edam
in left perspective

Friday, 1 August 2014

ഇടം ലൈബ്രറി

ഭാഷയും വിമോചനവും

  

എം പി രാധാകൃഷ്ണന്‍.

 

'മാത്രുഭാഷക്ക് വേണ്ടിയുള്ള സമരം'

പി പവിത്രന്‍ 

പ്രസാധനം: മലയാള ഐക്യവേദി, കലാതരംഗിണി, ചെറുതുരുത്തി.

വില: 260 രൂപ. 


ഒന്ന്

വന്ധ്യമായ ചിന്താമണ്ഡലം

നമ്മുടെ ചിന്താമണ്ഡലം ഇന്ന് വന്ധ്യമാണ്. ഗൌരവപൂര്‍ണമായ സംവാദങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. നമ്മുടെ മുന്‍നിര പ്രസിദ്ധീകരണങ്ങളും തീര്‍ത്തും ഉപരിപ്ലവമായ ക്രീഡാപരതയില് രമിക്കുന്നതുപോലെ തോന്നുന്നു. ചോദ്യങ്ങളോ സംശയങ്ങളോ സര്‍ഗ്ഗമൂല്യമുള്ള അലര്‍ച്ചകളോ ഇല്ലാത്ത യുവാക്കളാണ് നമുക്ക് ചുറ്റും. ജനജീവിതത്തെ എങ്ങനെ സര്‍ഗ്ഗവല്‍ക്കരിക്കാം എന്നതിനെപ്പറ്റി ഒരു ധാരണയും ഇല്ലാത്ത പത്രാധിപന്മാരാണ് പ്രസിദ്ധീകരണങ്ങളുടെ തലപ്പത്തിരിക്കുന്നത്. മലയാളത്തിലെ മുന്‍നിരയിലെ ഒരു പ്രസിദ്ധീകരണം ഇയ്യിടെ പാലൂരിന്‍റെ കവിത മടക്കി അയക്കുകയുണ്ടായി എന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കനപ്പെട്ട ഒരു മലയാള പ്രസിദ്ധീകരണത്തിന്‍റെ പത്രാധിപസ്ഥാനം ഏറ്റെടുക്കുന്ന വേളയില്‍ അങ്ങേര്‍ എടുത്ത ഒരു പ്രതിജ്ഞ പരമ്പരാഗതമായി മലയാളിക്ക് കലയോടും സാഹിത്യത്തോടുമുള്ള സഹജഭാവുകത്വത്തെ താന്‍ തച്ചുടക്കും എന്നായിരുന്നു. 

അച്ചുകൂടം നിലവില്‍ വന്ന ആദ്യനാളുകളില്‍ അച്ചടിച്ചുവന്ന വാക്കിനെ ആർത്തിയോടെ നോക്കിനിൽക്കുന്ന നവോത്ഥാനനായകനായ  ഇറാസ്മസിന്‍റെ ഒരു പഴയ ചിത്രമുണ്ട്. നൂറ്റാണ്ടുകള്‍ തന്നെ കഴിഞ്ഞിരിക്കുന്നു. ഇന്ന് നമ്മുടെ തലങ്ങും വിലങ്ങും അച്ചടിച്ചു വരുന്ന വാക്കുകളാണ്. ഈ വാക്കുകള്‍ നമ്മില്‍ ഒരു കൌതുകവും ഉണര്‍ത്തുന്നില്ല. വാക്കും അവബോധവും തമ്മിലുള്ള ബന്ധം എവിടെയോ അറ്റു പോയിരിക്കുന്നു. ഈ ഒരു പാശ്ചാത്തലത്തിലാണ് “അവബോധത്തെ തിരിച്ചെടുക്കുക” എന്ന ആഹ്വാനവുമായി പവിത്രന്‍റെ കൃതി ഉദയം കൊള്ളുന്നത്‌.

ലോകം അസാധാരണതാളത്തില്‍ ആടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞത് ഒരു ജര്‍മ്മന്‍ കവിയാണ്‌ - ഗോട്ട്ഫ്രീഡ്ബന്‍; മുപ്പതുകളില്‍, നാസിഭീകരതകളുടെ പശ്ചാത്തലത്തില്‍. ഇന്ന് നാസി ഭീകരതകളില്ല. എട്ടു ദശകങ്ങളോളം നാം പിന്നിട്ടിരിക്കുന്നു. എന്നാലിന്ന് അന്നത്തെതിനും അസാധാരണ താളത്തില്‍ ലോകം ആടിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നതാവും ശരി. മറ്റൊരുകാര്യം: താളത്തേയും താളക്കേടിനെയും വ്യവച്ഛേദിച്ചു കാണാനാവാത്ത തരത്തില്‍ ഉന്മാദികളായ മനുഷ്യരാണ് ഇന്ന് നമുക്ക് ചുറ്റും. 
ഘോരമായ താളക്കേടിന്‍റെ കഥയാണ്‌ പവിത്രന്‍ പറയുന്നത്. മാതൃഭാഷയുടെ സ്വച്ഛന്ദതാളത്തില്‍ നിന്നും ഭ്രഷ്ടരാക്കപ്പെടുന്ന തദ്ദേശീയരെ എങ്ങിനെ സ്വതന്ത്രരാക്കം? അധീശത്വഭാഷയുടെ തടവറയില്‍ കഴിയുന്ന മലയാളിയെ എങ്ങനെ മോചിപ്പിച്ചെടുക്കാം? അധീശത്വഭാഷയുടെ ഉന്മത്തരായ വക്താക്കള്‍ കാലാന്തരത്തില്‍ അധികാരകേന്ദ്രങ്ങള്‍ കയ്യാളുന്ന രാക്ഷസരായി മാറുന്നത് നാം കാണുന്നു. ഒരു കാലത്ത് സാമ്രാജ്യത്വശക്തികളും കമ്പോളവും നിര്‍വ്വഹിച്ച ഹീനദൗത്യങ്ങള്‍ അതിലും ഭംഗിയായി തദ്ദേശീയരായ അധികാരസ്ഥര്‍ ഇന്ന് നിര്‍വ്വഹിക്കുന്നു. ഭൂരിഭാഗം വരുന്ന ജനതയെ സംബന്ധിച്ചെടുത്തോളം സ്വാതന്ത്യത്തെയും അസ്വാതന്ത്യത്തെയും വേര്‍തിരിച്ച് കാണാനാവാത്ത ഒരു അവസ്ഥാവിശേഷം ഇന്ന് സംജാതമായിരിക്കുന്നു.
മാതൃഭാഷക്കുവേണ്ടിയുള്ള സമരം ഉദ്ബുദ്ധനായ മലയാളിയെ സംബന്ധിച്ചെടുത്തോളം മറ്റൊരു സ്വാതന്ത്ര്യസമരം തന്നെയാണ്. ആഗോളവിപണിയുടെ ഒത്താശയോടെ അധീശത്വസംസ്കാരം തദ്ദേശീയരെ ലക്ഷ്യമാക്കി നിര്‍മ്മിച്ചെടുക്കുന്ന തടവറ തകര്‍ക്കപ്പെടുക തന്നെ വേണം. അങ്ങിനെ മാതൃഭാഷയെ വീണ്ടെടുത്ത്‌ തന്‍റെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ മലയാളി ബാധ്യസ്ഥനാണ്. തിരിച്ചറിവില്ലായ്മയുടെ ജാഡൃതയില്‍ അധീശത്വഭാഷയുമായി താദാത്മ്യം പ്രാപിക്കുന്ന അഭ്യസ്തവിദ്യനായ മലയാളി മാതൃഭാഷയ്ക്ക്‌ വേണ്ടിയുള്ള സ്വാതന്ത്ര്യ സമരവുമായി മുന്നോട്ടു പോകുന്ന സമരനായകരോട് ബഷീറിന്‍റെ നായകന്‍ ‘മതിലുകളി’ല്‍ ഒരു വ്യത്യസ്ഥസന്ദര്‍ഭത്തില്‍ മൊഴിഞ്ഞത് പോലെ “Why Should I be free? Who wants freedom?” എന്ന് തന്നെ ചോദിച്ചേക്കാം... യഥാര്‍ത്ഥത്തില്‍ തദ്ദേശീയരുടെ സ്വാതന്ത്ര്യാനുഭവവും മാതൃഭാഷാ അവബോധവും കെട്ടുപിണഞ്ഞുകിടക്കുന്നു. ഈ സത്യം തിരിച്ചറിയാത്ത അഭ്യസ്തവിദ്യര്‍ ആണ് ഇന്ന് കേരളത്തിന്‍റെ ശാപം.

മാത്രുഭാഷക്ക് വേണ്ടിയുള്ള സമരം അനിവാര്യമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ യുദ്ധമുഖം നമുക്ക് തുറന്നു തന്നത് ഐക്യമലയാള പ്രസ്ഥാനമാണ്. ഈ യുദ്ധമുഖത്ത് ജാഗരൂകനായി നിന്നുകൊണ്ട് പവിത്രന്‍ നല്‍കുന്ന ഉള്‍ക്കാഴ്ച്ചകള്‍ സ്വാംശീകരിക്കാന്‍ സഹൃദയര്‍ ബാദ്ധ്യസ്ഥരാണ്.

മാനഭംഗം” എന്ന വാക്ക് ഇടക്കാലത്ത് പ്രചുരപ്രചാരം നേടിയ ഒന്നാണ്. സത്യം പറഞ്ഞാല്‍ കൊളോണിയല്‍ ശക്തികളെല്ലാം നൂറ്റാണ്ടുകളോളം കീഴാളജനതയോട് കാട്ടിയത് എന്താണ്? അതിരിക്കട്ടെ: സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങള്‍ അധീശത്വ ഭാഷയെയും സംസ്കാരത്തെയും ഉപകരണങ്ങളാക്കി അതതു പ്രദേശത്തെ ഭാഷയെയും സാഹിത്യത്തെയും മാനഭംഗം ചെയ്യുകയായിരുന്നില്ലേ?

രണ്ട്

ഭാഷയുടെ വിമോചനമൂല്യം


അന്തിമവിജയം എന്നാല്‍ ഇരക്കുള്ളതാണ്, മാതൃഭാഷക്കുള്ളതാണ്.

ഈ കൃതിയുടെ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ്‌ ഇങ്ങനെ സൂചിപ്പിക്കുന്നു: “മരണത്തെക്കുറിച്ചുള്ള സംസാരം മാറ്റിവെച്ച് മലയാളം ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. മരണാവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് മലയാളിയെ എത്തിച്ച ഇടപെടലുകളെക്കുറിച്ചാണ് ഈ പുസ്തകം
മലയാളത്തിന്‍റെ ഈ തിരിച്ചുവരവിനു ഒരു ചരിത്രമുണ്ട്. ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നടന്ന സംഘടിത പ്രക്ഷോഭങ്ങളാണ് ഐക്യമലയാള പ്രസ്ഥാനത്തിന്‍റെ പിറവിയില്‍ കലാശിച്ചത്. ഈ ജനമുന്നേറ്റത്തില്‍ ഭാഗഭാക്കുകളായത് അക്കാദമിക് പണ്ഡിതരല്ല, സാധാരണ മനുഷ്യരും വിദ്യാര്‍ത്ഥികളുമാണ്. മാതൃഭാഷയുടെ വിമോചനമൂല്യത്തെക്കുറിച്ചുള്ള ഉറച്ച ആത്മവിശ്വാസമാണ് സമരത്തില്‍ അണിചേരാന്‍ അവരെ നിര്‍ബന്ധിച്ചത്.

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കുക, കോടതിഭാഷ മലയാളത്തിലാക്കുക, ഒരു മലയാള സര്‍വ്വകലാശാല സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രക്ഷോഭകര്‍ തെരുവിലിറങ്ങി. ഈ സര്‍ഗ്ഗസമരം ഇന്നും തുടരുന്നു.

മാതൃഭാഷക്കുവേണ്ടിയുള്ള സമരത്തില്‍ ഗ്രന്ഥകര്‍ത്താവിനും സഹാനായകര്‍ക്കും ഊര്‍ജം നല്‍കിയ ഇതര ആഗോളസമരങ്ങളെപ്പറ്റിയും ഈ കൃതിയില്‍ പരാമര്‍ശമുണ്ട്. അന്‍പതുകളുടെ ആദ്യം ബംഗ്ലാദേശില്‍ നടന്ന ഭാഷാകലാപം; അപകൊളനീകരണത്തിന്‍റെ ഭാഗമായി ആഫ്രിക്കന്‍ മണ്ണില്‍ നടന്ന ജനമുന്നേറ്റങ്ങള്‍; ഹീബ്രുഭാഷയുടെ ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്... ഇവയെപ്പറ്റിയെല്ലാം പവിത്രന്‍ സുദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്.

മാതൃഭാഷയിലൂടെ അവബോധത്തിന്‍റെ ജ്വാല കേരളീയസമൂഹത്തിലേക്ക് കൈമാറിയ ഗുരുവെപ്പറ്റി നടത്തുന്ന പരാമര്‍ശം ശ്രദ്ധേയമാണ്. തലശ്ശേരിയില്‍ ജഗന്നാഥപ്രതിഷ്ഠക്ക് വന്ന ശ്രീനാരായണഗുരുവെ നിരായുധനാക്കാനുള്ള തത്രപ്പാടില്‍ കടത്തനാട്ടില്‍ നിന്ന് വന്ന ഒരു പണ്ഡിതന്‍ സംസ്കൃതത്തില്‍ വാദിക്കാനൊരുങ്ങി. ക്ഷണം കൊണ്ട് ഗുരു അങ്ങേരെ ഇങ്ങനെ നിരായുധനാക്കി: “പണ്ഡിതരെ, നമുക്ക് നാട്ടുകാര്‍ക്കു മനസ്സിലാവുന്ന മലയാളത്തില്‍ സംസാരിക്കാം.”

ഇത്തരം തീമൊഴികളാണ് കേരളീയജീവിതത്തിന്‍റെ സര്‍ഗ്ഗവല്‍ക്കരണത്തിന് ഒരുകാലത്ത് രക്തം കൊടുത്തത്. അറുപതുകള്‍ക്ക് ശേഷം എന്നാല്‍ ഈ പ്രക്രിയ അട്ടിമറിക്കപ്പെട്ടു. കേരളത്തില്‍ അങ്ങോളമിങ്ങോളം നിലന്നിന്നിരുന്ന മാതൃഭാഷാധിഷ്ഠിത സംവാദമണ്ഡപങ്ങളെല്ലാം നിലംപരിശാക്കപ്പെട്ടു. തലശ്ശേരി പോലുള്ള സാംസ്കാരികനഗരങ്ങള്‍ മൃതനഗരികളായി മാറി. മാതൃഭാഷാ വികസനത്തിന്‌ ഒട്ടേറെ മാനങ്ങള്‍ നല്‍കിയ തലശ്ശേരിയെ ഒരു ടൂറിസ്റ്റ് നഗരമാക്കാനുള്ള യജ്ഞത്തിലാണ് ഇന്ന് ഭരണാധികാരികള്‍.

മലയാള ഐക്യവേദിയുടെയൊക്കെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒടുവില്‍ മലയാള സര്‍വ്വകലാശാലയും നിലവില്‍ വന്നിരിക്കുന്നു. ഒരുതരത്തില്‍ ഇതൊരു വെല്ലുവിളിയാണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മിക്ക കലാശാലകളും മരണത്തിന്‍റെ വണിക്കുകളാണ്, അക്കാദമിക മുതലാളിത്തത്തിന്‍റെ കളിത്തൊട്ടിലുകളാണ്. കേരളവും ഇതിനപവാദമല്ല. ആ നിലക്ക് പഠനത്തെയും അദ്ധ്യാപനത്തെയും സര്‍ഗ്ഗോത്സവമാക്കുന്ന, മാതൃഭാഷാപഠനത്തിന്‍റെ വിമോചനമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മലയാള സര്‍വ്വകലാശാലക്ക് ഇവിടെ വേരുറപ്പിക്കാനാവുമോ?

(ഭാര്യയും ഭര്‍ത്താവും അസോസിയേറ്റ് പ്രൊഫസര്‍മാര്‍; ഒഴിവുസമയം എന്നാല്‍ ആംവേയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നു! ഇത്തരം മൂഢജീവികളുടെ ഒരു വലിയ നിര തന്നെ കേരളത്തിലെ കലാശാലകളില്‍ ഉണ്ട്. വെറും തീറ്റിപ്പണ്ടാരങ്ങളായി ജീര്‍ണ്ണിച്ചുപോയ ഇക്കൂട്ടര്‍ക്ക് മലയാളഭാഷയോ സാഹിത്യമോ ആവശ്യമില്ല. മറുവശത്ത് വെറും കരിയരിസ്റ്റുകളാവാന്‍ ശപിക്കപ്പെട്ട യുവലക്ഷങ്ങളും!)

സത്യം പറഞ്ഞാല്‍ അവബോധരംഗത്തെ പ്രതിസന്ധി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു സങ്കീര്‍ണ്ണാവസ്ഥ ഇന്ന് നമ്മുടെ സാമൂഹ്യജീവിതത്തെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്‌. പുത്തന്‍ സാമ്രാജ്യത്വശക്തികളും ഭീകരഭരണകൂടവും എല്ലാം ചേര്‍ന്ന് ജനജീവിതത്തെ മാതൃഭാഷയുടേയും സാഹിത്യത്തിന്‍റെയും സര്‍ഗ്ഗ ഉറവുകളില്‍ നിന്നും നാടുകടത്തുന്നു. ഒരു വശത്ത് sky is the limit എന്ന മട്ടില്‍ പരിമിതികളില്ലാത്ത വികസനത്തിന്‍റെ ഒരു ചിത്രം വിവരസാങ്കേതിക വിദ്യ നല്‍കുമ്പോള്‍ മറുവശത്ത് എല്ലാ മേഖലകളിലും അതുവരെ നിലനിന്നിരുന്ന അവബോധത്തിന്‍റെ പ്രാഥമ്യം അട്ടിമറിക്കപ്പെടുന്നു. സാഹിത്യം, കല, ദര്‍ശനം തുടങ്ങിയ എല്ലാ വ്യവഹാരങ്ങളെയും അതിപ്രായോഗികതയുടെ ഒരു തലത്തിലേക്ക് സങ്കോചിപ്പിച്ചെടുക്കാന്‍ വിവരസാങ്കേതികവിദ്യക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു പ്രധാനമാറ്റം ചൂണ്ടിക്കാട്ടാം. പ്രത്യക്ഷത്തില്‍ അദൃശ്യമെങ്കിലും മനുഷ്യരാശിയുടെ അസംഖ്യം പൈതൃകങ്ങളില്‍ നിന്നുരുത്തിരിഞ്ഞ ചലനാത്മകമായ അവബോധത്തിന്‍റെ ഒരു വന്‍ ശൃംഖല സമൂഹമനസ്സിന്‍റെ അടിത്തട്ടില്‍ സക്രിയമായോ അല്ലാതെയോ വര്‍ത്തിച്ചു വന്നിരുന്നു. ഏറ്റവും സുപ്രധാനകാര്യം ഉല്‍ക്കടപ്രതിസന്ധികളില്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും അവബോധത്തിന്‍റെ ആഗോളശൃംഖലക്ക് ലോകമനസ്സാക്ഷിയുടെ കാവലാളാവാന്‍ കഴിഞ്ഞിരുന്നു എന്നതാണ്. ഇന്നാവട്ടെ ഓസോണ്‍ കവചത്തിലെന്ന പോലെ മനുഷ്യരാശിയുടെ അവബോധത്തിന്‍റെ കവചത്തിലും നിറയെ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ലോകത്തിന്‍റെ അനൗദ്യോഗിക നിയമനിര്‍മ്മാതാക്കളാണ് കവികള്‍ എന്ന് പറഞ്ഞത് ഷെല്ലി ആണ്. ഇങ്ങനെ കവികളും കലാകാരന്മാരും ദാര്‍ശനികരും അദ്ധ്യാപകരും ഉല്‍ബുദ്ധരായ യുവാക്കളും എല്ലാം അടങ്ങിയ അവബോധശൃംഖല എവിടെക്കാണ്‌ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത്?

മൂന്ന്

അവബോധത്തിന്‍റെ കച്ചവടവല്‍ക്കരണം


തൊണ്ണൂറുകള്‍ക്ക് ശേഷം അവബോധത്തിന്‍റെ സമ്പൂര്‍ണ്ണ വാണിജ്യവല്‍ക്കരണം ഒരു യാഥാര്‍ഥ്യമായി തീര്‍ന്നിരിക്കുന്നു. ഇതൊരു വന്‍ പ്രതിസന്ധിയാണ്.

പവിത്രന്‍റെ വിശകലനങ്ങളിലും ഈ പ്രതിസന്ധി തലപൊക്കുന്നുണ്ട്. മൂര്‍ത്തമായ ഉദാഹരണങ്ങളിലൂടെ ഈ പ്രതിസന്ധിയുടെ ഭീകരത പവിത്രന്‍ വ്യക്തമാക്കുന്നുമുണ്ട്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവച്ച കുപ്രസിദ്ധമായ ഒരു രേഖയെ പവിത്രന്‍ സുദീര്‍ഘമായി അപഗ്രഥിക്കുന്നുണ്ട്. കലാശാലാതലത്തില്‍ മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കേണ്ടതില്ലെന്നാണ് രേഖയിലെ അടിസ്ഥാനനിലപാട്. “ഇത്തരം ഒരു മാറ്റം വരുത്തുന്നതിന് പിന്നിലെ ദര്‍ശനം എന്താണ്?” പവിത്രന്‍ ചോദിക്കുന്നു. “കലയുടെയും സാഹിത്യത്തിന്‍റെയും ജ്ഞാനശാസ്ത്രപരവും ജനാധിപത്യപരവുമായ ധര്‍മ്മങ്ങളെ സംബന്ധിച്ച അജ്ഞതയാണ് ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്‍റെ രേഖയെ നിഷേധാത്മകമാക്കുന്ന പ്രധാനഘടകം. അതാണ്‌ ആഗോളവല്‍ക്കരണത്തിന്‍റെ പൊതുഅജണ്ടയുമായി അതിനേ യോജിപ്പിച്ച് നിര്‍ത്തുന്നത്”. (‘ചങ്ങമ്പുഴ പുറത്ത്, പൌരധര്‍മ്മം അകത്ത്’, page 213)

ആഗോളവല്‍ക്കരണത്തിന്‍റെ അടിസ്ഥാന യുക്തി കിടക്കുന്നത് മുതലാളിത്തത്തിലാണ്” എന്ന് പവിത്രന്‍ നിരീക്ഷിക്കുന്നു. “കീഴടക്കുന്ന പ്രദേശങ്ങളിലെ മനുഷ്യര്‍ മുതലാളിത്തത്തെ സംബന്ധിച്ചെടുത്തോളം സ്വയം ബോധമില്ലത്തവരാണ്. തങ്ങള്‍ക്ക് തങ്ങളുടെ ആധിപത്യരീതിക്കനുസരിച്ച് ആസൂത്രണം ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ മാത്രമാണവര്‍. അവര്‍ക്ക് സ്വയമായ വിഷയിത്വം (subjectivity) ഇല്ലതന്നെ. ആധിപത്യം പ്രയോഗിക്കുന്നവരുടെ കര്‍തൃത്വസ്ഥാനം മാത്രം നിലനില്‍ക്കുകയും മറ്റെല്ലാ കര്‍തൃസ്ഥാനങ്ങളെയും നിഷേധിക്കുകയുമാണ് അതിന്‍റെ രീതി. ഭരണകൂടത്തിന്‍റെ നോട്ടപ്പാടില്‍ നിന്നുള്ള കാഴ്ച മാത്രമാണ് ഒരേയൊരു നോട്ടപ്പാട്. ആ നോട്ടപ്പാടിനെ സ്വാംശീകരിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടത്. മറ്റെല്ലാറ്റിനെയും ആ നോട്ടപ്പാടിനനുസരിച്ച് ക്രമീകരിക്കുന്ന ജ്ഞാനശാസ്ത്രപരമായ ഏകാധിപത്യമാണ് അത് അടിച്ചേല്‍പ്പിക്കുന്നത്” (‘ചങ്ങമ്പുഴ പുറത്ത്, പൌരധര്‍മ്മം അകത്ത്’, page 214).

മേധാവിത്വഭീകരകതകളെപ്പറ്റി ജാഗരൂകരാവാന്‍ പവിത്രന്‍ നമ്മോട് ആവശ്യപ്പെടുന്നു: “കലയുടെ മണ്ഡലവുമായി ബന്ധമില്ലാത്ത, കലക്കും സാഹിത്യത്തിനും അന്യമായ ഒരു സാമൂഹ്യനേത്രുത്വമാണ് നമുക്കുണ്ടാകുന്നതെങ്കില്‍ അത് സമൂഹത്തെ സംബന്ധിച്ചെടുത്തോളം വിനാശകരമായിരിക്കും. കുമാരനാശാന്‍റെ കവിത വായിച്ചിട്ടില്ലാത്ത ഒരു രാഷ്ട്രീയനേതൃത്വവും സാംസ്കാരികനേതൃത്വവും കേരളത്തിനുണ്ടാവുകയാനെങ്കില്‍ അത് ഭീകരമായിരിക്കും.... പ്ലസ്‌ ടു തലം കഴിഞ്ഞ് സാഹിത്യം എന്തിനാണ് പഠിപ്പിക്കുന്നത്‌ എന്ന് ചോതിക്കുന്ന പണ്ഡിതര്‍ക്ക് ഭാഷ ഒരുപകരണം മാത്രമാണ്. ചോരയില്‍ നിന്നും ചോരയെ മാത്രമേ അവര്‍ക്ക് പുനരുത്പാദിപ്പിക്കാന്‍ കഴിയൂ. ചോരയെ മുലപ്പാലാക്കുന്ന കലയുടെ രാസവിദ്യ അവര്‍ക്ക് അജ്ഞാതമാണെന്ന് പറയേണ്ടിയിരിക്കുന്നു”. (ഫാസിസ്റ്റുകളെ സൃഷ്ടിക്കാന്‍ ആര്‍ക്കാണ് തിടുക്കം?, പേജ്  226-227)

അവബോധത്തിന്‍റെ അതിരുകള്‍ വിപുലപ്പെടുത്തുക എന്നതല്ല ഇന്ന് ലോകത്തെമ്പാടുമുള്ള കലാശാലകളുടെ ദൗത്യം. ആഗോളകമ്പോളത്തിന്‍റെ അതിരുകള്‍ വിപുലമാക്കുകയെന്ന യജ്ഞത്തിലാണ് അവര്‍ ഇന്ന് ഏര്‍പ്പെട്ടിരിക്കുന്നത്. കമ്പോളം അക്ഷരാര്‍ത്ഥത്തില്‍ തന്നെ കുട്ടികളെ വിലക്ക് വാങ്ങുന്നു. പഴയ അടിമച്ചന്തകള്‍ ഓര്‍മ്മയിലെത്തുന്നു. ഹീനമായ ഈ കച്ചവടത്തില്‍ യുവസമൂഹത്തിന് കൈമോശം വരുന്നത് അസംഖ്യം സര്‍ഗ്ഗമാനങ്ങളുള്ള അവബോധവും അവബോധം സമ്മാനിക്കുന്ന സ്വാതന്ത്ര്യവുമാണ്. സാമ്രാജ്യശക്തികളുടെയും ഭരണകൂടങ്ങളുടെയും ആഗോലവിപണിയുടെയും സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അവബോധത്തെ കച്ചവടവല്ക്കരിക്കാനും ഹിംസാത്മകമായ ലോകക്രമത്തെ നിലനിര്‍ത്തുന്ന ഒരു വെറും ഉല്‍പ്പന്നമായി അവബോധത്തെ രൂപാന്തരപ്പെടുത്തി എടുക്കാനും ഇന്ന് കഴിയുന്നുണ്ട്.

ഭരണകൂടങ്ങളും അവയുടെ ഒത്താശയോടെ കലാശാലകളും കൂട്ടായി ആഗോളവിപണിക്ക് വേണ്ടി സംവിധാനം ചെയ്തെടുത്ത ‘നവസാക്ഷരതയെ’ വിട്ടുവീഴ്ചയില്ലാതെതന്നെ ഒരു പുനര്‍മൂല്യനിര്‍ണയത്തിനു വിധേയമാക്കേണ്ടത് ഉല്‍ബുദ്ധരായ ജനങ്ങളാണ്.

മാനവികവിഷയങ്ങളെ ചവറ്റുകൊട്ടയിലേക്ക് തള്ളുന്ന ‘നവസാക്ഷരത’യുടെ വിമോചനമൂല്യം പൂജ്യമാണ്. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ പോലുള്ള ആഗോലമുതലാളിത്തത്തിന്‍റെ ഏജന്‍സികളുടെ ദൗത്യം ഈ സാക്ഷരതയുടെ പ്രചാരമാണ്. അതിനെതിരെ ജാകരൂകമാവേണ്ടതിന്‍റെ ആവശ്യകത പവിത്രന്‍ ഊന്നിപ്പറയുന്നുണ്ട്.

ചോദ്യമിതാണ്: ‘നവസാക്ഷരത’യുടെ വൈറസില്‍ നിന്നും മുക്തിനേടാന്‍ മലയാള സര്‍വ്വകലാശാലക്ക് കഴിയുമോ?.

ആഗോളവിദ്യാഭ്യാസവിപണി നിര്‍ദേശിക്കുന്ന ബിരുദങ്ങൾക്കല്ല, കമ്പോളത്തിന് നല്കാന്‍ കഴിയാത്ത അവബോധത്തിനാണ് നാം ഇനിയങ്ങോട്ട് മുന്‍‌തൂക്കം നല്‍കേണ്ടത്. അറിവും അവബോധവും തമ്മിലുള്ള ജൈവബന്ധമാണ് കലാശാലകള്‍ ഊട്ടിയുറപ്പിക്കേണ്ടത്. ഈ സന്ദര്‍ഭത്തില്‍ മാതൃഭാഷാസാഹിത്യ പഠനത്തിനു നിര്‍ണ്ണായകമായ ഒരു പങ്ക് വഹിക്കാനുണ്ട്. “ആഗോളവല്‍ക്കരണത്തിന്‍റെ സാഹചര്യത്തില്‍ മലയാളഭാഷ നേരിടുന്ന പ്രതിസന്ധി കേരളജനതയുടെ ഒരു സമൂഹമായുള്ള നിലനില്‍പ്പിന്‍റെ തന്നെ വെല്ലുവിളിയാണ്” എന്ന് പവിത്രന്‍ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവ് ഗ്രന്ഥകാരന് നല്‍കിയ ഉള്‍ക്കാഴ്ചകള്‍ “സാഹിത്യപഠനത്തിന്‍റെ ദര്‍ശനം” എന്ന പ്രൌഢപ്രബന്ധത്തില്‍ നമുക്ക് സമാഹരിച്ചു നല്‍കുന്നുണ്ട്: “മലയാളപഠനം കേരളത്തില്‍ നേരിടുന്ന വെല്ലുവിളി യഥാര്‍ത്ഥത്തില്‍ കേരളീയരുടെ സൌന്ദര്യമണ്ഡലം നേരിടുന്ന വെല്ലുവിളിതന്നെയാണ്”. സാഹിത്യപഠനത്തെ സാമൂഹ്യശാസ്ത്ര പഠനമായി ചുരുക്കിക്കാണുക എന്നതാണ് പുതിയ സമീപനം. “സൌന്ദര്യാവബോധത്തെ ചരിത്രപരമായി കാണേണ്ടത്തിനു പകരം സൌന്ദര്യതലം തന്നെ ആകപ്പാടെ കൈയ്യോഴിഞ്ഞ് സാമൂഹ്യശാസ്ത്രത്തിന്‍റെ രീതിശാസ്ത്രത്തിന് കീഴപ്പെടുന്നതാണ് പലപ്പോളും ഇവിടെ കാണുന്നത്.”. ഇവിടെ വച്ച് മാതൃഭാഷാ സാഹിത്യപഠനത്തിന്‍റെ രീതിശാസ്ത്രം എന്തായിരിക്കണം എന്ന പ്രശ്നവുമായി പവിത്രന്‍ ഏറ്റുമുട്ടുന്നു. തുടര്‍ന്നുള്ള ഗ്രന്ഥകാരന്‍റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്: “സൌന്ദര്യമണ്ഡലത്തെയും സൌന്ദര്യശാസ്ത്രത്തെയും കൈയ്യോഴിഞ്ഞ് സാമൂഹ്യശാസ്ത്രത്തിലേക്ക് ചേക്കേറുകയല്ല, സൌന്ദര്യതലത്തിനകത്തെ സാമൂഹ്യത തിരിച്ചറിയുകയാണ് കലാസാഹിത്യ പഠനം ചെയ്യേണ്ടത്... നമ്മുടെ സാമൂഹ്യമാറ്റങ്ങളെല്ലാം സൌന്ദര്യമണ്ഡലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. സാമൂഹ്യമാറ്റങ്ങളുടെ ആത്മനിഷ്ഠരേഖയാണ് ആ നിലയില്‍ സാഹിത്യം. സാമൂഹ്യശാസ്ത്രം പഠിക്കുന്നതിനേക്കാള്‍ മാനവികമായി അനുഭൂതിയിലൂടെ വിദ്യാര്‍ഥി ഇത് സാഹിത്യത്തിലൂടെ പഠിക്കുന്നു”. (“സാഹിത്യപഠനത്തിന്‍റെ ദര്‍ശനം, പേജ്  233-234).

സമകാലിക ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത് തന്നെ പ്രതിഷ്ഠിക്കപ്പെട്ട “ഉപകരണാത്മകമായ യുക്തി”യുടെ മര്‍ദ്ദകസ്വഭാവവും പവിത്രന്‍ തിരിച്ചറിയുന്നുണ്ട്. ഈ യുക്തി വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ ഒരു ഘാതകനാണ്‌. എല്ലാ വ്യവഹാരങ്ങളുടെയും സര്‍ഗ്ഗാത്മകതയെ അത് ഉന്മൂലനം ചെയ്യാന്‍ ഒരുമ്പെടുന്നു. “ഉപകരണാത്മകമായ യുക്തി എല്ലാത്തിനെയും അതിജീവനത്തിനുള്ള ഒന്നായി മാറ്റുന്നു. അതുണ്ടാക്കുന്ന അന്യവല്‍ക്കരണത്തിനെതിരെ സമൂഹത്തില്‍ സംഘടിതമായും അല്ലാതെയും സമരം നടക്കുന്നുണ്ട്. അത് സൌന്ദര്യതലത്തില്‍ ആഴത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ആ നിലയില്‍ ആധിനികകാലത്ത് കലയും സാഹിത്യവുമാണ് മാനവികതയുടെ കാവലാള്‍”. (“സാഹിത്യപഠനത്തിന്‍റെ ദര്‍ശനം, പേജ്  234).


ഭാഷയെന്ന തീമൊഴി


സര്‍ഗ്ഗമാനങ്ങളുള്ള ജനമുന്നേറ്റത്തിന് ഒരു ചരിത്രമുണ്ട്. തീര്‍ച്ചയായും ബോധകലാപങ്ങളില്‍ നിന്നാവും അത് പിറവി കൊള്ളുന്നത്‌. അര്‍ത്ഥവത്തായ ബോധകലാപങ്ങള്‍ തന്നെയാണ് മാതൃഭാഷയ്ക്ക്‌ വേണ്ടിയുള്ള സമരത്തെയും സാദ്ധ്യമാക്കിയത്. മാതൃഭാഷാപഠനരംഗത്തു ഒരു പുത്തന്‍ നവോത്ഥാനം സ്വപ്നം കാണുന്നവരാണ് പവിത്രനെപ്പോലുള്ള അവബോധകലാപകാരികള്‍. നവോത്ഥാന മലയാളഭാഷ കാണെക്കാണെ തീമോഴിയായി വികാസം പ്രാപിച്ചകാര്യം നമുക്കറിയാം. അതേ മലയാളത്തെ സമ്പൂര്‍ണ്ണ ജാഡ്യയതയിലാഴ്ത്തുക എന്ന ദൌത്യമാണ് ആഗോളശക്തികള്‍ ഇന്ന് നിര്‍വ്വഹിക്കുന്നത്.

ഇന്ന് നിലവിലുള്ള ചിന്താരംഗത്തെ വന്ധ്യത സ്വയംഭൂവായി സംഭവിച്ചതല്ല എന്നാണിതിനര്‍ത്ഥം. ജനതയുടെ അവബോധം ആസൂത്രിതമായി അപഹരിക്കപ്പെടുന്നതിനു എതിരെ ശബ്ദമുയര്‍ത്തുകയാണ് പവിത്രന്‍റെ പുതിയ ഗ്രന്ഥം. അവബോധത്തെ തിരിച്ചെടുക്കാന്‍ അത് ചാലകശക്തി നല്‍കുന്നു.