എം.പി . ബാലറാം
പല കാരണങ്ങൾ കൊണ്ട് നാം നമ്മുടെ വാക്കുകളേയും പ്രവൃത്തികളെയും ഏകശാസനാ രൂപത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട് - ഏക ശിലാശാസനങ്ങളെന്ന് വിളിക്കാവുന്നവ. ഞാൻ കൊത്തി വെച്ചത്, ഞാൻ വരക്കുന്നത്, ഞാൻ മൊഴിയുന്നത്, ഞാൻ എഴുതുന്നത് - അതാണ് ശരി, അതു മാത്രമാണ് ശരി, അതു മാത്രമേ ശരിയാകുകയുള്ളു: മുരട്ടു വാദമെന്ന് ചിലർ ഇതിനെ വിളിച്ചു. ശാസനയുടെ സ്വഭാവമാണ് അതിന്. എല്ലാ ശരികളേയും ഒന്നിലേക്ക് ചുരുക്കാനുള്ള പ്രവണതയാണിത്. അതിൽ ഒരു ലളിതവൽക്കരണമുണ്ട്. ഇ.എം.എസ്സിന്റേയും മറ്റും വാക്കുകളിൽ ഇതിന്റെ സ്വാധീനം വളരെ കൂടുതലായുണ്ട്. അന്നത്തെ സാഹചര്യത്തിൽ അത് അനിവാര്യമായിരുന്നിരിക്കാം. ക്ലാസ്സിക്കൽ മാർക്സിസമെന്ന് വിളിക്കുന്ന തത്ത്വസംഹിതയെ നമ്മളുൾക്കൊണ്ടത് അങ്ങനെയാണ്. സോവിയറ്റ് മാർക്സിസത്തിന്റേയും ചൈനീസ് കമ്യൂണിസത്തിന്റെയും സ്വാധീനങ്ങൾ അതിലുണ്ട്. തൊള്ളായാരത്തി ഇരുപതുകളിലോ മുപ്പതുകളിലോ അത് ആവശ്യമായിരിക്കാം.എതിരിട്ടു വന്ന പ്രസ്ഥാനമാണ് അന്ന്. എതിരിട്ടു വളർന്നതുമാണത്. അതിനാൽ അന്നതിനു ന്യായീകരണമുണ്ട്. എന്നാൽ അമ്പതുകളിലുംഅറുപതുകളിലും അതിന്റെ സ്വാധീനം നിലനിന്നു പോന്നതിന് ന്യായീകരണമില്ല. അമ്പതുകളെ തുടർന്ന് ഇന്ത്യയിലും ലോകത്തിലുമുണ്ടായ മാറ്റങ്ങളെ നാം കണക്കിലെടുത്തില്ല. പ്രായോഗിക രാഷ്ട്രീയത്തിൽ അന്നന്നത്തെ ആവശ്യത്തിനനുസരിച്ച് ഓരോ സന്ദർഭത്തിലും ഓരോ ശരികളെ കണ്ടെത്തി. ആവശ്യത്തിനനുസരിച്ച് അവ നടപ്പാക്കുകയും ചെയ്തു. ആശയപരമായ പുനർനിർവ്വചനങ്ങൾ ഉണ്ടായില്ല. ഇത് വളരെ നിർഭാഗ്യകരമാണ്.
നിർഭാഗ്യം കാരണം എത്തിപ്പെടാവുന്ന തെറ്റായ എല്ലാ 'ഔന്നത്യ'ങ്ങളിലും എല്ലാ 'പടുകുഴികളി'ലും നമ്മളെത്തിപ്പെട്ടിട്ടുണ്ട്. ഒരു പാട് ശരികളിലും ഒരു പാട് തെറ്റുകളിലും എത്തിപ്പെട്ടിട്ടുണ്ട്. ഇതൊക്കെക്കൂടിയാണ് ഇന്നത്തെ ഇന്ത്യൻ മാർക്സിസത്തിന്റേയും കേരളീയ മാർക്സിസത്തിന്റേയും അവസ്ഥയെ രൂപപ്പെടുത്തിയത്. ഇതിന്റെ ചരിത്രഭാരങ്ങൾ മിക്കപ്പോഴും അനേകം വിഴുപ്പുഭാണ്ഡങ്ങളായി ഇന്ന് ജീവിക്കുന്ന ആളുകളുടെ മുതുകത്തുണ്ട്. നമ്മളെയും അവ സ്വാധീനിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് വ്യത്യസ്തമായ ചില സ്വാധീനതകൾ നമ്മളിലും പ്രവർത്തിക്കേണ്ടതായുണ്ട്. ഇന്നത്തെ കാലത്തിന്റെ ലോകബോധത്തോടും സാമൂഹിക ബോധത്തോടും നീതി പുലർത്തുന്ന ഒരു ആത്മബോധം നമ്മളോരുത്തർക്കും ഉണ്ടാകേണ്ടതുണ്ട്. 'ആത്മബോധത്തിന്റെ കേരളീയ മാതൃക' എന്ന് നമുക്കതിനെ പേരിട്ടു വിളിക്കാം.
ഏറ്റവും ലളിതമായി പറഞ്ഞാൽ നമ്മുടെ വാദങ്ങൾക്കൊപ്പം മറ്റനേകം വാദങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ട് എന്ന അറിവാണത്; അവയ്ക്കെല്ലാം നിലനിൽക്കാനുള്ള അർഹതയുണ്ട് എന്ന അറിവു കൂടിയാണത്. വെറുമൊരു അറിവായല്ല, ഉദാരമായ ബോധമോ മനസ്സിലാക്കലോ ആണത്. നമുക്ക് നമ്മുടെ വാദത്തിൽ ഉറച്ചുനിൽക്കാം; അതോടൊപ്പം വേറെയും വാദങ്ങളുണ്ട്, വേറെയും വീക്ഷണങ്ങളുണ്ട് എന്ന അറിവ് പ്രധാനമാണ്. അവയെയെല്ലാം അഭിമുഖീകരികരിക്കാനുള്ള സന്നദ്ധതയും നമുക്കുണ്ടാകേണ്ടതുണ്ട്. നമ്മുടെ ശരിയോടൊപ്പം, അല്ലെങ്കിൽ അതിനേക്കാളുമുപരി, വേറെയും ശരികളുണ്ട്. ഒരു വാദത്തെയും അതിന്റെ ശരിയേയും മാത്രം വെള്ളം കടക്കാത്ത അറയിലാക്കി അടച്ചിടാനാവില്ല. ഗോർബച്ചേവ് പറഞ്ഞ അർത്ഥത്തിലല്ല. ആരോഗ്യകരമായ കൊടുക്കൽ വാങ്ങലുകൾ നടക്കണം – വിനിമയം തന്നെ. ആശയങ്ങളുടെ ലോകത്തും കലകളുടെ ലോകത്തും; ആദാനപ്രദാനങ്ങളിലൂടെ ആശയങ്ങൾ ശക്തിയാർജ്ജിക്കുകയേയുള്ളു; കലയും സാഹിത്യവും കൂടുതൽ ആരോഗ്യകരവും ഭാവനാത്മകവുമാവുകയേയുള്ളു. ചരിത്രത്തിൽ ശരിയായത് എന്നും ശരിയാകണമെന്നില്ല; തെറ്റ് എന്നും തെറ്റാകണമെന്നുമില്ല. ഈ ബോധം ആരെയും ഭയപ്പെടുത്തേടേണ്ടതില്ല. താൽക്കാലികമായ ശരികളും തെറ്റുകളും അന്തിമമായി എന്തായിത്തീരുമെന്ന് പറയാനാവില്ല. അന്തിമമായ ശരിയും തെറ്റും, ചരിത്രത്താൽ തീരുമാനിക്കപ്പെടേണ്ടതാണ്. ഇന്ന് ജീവിക്കുന്ന നമ്മളോടു കൂടി എല്ലാ കാര്യവും തീരുമാനിക്കപ്പെടുകയില്ല. തത്ത്വ വാദങ്ങൾ, ആശയങ്ങൾ, കലകൾ, സാഹിത്യചിന്തകൾ - എല്ലാം എവിടെയും നിൽക്കുന്നില്ല; ഒന്നും എവിടെയും നിലയ്ക്കുന്നുമില്ല.
ഓമിക്രോൺ യാദൃച്ഛികമായി പിറവിയെടുത്തതല്ല എന്ന് നമുക്കറിയാം. ശാസ്ത്രം അത് പ്രതീക്ഷിച്ചതാണ്.വൈറസിന്റെ ലോകത്ത് മാത്രമല്ല, ആശയങ്ങളുടെ ലോകത്തും, രാഷ്ട്രീയാശയങ്ങളുടെ ലോകത്തും, ഓമിക്രോൺ ജന്മമെടുത്തു കഴിഞ്ഞിട്ടുണ്ട്. ഫാസിസം ബാഹ്യമായ ഒരു ആശയ പ്രതിഭാസമല്ലെന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയായി അത് മാറിക്കൊണ്ടിരിക്കുകയാണെന്നും നാം കുറെശ്ശെയായി മനസ്സിലാക്കി വരുന്നു. ഫാസിസത്തിനും മാർക്സിസത്തിനുമിടയിലെ അതിരുകൾ അതിവേഗത്തിൽ ഇല്ലാതായി വരികയാണെന്നത് സവിശേഷമായ ഒരു കേരളീയാനുഭവമാണ്; കേന്ദ്രഭരണകൂടം നടപ്പാക്കുന്ന അമിതാധികാര നയങ്ങളെ പ്രതിരോധിക്കുകയാണെന്ന് ബാഹ്യമായി ഭാവിക്കുകയും ഫലത്തിൽ തികച്ചും പ്രതിലോമമായ ഒരു രാഷ്ട്രീയ ബോധത്തെ നിർമ്മിച്ചെടുക്കുകയുമാണ് കേരളത്തിലെ 'ഔദ്യോഗിക' ഇടതുപക്ഷം. ജനതയുടെയാകെ ചരിത്രാനുഭവങ്ങളും രാഷ്ട്രീയ ബോദ്ധ്യങ്ങളുമാണ് കബളിപ്പിക്കപ്പെടുന്നത്. 'സ്റ്റാലിനിസ'ത്തെക്കുറിച്ച് ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഇന്ന് നിലവിലുണ്ട് - അതനുഭവിച്ചവർക്കിടയിലല്ല, അതിന്റെ സത്യം അന്വേഷിക്കുന്ന ചരിത്രകാരന്മാർക്കിടയിൽ. എന്നാൽ നമ്മുടെ കൺമുന്നിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവേണ്ട കാര്യമല്ല. മാർക്സിസത്തിനും ഫാസിസത്തിനുമിടയിൽ ഇവിടെ അതിരുകൾ നഷ്ടപ്പെടുകയാണെന്നത് പ്രത്യക്ഷ സത്യമാണ്. ആഗോളീകരണവും മാർക്സിസവുമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനിതക സംയോജനങ്ങൾ, അതിലൂടെ രൂപപ്പെട്ടു വരുന്ന ആശയരക്ഷസ്സുകൾ, അതെത്ര മാത്രം ഹിംസാത്മകവും രാക്ഷസീയവുമായാണ് ആളുകളുടെ ജീവിതത്തെയും മനസ്സിനേയും വിഴുങ്ങാൻ പാകത്തിൽ ഭീമാകാരമായി വളർന്നു വരുന്നത് എന്ന് നാം അറിയുന്നുണ്ട്.
കോർപ്പറേറ്റ് മൂലധനവും മാർക്സിസവുമായുള്ള വിയോജിപ്പുകൾക്ക് അതിവേഗം കേരളത്തിലും പ്രസക്തി ഇല്ലാതാകുകയാണ്. ആഗോളീകൃത സാമ്രാജ്യത്വവുമായി ഉണ്ടായിരുന്ന എല്ലാ പരമ്പരാഗത വിയോജിപ്പുകളും യോജിപ്പുകളായി മാറുന്ന കാലമാണിത്. മുതലാളിത്തവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ വാക്കിലും പ്രയോഗത്തിലും ഇല്ലാതാവുകയാണ്. കേരളത്തിൽ ഇന്ന് നിർമ്മിക്കപ്പെടുന്നത് സവിശേഷമായ ആശയമാതൃകകളാണ്. ശ്രദ്ധാപൂർവ്വം നിർമ്മിച്ചെടുത്ത ആശയച്ചേരുവകളുടെ ഉപഭോക്താക്കളാക്കി ഒരു ജനതയുടെ മനസ്സുകളെ മുഴുവൻ അതിവേഗത്തിൽ മാറ്റിയെടുക്കുമ്പോഴുള്ള കെടുതികളാണ് നാമിന്നനുഭവിക്കുന്നത്. മദ്ധ്യവർഗ്ഗ കാപട്യങ്ങളെ പ്രായോഗികമായും രാഷ്ട്രീയമായും പൂർണ്ണമായി സ്വീകരിക്കാൻ തീരുമാനിച്ചുറച്ച ജനമനസ്സുകളെ രക്ഷിക്കാൻ ആർക്കുമാവില്ല. ആത്‌മീയമായി വന്ധ്യവൽക്കരിക്കപ്പെട്ട ശൂന്യമനസ്സുകൾക്കകത്ത് നാലുകാലിൽ ഇഴയുന്ന നിസ്സഹായ നിലവിളി മാത്രം ബാക്കിയുണ്ട്. അടിമയുടെ കരച്ചിൽ. കലയുടെ സംവേദനക്ഷമതക്ക് ഒരുപക്ഷെ അത് ഉൾക്കൊള്ളാൻ കഴിഞ്ഞേക്കും. ആത്മബോധത്തിന്റെ ആദ്യാക്ഷര പാഠം പഠിക്കുന്ന എഴുത്തുകാരന് അതിൽനിന്ന് വാക്കിന്റെ കനലെരിയാക്കാൻ എന്നെങ്കിലും കഴിഞ്ഞേക്കും.
കേരളത്തിൽ എന്തും വിൽക്കപ്പെടും: ആളും ആശയവും ഉൽപ്പന്നവും എന്തും. വ്യവസായോൽപ്പന്നം വിറ്റഴിക്കപ്പെടുന്നതും ആശയങ്ങൾ ചെലവാകുന്നതും ഇവിടെ ഒരേ ന്യായമസരിച്ച്. സംസ്കാരത്തിന്റേയും വ്യഭിചാരത്തിന്റേയും കമ്പോള സൂചികക്ക് തമ്മിൽ അത്ഭുതകരമായ സാമ്യം. മണ്ണും മനുഷ്യനും പ്രകൃതിയും പൈതൃകവും കായലും കരകളും രുചികളും ശരീരങ്ങളും കാഴ്ച്ചകളുമെല്ലാം വിറ്റഴിക്കപ്പെടുന്ന നാട്ടിൽ 'മാർക്സിസ'വും കൗതുകമുണർത്തുന്ന ഒരു പ്രദർശന വസ്തുവായോ ചരിത്ര കൗതുകമായോ നാളെ ഒടുങ്ങിത്തീർന്നാൽ ആളുകൾ ഒട്ടും അമ്പരക്കുകയില്ല. കിഴക്കൻ യൂറോപ്പിലേക്കും മുൻ സോവിയറ്റ് യൂണിയനിലേക്കും സമാനമായ ഉദാഹരണങ്ങൾ അന്വേഷിച്ച് ആളുകൾക്ക് അലയേണ്ടി വരില്ല. സഹോദര സഖാക്കൾ പടിഞ്ഞാറൻ ബംഗാളിലും ത്രിപുരയിലും കെട്ടിപ്പടുത്ത 'കമ്യൂണിസ്റ്റ് കോട്ടകൾ' മിക്കതും ഉള്ളുറക്കുത്തിയ നോക്കുകുത്തികളായി കേരളത്തിന് വഴികാട്ടുന്നുണ്ട്. രാഷ്ട്രീയമായ ഇച്ഛാശക്തി നശിച്ച ഒരു ഇടതുപക്ഷ സമൂഹത്തിന് നാളേക്ക് വേണ്ടി നിക്ഷേപിക്കാൻ ബാക്കിയാവുക അനധികൃത സമ്പാദ്യങ്ങളും അവസാനിക്കാത്ത ആർത്തിയും അടിമയുടെ ഒടുക്കത്തെ ഭയവും മാത്രമാകും.
എം.എൻ.വിജയന്റെ ചിന്തകളെ നിർവ്വീര്യമാക്കിയതിന്റെ അനന്തര ഫലംകൂടിയാണ് കെടുതികളുടെ ഇന്നത്തെ വിളവെടുപ്പ്. എം എൻ. വിജയൻ ഒരാൾ മാത്രമല്ലെന്നും ഗംഭീരമായ പ്രതിരോധാശയം കൂടിയാണെന്നും ഇന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. അതൊരു മരുന്നായിരുന്നു. ആ മരുന്നിനെയാണ് നിർവ്വീര്യമാക്കി ഇവിടെ പുതിയ ജനിതകമാറ്റത്തിലൂടെ പുത്തൻ ഓമിക്രോണുകളെ സമൂഹശരീരത്തിലാകെ സന്നിവേശിപ്പിച്ചിരിക്കുന്നത്. ബാഹ്യപ്രതിഭാസമൊന്നുമല്ല ഇത്. ഓരോരുത്തന്റെയും ഉള്ളിൽ കടന്നു ചെന്ന് അവനെ മാറ്റിത്തീർക്കുകയാണ്. അതു കൊണ്ടാണ് അനേകായിരങ്ങൾ വരുന്ന പാർട്ടി അനുയായികൾ ഇപ്പോൾ ഒരേ സ്വരത്തിൽ സംസാരിക്കുന്നത്: ഇംപീരിയലിസത്തിനു വേണ്ടി; ഗ്ലോബലൈസ്ഡ് ഇംപീരിലിസത്തിന് വേണ്ടി. അതുണ്ടാക്കുന്ന കെടുതികൾ അവർക്ക് പ്രശ്നമല്ല. അങ്ങനെ വരുമ്പോൾ പരമ്പരാഗതമായി വിഭജിക്കപ്പെട്ട ആശയങ്ങളുടെ ചേരിയിൽ നിങ്ങളെവിടെ നിൽക്കുന്നു എന്ന ചോദ്യത്തിന് യാതൊരു അർത്ഥവുമില്ല. അവിടെ നമുക്ക് പുതിയ മട്ടിലുള്ള ജനാധിപത്യ സങ്കൽപ്പങ്ങൾ കൊണ്ടു മാത്രമേ ഇന്നത്തെ കെടുതികളെ നേരിടാൻ കഴിയുകയുള്ളു. വളരെ ഉദാരമായ, വളരെ മാനവികമായ ഒരു ജനാധിപത്യ സങ്കൽപ്പം ഇന്ന് ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ പുനർനിർവ്വചനങ്ങളുണ്ടാകണം – ആശയങ്ങളേയും മനുഷ്യനേയും.
ഇന്ത്യയുടേതും കേരളത്തിന്റേതുമായ, അനുഭവങ്ങൾ നമുക്ക് പകർന്നു തരുന്ന ചില പാഠങ്ങളുണ്ട്: ഉന്നതമായ ഒരു ജനാധിപത്യ സങ്കല്പ്പം ഉൾക്കൊള്ളാതെ ഒരാൾക്കും സ്വയം വളരാനും വികസിക്കാനും വിപുലപ്പെടാനും എല്ലാ സങ്കീർണ്ണതകളേയുമുൾക്കൊള്ളാനും കഴിയില്ലെന്ന ഒരു എളിമ ഇപ്പോഴത്തെ ഏറ്റവും പുതിയ വൈറസ് ബാധയുടെ അനുഭവം പോലും നമ്മെ പഠിപ്പിക്കുന്നുണ്ട്. ചരിത്രത്തിന്റെ ആത്യന്തികമായ ശരികളിലൊന്നായി ഇതിനെ നിർണ്ണയിക്കാമെന്നതിനാൽ ഇനിയും രൂപപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത കേരളീയ ആത്മബോധത്തിന്റെ അടിത്തറ തന്നെയായി പുതിയൊരു ജനാധിപത്യ സങ്കൽപ്പം ഇവിടെ യാഥാർഥ്യമായിത്തീരേണ്ടതുണ്ട്.
നാലുകാലിലിഴയുന്ന നിശ്ശബ്ദനിലവിളികൾക്ക് നടുവിലാണ് നാടും ജനതയുമെന്ന കാഴ്ച ഇവിടെ പ്രബുദ്ധതയിലേക്കുള്ള ആദ്യത്തെ കൺതുറക്കലായിത്തീരുന്നു. അവയുടെ ഉറവിടങ്ങൾ നമ്മുടെ അടിമമനസ്സുകൾ തന്നെയാണെന്ന ഉൾക്കാഴ്ച്ചയോ? അത് നാടിന്റേയും നമ്മുടേയും വിമോചനത്തിന്റെ ആദ്യജ്വാല എരിയിക്കലാകുന്നു.