്താണ്? വര്‍ത്തമാന സമൂഹവുമായി
കവിതയുടെ രാഷ്ട്രീയത്തെ ബന്ധപ്പെടുത്താതെയും, ഭൂതകാല ചരിത്രത്തിന്‍റെ തുടര്‍ച്ചയും
വികാസവുമായി (വിച്ഛേദമായും) ഇന്നത്തെ അവസ്ഥ മാറുന്നതെങ്ങനെയെന്ന്
വ്യക്തമാക്കാതെയും ‘സമകാലിക കവിതയുടെ രാഷ്ട്രീയ’ത്തെ നിരൂപണം ചെയ്യാന്‍
പുറപ്പെടുന്നതെങ്ങനെയാണ്? കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി രാഷ്ട്രീയ പോരാട്ടത്തിന്‍റെ
മൂര്‍ച്ചയുള്ള ആയുധമായി കവിതയെ ഉപയോഗിച്ച് വരുന്ന കുഞ്ഞപ്പ പട്ടാന്നൂരിനും, നാല്
പതിറ്റാണ്ടുകളായി രാഷ്ട്രീയ കവിതയുടെ പാരമ്പര്യം പിന്തുടരുന്ന ഉമേഷ്‌ബാബുവിനും,
‘ആധുനികത’യുടെയും ‘ആധുനികാനന്തരത’യുടെയും കാലഗണനകൊണ്ടെന്ത് കാര്യം? ‘ആധുനികാനന്തരത’യുടെ
മുദ്ര അവരുടെ കവിതക്കുമേല്‍ പതിപ്പിക്കുന്നത്, വിപരീതഫലം മാത്രമേ
ഉണ്ടാക്കുകയുള്ളൂ. 2. കുഞ്ഞപ്പ പട്ടാന്നൂരും ഉമേഷ് ബാബുവും അവരുടെ കവിതകളില്‍
‘രാഷ്ട്രീയാനുഭവങ്ങള്‍ എന്നതിന് മിക്കവാറും പ്രത്യക്ഷ രാഷ്ട്രീയാനുഭവങ്ങള്‍ എന്ന്
മാത്രം അര്‍ത്ഥം കല്‍പ്പിച്ചിട്ടുള്ള കവികളാണ്’ എന്ന കണ്ടെത്തലിന് എന്താണടിസ്ഥാനം?
നാളിതുവരെയുള്ള അവരുടെ രചനകള്‍, ഇത് സാധൂകരിക്കുകയില്ല2. ഉപരിപ്ലവമായ
ഒരു വായന കൊണ്ട് പോലും ബോധ്യപ്പെടുന്ന ഈ സംഗതി, പ്രഭാകരന് നിരൂപണം കുറിക്കുന്നതിന്
മുമ്പ് തോന്നാത്തത് അത്ഭുതകരമാണ്. 3. ‘ഈ കവികള്‍ക്ക് വിപുലമായ ജനകീയാംഗീകാരം
കൈവരിക്കാന്‍ ആയില്ല’ എന്നത് പ്രഭാകരന്‍റെ ബോധ്യമായും വിശ്വാസമായും മാത്രം
കണക്കാക്കി, കടന്നുപോകാന്‍ നമുക്കാവില്ല. കുഞ്ഞപ്പ പട്ടാന്നൂരിന്‍റെയും ഉമേഷ്
ബാബുവിന്‍റെയും രാഷ്ട്രീയകവിതകളുടെ ജനകീയാംഗീകാരം കണക്കാക്കാന്‍ പ്രഭാകരൻ ഉപയോഗിച്ച മാനദണ്ഡം എന്താണ്? വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ എണ്ണമാണോ? പ്രസാധകരുടെയും
നിരൂപകരുടെയും സ്തുതിവചനങ്ങളാണോ? നേടിയ പുരസ്ക്കാരങ്ങളോ ഔദ്യോഗിക സ്ഥാനമാനങ്ങളോ
കൊണ്ടാണോ? കഴിഞ്ഞ നാല് പതിറ്റാണ്ടിലധികം കാലമായി പൊതുവേദികളില്‍ കവിതയെന്ന
മാധ്യമത്തിലൂടെ ജനങ്ങളുമായി നേര്‍ക്ക്‌നേരെ സംവദിച്ചുവരുന്ന കവികളെ
വിലയിരുത്തുന്നതിന് മുന്‍പ് വസ്തുതകളോടും ചരിത്രയാഥാര്‍ഥ്യത്തോടും കുറേക്കൂടി
സത്യസന്ധത കാട്ടേണ്ട ഉത്തരവാദിത്തം നിരൂപകനുണ്ട്.
രാഷ്ട്രീയാനുഭവങ്ങളെ,
ലേഖനാരംഭത്തില്‍ ‘പ്രത്യക്ഷ’മെന്നും ‘പരോക്ഷ’മെന്നും വേര്‍തിരിച്ച് കാട്ടുന്നതില്‍
തന്നെ സത്യസന്ധതയില്ലായ്മയുണ്ട്. ലേഖനത്തില്‍ ഉന്നയിക്കുന്ന വാദഗതികളുടെയെല്ലാം
അടിസ്ഥാനമായിത്തീരുന്നത്, ഈ വേര്‍തിരിവാണ്. സമകാലിക മലയാള കവിതയുടെ
രാഷ്ട്രീയത്തെക്കുറിച്ചുള്ള നിരൂപണത്തില്‍ ‘പ്രത്യക്ഷരാഷ്ട്രീയ’മെന്നും
‘പരോക്ഷരാഷ്ട്രീയ’മെന്നുമുള്ള വിഭജനം അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഒട്ടും
നിഷ്കളങ്കമായല്ല.
‘പ്രത്യക്ഷ
രാഷ്ട്രീയാനുഭവങ്ങളെ’ക്കുറിച്ച് കവിതയെഴുതിപ്പോന്നവരെയും – കുഞ്ഞപ്പ
പട്ടാന്നൂരിനെയും ഉമേഷ് ബാബുവിനെയും – പരോക്ഷ രാഷ്ട്രീയം വിഷയമാക്കിയ
ആധുനികാനന്തര ‘പുതുകവി’കളെയും തമ്മില്‍ താരതമ്യം ചെയ്യലാണ്, പ്രഭാകരന്‍റെ ലേഖനം
അനുഷ്ഠിക്കുന്ന മുഖ്യ ‘നിരൂപണ ധര്‍മ്മം’. ആദ്യത്തേതിന് മാറ്റ് കുറവ്.
രണ്ടാമത്തേതിന്, മാറ്റ് കൂടുതല്‍. രാഷ്ട്രീയത്തിന്‍റെ ബാലപാഠത്തിനു പോലും
നിരക്കാത്ത ഒരു വിഷയ വിഭജനം കൃത്രിമമായി നിര്‍മ്മിചെ്ചടുത്തതും അതുപയോഗിച്ച്
കവിതയെ മൂല്യനിര്‍ണ്ണയം ചെയ്തതും കുടിലമായ ഉദ്ദേശ്യത്തോടെയാണെന്ന് നിരൂപണത്തിന്‍റെ
കണ്ടെത്തലുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ്
പ്രഭാകരന്‍ സ്വന്തമായി നടത്തുന്ന രാഷ്ട്രീയ കവിതാ പരീക്ഷയുടെ വിധിയെ അന്തിമമായി
നിര്‍ണ്ണയിക്കുന്നത്! പ്രതിലോമപരമായും തികച്ചും ആരാഷ്ട്രീയമായും എഴുതപ്പെട്ട
പുതുരചനകളെപ്പോലും ‘വിജയപ്പട്ടിക’യില്‍ ഉള്‍പ്പെടുത്താനും3, അങ്ങേയറ്റം
പ്രതിബദ്ധതയോടെയും രാഷ്ട്രീയബോധ്യത്തോടെയും എഴുതപ്പെട്ട പോരാട്ട കവിതയുടെ
പതിറ്റാണ്ടുകളുടെ പാരമ്പര്യത്തെ നിസ്സാരവല്‍ക്കരിക്കാനും4
അവസരമൊരുക്കുകയാണ് പ്രഭാകരന്‍റെ ‘നിരൂപണ പ്രബന്ധം’.
‘പ്രത്യക്ഷ
രാഷ്ട്രീയ’പക്ഷ കവിതയുടെ മാറ്റ് കുറയാനുള്ള കാരണങ്ങള്‍ ലേഖനത്തില്‍
നിരത്തുന്നുണ്ട്. കുഞ്ഞപ്പ പട്ടാന്നൂരിന്‍റെയും ഉമേഷ് ബാബുവിന്‍റെയും കവിതകളുടെ
‘വൈകല്യ’ങ്ങളും ‘പരിമിതികളും’ വിവരിക്കുന്ന സന്ദര്‍ഭത്തില്‍, അവരുടെ
രചനാലോകത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അജ്ഞത നിഷ്കളങ്കമായി
പ്രകടിപ്പിക്കപ്പെടുന്നുണ്ട്. പ്രഭാകരന്‍റെ സ്വന്തം വാക്കുകളില്‍ തന്നെ
ന്യായവാദങ്ങള്‍ കേള്‍ക്കേണ്ടാതാണ്: 1. “യഥാര്‍ത്ഥ ജനജീവിതത്തില്‍ നിന്ന്
അനുഭവങ്ങള്‍ സ്വീകരിക്കുന്നതിന് പകരം മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സാംസ്കാരിക
വേദികളില്‍ ചര്‍ച്ചക്ക് വന്ന കാര്യങ്ങളും രാഷ്ട്രീയ മുഖമുള്ള സാംസ്കാരിക വിമര്‍ശനങ്ങളും
രാഷ്ട്രീയ സംഭവങ്ങളോടുള്ള തങ്ങളുടെ പ്രതികരണങ്ങളുമൊക്കെയാണ് അവര്‍ കവിതയ്ക്ക്
വിഷയമാക്കിയത്.” (അടിവര എന്‍റെത്)
“(അവര്‍) ലോകത്തെ
നോക്കിക്കണ്ടത് തങ്ങള്‍ പ്രത്യേകമായ കൂറ് പുലര്‍ത്തുന്ന രാഷ്ട്രീയ കക്ഷിയുടെ
നയപരിപാടികളുടെ ഉയര്‍ന്ന മതില്‍ക്കെട്ടിന്‍റെ നിഴലില്‍ നിന്നായിരുന്നു.” 2. “പുതിയ
കാവ്യഭാഷ സ്വീകരിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ കവികള്‍ കാണിച്ച അലംഭാവം
കടുത്തതായിരുന്നു. കേവല വാചാലതയിലേക്ക് ചായുന്ന പ്രസംഗഭാഷയും ആവര്‍ത്തനം
കൊണ്ട് അസുഖകരമായി തോന്നാവുന്ന അലങ്കാരഭാഷയും ഇടകലരുന്ന ഒരു രചനാരീതിയാണ് അവര്‍
ഏറിയ കൂറും സ്വീകരിച്ചത്.” 3. “... പുതിയ കാലത്തോടും ജീവിതത്തോടും അവയെ
വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളോടും കാലപ്പഴക്കം അനുഭവപ്പെടുന്ന
പ്രത്യയശാസ്ത്രശാഠ്യത്തോടെ ആവര്‍ത്തിച്ച് എതിരിടുകയല്ലാതെ അവയെ യാഥാര്‍ത്ഥ്യ ബോധത്തോടെ
മനസ്സിലാക്കാനും അവയോടു സര്‍ഗ്ഗാത്മകമായി പ്രതികരിക്കാനും ഈ കവി (കുഞ്ഞപ്പ
പട്ടാന്നൂര്‍) ശ്രമിക്കുന്നേയില്ലല്ലോ എന്ന് വായനക്കാരില്‍ വളരെയേറെ പേര്‍ പലവട്ടം
ആലോചിച്ചിട്ടുണ്ടാവാനാണ് സാധ്യത.”
ഒറ്റവാക്കില്‍
പറഞ്ഞാല്‍ ‘പാര്‍ട്ടിക്കൂറും’5, ‘പ്രത്യയശാസ്ത്രശാഠ്യ’വും, ‘വാചാലമായ’
‘പ്രസംഗഭാഷ’യുമാണ് ‘പ്രത്യക്ഷരാഷ്ട്രീയ’പക്ഷത്ത് നിലയുറപ്പിച്ച കവിതയുടെ
ദൂഷ്യങ്ങള്‍. ‘പരോക്ഷരാഷ്ട്രീയപക്ഷ’ത്തിന്‍റെ കവിതയുടെ ഉറവിടങ്ങള്‍ ഏതാണ്?
പ്രഭാകരന് അതിനോട് പ്രത്യേകമായ ആഭുമുഖ്യം തോന്നാന്‍ കാരണമെന്താണ്? “...
കക്ഷിരാഷ്ട്രീയവുമായി ബന്ധമില്ലാത്തതുമായ വിഷയങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന
ഒട്ടുവളരെ കവിതകള്‍ മലയാളസാഹിത്യത്തിലുണ്ട്. അവയിലെ രാഷ്ട്രീയം പക്ഷെ
പഠിക്കപ്പെടാറില്ല. രാഷ്ട്രീയം എന്നതിന് ജീവിതത്തിന്‍റെ നാനാമേഖലകളുടെയും
പ്രത്യക്ഷ തലങ്ങളില്‍ മാത്രമല്ല വ്യക്തികളുടെ വൈകാരിക ജീവിതങ്ങളിലും മൂല്യ സങ്കല്‍പ്പങ്ങളിലും
അഭിരുചികളിലുമെല്ലാം സംഭവിക്കുന്ന സംഘര്‍ഷങ്ങളും വ്യതിയാനങ്ങളും പരിണാമങ്ങളും
എന്ന് കൂടി അര്‍ത്ഥമുള്ള നിലക്ക് കവിതയുടെ സൂക്ഷ്മവായനയില്‍ മാത്രം വെളിപ്പെടുന്ന
രാഷ്ട്രീയവും ചര്‍ച്ചക്കെടുക്കേണ്ടാതാണ്.”
‘കക്ഷിരാഷ്ട്രീയ’വുമായി
ബന്ധമില്ലായ്മ, സാമൂഹ്യാനുഭവങ്ങള്‍ക്ക് പകരം ‘വ്യക്തി’കേന്ദ്രിത അനുഭവങ്ങളിലുള്ള
ഊന്നല്‍, ‘സൂക്ഷ്മവായന’യില്‍ മാത്രമുള്ള വെളിപ്പെടല്‍ - പ്രഭാകരന്‍റെ
നിരീക്ഷണത്തില്‍ ‘പരോക്ഷരാഷ്ട്രീയപക്ഷ’ത്തുള്ള കവിതയുടെ സമകാലിക പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍
ഇതൊക്കെ മതിയായ കാരണങ്ങളാണ്.
പോരാത്തതിന് അയഥാര്‍ത്ഥമായ
രാഷ്ട്രീയ വേര്തിരിവിന് (പ്രത്യക്ഷം/പരോക്ഷം) ചേരുന്ന വിധത്തിലുള്ള ഒരു സാങ്കല്‍പ്പിക
‘വായനാസമൂഹത്തെ’യും നിരൂപണം വിഭാവനം ചെയ്യുന്നുണ്ട്. ‘ഉണ്ടാക്കിയെടുക്കുക’യും
ചെയ്യുന്നുണ്ട്. പ്രത്യക്ഷ രാഷ്ട്രീയനുഭവങ്ങളെയും, അതെക്കുറിച്ച് എഴുതുന്ന കവിതകളെയും
ഇഷ്ടപ്പെടാത്തവരാണിവര്‍. ‘വ്യക്തികേന്ദ്രിത’മായ ‘പരോക്ഷ രാഷ്ട്രീയ കവിത’കളോടാണ്
അവരുടെ ആഭിമുഖ്യം – ലേഖനം സങ്കല്‍പ്പിക്കുന്നു.
“... പാര്‍ട്ടിക്ക്
പുറത്ത് നില്‍ക്കുന്നവര്‍ക്ക് സ്വാഭാവികമായും ഇത്തരം കാര്യങ്ങളില്‍ ഒരു
പരിധിക്കപ്പുറം താല്പര്യം തോന്നുകയില്ല.” “സ്വാഭാവികമായും വായനാസമൂഹം അവരെ
(പ്രത്യക്ഷ രാഷ്ട്രീയ കവികളെ, ഇവിടെ പ്രത്യേകിച്ചും കുഞ്ഞപ്പ പട്ടാന്നൂരിനെയും
ഉമേഷ് ബാബുവിനെയും തന്നെ) തങ്ങളുടെ ഭാഷയിലെ പുതുകവിതയുടെ പ്രതിനിധിയായി
അംഗീകരിച്ചില്ല.”
“... വായനാസമൂഹത്തില്‍
മഹാഭൂരിപക്ഷവും രാഷ്ട്രീയം സാഹിത്യബാഹ്യമായ ഒരു വിഷയമായിരിക്കണം എന്ന
നിലപാടില്‍ അല്പം മുന്‍പേ തന്നെ എത്തിച്ചേര്‍ന്ന് കഴിഞ്ഞിരുന്നു.” “... പത്രവാര്‍ത്തകളിലും
ചാനല്‍ ചര്‍ച്ചകളിലും പ്രത്യക്ഷപ്പെടുന്ന വിഷയങ്ങളുമായി രക്തബന്ധമുള്ള സംഗതികള്‍
കവിതയിലോ നോവലിലോ വരരുത് എന്ന കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ട്.” “അവര്‍ക്കൊക്കെയുള്ള
(പരോക്ഷ രാഷ്ട്രീയ കവികള്‍ക്ക്) സാമാന്യം വിപുലമായ സമ്മതിക്ക് പിന്നില്‍
അവരുടെ രചനകള്‍ രാഷ്ട്രീയത്തിലെ അധികാര കേന്ദ്രങ്ങളുമായി ഇടയുകയോ ചിന്താലോകത്ത്
വലിയ സംഘര്‍ഷങ്ങളുണ്ടാക്കുകയോ ചെയ്യുന്നില്ല എന്ന വാസ്തവം കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.”
തികച്ചും
ആത്മനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളെ പിന്തുടരുന്ന ഒരു ‘വായനാസമൂഹ’ത്തിന്‍റെയും രാഷ്ട്രീയ
കവിതകളോടുള്ള അവരുടെ സാങ്കല്‍പ്പിക പ്രതികരണങ്ങളുടെയും മിത്തുകളെ ഇപ്രകാരം
സൃഷ്ടിചെ്ചടുക്കേണ്ടത് വാസ്തവവിരുദ്ധമായും അരാഷ്ട്രീയമായും എഴുതപ്പെടുന്ന ‘നിരൂപണ
രചന’കളുടെ ആവശ്യമാണ്. എങ്കില്‍ മാത്രമേ പ്രബന്ധത്തില്‍ പരിതപിക്കുന്ന തരത്തില്‍ “കക്ഷിരാഷ്ട്രീയ
വ്യവഹാരങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന” നമ്മുടെ രാഷ്ട്രീയ ബോധത്തെയും
രാഷ്ട്രീയാധിഷ്ഠിത സാഹിത്യനിരൂപണത്തെയും ‘മാറ്റിത്തീര്‍ക്കാന്‍’ കഴിയുകയുള്ളു! ‘നമുക്ക്
രാഷ്ട്രീയ പക്വത കൈവരിക്കാന്‍’ വേണ്ടിയുള്ള വഴിയാണ് ലേഖനം നിര്‍ദേശിക്കുന്നത്.
ആത്യന്തികമായി ‘പ്രത്യക്ഷരാഷ്ട്രീയാനുഭവങ്ങളെ’
കാവ്യവിഷയമാക്കി, ‘പാര്ട്ടിക്കൂറോടെ’, ‘പ്രത്യയശാസ്ത്രശാഠ്യം’ നിലനിര്‍ത്തി കവിതയെഴുതിപ്പോരുന്നവരോട്
(അത്തരത്തില്‍ പെട്ടവരെന്നു താന്‍ സങ്കല്‍പ്പിക്കുന്നവരോട്), അവരില്‍ തന്നെ
പേരെടുത്തു പറയുന്ന രണ്ടേ രണ്ട് പേരോട് വ്യക്തിപരമായ കണക്കു തീര്‍ക്കലായി ഈ
പ്രബന്ധത്തെ കരുതാനാവുമോ? തനിക്കു താല്‍പ്പര്യം തോന്നാത്തതിനെയെല്ലാം നിസ്സാരവല്‍ക്കരിക്കാനും
വികലീകരിക്കാനുമുള്ള ലേഖകന്‍റെ ശ്രമങ്ങളെ വര്‍ഗ്ഗപരവും രാഷ്ട്രീയവുമായ യഥാര്‍ത്ഥ ഉദ്ദേശലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ നമുക്ക് വിലയിരുത്താനും എതിരിടാനും
കഴിയുകയുള്ളു. ‘അയഥാര്‍ത്ഥ’വും ‘അരാഷ്ട്രീയവു’മെന്നു തോന്നിപ്പിക്കുന്ന ലേഖനത്തിലെ
വീക്ഷണത്തിന്‍റെ യഥാര്‍ത്ഥ ഉദ്ദേശവും രാഷ്ട്രീയ ലക്ഷ്യവുമെന്താണ്?
6. ചിലിയന്‍ കവിയായ നിക്കൊനാര്‍ പാറയുടെ ‘അകവിത’യെ മാതൃകാപരമായി പ്രഭാകരന്‍ അവതരിപ്പിക്കുന്നുണ്ട്. ‘രാഷ്ട്രീയ’വുമായി ചേര്‍ന്ന് പോവുന്ന പ്രതിരോധത്തിന്‍റെയും ആക്രമണത്തിന്‍റെയുംഭാഷ പട്ടാന്നൂര്‍ കവിതയില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ പ്രഭാകരന്‍ എന്തിന് അസ്വസ്ഥനാകണം?
രണ്ട്
സമകാലിക മലയാള
കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രഭാകരന്‍റെ നിരൂപണലേഖനത്തില്‍, ഒരിക്കല്‍പ്പോലും
കടന്ന് വരാത്ത ഒരു പ്രതിഭാസമാണ് ‘ചരിത്രം’. കവിതയെയും രാഷ്ട്രീയത്തെയും
ബന്ധപ്പെടുത്തിയുള്ള പ്രബന്ധത്തിലെ ചര്‍ച്ചകളില്‍ നിന്ന് ചരിത്രം
ഒഴിവാക്കപ്പെടുന്നത് എന്ത് കൊണ്ടാണ്? ‘മാര്‍ക്സിസ്റ്റു കക്ഷി രാഷ്ട്രീയ’ത്തെയും ‘പ്രത്യയശാസ്ത്രശാഠ്യ’ത്തെയും
പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ലേഖനത്തില്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്ന
പദരൂപങ്ങളെയും പ്രയോഗങ്ങളെയുമെല്ലാംസൂക്ഷ്മമായി തിരിച്ചറിയേണ്ടത് ആവശ്യമാണ്: ‘വര്‍ഗ്ഗം’,
‘വര്‍ഗ്ഗരാഷ്ട്രീയം’, ‘വര്‍ഗ്ഗസമരം’, ‘വര്‍ഗ്ഗസാഹോദര്യം’, ‘വര്‍ഗ്ഗപരമായ അസമത്വം’,
കുഞ്ഞപ്പ പട്ടാന്നൂരിന്‍റെയും ഉമേഷ് ബാബുവിന്‍റെയും കവിതകളെക്കുറിച്ചുള്ള
നിരീക്ഷണങ്ങളില്‍ ഒരിക്കലും പരാമര്‍ശിക്കപ്പെടാത്ത പദാവലികളാണ് ഇവ. ‘പുതുകവിത’യെക്കുറിച്ച്
തുടര്‍ന്ന് വരുന്ന ചര്‍ച്ചയിലാകട്ടെ അധികാര രാഷ്ട്രീയവും, സ്വത്വരാഷ്ട്രീയവും,
ദളിത് രാഷ്ട്രീയവും, സ്ത്രീവാദ രാഷ്ട്രീയവും, സൂക്ഷ്മ രാഷ്ട്രീയവുമെല്ലാം
ഉദാരമായി കടന്ന് വരികയും ചെയ്യുന്നു.
‘വര്‍ഗ്ഗം’ നമ്മുടെ
സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. വര്‍ഗ്ഗപരമായ അസമത്വം
തീവ്രയാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്ന കാലത്തോളം ‘വര്‍ഗ്ഗ രാഷ്ട്രീയ’ത്തിന്‍റെയും
വര്‍ഗ്ഗസംഘടനകളുടെയും ആയുധങ്ങള്‍ ധരിച്ചല്ലാതെ, അമൂര്‍ത്തവും സാങ്കല്‍പ്പികവുമായ
രൂപങ്ങളില്‍ രാഷ്ട്രീയത്തിന് കടന്ന് വരാന്‍ കഴിയില്ല. വര്‍ഗ്ഗപരമായ അനേകം
വൈരുദ്ധ്യങ്ങളും അവ തമ്മിലുള്ള നിരന്തര സംഘര്‍ഷങ്ങളും സമൂഹത്തില്‍ ഇന്നും
തുടരുന്നു. സ്ഥിരവും നിശ്ചിതവുമായ എന്തിനെയും അസ്ഥിരവും അനിശ്ചിതവുമാക്കിത്തീര്‍ക്കുന്ന
അവസ്ഥകളെയാണ് കവിതയുൾപ്പെടെയുള്ള എല്ലാ സര്‍ഗ്ഗാത്മകരചനകളും നേരിടേണ്ടി
വരുന്നത്. ചലനാത്മകവും വൈരുദ്ധ്യാത്മകവുമായ ഒരു പ്രതിഭാസമായി രാഷ്ട്രീയത്തെ
പരിഗണിക്കാന്‍ തയ്യാറാവാതിരിക്കുമ്പോള്‍, അതൊരു ജഢവസ്തുവും, കവിതക്ക് അലങ്കാരവും
മാത്രമായി പരിമിതപ്പെട്ടുപോകുന്നു. വര്‍ഗ്ഗപരമായ അസമത്വവും, വിമോചന
പ്രത്യയശാസ്ത്രങ്ങളും തീവ്രപ്രശ്നങ്ങളായി നേരിടാതിരിക്കുമ്പോള്‍, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും
സങ്കല്പ്പനങ്ങളുമാണ് രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നതെന്ന തോന്നലുണ്ടാകുന്നു. പ്രത്യക്ഷം
x പരോക്ഷം, സ്ഥൂലം x സൂക്ഷ്മം, സമൂഹം x വ്യക്തി ഇങ്ങനെയുള്ള വിപരീത ദ്വന്ദ്വങ്ങളെ
കൃത്രിമമായി ഉണ്ടാക്കിയെടുത്താണ് മധ്യവര്‍ഗ്ഗരാഷ്ട്രീയം അതിനിടയിലൊരു ഒളിത്താവളം
കണ്ടെത്തുന്നത്. ‘കാലപ്പഴക്കം’ വന്ന ‘പ്രത്യയശാസ്ത്രങ്ങളെ’യും വര്‍ഗ്ഗ സംഘടനാ
രൂപങ്ങളെയും കൈയ്യോഴിച്ച് പ്രഭാകരന്‍റെ രാഷ്ട്രീയ ചിന്തകള്‍ അവിടെയാണ് ഒടുവില്‍
എത്തി ചേര്‍ന്നിരിക്കുന്നത്. ആശാന്‍റെയും, വള്ളത്തോളിന്‍റെയും, ജി. യുടെയും,
ചങ്ങമ്പുഴയുടെയും, ഇടശേ്ശരിയുടെയും, വൈലോപ്പിള്ളിയുടെയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിന്
വിലങ്ങുതടിയാവാതിരുന്ന പ്രത്യയശാസ്ത്രപ്രമാണങ്ങളും സംഘടനാ’മതില്‍ക്കെട്ടുകളും’,
കുഞ്ഞപ്പ പട്ടാന്നൂരിനെയും ഉമേഷ് ബാബുവിനെയും പോലുള്ള സമകാലികര്‍ക്ക് തടസ്സങ്ങളായിതീരുന്നുവെന്നു
ഇന്ന് വിലയിരുത്തേണ്ടി വരുന്നത് അത് കൊണ്ടാണ്. മധ്യവര്‍ഗ്ഗ അവസരവാദവും അതിന്‍റെ
അസ്ഥിരചിന്തകളും, നമ്മുടെ സമകാലിക എഴുത്തുകാരെ അങ്ങനെ പറയാനാണ് നിര്‍ബന്ധിക്കുന്നത്.
അവര്‍ അത് അനുസരണയോടെ നിറവേറ്റുന്നു.
കുറിപ്പുകള്‍
1. ‘അകം’ ലേഖനത്തിന് പുറമെ സമകാലിക കവിതയെക്കുറിച്ചുള്ള പ്രഭാകരന്‍റെ രണ്ട്
നിരൂപണങ്ങള്‍ ഗ്രന്ഥലോകം, സമയം എന്നീ മാസികകളില്‍ അടുത്ത കാലത്ത്
പ്രസിദ്ധീകരിച്ചിട്ടുണ്ട് (‘പലതായി മാറുന്ന മലയാള കവിത’, ഗ്രന്ഥലോകം 2015 ജൂണ്‍, ‘സമകാലിക
മലയാള കവിതയിലെ ജനാധിപത്യവല്‍ക്കരണം’, സമയം മാസിക 2015 ജൂണ്‍). ഒരേ വിഷയത്തെക്കുറിച്ച്
തന്നെ മൂന്നിടത്ത് മൂന്ന് സ്വരങ്ങളില്‍ പ്രഭാകരന്‍ എഴുതുന്നുണ്ട്. ഈ ലേഖനത്തിന്‍റെ
പരിധിയില്‍ അതുകൊണ്ട് മുഴുവനായി അവ പരിഗണിക്കപ്പെടുന്നില്ല. ‘അകം’ ലേഖനം മാത്രം
ഇവിടെ ചര്‍ച്ച ചെയ്യുന്നു.
2. നമ്മുടെ ‘രാഷ്ട്രീയ കവിത’യെക്കുറിച്ച് പൊതുവെയും കുഞ്ഞപ്പ പട്ടാന്നൂരിന്‍റെ
കവിതകളെക്കുറിച്ച് പ്രത്യേകിച്ചും ഉന്നയിക്കപ്പെട്ടിട്ടുള്ള ആക്ഷേപമാണ് പ്രഭാകരന്‍റെ
ലേഖനത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത്. കവിതകളെ ഗൗരവപൂര്‍വ്വം പരിഗണിക്കാന്‍
തയ്യാറാവാതെ പ്രതിലോമപക്ഷത്ത് നിന്നുണ്ടാവുന്ന പരിഹാസങ്ങളും ആരോപണങ്ങളും
മനസ്സിലാക്കാന്‍ വിഷമമില്ല. പ്രഭാകരനെപ്പോലുള്ള ഒരെഴുത്തുകാരനിലൂടെ പ്രതിലോമപക്ഷ
വിമര്‍ശനങ്ങള്‍ ഇന്ന് വീണ്ടും ആവര്‍ത്തിക്കുന്നത് ഒട്ടും സുഖകരമായ അനുഭവമല്ല.
കുഞ്ഞപ്പ പട്ടാന്നൂരിന്‍റെ കവിതാലോകത്തെ സമഗ്രമായി നോക്കിക്കാണാനും
മനസ്സിലാക്കാനുമുള്ള ശ്രമം എന്‍റെ ‘കുഞ്ഞപ്പ പട്ടാന്നൂര്‍: കനലുകള്‍ കുരുതികള്‍
രക്തസാഹോദര്യങ്ങള്‍’ എന്ന പുസ്തകത്തില്‍ (കോറസ് കണ്ണൂരിര്‍, 2015 ഓഗസ്റ്റ്).
3. കവിതയിലെ ബഹുസ്വരതയെയും ജനാധിപത്യത്തെയും ഉത്സവമേളയാക്കി കൊണ്ടാടുന്ന
ഗ്രന്ഥലോകം, സമയം മാസികകളിലെ പ്രഭാകരന്‍റെ ലേഖനങ്ങളിലും ‘ശ്രദ്ധേയരായ’
പുതുകവികളുടെ നീണ്ടപട്ടികയുണ്ട്. ഒന്നോ രണ്ടോ കല്‍പ്പനകളും, ഈരടികളും, നാടോടി
ഭാഷതനിമകളും ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോകുന്നതല്ലാതെ, ആഴത്തില്‍ ഒന്നും ചര്‍ച്ച
ചെയ്യുന്നില്ല. ‘പുതുകവിത’ അതിന്‍റെ തന്നെ സ്വഭാവത്തിനനുസരിച്ചുള്ള,
തോട്ടുതലോടുന്ന ഇത്തരം വിമര്‍ശനങ്ങളെയാണ് വളര്‍ത്തിയെടുക്കുന്നത്. അതാത്
കവിതാസമാഹാരങ്ങളുടെ അവതാരികകളായും, പിന്‍കുറിപ്പുകളായും പുറപ്പെടുവിച്ച
അഭിപ്രായപ്രകടനങ്ങളെ, ആധികാരികവിമര്‍ശനമെന്ന മട്ടില്‍ പ്രഭാകരന്‍ ലേഖനങ്ങളില്‍
ഉദ്ധരിച്ചു ചേര്‍ത്തിട്ടുമുണ്ട്.
4. മലയാളത്തിലെ രാഷ്ട്രീയപോരാട്ട കവിതകളില്‍ ക്ലാസ്സിക് മാതൃകകളായ കുഞ്ഞപ്പ
പട്ടാന്നൂരിന്‍റെ ഒറ്റ കവിത പോലും പ്രഭാകരന്‍റെ ലേഖനത്തില്‍ ഓര്‍മ്മിക്കപ്പെടുന്നില്ല.
ബാലപംക്തികവിതകളും, കൗമാരരചനകളും ഉദാഹരിച്ച് നിസ്സാരവല്‍ക്കരിക്കാന്‍ ബോധപൂര്‍വ്വം
ശ്രമിക്കുകയും ചെയ്യുന്നു.
5. കഴിഞ്ഞകാലങ്ങളില്‍ കുഞ്ഞപ്പ പട്ടാന്നൂര്‍ രചിച്ച അസംഖ്യം കവിതകള്‍, പ്രഭാകരന്‍റെ
ഈ ആരോപണത്തെ ശരിവെക്കില്ല. കവിത ‘പാര്‍ട്ടി ഭക്തി’യുടെ മാധ്യമമല്ലെന്നും കവിതയുടെ
ശിരസ്സ് എന്നും ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും കുഞ്ഞപ്പപട്ടാന്നൂര്‍
കവിതകളിലൂടെ നടത്തിയ സ്വയം വിമര്‍ശനങ്ങളും, സംവാദങ്ങളും തെളിയിക്കും.
6. ചിലിയന്‍ കവിയായ നിക്കൊനാര്‍ പാറയുടെ ‘അകവിത’യെ മാതൃകാപരമായി പ്രഭാകരന്‍ അവതരിപ്പിക്കുന്നുണ്ട്. ‘രാഷ്ട്രീയ’വുമായി ചേര്‍ന്ന് പോവുന്ന പ്രതിരോധത്തിന്‍റെയും ആക്രമണത്തിന്‍റെയുംഭാഷ പട്ടാന്നൂര്‍ കവിതയില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ പ്രഭാകരന്‍ എന്തിന് അസ്വസ്ഥനാകണം?