ഇപ്പോൾ നാം എന്തു ചെയ്യണം - നാല്
എം.പി. ബാലറാം
ചരിത്രത്തിലെ നിർണ്ണായക സന്ദർഭങ്ങളിൽ നീതി പരിഹാരമാർഗ്ഗമായി ഒരു ജനതയുടെ മുന്നിൽ സ്വയം പ്രത്യക്ഷപ്പെടുകയില്ല. തെറ്റിദ്ധരിപ്പിക്കുന്നതും കബളിപ്പിക്കുന്നതുമായ ദുർഘടവഴികളിൽ കൊണ്ടു ചെന്നെത്തിച്ചും, ശുഭപ്രതീക്ഷാ മുനമ്പുകളെ വിപരീത ദിശകളിൽ ചൂണ്ടിക്കാട്ടിയും നീതിദേവത ആളുകളെ പടുകുഴികളിൽ വീഴ്ത്തുന്നു. നീതി ബോധത്തിലെ വൈരുദ്ധ്യങ്ങൾ തുറന്നു കാട്ടപ്പെടുന്ന ദിനം എന്ന് മെയ് രണ്ടിനെ വിശേഷിപ്പിക്കാൽ ഇവിടെ ഒരുമ്പെടുന്നത് സവിശേഷമായ ഈ അർത്ഥത്തിലാണ്.
നീതിബോധത്തിലെ വൈരുദ്ധ്യങ്ങൾക്ക് താൽക്കാലികമായെങ്കിലും പരിഹാരം കണ്ടെത്തുന്നതിൽ ജനത പരാജയപ്പെടുന്ന ദിനം എന്നു കൂടി മെയ് രണ്ട് വിശേഷിപ്പിക്കപ്പെടുമെന്നതിന്റെ സൂചനകളാണ് ഇപ്പോൾ വന്നു
കൊണ്ടിരിക്കുന്നത്. ഇത് ഒട്ടും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. എന്താണ് രാജ്യത്താകെയും കേരളത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ നിരീക്ഷണങ്ങൾ, അവയെ കൃത്യമായി തിരിച്ചറിയാനും പ്രതിരോധിക്കാനും ഉദ്ദേശിച്ച് എഴുതിയ കുറിപ്പുകൾ ('നിശ്ശബ്ദ നിലവിളികൾ : വൈറസ് കാല വിചാരങ്ങൾ' എന്ന പേരിൽ പുസ്തകരൂപത്തിൽ സമാഹരിക്കപ്പെട്ടവ) - ഇവയെല്ലാം കാര്യങ്ങൾ സൂക്ഷ്മമായി നോക്കിക്കാണാനും വീണ്ടുവിചാരം ചെയ്യാനും ശ്രമിക്കുന്നവർക്ക് മനസ്സിലാക്കാൻ ഇന്ന് ഒട്ടും വിഷമം നേരിടുകയില്ല. വിഷമം നേരിടുന്നത് മെയ് രണ്ട് ഒരു പരിഹാരമാകുന്നത് താൽക്കാലികംമാത്രമായാണെന്നും നീതിബോധത്തിലെ വൈരുദ്ധ്യങ്ങൾക്ക് ശാശ്വതപരിഹാരമല്ല ഈ ദിനമെന്നും മനസ്സിലാക്കാനാണ്. ഏകശാസനകളുടെയും ഏകാധിപത്യ പ്രയോഗരൂപങ്ങളുടെയും മേൽക്കോയ്മ അവസാനിപ്പിക്കണം എന്നത് ഒരു ജനതയുടെ ഇച്ഛാശക്തിയുടെ പ്രശ്നമാണ്. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിന്റെ മേൽക്കോയ്മ കൈവരിക്കാൻ ജനങ്ങൾ പ്രാപ്തരാകുന്നതോടുകൂടി മാത്രമേ യഥാർത്ഥത്തിൽ നീതി ബോധത്തിലെ വൈരുദ്ധ്യങ്ങൾ സ്ഥിരമായി പരിഹരിക്കപ്പെടുകയും ഇച്ഛ നടപ്പിലാക്കപ്പെടുകയും ചെയ്യുകയുള്ളുവെന്നത് ഈ ഘട്ടത്തിൽ അറിയേണ്ടതാണ്.
ഇക്കഴിഞ്ഞ കാലമത്രയും ഇവിടെ തകർത്തരങ്ങേറിയ 'ഏകപാത്ര പ്രഹസനം', ഉറപ്പും തുടർച്ചയും നഷ്ടപ്പെട്ട് തിരശ്ശീലയ്ക്കകത്ത് പോയ്മറയാൻ ഭൗതിക പശ്ചാത്തലം അതിവേഗം പാകപ്പെട്ടു വരികയാണെന്നാണ് പറയുന്നത്. പാവകളുടെ മൂകമായ റോളുകളിൽ ചരടുവലിക്കനുസരിച്ച് അഭിനയിച്ചു ഫലിപ്പിക്കാൻ പാടുപെട്ട സഹനടീനടന്മാർക്കും, 'ജൂലിയസ് സീസർ' നാടകത്തിലെ അടിമമനസ്സുകളുടെ നിസ്സംഗത കടമെടുത്ത് ആരവം മുഴക്കാൻ മാത്രം വായ തുറക്കുന്നവരായി സ്വയംമാറിയ കാഴ്ച്ക്കാരായ 'ഉത്തമ' സഖാക്കൾക്കും, ഇന്നത്തെ 'മഹത്തായ' വിജയത്തിന്റെ കഥ, എല്ലാ കാലത്തും ആവർത്തിച്ച് ഉരുവിട്ട് രോമാഞ്ചം കൊള്ളാൻ സാധിച്ചെന്നു വരില്ല. ഇന്നത്തെ 'പ്രഹസന' വിജയത്തിനെന്ന പോലെ, നാളത്തെ ദുരന്തപൂർണ്ണമായ ഇടതുപക്ഷത്തകർച്ചക്കും, നേരവകാശികളാവാൻ അവർക്ക് എല്ലാ അർഹതയും ഉണ്ടായിരിക്കുന്നതാണ്. തീർച്ച.
അതിനാൽ ആത്യന്തികമായ വിജയത്തിന്റെയും പരാജയത്തിന്റെയും ഗാഥകളെഴുതപ്പെടുന്ന ദിനമായി മെയ് രണ്ട് ചരിത്രത്തിൽ തീർച്ചയായും അടയാളപ്പെടുകയില്ലെന്നു വേണം മനസ്സിലാക്കാൻ. താൽക്കാലികമായി
കൈ വന്ന വിജയം, ഒരു രാഷ്ട്രീയ ദുരന്തത്തിന്റെ മുന്നോടിയായുള്ള തങ്ങൾ ഇതേവരെ കെട്ടിയാടിയ 'ആയഞ്ചേരി വല്യെശമാൻ' പ്രഹസനത്തിന്റെ (ടി.പി.സുകുമാരൻ മാഷ് ഇപ്പോഴും മറഞ്ഞു നിന്ന് ചിരിക്കുന്നു!) യുക്തിയുക്തമായ പരിണാമം മാത്രമാണെന്ന് ഔദ്യോഗിക കമ്യൂണിസ്റ്റ് കക്ഷികളും ഇടതു പക്ഷവും മനസ്സിലാക്കിയാൽ നല്ലത്. ഒരു സ്വയംഹത്യക്ക് ഇനിയും കാലമായില്ലെന്ന് വിശ്വസിക്കുന്നവർക്കെല്ലാം വീണ്ടുവിചാരത്തിലേർപ്പെടാം: 'ഏകപാത്ര പ്രഹസനം' കൊണ്ട് ഒരു ജനതയുടെ രാഷ്ട്രീയ ബോധത്തെ എല്ലാ കാലത്തും മയക്കിക്കിടത്താൻ കഴിയില്ലെന്നും, അനിവാര്യമായ തകർച്ച ഒരു മഹാദുരന്തമായി കേരളത്തിലെ ഇടതുപക്ഷത്തെ ഗ്രസിക്കുന്ന കാലം വിദൂരമല്ലെന്നും മനസ്സിലാക്കാനുള്ള വിവേകം എവിടെയെങ്കിലും ഇനിയും ബാക്കി കാണുമോ ?