edam
in left perspective

Saturday, 27 August 2016

'ബ്രണ്ണൻ പൈതൃകം'

ഉത്ബുദ്ധത വീണ്ടെടുക്കുക! മൃത്യുജീർണ്ണത എതിരിടുക!

 

എം. പി. രാധാകൃഷ്ണൻ

1

"ബ്രണ്ണൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്". ബ്രണ്ണന്റെ ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം റിപ്പോർട്ട് ചെയ്തുകൊണ്ടുള്ള കെ. ബാലകൃഷ്ണന്റെ ഈ ശീർഷകം കണ്ടപ്പോൾ ചിരി വന്നു. "ഗവ: ബ്രണ്ണൻ കോളജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു". റിപ്പോർട്ടിന്റെ തുടക്കം അങ്ങിനെയാണ്. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനവും ചിരിക്ക് വകനൽകുന്നു. അവബോധതലത്തിൽ അറുപതുകളിൽ തന്നെ അന്തർദേശീയ നിലവാരം പുലർത്തിയ ഒരു കലാലയമായിരുന്നൂ ബ്രണ്ണൻ. പാരീസിലെ സോർബൺ (Sorbonne) സർവ്വകലാശാല വിദ്യാർത്ഥികലാപങ്ങളാൽ കത്തിയെരിഞ്ഞപ്പോൾ ബ്രണ്ണനും കത്തിയെരിഞ്ഞിരുന്നു. ഇന്നത്തെപ്പോലെ ആശയവിനിമയോപാധികൾ ഇല്ലാതിരുന്ന കാലത്തു വിയറ്റ്നാം യുദ്ധവും അമേരിക്കയിലെ വർണ്ണവിവേചനത്തിനെതിരായ കലാപങ്ങളും, ലോകത്തെമ്പാടുമുള്ള സർവ്വകലാശാലകളിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളും എല്ലാം ഈ കലാലയത്തിന്റെ സർഗ്ഗാന്തരീക്ഷത്തിൽ അർത്ഥവത്തായ അനുരണനങ്ങൾ ഉണ്ടാക്കിയിരുന്നു. "ക്ലാസുമുറികൾ തടവറകളാണ്; യാഥാസ്‌ഥിതികരായ അദ്ധ്യാപകരെ വിചാരണ ചെയ്യുക" തുടങ്ങിയ മുദ്രാവാക്യങ്ങളാൽ മുഖരിതമായിരുന്നു അക്കാലത്തെ ബ്രണ്ണന്റെ സാംസ്കാരികാന്തരീക്ഷം.

കഴിഞ്ഞവർഷം ബ്രണ്ണനിലെ ഇംഗ്ലീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒരു സെമിനാറിൽ, "ഇന്നത്തെ ബ്രണ്ണൻ കലാലയം ഒരു ശവപ്പറമ്പിനെ ഓർമ്മിപ്പിക്കുന്നു" എന്ന നിരീക്ഷണത്തോടെയായിരുന്നു ഞാൻ പറഞ്ഞു തുടങ്ങിയത്. എന്റെ വാക്കുകൾ പ്രിൻസിപ്പാളിനെ ചൊടിപ്പിച്ചു. പഴയ ബ്രണ്ണനും സമകാലിക ബ്രണ്ണനും തമ്മിൽ അവബോധതലത്തിൽ നിലനിൽക്കുന്ന ഗുണപരമായ അന്തരം ഞാൻ വിശദീകരിച്ചുകൊടുത്തു. അറുപതുകളിലും എഴുപതുകളിലും ബ്രണ്ണനിൽ ഉദ്ബുദ്ധരായ ചോദ്യകർത്താക്കളുടെ ഒരു വലിയ നിരയുണ്ടായിരുന്നു. അക്കൂട്ടത്തിൽ വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകരും ഉണ്ടായിരുന്നു. ബ്രണ്ണനിലെ ജനറൽ ലൈബ്രറി എണ്ണം പറഞ്ഞ ഗ്രന്ഥങ്ങളുടെ ഒരു കലവറയായിരുന്നു. റാസേന്റെ (Racine) നാടകങ്ങളും ഷീദിന്റെ (Andre Gide) 'ജർണ്ണലു'മെല്ലാം (Journals) ഞാൻ എടുത്തുവായിച്ചത് അവിടുന്നാണ്. നിലവാരമുള്ള മലയാളം പ്രസിദ്ധീകരണങ്ങൾക്ക് പുറമെ Guardian, New Statesman, The Listener തുടങ്ങിയ കനപ്പെട്ട ബ്രിട്ടീഷ് വാരികകളും അവിടെയുണ്ടായിരുന്നു. ഇത്തരം പ്രസിദ്ധീകരണങ്ങളുമായി നിരന്തരം സംവദിച്ച സഹൃദയരുടെ ഒരു സമൂഹം ബ്രണ്ണനിലുണ്ടായിരുന്നു. ഗൗരവമേറിയ വായനയും ചിന്തയും നിഷ്ക്രിയമായ അന്തർമുഖത്വത്തിലേക്കല്ല മറിച്ചു ചലനാത്മകമായ ജീവിതബോധത്തിലേക്കാണ് അന്ന് ബ്രണ്ണനിലെ വിദ്യാർത്ഥികളെ നയിച്ചത്.

വ്യവസ്ഥാപിതത്വത്തെ ഫലപ്രദമായും പ്രതിരോധിക്കുന്ന വാക്കായിരുന്നു അന്നത്തെ ഞങ്ങളുടെ വഴികാട്ടി. വാക്കും അവബോധവും തമ്മിലുള്ള ജൈവബന്ധം കണ്ടെത്താനും അങ്ങിനെ ലോകത്തെ മാറ്റിയെടുക്കാനും പ്രതിജ്ഞാബദ്ധരായ ഒരു യുവസമൂഹം അന്ന് ബ്രണ്ണനിൽ ഉണ്ടായിരുന്നു. തീമൊഴികളുടെ കളിത്തൊട്ടിലായിരുന്നു അന്ന് യുവമനസ്സ്. ബ്രണ്ണന്റെ ഇടനാഴികളിലും അവബോധത്തിന്റെ ആൾരൂപങ്ങളായി ആണും പെണ്ണും നിലയുറപ്പിച്ചിരുന്നു. ഇന്നത്തെ യുവാക്കളിൽ കാണുന്ന അറപ്പുണ്ടാക്കുന്ന 'കരിയറിസം' (careerism) ബ്രണ്ണനിലെ അന്നത്തെ അവബോധത്തിന്റെ രാജകുമാരന്മാരെ തീണ്ടിയിരുന്നില്ല. വാക്കിന്റെ വിമോചനമൂല്യമായിരുന്നു അന്ന് അവരുടെ പഠനവിഷയം.

ഇന്നത്തെ ബ്രണ്ണന്റെ കാമ്പസ്സിൽ നിന്നും വിമോചനമൂല്യമുള്ള വാക്കുകൾ അപ്രത്യക്ഷമായിരിക്കുന്നു. വിദ്യാർത്ഥി ഉച്ചരിക്കേണ്ട വാക്ക് കാലേക്കൂട്ടിതന്നെ രാഷ്ട്രീയകമ്പോളം അവന്റെ മേൽ അടിച്ചേൽപ്പിക്കുന്നു. ജീർണ്ണതയുടെ തൊഴുത്തിൽ തളക്കപ്പെട്ടതും നിശ്ചലമാക്കപ്പെട്ടതുമായ ഒന്നായി സമകാലിക മനുഷ്യചരിത്രം രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ രംഗവേദിയിലെ വില്ലൻ ആഗോള ഫിനാൻസ് ക്യാപിറ്റൽ തന്നെ. കലാശാലകളുടെ ധൈഷണിക ദൗത്യം എന്താവണം എന്ന് നിർണ്ണയിക്കുന്നത് ആഗോളകമ്പോളമാണ്. അമ്പതുകളുടെ അവസാനം അലഹബാദ് സർവ്വകലാശാലയിൽ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ജവഹർലാൽ നെഹ്‌റു ശ്രദ്ധേയമായ ഒരു പ്രഭാഷണം ചെയ്യുകയുണ്ടായി: യുവാക്കളെ സംബന്ധിച്ചെടുത്തോളം അതിരുകളില്ലാത്ത മാനവികതാബോധമാണ് കാര്യം എന്ന് നെഹ്‌റു പറഞ്ഞു. കലാശാലകൾ അവബോധത്തിന്റെ പണിപ്പുരകളാവണം. നെഹ്രുവിന്റെ സ്വപ്നം എന്നാൽ ഇന്നും സ്വപ്നമായി തന്നെ അവശേഷിക്കുന്നു. കാലം എത്ര മാറിപ്പോയിരിക്കുന്നു. ഇന്ന് ലോകത്തിൽ ഏറ്റവുമധികം സൈനികായുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം ഇന്ത്യയാണ്. ലോകത്തിലേറ്റവും പൊക്കമുള്ള യുദ്ധാതിർത്തിയും ഇന്ത്യക്കുമാത്രം അവകാശപ്പെട്ടതാണ്.

വലതുപക്ഷ ഫാഷിസത്തിനും ഇടതുപക്ഷ ഫാഷിസത്തിനും എതിരായി പല അതിർത്തികളിലും സർഗ്ഗാത്മകമായി  പോരാടിയ ലോകജനത ഇന്നെത്തിനിൽക്കുന്നതു ഒരു മൃത്യുസന്ധിയിലാണ്. ഉൽബുദ്ധതയുടെ പൈതൃകത്തെ എന്ത് വിലകൊടുത്തും തിരിച്ചെടുക്കേണ്ട ദൗത്യം ഇന്ന് ക്യാമ്പസ്സിന്റെതാണ്. ലോകജനതയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ നിശ്ശബ്ദമാക്കുന്ന കറുത്തശക്തികൾക്കെതിരെ ജാഗരൂകമാവുന്ന യുവതലമുറയാണ് കാര്യം. ആഗോളകമ്പോളത്തെ സംബന്ധിച്ചെടുത്തോളം ഇന്ന് ആരെയും ലേലം വിളിച്ചെടുക്കാനാവും. കേന്ദ്രീകൃത അധികാരത്തിന്റെ വക്താക്കളായ പുത്തൻ ഭരണകർത്താക്കളും ആഗോളകമ്പോളത്തിന്റെ ഏജൻസികളും ചേർന്ന് ഉൽപ്പാദിപ്പിച്ചെടുക്കുന്ന ഭീകരതയുടെ കളിക്കളമാണ് ഇന്ന് ആഗോളക്യാംപസ്‌. ഈ സന്ദർഭത്തിൽ ബ്രണ്ണൻ കോളേജിനെ അന്താരാഷ്‌ട്രനിലവാരത്തിലേക്കുയർത്തുന്നതിന് തുടക്കം കുറിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എന്ത് പ്രസക്തിയുണ്ട്?

ക്യാമ്പസ്സിനെ സമഗ്രമായും ഡിജിറ്റൽവൽക്കരിക്കപ്പെട്ട അഥവാ ആഗോളവിപണിയുടെ ചൊൽപ്പടിക്കനുസരിച്ചു കച്ചവടവൽക്കരിക്കപ്പെട്ട അറിവിന്റെ ഒരു കോട്ടയാക്കുക (Labyrinth) എന്നതാണോ കാര്യം? അതോ, പുത്തൻ കൊളോണിയലിസത്തിനും വർഗ്ഗീയതക്കും ആഗോളമൂലധനഭീകരതകൾക്കും ഭരണകൂടഭീകരതകൾക്കുമെല്ലാം എതിരായി പോരാടുന്ന ഒരു യുവ സമൂഹത്തിന്റെ നിർമ്മിതി സാദ്ധ്യമാക്കുന്ന ഒന്നായി കാമ്പസ്സിനെ മാറ്റിത്തീർക്കുക എന്നതോ?

2

കഴിഞ്ഞവർഷം ബ്രണ്ണനിലെ ഫിലോസഫി അസോസിയേഷൻ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം മനസ്സില്ലാമനസ്സോടെയാണ് ഞാൻ സ്വീകരിച്ചത്. ക്ഷണം സ്വീകരിച്ചതിൽ പിന്നെ ഒരു തരത്തിലുള്ള അങ്കലാപ്പിൽ ആയതുപോലെ തോന്നി. പാവത്താനായ എന്റെ പക്കൽ തത്വചിന്താവിദ്യാർത്ഥികൾക്ക് സമ്മാനിക്കാൻ വല്ല ദാർശനിക പൈതൃകവുമുണ്ടോ?, ഞാൻ എന്നോട് തന്നെ ചോദിച്ചു. ഏതാണ്ട് എഴുപതുകളോട് അടുത്ത് നിൽക്കുന്ന ഞാൻ എഴുപതുകളിലെ ആഗോളകേമ്പസ്സിന്റെ സർഗ്ഗവൈചിത്ര്യങ്ങളെക്കുറിച്ചും അവയെ പിന്തുടർന്ന് സാംസ്കാരിക ആക്ടിവിസത്തിന്റെ മേഖലയിൽ ബ്രണ്ണനിലെ വിദ്യാർത്ഥികൾ നടത്തിയ സർഗ്ഗപരീക്ഷണങ്ങളെ പരാമർശിച്ചുമാണ് ഭാഷണം തുടങ്ങിയത്. യാഥാസ്ഥിതികചിന്തയുടെ പരിമിതപ്പെടുത്തുന്ന അതിരുകൾ ആക്രമിച്ചുകടന്ന് ആധുനികസൗന്ദര്യദർശനത്തിന്റെയും രാഷ്ട്രീയാവബോധത്തിന്റെയും ഇടങ്ങളി ലേക്ക് യുവാക്കൾ അക്കാലത്തു നടത്തിയ സാഹസികയാത്രകളെയും ഞാൻ സൂചിപ്പിച്ചു. മാർക്സ് മാത്രമല്ല നീഷേയും ദാലിയും അർടോഡും (Artand) ഫ്രോയ്ഡും കമ്യുവുമെല്ലാം ഞങ്ങളെ ഉത്തേജിപ്പിച്ചിരുന്ന കാലം. സംസാരിക്കെ എവിടെയോവെച്ച് ഭ്രാന്തും ഉൽബുദ്ധതയും തമ്മിൽ നൂറ്റാണ്ടുകളോളം നിലനിന്ന ബന്ധത്തെപ്പറ്റി ആധുനികസംവേദക്ഷമതയുടെ പശ്ചാത്തലത്തിൽ സൂചിപ്പിച്ചു. രസകരമായ ഒരു സംഭവവും അവിടെ വെച്ച് ഞാനോർത്തു. പത്തുപതിനഞ്ചുവർഷം മുൻപ് ബ്രണ്ണനിലെ തത്വചിന്താവിദ്യാർത്ഥികൾ ഒരു സെമിനാറിൽ ഭാഗഭാക്കാവാൻ എന്നെ ക്ഷണിച്ചിരുന്നു. ആ സെമിനാറിന്റെ പ്രമേയം വിചിത്രമായിരുന്നു. "എന്ത് കൊണ്ട് നമുക്ക് വട്ടു വരുന്നില്ലാ?" എന്നതായിരുന്നു സെമിനാറിലെ ചർച്ചാവിഷയം. ഇത്തരമൊരു വിഷയം 2015ലെ തത്വചിന്താവിദ്യാർത്ഥികൾ ഏറ്റെടുക്കില്ല, ഞാൻ പറഞ്ഞു. അതിനു കാരണമുണ്ട്. സിരാസംഘർഷങ്ങൾ ആളിക്കത്തുമ്പോളാണ് ഭ്രാന്ത് വരുന്നത്. പരമ്പരാഗതമായി ഭ്രാന്തിന്റെ അടിത്തട്ടിൽ ഒരു നൈതികസംഘർഷം നമുക്ക് കാണാനാവും. ഇത്തരം നൈതികസംഘർഷങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിൽ നിന്നും അപഹരിക്കപ്പെട്ടിരിക്കുന്നു. തലങ്ങും വിലങ്ങും ഭൂമിയെ മുഴുവൻ ചൂഴ്ന്നു നിൽക്കുന്ന ആഗോളവിപണിയാണ് നൈതികസംഘർഷങ്ങളെ കൊന്നുതിന്നുന്നത്. പതിനഞ്ചുവർഷം മുൻപ് ഒരുപക്ഷെ നൈതികസംഘർഷത്തിന്റെ അവസാനത്തുള്ളികൾ ബ്രണ്ണനിലെ തത്വചിന്താവിദ്യാർത്ഥികളിൽ ബാക്കിനിന്നിരുന്നു. തുടർന്നുള്ള ദശകങ്ങളിൽ സംഭവിച്ച സാർവ്വത്രിക ചന്തവൽക്കരണം യുവാക്കളെ തന്നെ ശവംതീനികളാക്കാൻ പോന്നതാണ്.

ബ്രണ്ണനടക്കമുള്ള കാമ്പസ്സുകൾ അഭിമുഖീകരിക്കുന്ന മൃത്യുസന്ധി ഞാനിവിടെ പരാമർശിച്ച സാർവത്രികചന്തവൽക്കരണത്തിന്റെ ഉൽപ്പന്നമാണ്. ഒരുകാലത്തെ സംവാദമണ്ഡലങ്ങളുടെ സ്ഥാനം കൈയ്യേറിയത് ഷോപ്പിംഗ് മാളുകളാണ്. ആഗോളവിദ്യാഭ്യാസവിപണി രൂപകൽപ്പന ചെയ്‌തെടുക്കുന്ന പാഠ്യപദ്ധതികൾ ഇറക്കുമതി ചെയ്യാനാണ് നമ്മുടെ മുഖ്യമന്ത്രി അടക്കമുള്ള പല നേതാക്കളും ഒരുങ്ങുന്നത്. അപ്പോഴാവും ബ്രണ്ണൻ അന്താരാഷ്‌ട്രനിലവാരം കൈവരിക്കുക എന്ന മതിഭ്രമമാണ് അവരെ ഭരിക്കുന്നത്.ഈ മതിഭ്രമത്തിൽ നിന്നുള്ള മോചനമാണ് നമ്മുടെ നേതൃവർഗ്ഗം ആദ്യം നേടേണ്ടതും. ആഗോളവിദ്യാഭ്യാസവിപണിയുടെ ഭീകരതകളെ പ്രതിരോധിക്കാനും, മൂല്യങ്ങളുടെ പുനർമൂല്യനിർണ്ണയത്തിന് വിദ്യാർത്ഥിസമൂഹത്തെ ഒരുക്കാൻ കെൽപ്പുള്ള പാഠ്യപദ്ധതികൾ രൂപകൽപ്പനചെയ്തെടുക്കാനും ഭരണകർത്താക്കൾക്ക് പറ്റുമോ? എഴുപതുകളിലെന്നപോലെ നമ്മുടെ കാമ്പസ്സിനെ വീണ്ടും സർഗ്ഗസംവാദങ്ങളുടെ കളിത്തൊട്ടിലാക്കി മാറ്റിയെടുക്കാനാവുമോ?

അനുബന്ധം

ഭ്രാന്താശുപത്രികൾ നിറഞ്ഞു കവിയുന്നുണ്ട്. എന്നാൽ ഭ്രാന്തിന്റെ സർഗ്ഗമാനങ്ങൾ സാക്ഷാൽക്കരിച്ചെടുക്കുന്ന വിദ്യാർത്ഥികളും കവികളും ദാർശനികരും ഇന്ന് ഇല്ല തന്നെ. മരുന്നുവ്യാവസായ കുത്തകകൾ തങ്ങളുടെ പ്രതിവിധികളിലൂടെ സിരാസംഘർഷങ്ങളെ പാടേ ഉന്മൂലനം ചെയ്യുന്നു. ഭരണകർത്താക്കൾ അവബോധത്തെ തൂക്കിലേറ്റുന്നു. രോഹിത് വെമുല മറുവഴിയില്ലാതെ ആത്മഹത്യ ചെയ്യുന്നു. തന്റെ വിപ്ലവകരമായ ദൗത്യത്തെക്കുറിച്ചുള്ള ഉദ്ബുദ്ധനായ കലാശാലാവിദ്യാർത്ഥിയുടെ വീണ്ടുവിചാരം പ്രസക്തമാവുന്നത് ഈ പ്രതിസന്ധിയിലാണ്.

Sunday, 7 August 2016

ഇടം ഡയറി

ബ്രണ്ണൻ അനുഭവം: അത് ആർക്കവകാവശപ്പെട്ടതാണ്?

എം. പി. ബാലറാം



ബ്രണ്ണൻ അനുഭവം എന്താണ്? നാല് പതിറ്റാണ്ടിന് ശേഷം ഇന്നും ഈ ചോദ്യം ചോദിക്കാൻ നിര്ബന്ധിക്കപ്പെടുന്നുണ്ട്.

ആഘോഷങ്ങളുടെ വെച്ചുകെട്ടലുകളെയും, 'മഹാബിംബം' എഴുന്നള്ളിപ്പുകളെയും അകത്തു നിന്നും പുറത്തു നിന്നും സന്ധിയില്ലാതെ എതിരിട്ട പാരമ്പര്യം ബ്രണ്ണനുണ്ട്. ബ്രണ്ണൻ അനുഭവമെന്ന് ഇതിനെ സാമാന്യമായി വിളിക്കാം. 

ഒരു പാരമ്പര്യത്തിന്റെ സത്തയെയും വിശ്വാസ്യതയേയും ഇന്ന് ഔദ്യോഗികമായി സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ കൊണ്ട് തിരുത്തിയെഴുതാൻ ആർക്കാണവകാശം?

കപ്പൽഛേദങ്ങളിൽ നിന്ന് കരപറ്റുവാനും ഭേദചിന്തകളുടെ നിസ്സാരതകളെ മറികടക്കുവാനും വലുപ്പച്ചെറുപ്പങ്ങളെ അവഗണിക്കാനും ജ്ഞാനോദയങ്ങളെ സ്വപ്നം കാണാനും കരുത്തുനല്കിയതു ബ്രണ്ണൻ പാരമ്പര്യത്തിന്റെ സംഭാവനയാണ്.

ജയപരാജയങ്ങളെക്കുറിച്ചു വേവലാതിയില്ലാതിരിക്കാനും പ്രണയത്തെയും മരണത്തെയും നിർമ്മമമായി നോക്കിക്കാണാനും വിയോജിക്കാനുള്ള ശത്രുവിന്റെ അവകാശത്തെപ്പോലും ജന്മമുദ്രയായി അംഗീകരിക്കാനും പഠിപ്പിച്ചത് ബ്രണ്ണൻ അനുഭവത്തിന്റെ അകത്തളമാണ്.

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാന്തരമായി തലശ്ശേരിയിലെ അഗതികളെ സംഘടിപ്പിച്ചുള്ള പ്രതിഷേധപ്രകടനം, വ്യാകരണം ക്ലാസ്സിൽ അധ്യാപകന്റെ അറിവിന്റെ പരിമിതിയെ ചോദ്യം കൊണ്ടെതിരിട്ട ഭാഷയുടെ ധിക്കാരം, ബാലറ്റ് പേപ്പർ തന്നെ വലിച്ചുകീറി തീയിടുമ്പോൾ പ്രകടിപ്പിച്ച രാഷ്ട്രീയബോധത്തിന്റെ അമർഷം, നിഷേധചിന്തയെ അതിന്റെ ബാലപാഠം പഠിപ്പിച്ച അധ്യാപകനെതിരെത്തന്നെ പ്രയോഗിച്ച് ഇറങ്ങിപ്പോരാൻ കാണിച്ച ധൈഷണികധാർഷ്ട്യം, കലാഭാസങ്ങളാണെന്നാരോപിച്ച് കലാവേദികൾക്ക് മുൻപിൽ തകരച്ചെണ്ട മുഴക്കുമ്പോൾ കാട്ടിയ വിദൂഷകത്വം - അതിരുകളില്ലാത്ത ബ്രണ്ണൻ അനുഭവങ്ങൾക്കൊന്നും സമാനതകൾ കണ്ടെത്താൻ പിൽക്കാലത്ത് ഒരിക്കലും കഴിഞ്ഞിട്ടില്ല.

ഇന്ന് പിൻതിരിഞ്ഞു നോക്കുമ്പോൾ ഒട്ടും ദുഃഖം തോന്നുന്നില്ല. പശ്ചാത്താപചിന്തയും പാപബോധവുമില്ലാതെ തലയെടുപ്പോടെ ബ്രണ്ണൻ അനുഭവത്തെ നേർക്കുനേരെ നോക്കാൻ ഇന്നും കഴിയും. എല്ലാ വൈരുദ്ധ്യങ്ങളെയും സംഘര്ഷങ്ങളെയും ആപൽക്കരമായി ഉൾക്കൊള്ളാൻ കഴിയുന്ന വിശാലത, അതിനുള്ള സന്നദ്ധത, ബ്രണ്ണൻ അനുഭവങ്ങൾക്കുണ്ട്. പുറമേക്ക് ശാന്തം, എപ്പോഴും ഏതുനേരവും എങ്ങനെയും പൊട്ടിത്തെറിക്കാവുന്ന ചിന്തയുടെയും സർഗ്ഗാത്മകതയുടെയും വെടിമരുന്നുകൾ, അതാണ് ബ്രണ്ണന്റെ ഈടുവെയ്പ്പ്.

ഗവർണ്ണറിൽ നിന്നാരംഭിച്ച്  മുഖ്യമന്ത്രിയിലവസാനിക്കുന്ന നാനാമേഖലകളിലെ വി. വി. ഐ. പികളെയും വി. ഐ. പി. കളെയും സാഹിത്യസാംസ്കാരിക 'മഹാബിംബ'ങ്ങളെയും എഴുന്നള്ളിക്കുന്ന പരിപാടി അവസാനിക്കുമ്പോൾ അതിന്റെ ഔദ്യോഗിക ചുമതലക്കാരും പ്രധാനപങ്കാളികളും മുഖ്യധാരാമാധ്യമങ്ങളിൽ വക്താക്കളായി രചനയിലേർപ്പട്ടവരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: ബ്രണ്ണൻ അനുഭവത്തോട്, അതിന്റെ പാരമ്പര്യത്തോട്, സാക്ഷാൽ എഡ്‌വേർഡ് ബ്രണ്ണനോട്, ഞാൻ എത്രത്തോളം നീതി കാണിച്ചു? പരിഗണിക്കേണ്ടവരിൽ ആരുടെയെല്ലാം ശബ്ദങ്ങളെ ഘോഷങ്ങൾക്കിടയിൽ ബോധപൂർവ്വം കേൾക്കാതാക്കി? ബ്രണ്ണനുമായി ജൈവബന്ധം പുലർത്തിയ, ഇന്നും പുലർത്തുന്ന, അതിന്റെ മുറ്റത്തും പരിസരത്തുമുള്ള ആരെയെല്ലാം അവഗണനകളുടെയും തമസ്ക്കരണങ്ങളുടെയും പാതാളക്കുഴിയിൽ തള്ളി കാണാതാക്കി? ആരെയെല്ലാം, ആരുടെയെല്ലാം, വിലപ്പെട്ട അനുഭവങ്ങളെയും വാക്കുകളെയും അദൃശ്യമാക്കി? ചരിത്രകാലഘട്ടവും മാറിമാറി വന്ന തലമുറകളും ചേർന്ന് രൂപം നൽകിയ ബ്രണ്ണന്റെ ഈടുവെയ്‌പ്പിനോട്‌, ബ്രണ്ണൻ അനുഭവത്തോട് ഉത്തരവാദിത്വം പുലർത്താൻ എനിക്കെന്തുകൊണ്ട് സാധിച്ചില്ല? 

ബ്രണ്ണൻ അനുഭവം - അതാർക്കവകാശപ്പെട്ടതാണ്?