edam
in left perspective

Monday, 16 August 2021

അധികാരധാർഷ്ട്യത്തിന്റെ മുഖ്യ അപ്പോസ്തലന് മൂക്കുകയറിടുക !

 എം. പി. ബാലറാം


അധികാര ധാർഷ്ട്യത്തിന്റെ അപ്പോസ്തലന്മാർ ചരിത്രത്തിൽ ആവർത്തിച്ച് അവതാരമെടുക്കുന്നത്  ജനതയുടെ ഇച്ഛാ മൂർത്തികളായി സ്വയം ചമഞ്ഞും ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവരുടെ നൈസർഗ്ഗിക ശേഷികളെ നിർവ്വീര്യമാക്കിയുമാണ്. നാടിന്റെയും, നാട്ടാരുടെയും രക്ഷകവേഷം ചമയുന്ന അധികാരമൂർത്തികൾക്ക് അർഹമായ ഇടമേതെന്ന് കൃത്യമായി നിർദ്ദേശിക്കാനും, അവിടം കാട്ടിക്കൊടുക്കാനുമുള്ള പരമമായ അധികാരം സാമാന്യ ജനങ്ങൾക്കുണ്ട്. അതവരുടെ അവകാശവുമാണ്. അതെടുത്തു പ്രയോഗിക്കുന്നതോടെയാണ് ചരിത്രത്തിന് ഗതിവേഗം കൂടുന്നത്; അധികാര ജീർണ്ണതയുടെ ഒഴുക്കുകൾക്ക് ചരിത്രത്തിൽ വിച്ഛേദം സംഭവിക്കുന്നത്. അധികാരധാർഷ്ട്യത്തിന് മൂക്കുകയറിടാനുള്ള അറ്റകൈപ്രയോഗങ്ങൾ രാഷ്ട്ട്രീയ പ്രതിവിധികളായും, തിരുത്തുകളായും ജനത എടുത്തുപയോഗിക്കുന്നതോടെ ചരിത്രത്തിന് ഗതിമാറ്റം സംഭവിക്കുന്നു. അത്തരമൊരു രാഷ്ട്രീയ പ്രതിക്രിയയ്ക്ക് സമയം അതിവേഗം പാകപ്പെടുകയാണെന്ന്, ഭരണത്തുടർച്ചക്ക് ശേഷമുള്ള നാളുകളിൽ ബോദ്ധ്യമായി വരുന്നുണ്ട്. സ്വയംഹത്യക്ക് സമാനമായ രാഷ്ട്രീയ ഷണ്ഡത്വം അധികാര ഭയത്താൽ വരിക്കുന്നത് ഒരു ജനതയെ മുഴുവൻ ചരിത്രത്തിന്റെ കണ്ണിൽ കുറ്റക്കാരാക്കും. ഒരു മഹാവ്യാധിയുടെ കുരിശിൽ തറയ്ക്കപ്പെട്ടു കഴിയുന്ന ആളുകൾക്ക് മേൽ അമിതാധികാരത്തിന്റെ ചാട്ടവാർ പ്രയോഗിക്കുന്നതിന് ന്യായീകരണമില്ല. അത്തരം സന്ദർഭങ്ങളിൽ അതിന് മൂക്കുകയറിടുകതന്നെ വേണം.

(1989 - ൽ റുമേനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിൽ 'കമ്യൂണിസ്റ്റ്' സ്വേച്ഛാധിപതി ചോസസ്ക്യൂവിനെതിരെ നടന്ന ബഹുജനറാലിയുടെ ദൃശ്യം. / 'Independent' പത്രത്തോട് കടപ്പാട്.)
 

അധികാരം ക്ഷുദ്രതയുടെ ആൾരൂപമായി ഉറഞ്ഞുതുള്ളുന്ന സന്ദർഭമാണിത്. ചരിത്രത്തിലെവിടെയും സമാനതകളില്ലാതെയാണ് അത്യന്തം ക്ഷുദ്രമായ ഒരു വൈറസ് ബാധ ജനജീവിതത്തിന്റെ അവസാനത്തെ  കോശങ്ങളെപ്പോലും ആക്രമിച്ചു കീഴ്പ്പെടുത്തുന്നത്.ബ്രോംസ്റ്റോക്കർ ഒന്നര നൂറ്റാണ്ട് മുമ്പാണ് ഡ്രാക്കുളയുടെ ആകാരത്തിൽ ചോര ഭക്ഷണമാക്കി ജീവകോശങ്ങളെ ഉപജീവനമാക്കിപ്പെരുകുന്ന ഒരു സാങ്കൽപ്പിക രക്ഷസ്സിനെ വിഭാവനം ചെയ്തതും യാഥാർത്ഥ്യത്തേക്കാൾ യാഥാർത്ഥ്യമാക്കി ഇവിടെ അവതരിപ്പിച്ചതും. ഇന്നത്തെ രോഗബാധ സമാനഭീകരതകളെ ഭാവനയിൽ നിന്ന് നേരിട്ട് നിത്യജീവിതത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. കേരളം മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ  കോവിഡ്-19  രോഗപ്പകർച്ചയെ 'നേരിടുന്ന' കാര്യത്തിലും 'തനതായ' മാതൃക സൃഷ്ടിച്ച്  ലോകരാജ്യങ്ങൾക്ക് മുന്നിൽ പ്രശ്നവിഷയമായിത്തീർന്നു കഴിഞ്ഞിട്ടുണ്ട്. 'കുടിയേറ്റത്തിന്റെ വീരഗാഥ രചിക്കുന്ന'വരെന്ന പേരിൽ  കോവിഡ് ഭീതിയുടെ ആദ്യഘട്ടത്തിൽ അന്യ നാടുകളിൽ തൊഴിലെടുത്ത് കഷ്ടപ്പെട്ടു ജീവിതം കഴിക്കുന്നവരെ നാട്ടിൽ സുരക്ഷിതത്വം വാഗ്ദാനം ചെയ്ത് അതിഥികളായി ക്ഷണിച്ചു കൊണ്ടു വന്നവർ , ഇന്ന് ഭരണത്തുടർച്ച ഉറപ്പിച്ച ശേഷം തൊഴിലില്ലാക്കണക്ക് ബുക്കിലെ ജീവനില്ലാത്ത അക്കങ്ങളായി കൂട്ടാനും കുറക്കാനും മാത്രം ഉതകുന്നവരെന്ന നിലയിൽ അവരെ  പരിഗണിക്കാനും വലിച്ചെറിയാനും തുടങ്ങിയിട്ടുണ്ട്. പുറം നാട്ടു തൊഴിലാളികളോടൊപ്പംകടുത്ത തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുക്കാനും ജീവിതം മുന്നോട്ടു കൊണ്ടു പോകാനും അവർ ഫലത്തിൽ നിർബന്ധിക്കപ്പെടുകയാണിന്ന്. സ്വന്തം നാട്ടിൽത്തന്നെ അന്യരും അധ:സ്ഥിതാവസ്ഥയിലുമായവരാണിവർ. മറുനാടുകളിലെ അവരുടെ അദ്ധ്വാനത്തെയും വരുമാനത്തെയും മഹത്ത്വവൽക്കരിച്ചാണ് കേരള രാഷ്ട്രീയത്തിലെ ഇത്തിക്കണ്ണി ദല്ലാൾവിഭാഗങ്ങൾ അധികാരശ്രേണിയിലെ അവരുടെ ഉന്നത സ്ഥാനങ്ങൾ നിലനിർത്തിയതും എന്നെന്നേക്കുമായ ഉറപ്പിച്ചതും. ഇന്ന് അതേ അധികാരശ്രേണിയിലെ അടിത്തട്ടുകളിൽ അക്കങ്ങൾ മാത്രമായി വന്നടിയുന്ന ഈ വിഭാഗങ്ങളെ കോവിഡാനന്തര  കേരളം വിലമതിക്കാൻ, പഴയ നഷ്ടസ്വർഗ്ഗങ്ങുടെ കണക്ക് പുസ്തകം മാത്രം മതിയാകുമോ ?

ഭരണത്തുടർച്ചക്കുള്ള ജനസമ്മതിയുടെ ബലത്തിലും അതിലൂടെ പുതുതായി കൈവന്ന ആത്മവിശ്വാസത്തിലുമാണ് ഇടതുപക്ഷ മുദ്രയണിഞ്ഞ കേരളത്തിലെ ഗവൺമെന്റ് മുൻകാലത്ത് നടത്തിവന്ന നിയമവിരുദ്ധ നടപടികളെയും മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർക്ക് നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന അഴിമതിയേയും വഴിവിട്ടുള്ള സ്വജനപക്ഷപാതത്ത്വങ്ങളെയും യാതൊരു കുറ്റബോധവും കൂടാതെ ഇന്ന് ന്യായീകരിക്കാൻ ധൈര്യപ്പടുന്നതും പഴയതിനേക്കാൾ ശക്തമായി മുന്നോട്ട് കൊണ്ടു പോകുന്നതും. ആധുനിക കേരള ചരിത്രത്തിൽ സമാനതകളില്ലാതെയാണ് ഒരു മഹാവ്യാധിയെ മറയാക്കി നാടു ഭരിക്കുന്ന സർക്കാറിന്റെ സ്വന്തംവകുപ്പുകളെ ഉപയോഗപ്പെടുത്തി വൻ തോതിലുള്ള സ്വർണ്ണക്കടത്ത് - ഡോളർ - വനം- കൊള്ളകൾക്കും അഴിമതിക്കും അധികാര ദുർവ്വിനിയോഗത്തിനും ഒത്താശ ചെയ്യുന്നതിന്റെ  ഇത്രയും വിശദമായ രേഖാമൂലത്തെളിവുകൾ നീതിന്യായ പീഠങ്ങളിൽ വിചാരണക്ക് വേണ്ടി സമർപ്പിക്കപ്പെടുന്നത്. നാട് ഭരിക്കുന്ന ഒരു സർക്കാറും അതിന്റെ രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വവും ഒന്നാകെയാണ് പൊതുമുതൽക്കൊള്ളകളുടെ കൈകാര്യകർത്താക്കളും, ദല്ലാളുകളുമായി കഴിഞ്ഞ അഞ്ചു വർഷക്കാലവും പ്രവർത്തിച്ചതിന്റെ പേരിൽ കുറ്റവിചാരണ നേരിടാൻ പോകുന്നത്. സംസ്ഥാനത്തിന്റെ പൊതു രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ കേട്ടുകേൾവിയില്ലാത്ത ചെയ്തികൾക്കാണ് ഒരു ഇടതുപക്ഷ സർക്കാർ ഒന്നടങ്കം കുറ്റാരോപിതമാകുന്നത്. എത്രയും അന്യൂനവും സമാനതകളില്ലാത്തതുമായ ഒരു കേരളമാതൃകയാണ് ഇതിലൂടെ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

നഷ്ടപ്പെട്ട സ്വർഗ്ഗങ്ങളുടെ കണക്കുകൾ കൊണ്ടു മാത്രം ഈ മഹാവ്യാധിക്കാലത്തെ മനസ്സിലാക്കാൻ കഴിയുകയില്ല. അധികാരഘടനയിൽ അടിത്തട്ടുകളിൽ വന്നടിയുന്നവർക്ക്  നരകാനുഭവങ്ങളാണ്. ജീവിതോപായം നഷ്ടപ്പെട്ട് നാനാമേഖലകളിൽ നിന്ന് നരകതുല്യമായ രോഗത്തിന്റെയും മരണത്തിന്റെയും അവസ്ഥകളിലേക്ക് വലിച്ചെറിയപ്പെടുന്നവരാണ് വിവിധ വിഭാഗം ജനങ്ങളെന്ന് അധികാരസ്ഥാനങ്ങളിൽ ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയേണ്ടതാണ്. അക്കാര്യത്തിൽ കുറ്റകരമായ അജ്ഞതയോ നിരക്ഷരതയോ വെച്ചു പുലർത്താൻ ജനാധിപത്യത്തിന്റെ പേരിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്നവകാശപ്പെടുന്ന ഒരു പാർട്ടി സംഘടനക്കും അവകാശമില്ല. എന്നാൽ സ്വന്തം തൊഴിലിന്റെയും സ്വച്ഛമായ സ്വാതന്ത്ര്യത്തിന്റെയും ഇരട്ട നഷ്ടങ്ങൾ പേറിക്കഴിയുന്ന പാവം ജനതയെയാണ് പ്രലോഭനങ്ങൾ കൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും വലതുപക്ഷ പ്രതിലോമപ്പാർട്ടികളെപ്പോലും നാണിപ്പിക്കുന്ന വിധത്തിൽ കബളിപ്പിച്ച് ഇടതുപക്ഷസർക്കാർ ഭരണത്തുടർച്ച ഉറപ്പുവരുത്തിയത്. രോഗബാധയേക്കാൾ ക്ഷുദ്രവും ക്രൂരവുമായാണ് അമിതാധികാരത്തിന്റെ വൈറസ്സുകൾ  ഭീതിയും നിശ്ശബ്ദതയും ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച് പൊതുമുതൽ കൊള്ളകൾക്കും ഹിംസാത്മക പ്രവർത്തനങ്ങൾക്കും മാഫിയാശക്തികൾക്ക് അവസരമൊരുക്കുന്നത്. പാർട്ടി സംഘടനാ അച്ചടക്കത്തിന്റെയും, അമിതാധികാര നിയമത്തിന്റെയും 'മുഖം മൂടികൾ' വലിച്ചെറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മനസ്സുകൾ ഉറക്കെ  വിളിച്ചു പറയാൻ അതിനാൽ  ഇന്നു സമയം പാകമായിരിക്കുന്നു: 'അധികാരധാർഷ്ട്യത്തിന്റെ മുഖ്യ അപ്പോസ്തലന് മൂക്കു കയറിടുക!'