edam
in left perspective

Thursday, 7 October 2021

പുതുമുറ നിരൂപകർക്ക്, സ്നേഹപൂർവ്വം

 ആത്മവിചാരങ്ങൾക്ക് ഒരു ആമുഖം

 

 എം പി. ബാലറാം

 
 
ത്മവിചാരങ്ങൾ ആവശ്യമായി വരുന്ന ചില നേരങ്ങളെ മുഖത്തോടുമുഖം നേരിടാൻ  നിർബന്ധിക്കപ്പെടുന്ന ചില സന്ദർഭങ്ങളുണ്ടാവാം. അത്തരമൊരു സന്ദർഭം ഡോ. പി. ശിവപ്രസാദ് ജനശക്തിയിൽ എഴുതിയ ലേഖനം (ഒരു വിമതചിന്തകന്റെ നിശ്ശബ്ദ രേഖകൾ, ജനശക്തി വാരിക, 2021 സപ്തംബർ 15-30) ഒരുക്കിത്തന്നിരിക്കുന്നു. എഴുതിയ ശിവപ്രസാദിനോടും അതു പ്രസിദ്ധീകരിച്ച ജനശക്തിയോടും ഇക്കാര്യത്തിൽ കൃതജ്ഞതയുണ്ട്. രണ്ടു കാരണങ്ങൾ കൊണ്ടാണു ദീർഘമായ ഈ ലേഖനം പ്രസക്തമായിത്തീരുന്നത് - ഒന്ന്: എഴുത്തിലെ നിഷ്ക്കളങ്കതയും ആത്മാർഥതയും. രണ്ട്: അസന്ദിഗ്ദ്ധവും നിരങ്കുശവുമായ എഴുത്ത്. പരസ്പരം ബന്ധപ്പെട്ട ഈ രണ്ട് ഗുണങ്ങളും ഇന്ന് അധികമാരിൽ നിന്നും പ്രതീക്ഷിക്കാൻ പറ്റാത്തതാണ്. പ്രത്യേകിച്ചും രാഷ്ട്രീയമായി ഇടതുപക്ഷ - മാർക്സിസ്റ്റ് നിലപാടുകളിലും ആശയപരമായ അതിന്റെ സാഹോദര്യബന്ധങ്ങളിലും കടുത്ത വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ ചുറ്റുപാടിൽ. ആരും ആരെക്കുറിച്ചും ഒന്നും പറയാൻ തയ്യാറാകാതെ  മൗനത്തിൽ തല പൂഴ്തിയിരിക്കുന്ന, ഭീതിദമായ ഇന്നത്തെ അവസ്ഥയിൽ സത്യസന്ധവും നിശിതവുമായ എഴുത്ത് ഏറെ വിലമതിക്കപ്പെടേണ്ടതാണ് -  അത് ആർക്കെതിരെ, എന്തിന്റെ പേരിലായാലും! മൗനത്തിന്റെ ആത്മസംതൃപ്തിക്കും മൂകതയുമായുള്ള ആത്മഭാഷണങ്ങൾക്കും പകരം ശിവപ്രസാദിന്റെ എഴുത്ത് അന്വേഷിക്കുന്നത് വാക്കുകളിലും വസ്തുതകളിലും മറഞ്ഞുകിടക്കുന്ന നേരിന്റെ കണികകളെയാണ്. നമുക്ക് ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് കണക്കിലെടുക്കാതെയുള്ള ഈ തുറന്ന ഭാഷണങ്ങളുടെ പേരിലാണ് ജനശക്തി ലേഖനം ശ്രദ്ധേയമാകുന്നത്.

 
നാം നമ്മെ മനസ്സിലാക്കുന്നത് പോലെ മറ്റെല്ലാവരും നമ്മെ മനസ്സിലാക്കണമെന്നില്ല. ശിവപ്രസാദിന്റെ വിലയിരുത്തൽ ഒരു ജീവിതകാലത്തെ ആകെ ഈടുവെപ്പുകളെക്കുറിച്ചുള്ളതാണ്. എം പി. ബാലറാം എന്ന 'നിരൂപകന്റെ (അത് 'ഞാനാ'യത് യാദൃച്ഛികം മാത്രം. മറ്റാരായാലും ശിവപ്രസാദിന്റെ അഭിപ്രായം ഇതുതന്നെയായിരിക്കുമെന്ന് ഉറപ്പുണ്ട്) തീരെ ഹ്രസ്വമല്ലാത്ത എഴുത്തു ജീവിതത്തിൽ ഇതേവരെ പ്രസിദ്ധീകരിച്ച എല്ലാ രചനകളെക്കുറിച്ചുമുള്ള അതിലെ മൂല്യവിചാരത്തോട് ആർക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഏത് എഴുത്തും എഴുതി പ്രസിദ്ധീകരിക്കപ്പെടുന്നതോടെ അവനവനോടും ലോകത്തോടുമുള്ള അതിന്റെ ഉത്തരവാദിത്തം നിറവേറ്റിക്കഴിയുന്നുവെന്ന ഉറച്ച ബോദ്ധ്യം എല്ലാകാലത്തും ഉണ്ട്. ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ആരും ചുമതലപ്പെടുത്താതെ തന്നെ ചിന്തകളിലും വാക്കുകളിലും അടയിരിക്കുന്നതും നിശ്ശബ്ദതകളോട് സന്ധി ചെയ്യാതെ ഇടവിട്ടുള്ളകാലങ്ങളിൽ രചനകളിലേർപ്പെടാൻ ധൈര്യപ്പെടുന്നതും. അതു ചെയ്യാൻ പ്രാപ്തിയുള്ള  വേറെയും അനേകം പേർ ഇവിടെയുണ്ടാവാം. ഒരുപക്ഷേ ഇതിലും നന്നായി.

സ്വന്തം ധാരണകളുടെ അടിസ്ഥാനത്തിൽ ശിവപ്രസാദ് ഉന്നയിക്കുന്ന ഒന്നു രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് എഴുത്തിന്റെ ലോകത്തിലെ കൂട്ടായ്മകളുടെ തകർച്ചയുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന് കുറെക്കൂടി ഗൗരവതരമായ  പരിഗണന അർഹിക്കുന്ന വിഷയമാണ്: സ്വന്തം നിലപാട് തറയിൽ ഉറച്ചു   നിൽക്കുകയും പ്രത്യയശാസ്ത്ര സ്ഥൈര്യത്തോടെ വിമർശനത്തെ നാളിതുവരെ ഉപയോഗിക്കുകയും ചെയ്ത ഒരു വിമർശകൻ ഇന്ന് അനുഭവിക്കാനിടയുള്ള അന്ത:സംഘർഷങ്ങളെ  അത്യന്തം സഹാനുഭാവത്തോടെയാണ് ശിവപ്രസാദ് നോക്കിക്കാണുന്നത്. ഏറെ കൗതുകകരങ്ങളാണ് ഈ രണ്ടു നിരീക്ഷണങ്ങളും. വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന് പരസ്പരം നോക്കിക്കാണുന്നതിന്റെ അകൽച്ച ഇത്തരം അനുഭവങ്ങളുടെ ആഖ്യാനത്തിൽ ശിവപ്രസാദിനു നേരിടേണ്ടി വരുന്നുണ്ട്. കാലത്തിന്റേയും ദേശത്തിന്റേയും സ്വാഭാവികമായ അകൽച്ച മാത്രമല്ല ഇത്. രാഷ്ടീയ പ്രത്യയശാസ്ത്രങ്ങൾക്ക് ജനജീവിതങ്ങളിൽ സൃഷ്ടിക്കാൻ കഴിയുന്ന സ്വാധീനതകളെയും പിൽക്കാലങ്ങളിൽ അവയുടെ തിരോധാനങ്ങൾ സൃഷ്ടിക്കുന്ന ശൂന്യതയേയും മറ്റൊരു ധ്രുവത്തിൽ നിന്ന് സങ്കൽപ്പിക്കാനും ആഖ്യാനംചെയ്യാനുമാണ് ശിവപ്രസാദ് ശ്രമിക്കുന്നത്. സത്യം തേടുന്നതിലെ നിഷ്കളങ്കതക്കും ആത്മാർത്ഥതക്കും മാത്രം എല്ലായ്പോഴും സത്യം കണ്ടെത്താനാവില്ലെന്നത് ജീവിതാഖ്യാനങ്ങളെ സംബന്ധിക്കുന്ന ഒരു പ്രാഥമിക പാഠമാണ്. കഥയുടേയും ചരിത്രത്തിന്റേയും ജീവചരിത്രത്തിന്റേയും രചനകൾക്കു മാത്രമല്ല വിമർശനപരമായ അവധാരണങ്ങൾക്കും ബാധകമാകുന്നതാണ് ഈ പാഠം. ശിവപ്രസാദിന്റെ അനുഭാവപൂർവ്വമായ വാക്കുകളുടെ നിഷ്ഫലത ഇത് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. കാലത്തിന്റേയും ദേശത്തിന്റേയും അകൽച്ചകളല്ല, വെല്ലുവിളിയാകുന്നത് തങ്ങളെ എന്നും അലോസരപ്പെടുത്തുന്ന വർഗ്ഗപ്രത്യയശാസ്ത്രങ്ങൾ തന്നെയാണെന്നു കാണാൻ ശിവപ്രസാദിനും സമാനമായ വഴികളിലൂടെ സഞ്ചരിക്കുന്ന പുതുതലമുറ നിരൂപണത്തിനും കഴിയേണ്ടതാണ്.

തു തന്നെയാണ് എം. പി. ബാലറാം എന്ന യുവാവ് അരനൂറ്റാണ്ട് മുമ്പ് ഗൗരവപൂർവ്വമായ എഴുത്തു ജീവിതം ആരഭിക്കുന്ന കാലത്ത് നേരിട്ട പ്രശ്നവും. ഒരൊറ്റ വ്യത്യാസം മാത്രമേ അന്നത്തെയും ഇന്നത്തെയും ചിന്തകൾക്കു തമ്മിലുള്ളു. അലോസരപ്പെടുത്തുന്ന ചിന്ത എന്നതിനു പകരം വിമോചന ചിന്തയായാണ് വർഗ്ഗ പ്രത്യയശാസ്ത്രം അയാളെ സ്വാധീനിച്ചത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ അക്കാലത്തെ ചിന്തിക്കുന്ന ആരെയും കൊണ്ടു ചെന്നെത്തിച്ചത് പ്രതിരോധത്തിന്റെയും വിമോചനത്തിന്റെയും കഠിനമായ ചിന്താ പഥങ്ങളിലാണ്. അധികാരപ്രാപ്തി ലക്ഷ്യം വെച്ചല്ല വർഗ്ഗവിമോചനം ലക്ഷ്യമാക്കിയാണ് എഴുത്തിലും ചിന്തയിലും ഏർപ്പെട്ടത്. അതിന് സഹായകമായ ദാർശനികവുംരാഷ്ട്രീയവുമായ കരുക്കൾ മാർക്സിസ്റ്റ് പ്രത്യയ സംഹിതയിലുള്ളത് കാണാനും അവയെ ഭാവനാത്മകമായി പ്രയോഗിക്കാൻ എഴുത്തു വിഷയങ്ങളെ ഉപയോഗിക്കാനുമാണ് അയാൾ ശ്രമിച്ചത്. പ്രത്യയശാസ്ത്ര സ്ഥൈര്യമെന്ന് ശിവപ്രസാദിനെപ്പോലെയുള്ളവരാൽ വിശേഷിപ്പിക്കപ്പെടുന്ന സവിശേഷമായ ഗുണത്തിന്റെ രൂഢമൂലമായ വേരുകളുള്ളത് പുതുമുറക്കാർ അനാവശ്യമാണെന്നു കരുതുന്ന, ചിന്തയിൽ അവരെന്നും അകലം പാലിക്കാൻ ആഗ്രഹിക്കുന്ന കീഴാള വിമോചന പ്രത്യയസംഹിതയിൽ തന്നെയാണെന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്.

വീണ്ടും വീണ്ടും ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടം ഏതൊരു നിരൂപണ പദ്ധതിയുടെയും അനിവാര്യഘടകമാണെന്ന് ഇന്ന് ശിവപ്രസാദിനെ പോലെയുള്ളവരോട് പറയേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. കലയുടേയും സാഹിത്യത്തിന്റേയും സവിശേഷമായ ചരിത്രത്തിന്റെ മാത്രമല്ല ജാതി - മത - വംശ - വർഗ്ഗ രൂപീകരണങ്ങളുടേയും ശാസ്ത്രീയ തത്വങ്ങളുടേയും സാമൂഹിക - രാഷ്ട്രീയ  പരിണാമങ്ങളുടേയും വിസ്ത്രൃതമായ ചരിത്രത്തിന്റെ പിൻബലം സാഹിത്യ നിരൂപണത്തെ വൈജ്ഞാനികതയുടേയും സൗന്ദര്യാത്മകതയുടേയും വിളനിലമാക്കി മാറ്റിയിട്ടുണ്ട്. ഇവയുടെ സാധ്യതകളെ പൂർണ്ണമായും നിരാകരിക്കുന്ന ആധുനികതാ പ്രസ്ഥാനത്തിന്റെ അത്യന്തം സൗന്ദര്യാത്മകമായ രാഷ്ട്രീയവിരുദ്ധ മനസ്സുകൾക്കുള്ള പ്രതിവിഷമായി സങ്കൽപ്പിക്കപ്പെട്ടതാണ് എം. പി. ബാലറാമിന്റെ നിരൂപണപദ്ധതി. പ്രാഥമികമായ ചരിത്രബോധത്തിന്റെ പിൻബലമില്ലാതെ ഇന്ന് ഒരാൾക്ക് ആ എഴുത്തിന്റെ അർത്ഥവും അതിലെ സത്യവുമെന്തെന്ന ശരിയായ ധാരണ സ്വരൂപിക്കാൻ കഴിയില്ല. നിരൂപണം എത്രമേൽ നിഷ്കളങ്കവും ആത്മാർത്ഥവുമായിരുന്നാലും ഇത്തരം ധാരണകൾ തിരുത്തപ്പെടുകയില്ലെന്ന് ശിവപ്രസാദിനെപ്പോലുള്ള പുതുമുറ എഴുത്തുകാർ മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്.

ശയ സൗഹൃദങ്ങളും വ്യക്തി സൗഹൃദങ്ങളും തമ്മിലുള്ള  പരസ്പരബന്ധത്തെ പിന്തുടർന്നുള്ള അന്വേഷണങ്ങളും പ്രശ്നത്തിന്റെ കാതലെന്തെന്ന് അറിയാൻ പുതിയ എഴുത്തുകാരെ ഏറെ സഹായിക്കും. എല്ലാ ബന്ധങ്ങളെയും ശുഭകരമെന്നോ അശുഭകരമെന്നോ രണ്ടു വിഭാഗങ്ങളാക്കി വേർതിരിക്കാനും അവയെ തികച്ചും വ്യക്തിബന്ധങ്ങൾ മാത്രമാക്കി ചുരുക്കിക്കാണാനുമാണ് നിലവിലുള്ള സാഹചര്യം ഏവരേയും പഠിപ്പിക്കന്നത്. ഒരു കാലത്ത് ദൃഢപ്പെട്ട ബന്ധങ്ങൾ ഓരോന്നായി തകരുന്നതും 'വിമത ചിന്ത' സൗഹൃദങ്ങളിൽ വലിയ വിള്ളലുകൾ വീഴ്ത്തുന്നതും ഇടതുപക്ഷത്തെ ചില എഴുത്തു ജീവിതങ്ങളെ  ഒരിക്കലുമില്ലാത്ത വിധം ദയനീയാവസ്ഥയിൽ എത്തിച്ചതുമല്ലാം ശിവപ്രസാദിന് ആത്മാർത്ഥമായി പരിതപിക്കാനും അനുതാപത്തോടെ നോക്കിക്കാണാനും കാരണമാകുന്നുണ്ട്. ഇത്തരത്തിൽ അനുതാപവും ആർദ്രതയും അർഹിക്കുന്ന ഇന്നും ജീവിക്കുന്ന ഒരു കഥാപുരുഷനായി മാറുന്നു എം. പി. ബാലറാം. ഇടതുപക്ഷാഖ്യാനത്തിന്റെ ദുരന്ത പരിണാമമായും പ്രഹസനാന്ത്യമായും ഇതിനെ വ്യാഖ്യാനിക്കാമെന്ന സൗകര്യവും ഇത്തരമൊരു ജീവിതകഥക്കുണ്ട്. എങ്കിലും ചില സംശയങ്ങൾ ബാക്കിയാവുന്നുണ്ട്: അത്ര എളുപ്പത്തിൽ പറഞ്ഞു പോകാനും ലളിതവൽക്കരിക്കരണത്തിന് വിധേയമാക്കാനും സാധിക്കുന്നതാണോ ഇടതുപക്ഷ സൗഹൃദാഖ്യാനങ്ങൾ ? രാഷ്ട്രീയ നിലപാടുകളുമായും, ചരിത്ര പരിണാമങ്ങളുമായും, പ്രത്യയ സംഹിതകളുമായും കെട്ടുപിണഞ്ഞു കിടക്കുന്ന സൗഹൃദബന്ധങ്ങളെ ഒറ്റപ്പെട്ടുപോയെന്നു സങ്കൽപ്പിക്കപ്പെടുന്ന ചിലരുടെ തൊഴുത്തിൽ കൊണ്ടു ചെന്നു കെട്ടാൻ ആർക്കെങ്കിലും സാധിക്കുമോ?

വ്യക്തിപരമായ ബന്ധങ്ങളുടേയും രാഷ്ട്രീയ സൗഹൃദ ബന്ധങ്ങളുടേയും അടിത്തറകൾ വ്യത്യസ്തങ്ങളാണ്. അവയുടെ പിറവി, പ്രവർത്തനം, പരിണാമം - ഇവയെല്ലാം ഗുണപരമായി ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. മുമ്പ് എഴുത്തിന്റെ ലോകത്ത് ഒന്നിച്ചവർ നിലപാടുകൾ മാറുമ്പോൾ വേർപിരിയുന്നതിനെ വ്യക്തിസൗഹൃദ ബന്ധങ്ങളിലെ തകർച്ചകളായും എഴുത്ത് അകപ്പെടുന്ന ദുരന്ത മുഹൂർത്തങ്ങളായും തുല്യപ്പെടുത്തുന്നത് അസ്ഥാനത്താണെന്നാണ് പറയുന്നത്. ആശയപരമായ കാരണങ്ങൾ ദൃഢബന്ധങ്ങൾ സൃഷ്ടിക്കാൻ മാത്രമല്ല അവയെ ഇല്ലാതാക്കാനും പ്രാപ്തമാണ്. എഴുത്തിന്റെ കുന്തമുനയായി രാഷ്‌ട്രീയം മാറുന്നു എന്ന ലളിതമായ യുക്തിയിൽ എല്ലാം അടങ്ങിയിരിക്കുന്നു. പ്രത്യയസംഹിതകളെ പ്രയോഗിക്കാൻ വേണ്ടിയുള്ള ആയുധങ്ങളായും വഴി കാട്ടുന്ന വെളിച്ചങ്ങളായും എഴുത്തിൽ സൂക്ഷ്മമായി ഉപയോഗിക്കാനാണ് ശ്രമിച്ചത്. ഇത് മാറുന്ന കാലത്തിനനുസരിച്ച് മാറ്റിയെഴുതപ്പെടേണ്ട തൽക്കാല യുക്തിയല്ല. അങ്ങനെ മാറിമാറി ധരിക്കാനുള്ള കുപ്പായങ്ങളായി കാഴ്ച്ചപ്പാടുകളെ കാണുന്നവരുമായാണ് സന്ധിചെയ്യാനൊരുക്കമില്ലാത്തത്. അതു കൊണ്ടുണ്ടാകുന്ന വലിയ നഷ്ടങ്ങൾ വാസ്തവത്തിൽ നിസ്സാരങ്ങളാണ്. ചെറിയ നേട്ടങ്ങൾ പോലും ഇവിടെ അമൂല്യങ്ങളുമാണ്.

വസാനമായി ഒരു ജീവിതകാലത്തിന്റെ എഴുത്തെന്ന അദ്ധ്വാനത്തിന്റെ ലാഭനഷ്ടങ്ങളുടെയും വരവു ചെലവുകളുടേയും കണക്കു പുസ്തകത്തിലെ ഇന്നവശേഷിക്കുന്ന ഈടുവെപ്പുകളെക്കുറിച്ചു കൂടി ഒരു വാക്ക്: ശിവപ്രസാദ് ഭാഷയെ വിമർശനത്തിന്റെ സ്വന്തം ഈടുവെപ്പായി വിലയിരുത്തുന്നതും നവീകരിക്കപ്പടുന്ന ഭാഷാശൈലി  വിമർശകന്റെ സ്വത്വത്തെ അടയാളപ്പെടുത്തുന്നുവെന്നു പറയുന്നതും സൗന്ദര്യാത്മകതയുടെ ഭാഗികമായ, ഒരേയൊരു അളവുകോൽ ഉപയോഗിച്ചാണ്. സാഹിത്യ നിരൂപണത്തിന്റെ എല്ലാ കാലത്തെയും ദേശത്തെയും ഉദ്ദേശ്യലക്ഷ്യങ്ങളുടെ ഒരേയൊരു മാനദണ്ഡം ഭാഷയാണെന്നും ഭാഷാശൈലി മാത്രമാണെന്നും പറയുന്നത് ഭാഷയെന്ന ഒരൊറ്റ കളിവസ്തുകൊണ്ടുള്ള കലാവിദ്യയായി വിമർശനത്തെ ഉപയോഗിക്കുന്നവരെ സാധൂകരിക്കാനേ ഉതകുകയുള്ളൂ. അത്യന്തം വിഭാഗീയമായ ഇത്തരം ഒരു ദർശനം ചിലരുടെ കണക്കു പുസ്തകത്തിൽ വൻ ലാഭവും ചിലരുടേതിൽ നഷ്ടം മാത്രവും അവശേഷിപ്പിക്കുന്ന കണക്കിലെ കളിയാണെന്ന് കാണാൻ പുതുമുറയെഴുത്തുകാർക്ക് കഴിയേണ്ടതാണ്. അളവു കോലാണ് മാറ്റേണ്ടത്. പ്രത്യയശാസ്ത്രവും ഭാഷയുമല്ല.

Monday, 16 August 2021

അധികാരധാർഷ്ട്യത്തിന്റെ മുഖ്യ അപ്പോസ്തലന് മൂക്കുകയറിടുക !

 എം. പി. ബാലറാം


അധികാര ധാർഷ്ട്യത്തിന്റെ അപ്പോസ്തലന്മാർ ചരിത്രത്തിൽ ആവർത്തിച്ച് അവതാരമെടുക്കുന്നത്  ജനതയുടെ ഇച്ഛാ മൂർത്തികളായി സ്വയം ചമഞ്ഞും ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവരുടെ നൈസർഗ്ഗിക ശേഷികളെ നിർവ്വീര്യമാക്കിയുമാണ്. നാടിന്റെയും, നാട്ടാരുടെയും രക്ഷകവേഷം ചമയുന്ന അധികാരമൂർത്തികൾക്ക് അർഹമായ ഇടമേതെന്ന് കൃത്യമായി നിർദ്ദേശിക്കാനും, അവിടം കാട്ടിക്കൊടുക്കാനുമുള്ള പരമമായ അധികാരം സാമാന്യ ജനങ്ങൾക്കുണ്ട്. അതവരുടെ അവകാശവുമാണ്. അതെടുത്തു പ്രയോഗിക്കുന്നതോടെയാണ് ചരിത്രത്തിന് ഗതിവേഗം കൂടുന്നത്; അധികാര ജീർണ്ണതയുടെ ഒഴുക്കുകൾക്ക് ചരിത്രത്തിൽ വിച്ഛേദം സംഭവിക്കുന്നത്. അധികാരധാർഷ്ട്യത്തിന് മൂക്കുകയറിടാനുള്ള അറ്റകൈപ്രയോഗങ്ങൾ രാഷ്ട്ട്രീയ പ്രതിവിധികളായും, തിരുത്തുകളായും ജനത എടുത്തുപയോഗിക്കുന്നതോടെ ചരിത്രത്തിന് ഗതിമാറ്റം സംഭവിക്കുന്നു. അത്തരമൊരു രാഷ്ട്രീയ പ്രതിക്രിയയ്ക്ക് സമയം അതിവേഗം പാകപ്പെടുകയാണെന്ന്, ഭരണത്തുടർച്ചക്ക് ശേഷമുള്ള നാളുകളിൽ ബോദ്ധ്യമായി വരുന്നുണ്ട്. സ്വയംഹത്യക്ക് സമാനമായ രാഷ്ട്രീയ ഷണ്ഡത്വം അധികാര ഭയത്താൽ വരിക്കുന്നത് ഒരു ജനതയെ മുഴുവൻ ചരിത്രത്തിന്റെ കണ്ണിൽ കുറ്റക്കാരാക്കും. ഒരു മഹാവ്യാധിയുടെ കുരിശിൽ തറയ്ക്കപ്പെട്ടു കഴിയുന്ന ആളുകൾക്ക് മേൽ അമിതാധികാരത്തിന്റെ ചാട്ടവാർ പ്രയോഗിക്കുന്നതിന് ന്യായീകരണമില്ല. അത്തരം സന്ദർഭങ്ങളിൽ അതിന് മൂക്കുകയറിടുകതന്നെ വേണം.

(1989 - ൽ റുമേനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിൽ 'കമ്യൂണിസ്റ്റ്' സ്വേച്ഛാധിപതി ചോസസ്ക്യൂവിനെതിരെ നടന്ന ബഹുജനറാലിയുടെ ദൃശ്യം. / 'Independent' പത്രത്തോട് കടപ്പാട്.)
 

അധികാരം ക്ഷുദ്രതയുടെ ആൾരൂപമായി ഉറഞ്ഞുതുള്ളുന്ന സന്ദർഭമാണിത്. ചരിത്രത്തിലെവിടെയും സമാനതകളില്ലാതെയാണ് അത്യന്തം ക്ഷുദ്രമായ ഒരു വൈറസ് ബാധ ജനജീവിതത്തിന്റെ അവസാനത്തെ  കോശങ്ങളെപ്പോലും ആക്രമിച്ചു കീഴ്പ്പെടുത്തുന്നത്.ബ്രോംസ്റ്റോക്കർ ഒന്നര നൂറ്റാണ്ട് മുമ്പാണ് ഡ്രാക്കുളയുടെ ആകാരത്തിൽ ചോര ഭക്ഷണമാക്കി ജീവകോശങ്ങളെ ഉപജീവനമാക്കിപ്പെരുകുന്ന ഒരു സാങ്കൽപ്പിക രക്ഷസ്സിനെ വിഭാവനം ചെയ്തതും യാഥാർത്ഥ്യത്തേക്കാൾ യാഥാർത്ഥ്യമാക്കി ഇവിടെ അവതരിപ്പിച്ചതും. ഇന്നത്തെ രോഗബാധ സമാനഭീകരതകളെ ഭാവനയിൽ നിന്ന് നേരിട്ട് നിത്യജീവിതത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. കേരളം മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ  കോവിഡ്-19  രോഗപ്പകർച്ചയെ 'നേരിടുന്ന' കാര്യത്തിലും 'തനതായ' മാതൃക സൃഷ്ടിച്ച്  ലോകരാജ്യങ്ങൾക്ക് മുന്നിൽ പ്രശ്നവിഷയമായിത്തീർന്നു കഴിഞ്ഞിട്ടുണ്ട്. 'കുടിയേറ്റത്തിന്റെ വീരഗാഥ രചിക്കുന്ന'വരെന്ന പേരിൽ  കോവിഡ് ഭീതിയുടെ ആദ്യഘട്ടത്തിൽ അന്യ നാടുകളിൽ തൊഴിലെടുത്ത് കഷ്ടപ്പെട്ടു ജീവിതം കഴിക്കുന്നവരെ നാട്ടിൽ സുരക്ഷിതത്വം വാഗ്ദാനം ചെയ്ത് അതിഥികളായി ക്ഷണിച്ചു കൊണ്ടു വന്നവർ , ഇന്ന് ഭരണത്തുടർച്ച ഉറപ്പിച്ച ശേഷം തൊഴിലില്ലാക്കണക്ക് ബുക്കിലെ ജീവനില്ലാത്ത അക്കങ്ങളായി കൂട്ടാനും കുറക്കാനും മാത്രം ഉതകുന്നവരെന്ന നിലയിൽ അവരെ  പരിഗണിക്കാനും വലിച്ചെറിയാനും തുടങ്ങിയിട്ടുണ്ട്. പുറം നാട്ടു തൊഴിലാളികളോടൊപ്പംകടുത്ത തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുക്കാനും ജീവിതം മുന്നോട്ടു കൊണ്ടു പോകാനും അവർ ഫലത്തിൽ നിർബന്ധിക്കപ്പെടുകയാണിന്ന്. സ്വന്തം നാട്ടിൽത്തന്നെ അന്യരും അധ:സ്ഥിതാവസ്ഥയിലുമായവരാണിവർ. മറുനാടുകളിലെ അവരുടെ അദ്ധ്വാനത്തെയും വരുമാനത്തെയും മഹത്ത്വവൽക്കരിച്ചാണ് കേരള രാഷ്ട്രീയത്തിലെ ഇത്തിക്കണ്ണി ദല്ലാൾവിഭാഗങ്ങൾ അധികാരശ്രേണിയിലെ അവരുടെ ഉന്നത സ്ഥാനങ്ങൾ നിലനിർത്തിയതും എന്നെന്നേക്കുമായ ഉറപ്പിച്ചതും. ഇന്ന് അതേ അധികാരശ്രേണിയിലെ അടിത്തട്ടുകളിൽ അക്കങ്ങൾ മാത്രമായി വന്നടിയുന്ന ഈ വിഭാഗങ്ങളെ കോവിഡാനന്തര  കേരളം വിലമതിക്കാൻ, പഴയ നഷ്ടസ്വർഗ്ഗങ്ങുടെ കണക്ക് പുസ്തകം മാത്രം മതിയാകുമോ ?

ഭരണത്തുടർച്ചക്കുള്ള ജനസമ്മതിയുടെ ബലത്തിലും അതിലൂടെ പുതുതായി കൈവന്ന ആത്മവിശ്വാസത്തിലുമാണ് ഇടതുപക്ഷ മുദ്രയണിഞ്ഞ കേരളത്തിലെ ഗവൺമെന്റ് മുൻകാലത്ത് നടത്തിവന്ന നിയമവിരുദ്ധ നടപടികളെയും മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർക്ക് നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന അഴിമതിയേയും വഴിവിട്ടുള്ള സ്വജനപക്ഷപാതത്ത്വങ്ങളെയും യാതൊരു കുറ്റബോധവും കൂടാതെ ഇന്ന് ന്യായീകരിക്കാൻ ധൈര്യപ്പടുന്നതും പഴയതിനേക്കാൾ ശക്തമായി മുന്നോട്ട് കൊണ്ടു പോകുന്നതും. ആധുനിക കേരള ചരിത്രത്തിൽ സമാനതകളില്ലാതെയാണ് ഒരു മഹാവ്യാധിയെ മറയാക്കി നാടു ഭരിക്കുന്ന സർക്കാറിന്റെ സ്വന്തംവകുപ്പുകളെ ഉപയോഗപ്പെടുത്തി വൻ തോതിലുള്ള സ്വർണ്ണക്കടത്ത് - ഡോളർ - വനം- കൊള്ളകൾക്കും അഴിമതിക്കും അധികാര ദുർവ്വിനിയോഗത്തിനും ഒത്താശ ചെയ്യുന്നതിന്റെ  ഇത്രയും വിശദമായ രേഖാമൂലത്തെളിവുകൾ നീതിന്യായ പീഠങ്ങളിൽ വിചാരണക്ക് വേണ്ടി സമർപ്പിക്കപ്പെടുന്നത്. നാട് ഭരിക്കുന്ന ഒരു സർക്കാറും അതിന്റെ രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വവും ഒന്നാകെയാണ് പൊതുമുതൽക്കൊള്ളകളുടെ കൈകാര്യകർത്താക്കളും, ദല്ലാളുകളുമായി കഴിഞ്ഞ അഞ്ചു വർഷക്കാലവും പ്രവർത്തിച്ചതിന്റെ പേരിൽ കുറ്റവിചാരണ നേരിടാൻ പോകുന്നത്. സംസ്ഥാനത്തിന്റെ പൊതു രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ കേട്ടുകേൾവിയില്ലാത്ത ചെയ്തികൾക്കാണ് ഒരു ഇടതുപക്ഷ സർക്കാർ ഒന്നടങ്കം കുറ്റാരോപിതമാകുന്നത്. എത്രയും അന്യൂനവും സമാനതകളില്ലാത്തതുമായ ഒരു കേരളമാതൃകയാണ് ഇതിലൂടെ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

നഷ്ടപ്പെട്ട സ്വർഗ്ഗങ്ങളുടെ കണക്കുകൾ കൊണ്ടു മാത്രം ഈ മഹാവ്യാധിക്കാലത്തെ മനസ്സിലാക്കാൻ കഴിയുകയില്ല. അധികാരഘടനയിൽ അടിത്തട്ടുകളിൽ വന്നടിയുന്നവർക്ക്  നരകാനുഭവങ്ങളാണ്. ജീവിതോപായം നഷ്ടപ്പെട്ട് നാനാമേഖലകളിൽ നിന്ന് നരകതുല്യമായ രോഗത്തിന്റെയും മരണത്തിന്റെയും അവസ്ഥകളിലേക്ക് വലിച്ചെറിയപ്പെടുന്നവരാണ് വിവിധ വിഭാഗം ജനങ്ങളെന്ന് അധികാരസ്ഥാനങ്ങളിൽ ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയേണ്ടതാണ്. അക്കാര്യത്തിൽ കുറ്റകരമായ അജ്ഞതയോ നിരക്ഷരതയോ വെച്ചു പുലർത്താൻ ജനാധിപത്യത്തിന്റെ പേരിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്നവകാശപ്പെടുന്ന ഒരു പാർട്ടി സംഘടനക്കും അവകാശമില്ല. എന്നാൽ സ്വന്തം തൊഴിലിന്റെയും സ്വച്ഛമായ സ്വാതന്ത്ര്യത്തിന്റെയും ഇരട്ട നഷ്ടങ്ങൾ പേറിക്കഴിയുന്ന പാവം ജനതയെയാണ് പ്രലോഭനങ്ങൾ കൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും വലതുപക്ഷ പ്രതിലോമപ്പാർട്ടികളെപ്പോലും നാണിപ്പിക്കുന്ന വിധത്തിൽ കബളിപ്പിച്ച് ഇടതുപക്ഷസർക്കാർ ഭരണത്തുടർച്ച ഉറപ്പുവരുത്തിയത്. രോഗബാധയേക്കാൾ ക്ഷുദ്രവും ക്രൂരവുമായാണ് അമിതാധികാരത്തിന്റെ വൈറസ്സുകൾ  ഭീതിയും നിശ്ശബ്ദതയും ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച് പൊതുമുതൽ കൊള്ളകൾക്കും ഹിംസാത്മക പ്രവർത്തനങ്ങൾക്കും മാഫിയാശക്തികൾക്ക് അവസരമൊരുക്കുന്നത്. പാർട്ടി സംഘടനാ അച്ചടക്കത്തിന്റെയും, അമിതാധികാര നിയമത്തിന്റെയും 'മുഖം മൂടികൾ' വലിച്ചെറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മനസ്സുകൾ ഉറക്കെ  വിളിച്ചു പറയാൻ അതിനാൽ  ഇന്നു സമയം പാകമായിരിക്കുന്നു: 'അധികാരധാർഷ്ട്യത്തിന്റെ മുഖ്യ അപ്പോസ്തലന് മൂക്കു കയറിടുക!'

Sunday, 2 May 2021

മെയ് രണ്ട്: നീതിബോധത്തിലെ വൈരുദ്ധ്യങ്ങൾക്ക് പരിഹാരം

ഇപ്പോൾ നാം എന്തു ചെയ്യണം - നാല്

 

എം.പി. ബാലറാം 

 

ചരിത്രത്തിലെ നിർണ്ണായക സന്ദർഭങ്ങളിൽ നീതി പരിഹാരമാർഗ്ഗമായി ഒരു ജനതയുടെ മുന്നിൽ സ്വയം പ്രത്യക്ഷപ്പെടുകയില്ല. തെറ്റിദ്ധരിപ്പിക്കുന്നതും കബളിപ്പിക്കുന്നതുമായ ദുർഘടവഴികളിൽ കൊണ്ടു ചെന്നെത്തിച്ചും, ശുഭപ്രതീക്ഷാ മുനമ്പുകളെ വിപരീത ദിശകളിൽ ചൂണ്ടിക്കാട്ടിയും നീതിദേവത ആളുകളെ പടുകുഴികളിൽ വീഴ്ത്തുന്നു. നീതി ബോധത്തിലെ വൈരുദ്ധ്യങ്ങൾ തുറന്നു കാട്ടപ്പെടുന്ന ദിനം എന്ന് മെയ് രണ്ടിനെ വിശേഷിപ്പിക്കാൽ ഇവിടെ ഒരുമ്പെടുന്നത് സവിശേഷമായ ഈ അർത്ഥത്തിലാണ്.

നീതിബോധത്തിലെ വൈരുദ്ധ്യങ്ങൾക്ക് താൽക്കാലികമായെങ്കിലും പരിഹാരം കണ്ടെത്തുന്നതിൽ ജനത പരാജയപ്പെടുന്ന ദിനം എന്നു കൂടി മെയ് രണ്ട് വിശേഷിപ്പിക്കപ്പെടുമെന്നതിന്റെ സൂചനകളാണ് ഇപ്പോൾ  വന്നു
കൊണ്ടിരിക്കുന്നത്. ഇത് ഒട്ടും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. എന്താണ് രാജ്യത്താകെയും കേരളത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ നിരീക്ഷണങ്ങൾ, അവയെ കൃത്യമായി തിരിച്ചറിയാനും പ്രതിരോധിക്കാനും ഉദ്ദേശിച്ച് എഴുതിയ കുറിപ്പുകൾ ('നിശ്ശബ്ദ നിലവിളികൾ : വൈറസ് കാല വിചാരങ്ങൾ' എന്ന പേരിൽ പുസ്തകരൂപത്തിൽ സമാഹരിക്കപ്പെട്ടവ) - ഇവയെല്ലാം കാര്യങ്ങൾ സൂക്ഷ്മമായി നോക്കിക്കാണാനും വീണ്ടുവിചാരം ചെയ്യാനും ശ്രമിക്കുന്നവർക്ക് മനസ്സിലാക്കാൻ ഇന്ന് ഒട്ടും വിഷമം നേരിടുകയില്ല. വിഷമം നേരിടുന്നത് മെയ് രണ്ട് ഒരു പരിഹാരമാകുന്നത് താൽക്കാലികംമാത്രമായാണെന്നും നീതിബോധത്തിലെ വൈരുദ്ധ്യങ്ങൾക്ക് ശാശ്വതപരിഹാരമല്ല ഈ ദിനമെന്നും മനസ്സിലാക്കാനാണ്. ഏകശാസനകളുടെയും ഏകാധിപത്യ പ്രയോഗരൂപങ്ങളുടെയും മേൽക്കോയ്മ അവസാനിപ്പിക്കണം എന്നത് ഒരു ജനതയുടെ ഇച്ഛാശക്തിയുടെ പ്രശ്നമാണ്. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിന്റെ മേൽക്കോയ്മ കൈവരിക്കാൻ ജനങ്ങൾ പ്രാപ്തരാകുന്നതോടുകൂടി മാത്രമേ യഥാർത്ഥത്തിൽ നീതി ബോധത്തിലെ വൈരുദ്ധ്യങ്ങൾ സ്ഥിരമായി പരിഹരിക്കപ്പെടുകയും ഇച്ഛ നടപ്പിലാക്കപ്പെടുകയും ചെയ്യുകയുള്ളുവെന്നത് ഈ ഘട്ടത്തിൽ അറിയേണ്ടതാണ്.

ഇക്കഴിഞ്ഞ കാലമത്രയും ഇവിടെ തകർത്തരങ്ങേറിയ 'ഏകപാത്ര പ്രഹസനം', ഉറപ്പും തുടർച്ചയും നഷ്ടപ്പെട്ട് തിരശ്ശീലയ്ക്കകത്ത് പോയ്മറയാൻ ഭൗതിക പശ്ചാത്തലം അതിവേഗം പാകപ്പെട്ടു വരികയാണെന്നാണ് പറയുന്നത്. പാവകളുടെ മൂകമായ റോളുകളിൽ ചരടുവലിക്കനുസരിച്ച് അഭിനയിച്ചു ഫലിപ്പിക്കാൻ പാടുപെട്ട സഹനടീനടന്മാർക്കും, 'ജൂലിയസ് സീസർ' നാടകത്തിലെ അടിമമനസ്സുകളുടെ നിസ്സംഗത കടമെടുത്ത് ആരവം മുഴക്കാൻ മാത്രം വായ തുറക്കുന്നവരായി സ്വയംമാറിയ കാഴ്ച്ക്കാരായ 'ഉത്തമ' സഖാക്കൾക്കും, ഇന്നത്തെ 'മഹത്തായ' വിജയത്തിന്റെ കഥ, എല്ലാ കാലത്തും ആവർത്തിച്ച് ഉരുവിട്ട് രോമാഞ്ചം കൊള്ളാൻ സാധിച്ചെന്നു വരില്ല. ഇന്നത്തെ 'പ്രഹസന' വിജയത്തിനെന്ന പോലെ, നാളത്തെ ദുരന്തപൂർണ്ണമായ ഇടതുപക്ഷത്തകർച്ചക്കും, നേരവകാശികളാവാൻ അവർക്ക് എല്ലാ അർഹതയും ഉണ്ടായിരിക്കുന്നതാണ്. തീർച്ച.

 അതിനാൽ ആത്യന്തികമായ വിജയത്തിന്റെയും പരാജയത്തിന്റെയും ഗാഥകളെഴുതപ്പെടുന്ന ദിനമായി മെയ് രണ്ട് ചരിത്രത്തിൽ തീർച്ചയായും അടയാളപ്പെടുകയില്ലെന്നു വേണം മനസ്സിലാക്കാൻ. താൽക്കാലികമായി
കൈ വന്ന വിജയം, ഒരു രാഷ്ട്രീയ ദുരന്തത്തിന്റെ മുന്നോടിയായുള്ള തങ്ങൾ  ഇതേവരെ കെട്ടിയാടിയ 'ആയഞ്ചേരി വല്യെശമാൻ' പ്രഹസനത്തിന്റെ (ടി.പി.സുകുമാരൻ മാഷ് ഇപ്പോഴും മറഞ്ഞു നിന്ന് ചിരിക്കുന്നു!) യുക്തിയുക്തമായ പരിണാമം മാത്രമാണെന്ന് ഔദ്യോഗിക കമ്യൂണിസ്റ്റ് കക്ഷികളും ഇടതു പക്ഷവും മനസ്സിലാക്കിയാൽ നല്ലത്. ഒരു സ്വയംഹത്യക്ക് ഇനിയും കാലമായില്ലെന്ന് വിശ്വസിക്കുന്നവർക്കെല്ലാം വീണ്ടുവിചാരത്തിലേർപ്പെടാം: 'ഏകപാത്ര പ്രഹസനം' കൊണ്ട് ഒരു ജനതയുടെ രാഷ്ട്രീയ ബോധത്തെ എല്ലാ കാലത്തും മയക്കിക്കിടത്താൻ കഴിയില്ലെന്നും, അനിവാര്യമായ തകർച്ച ഒരു മഹാദുരന്തമായി കേരളത്തിലെ ഇടതുപക്ഷത്തെ ഗ്രസിക്കുന്ന കാലം വിദൂരമല്ലെന്നും മനസ്സിലാക്കാനുള്ള വിവേകം എവിടെയെങ്കിലും ഇനിയും ബാക്കി കാണുമോ ?

Monday, 5 April 2021

ഏപ്രിൽ ആറ് - ചരിത്രത്തിന്റെ 'കൈപ്പിഴകൾ'ക്ക് ഒരു തിരുത്ത്

ഇപ്പോൾ നാം എന്തു ചെയ്യണം? - മൂന്ന്

 

എം.പി .ബാലറാം

 

ചരിത്രം മനുഷ്യർ നിർമ്മിക്കുന്നു. കുറെയധികം ശരികൾ കൊണ്ട്. കുറച്ചു തെറ്റുകൾ കൊണ്ടും. പോരാട്ടങ്ങൾ ശരികളെ നിലനിർത്തും. തെറ്റുകളെ തിരുത്തുകയും ചെയ്യും. എന്താണ് നിലനിർത്തേണ്ടത്? തുടരേണ്ടത് എന്താണ്? മാറേണ്ടതും, മാറ്റപ്പടേണ്ടതും എന്തൊക്കെ? അന്ത്യമായ ഉറപ്പ് ജനങ്ങൾ, ജനങ്ങൾ മാത്രമാണെന്ന് തീരുമാനിക്കപ്പെടുന്നത് 2021 ഏപ്രിൽ 6 നാണ്.

 

ഇടം അസന്ദിഗ്ദമായി പറയുന്നു: ചരിത്രത്തിന്റെ കൈപ്പിഴ തിരുത്തേണ്ട ദിവസമാണ് ഏപ്രിൽ ആറ്.

 

അന്തിമമായ ഉറപ്പ് ജനങ്ങൾ തന്നെയാണെന്ന് പറയുന്നത് ബോധപൂർവമാണ്. ജനങ്ങൾ ചിലപ്പോൾ തെറ്റുകൾ ചെയ്യുന്നത്, ചരിത്രത്തിലെ ശരി അതാണെന്ന ധാരണ കൊണ്ടാണ്. സത്യം തിരിച്ചറിയുമ്പോൾ തെറ്റുകളെ തിരുത്തുന്നു. യാഥാർഥ്യം മുഖാവരണങ്ങളെല്ലാം വലിച്ചുചീന്തി ജനതയെ  അഭിമുഖീകരിക്കുകയും നേർക്ക് നേർ അവരോട് പറയുകയും ചെയ്യും: "ഇതാ ഞാൻ ഇവിടെയുണ്ട്. ഒന്ന് മനസ്സിരുത്തിയാൽ കാണാവുന്ന ദൂരത്ത്. ബോധത്തോടെ മനസ്സിന്റെ കണ്ണ് തുറന്ന് വാസ്തവമെന്തെന്ന് തിരിച്ചറിയുക. അഞ്ച് വർഷം മുമ്പ് ശരിയെന്ന് കരുതി ചെയ്ത തെറ്റുകൾ തിരുത്തപ്പെടേണ്ട സന്ദർഭം ഇതാണ്. ചരിത്രത്തിന്റെ ധീരതകളും സാഹസികതകളും ആളുകളുടെ കൈകൊണ്ടും മനസ്സുകൾ കൊണ്ടുമാണ്. അറിയാതെ ചെയ്തു പോകുന്ന വിഡ്ഡിത്തങ്ങൾക്കും ഭോഷ്ക്കുകൾക്കും ഉത്തരവാദിയും ജനങ്ങൾ മാത്രം. അതിനാൽ 2016 ഏപ്രിൽ മാസത്തിൽ ചെയ്ത മഹാവിഡ്ഡിത്തം വീണ്ടുംആവർത്തിക്കാതെ, അന്നത്തെ തെറ്റുകൾക്ക് അറുതിവരുത്തുക!"

 

അതിനാൽ നിർഭയമായും ഒട്ടും ചാഞ്ചല്യം കൂടാതെയും ഇടംപറയുന്നത്:


ജനാധിപത്യമാണ് തുടരേണ്ടത്. സൗജന്യ വായ്ത്താരികളിൽ ഒളിപ്പിച്ചു വെച്ച ഏകശാസനകളുടെയെല്ലാം മുനയൊടിക്കുക. ഏകാധിപത്യത്തിന്റെ വേരറുക്കുക!

 

എന്താണ് കേരള മാതൃക? ചിന്തയുടെയും സർഗ്ഗാത്മക ഭാവനയുടെയും ദാസ്യത്തെ നിരന്തരം പ്രതിരോധിക്കുകയാകുന്നു കേരള മാതൃക. ദാസ്യത്തെ,അടിമബോധത്തെ, എന്തു വിലകൊടുത്തും നേരിടാനുള്ള സന്നദ്ധതയാണ് കേരള മാതൃകയെ സൃഷ്ടിച്ചത്. പ്രാമാണ്യം ഒരു ജാതിക്കും, ഒരു മതത്തിനും ഒരു വിദേശശക്തിക്കും വകവെച്ചു കൊടുക്കാതെ ജനത നൂറ്റാണ്ടുകൾ കൊണ്ട് വളർത്തിക്കൊണ്ടുവന്ന അത്യന്തം ഉദാരമായ സ്വാതന്ത്ര്യ ബോധത്തെയും, സമത്വ മനസ്ഥിതിയേയും, ഒരു രാഷ്ട്രീയ മാഫിയ നൽകുന്ന ഉറപ്പിനു പകരമായി നൽകാൻ കേരളം തയ്യാറാകുമെന്ന് ചരിത്രത്തെക്കുറിച്ച് പ്രാഥമിക ധാരണയെങ്കിലുമുള്ള ആരെയും തെറ്റിദ്ധരിപ്പിക്കാനാവില്ല.


ചരിത്രത്തിന്റെ കൈപ്പിഴകൾ തിരുത്തപ്പെടുന്നത്, അതിനാൽ ആർക്കും തടയാനാവില്ല - ഇടം പറയുന്നത് അതാണ്.

Friday, 2 April 2021

ജനാധിപത്യവൽക്കരണമോ ആത്മനാശമോ?

ഇപ്പോൾ നാം എന്തു ചെയ്യണം - രണ്ട്

 

എം. പി. ബാലറാം.


കേരളത്തിലെ 'ഔദ്യോഗിക' ഇടതുപക്ഷവും, അതിന്റെ ഭാഗമായ കമ്യൂണിസ്റ്റ് പാർട്ടികളും, നിലനിൽപ്പ് ഭീഷണിയെ നേരിടുകയാണിന്ന്. താൽക്കാലിക പരിഹാരങ്ങൾ അസാധ്യമായ അവസ്ഥയിലാണ്. ആത്മ നാശത്തിന്റെ വക്കിൽ, അന്ത്യം ആസന്നമായ മുഹൂർത്തത്തിൽ എത്തിപ്പെട്ട ഏതൊരാളെയും പോലെ അതിന് സ്വയംതിരിച്ചറിയാൻ കഴിയണമെന്നില്ല അവസാനത്തിന്റെ ആരംഭമായെന്ന്. നിലനിൽപ്പിനാശ്യമായ ജീവചോദനകൾ, അതിന്റെ തന്നെ ഭാഗമായ സ്വയംഹത്യക്കുള്ള ശക്തമായ പ്രേരണകൾ, ഇതുരണ്ടും ചേർന്ന് പ്രസ്ഥാനത്തെയും പാർട്ടിയേയും കേരളത്തിൽ ആഴമേറിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. രക്ഷാമാർഗ്ഗം നിർദ്ദശിക്കുക എളുപ്പമല്ല. വീണ്ടുവിചാരങ്ങളിൽ ആർക്കും താൽപ്പര്യവുമില്ല. ആസന്നമായ തിരഞ്ഞെടുപ്പിലെ ജയമോ പരാജയമോ കൊണ്ടാവില്ല കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിധി നിർണ്ണയിക്കപ്പെടുക. അകത്തും പുറത്തും പാർട്ടി പങ്ക്പറ്റുന്ന അങ്ങേയറ്റം പ്രതിലോമകരമായ ഏകാധിപത്യ പ്രവണതകൾ ഒരു കാര്യം മുൻകൂട്ടി ഉറപ്പിക്കുന്നുണ്ട്. ചൈനീസ് - വടക്കൻ കൊറിയൻ  പാർട്ടികളുടെ പിരമിഡ് മാതൃകകളുടെ ഹാസ്യാനുകരണങ്ങളായി തികച്ചും ഏകാധിപത്യപരമായി നിലനിൽക്കുന്ന  കേരളത്തിലെ പാർട്ടിക്ക് ജനാധിപത്യം അകത്തും പുറത്തും അഹിതകരമാകുന്നതിൽ അത്ഭുതമില്ല. ഏകാധിപത്യപരമായി അടിച്ചേൽപ്പിക്കപ്പെടുന്ന പാർട്ടി സംഘടനകൾ, ലോകത്ത് മിക്കയിടങ്ങളിലും ഇന്ന് ഉപയോഗിക്കപ്പെടുന്നത്, കമ്യൂണിസ്റ്റ് സങ്കൽപ്പനങ്ങളുടെയും അതിന്റെ ചരിത്രപരമായ പൈതൃകങ്ങളുടെയും ചെലവിൽ കോർപ്പറെയ്റ്റ് മൂലധന താൽപ്പര്യങ്ങളെ  സംരക്ഷിക്കാനാണ്. കേരളത്തിലെ അനുഭവവും വഴിക്കാകുന്നതിൽ ഒട്ടും അതിശയിക്കാനില്ല.

 

ആഗോളീകരണത്തിന്റെയും നവലിബറൽ മൂല്യവ്യവസ്ഥയുടെയും കടന്നുകയറ്റം, ഇന്ത്യയിലെ വർഗ്ഗ - ബഹുജന സംഘടനകളുടെ സ്വാധീനശക്തിയെ ഗണ്യമായ രീതിയിൽ ദുർബലപ്പെടുത്തി. ജാതി - മത സംഘടനകളും മറ്റു സ്വത്വ പ്രസ്ഥാനങ്ങളും ഇടതുപക്ഷത്തിന്റെ സ്വാധീനമേഖലകളിൽ വേരുറപ്പിക്കുന്നത് തടയാൻ, ഒരു നിലയ്ക്കും മാർക്സിസ്റ്റ് പാഠപുസ്തക വിജ്ഞാനംമാത്രം മതിയാകില്ലെന്നത് പുതിയ ലോകാനുഭവമാണ്. ഇത് മനസ്സിലാക്കുന്നതിൽ പാർട്ടി സംഘടനകൾ പരാജയപ്പെട്ടു. പ്രതിരോധവും പോരാട്ടവും ശക്തമാക്കാൻ അനിവാര്യമായ മുന്നുപാധികളാകേണ്ടിയിരുന്നത് അംഗബലത്തിലെ വർദ്ധന മാത്രമായിരുന്നില്ല. ജനകീയപ്രശ്നങ്ങളെ ആധാരമാക്കിയുള്ള വമ്പിച്ച ജന പങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭങ്ങൾ കെട്ടഴിച്ചു വിട്ട രാജ്യങ്ങളിലെല്ലാം ഒരു പരിധിവരെയെങ്കിലും, ഫാസിസ്റ്റ് സ്വഭാവംപ്രകടിപ്പിച്ചു തുടങ്ങിയ പാർട്ടികളെയും, ഭരണകൂടങ്ങളെയും, അതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിച്ചത്, ഇടതുപക്ഷ പാർട്ടികൾക്ക് പാഠമാകേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രം പരിമിതപ്പെടുത്തിയ ഒരു 'മാർക്സിസ്റ്റ്ചിന്തയും' അതിന്റെ ആവശ്യങ്ങൾക്കായി അതാത് സന്ദർഭങ്ങളിൽ രൂപപ്പെടുത്തുന്ന പ്രായോഗിക പ്രവർത്തനശൈലിയുംകൊണ്ട്, ലോകത്തിലെവിടെയെങ്കിലും ഏതെങ്കിലും ഒരു കമ്യൂണിസ്റ്റ് പാർട്ടി  നിലനിന്നു പോന്ന ചരിത്രമില്ല. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും,യൂറോകമ്യൂണിസത്തിന്റെ സ്വാധീന മേഖലകളിലുമെല്ലാം, തിരഞ്ഞെടുപ്പ് രാഷ്ടീയത്തിന്റെ കളിക്കളങ്ങളെ മാത്രം കണ്ടുകൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനത്തിനു പകരം ബഹുജന പ്രക്ഷോഭങ്ങളെയും ജനകീയസംഘടനകളെയും മുൻനിർത്തിയുള്ള ജനാധിപത്യപ്രവർത്തന ശൈലി സ്വീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ നിർബന്ധിക്കപ്പെടുകയാണ് ഇന്ന്. വോട്ടു ബാങ്ക് രാഷ്ട്രീയം വലതുപക്ഷത്തെപ്പോലും തുണയ്ക്കുകയില്ലെന്ന് തിരിച്ചറിയപ്പെടുന്ന ഒരു കാലത്താണ്, ഇന്ത്യയിലെ (കേരളത്തിലെയും!) ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടികളും, ജനങ്ങളെ വോട്ടു ബാങ്ക്അക്കൗണ്ടിലെ ജീവനില്ലാത്ത അക്കങ്ങൾ മാത്രമായി കണക്കാക്കികവടി നിരത്തി ഭാവി പ്രവചിക്കാനൊരുങ്ങുന്നത്.

ബൂർഷ്വാ ജനാധിപത്യത്തിന്റെ എല്ലാ നേട്ടങ്ങളെയും മേന്മകളെയും മാർക്സും മാർക്സിസവും, ആരംഭകാലം മുതൽക്കേ, സ്വന്തം വളർച്ചക്ക് പ്രാണവായുവായി ഉപയോഗിച്ച് പോന്നിട്ടുണ്ട്. ഇന്ത്യയിലും ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് മുള പൊട്ടിയ ആശയവും പ്രസ്ഥാനവും, ബ്രിട്ടീഷ് ഭരണത്തിൻ കീഴിലും, സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷവുംനിലനിന്ന ജനാധിപത്യാനുകൂല്യങ്ങളെ അതാത് കാലം ഉപയോഗിച്ചാണ്, ശക്തിപ്പെട്ടു പോന്നത്. ആരുടെയും സൗജന്യങ്ങളായി, ജനങ്ങൾക്ക് ജീവിതവഴികളിൽ നിന്ന് വീണുകിട്ടുന്നവയല്ല ജനാധിപത്യ വ്യവസ്ഥയിലെ അവകാശങ്ങളൊന്നുംതന്നെ. ജനതയുടെ നെടുനാളത്തെ പോരാട്ടങ്ങളുടെ സമ്പാദ്യങ്ങളാണവയെല്ലാം. തങ്ങൾ കനിഞ്ഞു നൽകുന്ന സൗഭാഗ്യങ്ങളും സൗജന്യങ്ങളുമാണ് ഇന്ന് നിങ്ങൾ അനുഭവിക്കുന്നത് എന്നു പറയുന്ന ബൂർഷ്വാഭരണാധികാരികളെ, സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പും അതിനുശേഷവും, കാലാകാലങ്ങളായി ജനങ്ങൾ അഭിമുഖീകരിച്ചു പോന്നിട്ടുണ്ട്. ഇടതുപക്ഷത്തിന്റെയും, കമ്യൂണിസ്റ്റ് പാർട്ടികളുടെയുംപേരിൽ ഭരണാധികാരം കൈയാളുന്നവർ, ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്ക് യാതൊരു വിലയുംകൽപ്പിക്കാതിരിക്കുന്നത്, അതിനാൽ ജനാധിപത്യവിരുദ്ധം മാത്രമായല്ല തിരിച്ചറിയപ്പെടേണ്ടത്; അതിനെ ബൂർഷ്വാഭരണവ്യവസ്ഥക്കകത്ത് അതിന്റെ വൈകൃതമായി വളരാൻ തുടങ്ങുന്ന ഏകാധിപത്യ പ്രയോഗത്തിന്റ ബീജരൂപമായാണ് കണക്കാക്കേണ്ടത്. ഇടതുപക്ഷഭരണത്തെ മാത്രമല്ല അതിൽ പ്രധാന പങ്ക് വഹിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയേയും നയിക്കുന്ന പ്രത്യയ സംഹിതയായി ഏകാധിപത്യബാധ മൂർച്ഛിച്ചത് കോവിഡ് - 19 മഹാവ്യാധിയുടെ കാലത്താണ് എന്നത് ഒട്ടുംയാദൃച്ഛികമല്ല. ഇടതു - വലതുപക്ഷ ഭേദമില്ലാതേയാണ് അമിതാധികാരപ്രയോഗത്തിനറെ ക്ഷുദ്രവൈറസ്സുകൾ ജനജീവിതങ്ങൾക്കുമേൽ അധിനിവേശത്തിനുള്ള സുവർണ്ണാവസരമാക്കി കോവിഡ് കാലത്തെ ഉപയോഗപ്പെടുത്തുന്നത്. സൗജന്യ പദ്ധതികളും പാരിതോഷിക വാഗ്ദാനങ്ങളുംകൊണ്ട് പെരുമഴപെയ്യിച്ച്, പാർട്ടി സംഘടനകളേയും, സമൂഹമനസ്സുകളെയും നിശ്ശബ്ദമാക്കാനുള്ള കാപട്യം ഏകാധിപത്യ വ്യവസ്ഥക്ക് മാത്രം ചേർന്നതാണെന്ന് ഉറക്കെ വിളിച്ച് പറയാനെങ്കിലും ജനസാമാന്യത്തിന് കഴിയേണ്ടതാണ്. അതിനവരെ പ്രാപ്തരാക്കേണ്ട ഇടതുപക്ഷത്തെ 'പ്രാമാണിക ബുദ്ധിജീവി'കളൊക്കെയും ക്ഷുദ്ര വൈറസ് ബാധക്ക് കീഴ്പ്പെട്ട് അധികാരത്തുടർച്ചയുടെ സുവർണ്ണകാലം സ്വപ്നംകാണുന്ന അടിമമനസ്സുകളായി മാറിക്കഴിഞ്ഞുവെന്നതും സാധാരണ ജനങ്ങൾ അറിയേണ്ടതാണ്.