edam
in left perspective

Sunday, 29 March 2020

'വൈറസ്കാല' വിചാരങ്ങൾ

കോവിഡ്-19 - നിലപാട് മാറ്റങ്ങൾക്കുള്ള സുവർണാവസരം 

 

എം. പി. ബാലറാം



കോവിഡ്-19 , നിലപാട് മാറ്റങ്ങൾക്കുള്ള സുവർണാവസരമായി ഇടത് പക്ഷത്തെ നമ്മുടെ സുഹൃദ് 'ബുദ്ധിജീവി'ക്കും (സമാനമനസ്കർക്കും) അനുഭവപ്പെട്ടു തുടങ്ങിയോ? യുദ്ധത്തിലെന്നപോലെ വൈറസ് പ്രതിരോധത്തിലും പ്രത്യേക നീതിയാണെന്ന് അവർക്ക് തോന്നിത്തുടങ്ങിയോ?അങ്ങനെ സങ്കല്പിക്കുന്നതിൽ പാപമില്ലെന്ന് സ്വന്തം മനസ്സാക്ഷിയോട് പറയാനും അതിനെ ബോദ്ധ്യപ്പെടുത്താനും അത്ര എളുപ്പത്തിൽ അവർക്ക് സാധിക്കുമോ? നാളിതുവരെ പറഞ്ഞതും എഴുതിയതും മുഴുവൻ ഒറ്റദിവസം കൊണ്ട് ഒരു ദുസ്സ്വപ്നമായി എഴുതിത്തള്ളാൻ അവരെ വായിക്കുകയും വിശ്വസിക്കുകയും ചെയ്തവരോട് തുറന്നു പറയാൻ നമ്മുടെ സുഹൃദ് 'ബുദ്ധിജീവിക്കും' ആ ജനുസ്സിലുള്ള മറ്റുള്ളവർക്കും കഴിയുമോ? ഇന്ന് കാണാനിടയായ ഡോക്ടർ ആസാദിന്റെ ഒരു എഫ്.ബി.പോസ്റ്റാണ് അടിസ്ഥാനപരമായ ചില വീണ്ടു വിചാരങ്ങളിലേക്ക് നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത് (https://www.facebook.com/1759766787/posts/10207457501873270?sfns=mo).

'കേരളത്തിന്റെ പ്രതിരോധത്തിനും ആത്മവിശ്വാസത്തിനും ഇപ്പോൾ പിണറായി വിജയൻ എന്ന ഒറ്റ നാമം' - ഡോ.ആസാദ് ആരംഭിക്കുന്നത് തന്നെ 'നാമജപ'ത്തൊടെയാണ്. അത് അദ്ദേഹത്തിന്റെയും നമ്മുടെയും  പ്രയത്നത്തെ ഏറെ ലഘൂകരിക്കുന്നുണ്ട്. സ്വന്തം മോക്ഷത്തിന് താൻ കണ്ടെത്തിയ മാർഗ്ഗമേതെന്ന് സംശയലേശമില്ലാതെ തുടക്കത്തിൽത്തന്നെ  വ്യക്തമാക്കപ്പെടുന്നു. മുൻവിധികളൊന്നുമില്ലാത്ത ഈ തുറന്നു പറച്ചിൽ എല്ലാ സിദ്ധാന്തശാഠ്യങ്ങളെയും പഴന്തുണിപോലെ ഊരിയെറിയാൻ നമ്മോടാവശ്യപ്പെടുന്നുണ്ട് - 'സമാനമനസ്കർ'ക്ക് മാത്രം വേഗംമനസ്സിലാകുന്ന ഭാഷയിൽ. നമുക്കിത് മനസ്സിലാക്കാൻ എളുപ്പത്തിൽ കഴിയില്ല. ഉടുതുണി ഉരിഞ്ഞു കളയുന്നതും സ്വയം നഗ്നമാവുന്നതും പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരിൽ ന്യായികരിക്കപ്പെട്ടുകൊള്ളുമെന്ന് 'മദ്ധ്യവർഗ്ഗബുദ്ധിജീവി'ക്ക് സമാധാനിക്കാൻ അവകാശമുണ്ട്. താൻകണ്ടെത്തിയ നൂതന'മോക്ഷബിംബ'ത്തെ പ്രാപിക്കാൻ, പുതിയ സ്വർഗ്ഗംകണ്ടെത്താൻ,  'ഒറ്റ നാമജപം'  ആസാദിനെ തുണയ്ക്കുമാറാകട്ടെ! നമുക്ക് ആശംസിക്കുക!

പക്ഷെ, പ്രശ്നം മറ്റൊന്നാണ്.  ആസാദിന്റെ 'വൈറസ്കാല' വിചാരങ്ങളെയാകെ മറവി  ഒരു മൂടലായിവന്ന് മൂടിയിട്ടുണ്ട്. താൻമുമ്പ് പറഞ്ഞതും ചെയ്തതും ഓർക്കാൻ കഴിയാത്ത അവസ്ഥയിൽ എല്ലാ മറവിരോഗികളെയും പോലെ അദ്ദേഹം എഴുതിയതിലാകെ വിഭ്രാന്തിയുടെ, ദിശാബോധം നഷ്ടപ്പെട്ടവന്റെ, നിലവിളി നിശ്ശബ്ദമായി പതിഞ്ഞിരിക്കുന്നത്  വായിക്കാൻ കഴിയുന്നുണ്ട്.

വിഭ്രാന്തിയുടെയും ദിശാബോധം നഷ്ടപ്പെട്ടവന്റെയും നിലവിളിശബ്ദം ഏറ്റവും ഉച്ചത്തിൽ ലോകവ്യാപകമായി ഇന്ന് പ്രക്ഷേപിക്കുന്നത്  സാമ്രാജ്യത്വ ആഗോളീകൃതശക്തികളാണെന്നത് ഒരു വിരോധാഭാസമാണ്. ആഗോളീകൃതവികസനത്തിന്റെ അജണ്ട നടപ്പിലാക്കാൻ ലോകത്തെ പങ്കിട്ടെടുത്തവരാണ് കോവിഡ്-19 സൃഷ്ടിക്കുന്നസർവ്വനാശത്തെക്കുറിച്ച് വിലപിക്കുന്ന ത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി വികസിത-അവികസിത വ്യത്യാസമില്ലാതെ ലോകത്തെങ്ങും പൊതുജനാരോഗ്യമേഖലയെ തകർത്തില്ലാതാക്കിയ ഭരണാധികാരശക്തികളാണ് പെട്ടെന്നൊരു ദിനത്തിൽ പകർച്ചവ്യാധി പടരുന്നതിന്റെയും ചികിത്സാ സൗകര്യങ്ങളില്ലാതെ ആളുകൾ കൂട്ടത്തോടെ മരിച്ചുപോകുന്നതിന്റെയും പേരിൽ ഉച്ചത്തിൽ നിലവിളി ശബ്ദം ഉയർത്തുന്നത്; വൈറസ്ബാധയെ യുദ്ധസമാനമെന്ന് വിശേഷിപ്പിച്ച്  എതിരായവിമർശനങ്ങളെ  മുളയിൽത്തന്നെ നശിപ്പിക്കാൻ ഒരുങ്ങുന്നത്. ഇന്നത്തെ ദുരന്തം വരുത്തിവെച്ച ശക്തികൾക്കെതിരെ ലോകമെങ്ങും അസ്വസ്ഥതകളും അസംതൃപ്തിയും പെരുകി വരുന്നു. ഡോണാൾഡ് ട്രമ്പിനും ബോറിസ് ജോൺസണും എതിരെ അതാത് രാജ്യങ്ങളിലെ പ്രതിപക്ഷം ഉയർത്തുന്ന വെല്ലുവിളികളെ സമചിത്തതയോടെ സ്വീകരിക്കാൻ നമുക്ക് മടിയില്ല. മൃത്യുതാണ്ഡവത്തിനിടയിലും  ഈ  മാർച്ച് മാസം 25 മുതൽ ഇറ്റലിയിലെ തൊഴിലാളി യൂണിയനുകൾ സ്വന്തം ജീവിതസുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെതിരെ പണിമുടക്ക് സമരത്തിലാണ്. മിക്കവാറും സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയപരിപാടികൾ തന്നെ വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്ന ഇന്ത്യയുടെ  (അതിന്റെ ഭാഗമായ കേരളത്തിന്റെ) കാര്യത്തിൽ  മാത്രം 'വിമർശനം' ഒരു ദേശദ്രോഹ കുറ്റകൃത്യമാണെന്ന് ആർക്കും സംശയമില്ല! വീട്ടിലിരിക്കുക  എന്ന് മാത്രം  ആവശ്യപ്പെട്ട ഭരണാധികാരികളെ സ്തുതിക്കാൻ  (അഭിനന്ദിക്കാൻ?)  മണിമുഴക്കി കൂട്ടത്തോടെ തെരുവിലിറങ്ങിയ 'ദേശാഭിമാനി'കളുടെ നാടാണ് നമ്മുടേത്. അപ്പോൾ  ഇവിടെ  ഈ കൊച്ചു കേരളത്തിൽ 'യുദ്ധസമാനമായ' അവസ്ഥയിൽ വീട്ടിനകത്തിരുന്ന്  ആരും ആവശ്യപ്പെടാതെ തന്നെ ഫേസ്ബുക്കിൽ 'ഒറ്റ നാമം' ജപിക്കുന്നവരെ വിമർശിക്കുന്നത് പാപകൃത്യം തന്നെയാണ്!   കാരണം രാഷ്ട്രീയവും വിമർശനവും ആളുംഅവസരവും നോക്കി  തക്ക സന്ദർഭത്തിൽ പ്രയോഗിക്കാനുള്ളതാണ് !

ഇന്നത്തെ അവസ്ഥ ഏറെ സങ്കീർണ്ണമാണെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം ഇനിയെങ്കിലും മദ്ധ്യവർഗ്ഗമനസ്സുകൾ ആർജ്ജിക്കേണ്ടതുണ്ട്. കേരളത്തിന്റെയോ ഇന്ത്യയുടെയോ അതിർത്തിക്കകത്ത് തീരുമാനിക്കപ്പെടാവുന്ന ലളിതമായ പ്രശ്നമല്ല വൈറസുകളുടെ ആഗോളവ്യാപനം കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സങ്കുചിതങ്ങളായ എല്ലാ ചിന്തകളെയും  വ്യക്തിപരങ്ങളായ എല്ലാ പരിഗണനകളെയും  നിസ്സാരതകളെയും  വലിച്ചെറിയാനുള്ള സന്നദ്ധതയാണ് വേണ്ടത്. സാമ്രാജ്യത്വ മൂലധനത്തിന്റെ ആഗോളവല്ക്കരണത്തെ, കോവിഡ്-19 വൈറസ്സുകൾ, രോഗത്തിന്റെയും അത് സൃഷ്ടിക്കുന്ന ജീവിതദുരിങ്ങളുടെയും ആഗോളവ്യാപനമാക്കി  പരിവർത്തിപ്പിച്ചിരിക്കുന്നു. ദൈവങ്ങളുടെയോ കേവലപ്രകൃതിയുടെയോ പ്രതികാര-പ്രതികരണത്തിന്റെ  പ്രശ്നമാക്കി ഇതിനെ  ചുരുക്കിക്കാണുന്നവർക്ക് വ്യക്തമായ വർഗ്ഗതാല്പര്യങ്ങളുണ്ട്. യുക്തി ചിന്തയേയും ശാസ്ത്രീയ വീക്ഷണത്തേയും വർഗ്ഗരാഷ്ട്രീയത്തേയും  അപ്രസക്തങ്ങളാക്കി മാറ്റുകയല്ല, അങ്ങേയറ്റം പ്രസക്തങ്ങളാക്കിത്തീർക്കുകയാണ്  ഇന്നത്തെ വൈറസ് വ്യാപനം. ഇതിന് വിപരീതമായ ദിശയിൽ ചിന്തിക്കാനും പ്രവർത്തിക്കാനുമാണ് ലോക ജനത ഇന്ന് നിർബ്ബന്ധിക്കപ്പെടുന്നത് എന്നത് നാം നേരിടുന്ന യഥാർത്ഥ ദുരന്തമാണ്!  അന്യനെ, അന്യന്റെ മതത്തെ, ജാതിയെ, വംശത്തെ, രാജ്യത്തെ, ഭൂഖണ്ഡത്തെ, ശത്രുവായി സങ്കല്പിക്കാനാണ് പരിശീലിപ്പിക്കപ്പെടുന്നത്. രാഷ്ട്രീയത്തെ, വിശേഷിച്ച് വർഗ്ഗരാഷ്ട്രീയത്തെ, അപ്രസക്തമാക്കി മാറ്റുന്നത് സങ്കുചിത ചിന്തകൾക്കും നിസ്സാരതകൾക്കും ജനമനസ്സുകളെ കീഴടക്കാൻ അവസരമുണ്ടാക്കാനാണ്. കോർപ്പറേറ്റുകളുടെയും സാമ്രാജ്യത്വ മൂലധനത്തിന്റെയും ആഗോള ചൂഷണത്തെ മറയ്ക്കാൻ മനുഷ്യർക്കിടയിൽ നിലവിലുള്ള എല്ലാ നിസ്സാരവ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും ഉപോഗിക്കപ്പടുകയാണ്; സാങ്കല്പികമായ സുരക്ഷിതത്വബോധമോ അനാവശ്യമായ ഭീതിയോ അവസരം നോക്കി മാറിമാറി സൃഷ്ടിക്കുകയാണ്. കൃത്രിമമായി രക്ഷകബിംബങ്ങളെയും രക്ഷകപുരാവൃത്തങ്ങളെയും നിർമ്മിച്ചെടുക്കുകയാണ്. അതിനാവശ്യമായ മാദ്ധ്യമപശ്ചാത്തലം സ്പോൺസർഷിപ്പിലൂടെ  ഒരുക്കപ്പെടുകയാണ്. ആഗോള-കോർപ്പറേറ്റ് മൂലധനത്തിന്റെ സംരക്ഷകരായ ഭരണാധികാരികൾ ലോകത്തിന്റെ മുഴുവൻ സംരക്ഷകബിംബങ്ങളായി മാറുന്നത് നിമിഷവേഗതയിലാണ്. കൊറോണ വൈറസ് ഭീഷണിയെ ആദ്യഘട്ടത്തിൽ പുച്ഛിച്ച് തള്ളിയ ഡൊണാൾഡ് ട്രമ്പ് അതിന്റെ രാഷ്ട്രീയ- സാമ്പത്തിക ലാഭം തിരിച്ചറിഞ്ഞ ശേഷം അമേരിക്കൻ ജനതയുടെ മുമ്പിൽ വീമ്പിളക്കിയത് 'യുദ്ധകാല നായകനാണ് ഞാൻ' എന്നാണ്. ഇന്ത്യയടക്കമുള്ള (പാവം കേരളം!) ചെറുതും വലുതുമായ  രാഷ്ട്രങ്ങളിൽ വൈറസ് ഭീതിയുടെയും പ്രതിരോധത്തിന്റെയും പേരിൽ സൃഷ്ടിക്കപ്പെടുന്ന വ്യാജമായ രക്ഷകബിംബങ്ങളുടെ പൊള്ളത്തരങ്ങൾ  അന്തിമമായി ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും. അതിന്റെ പേരിൽ ഉയർത്തപ്പെടുന്ന എല്ലാ അധികാരസ്തുതി (അഭിനന്ദനം!) വചനങ്ങളെയും 'മണിയടികളെ'യും അതാതിടങ്ങളിലെ ജനത മ്യൂസിയം കൗതുകവസ്തുക്കളാക്കി പ്രദർശിപ്പിക്കും! വരുന്ന തലമുറയ്ക്ക്, അവസരരാഷ്ട്രീയത്തിന്റെ പ്രാഥമിക പാഠമാക്കാൻ അത് പ്രയോജനപ്പെടും! തങ്ങളുടെ ശത്രുവിനെ തിരിച്ചറിയാൻ പ്രാപ്തിയുള്ള ജനത, തങ്ങളുടെ രക്ഷകർ തങ്ങൾ തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്യും!