edam
in left perspective

Wednesday, 19 February 2025

സാഹിത്യോത്സവങ്ങൾ - സാംസ്കാരിക ജീർണ്ണതയുടെ വിസർജ്ജ്യങ്ങൾ

 എം. പി. ബാലറാം

 

സത്യത്തിന്റെ സൂര്യ വെളിച്ചത്തെ നുണകളുടെ കരിമ്പട്ട് കൊണ്ട് എന്നും മറയ്ക്കാൻ കഴിയുകയില്ല. തുടർച്ചയായി ആരെയും തെറ്റിദ്ധരിപ്പിക്കാനും കഴിയുകയില്ല. തിന്മയുടെ ദുർദ്ദേവന്മാരെല്ലാം  ഇരുൾ ഗുഹകളിൽ നിന്ന് വെളിച്ചത്തിലേക്ക് ഇറങ്ങിവരുന്ന കാഴ്ച്ചയാണ് ചുറ്റും. സത്യത്തിന്റേയും ജ്ഞാനത്തിന്റേയും കാരുണ്യത്തിന്റേയും വിശുദ്ധ ദേവതമാർ തമോഗർത്തങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുകയോ ഒളിച്ചോടുകയോ ചെയ്യുന്നു. നേര് പുറം തള്ളപ്പെടുകയും നുണകൾ അധികാര സ്ഥാനങ്ങളിൽ ചടഞ്ഞിരുന്ന് വാഴുകയും ചെയ്യുന്നു. നമ്മുടെ കൺമുമ്പിൽ അരങ്ങേറുന്ന ദുരധികാരികളുടെ ദുർന്നടനത്തെ പാടിപ്പുകഴ്ത്താൻ സാംസ്കാരിക ലോകത്തെ കൂലിയെഴുത്തുകാർ പരസ്പരം മത്സരിക്കുന്നു. ദേവലോകം ചൊരിയുന്ന പുരസ്കാരങ്ങളുടെ ആലിപ്പഴ വൃഷ്ടി  സംതൃപ്തിയും  ഉന്മാദവും പകർന്ന് ആമോദത്തിൽ ആറാടിക്കുകയാണ്.


സാഹിത്യോത്സവങ്ങളുടെ  പേരിൽ നടക്കുന്ന കോർപ്പറെയിറ്റ് ആഭാസ നൃത്തത്തിന്റെ പ്രചാരകരും പ്രായോജകരും സാക്ഷരതയുടേയും  ജനാധിപത്യത്തിന്റേയും 'ഉദാത്ത കേരള മാതൃക'യെ സന്ദിഗ്ദ്ധമായ അവസ്ഥയിലാക്കുകയാണ്. സാസ്കാരികലോകത്ത് മഹത്തരമായും ഉദാത്തമായും  കൊണ്ടാടപ്പെട്ടവയെല്ലാം എച്ചിൽക്കുപ്പയിലേക്ക് വലിച്ചെപ്പെടുന്ന സ്ഥിതിയിലാണ്. അധികാര സേവയും ധനാർത്തിയും എഴുത്തിന്റെ  മഹാ ഗോപുരങ്ങളെപ്പോലും നിസ്സാരവും നിർവ്വീര്യവുമാക്കുകയാണ്. നാടിന്റെ സാസ്കാരിക -  രാഷ്ട്രീയ സ്വത്വം  അപകടാവസ്ഥയിലാകുന്നു. സാഹിത്യോത്സവങ്ങളുടെ പേരിൽ ആഘോഷിക്കപ്പെടുന്നവ യഥാർത്ഥത്തിൽ നമ്മുടെ ദാരുണാവസ്ഥയുടെ നേർപ്പകർപ്പുകളായി കൺമുമ്പിൽ  കാണപ്പെടുകയാണ്.

പ്രശസ്തിയും ധനവും  കൊതിച്ച്, എഴുത്തിനെ വർഗ്ഗാധിപത്യ വ്യവസ്ഥക്കും കോർപ്പറെയിറ്റ് മൂലധന വാഴ്ച്ചക്കും മുമ്പിൽ അടിയറവെക്കാനുള്ള പരിശീലനക്കളരികളാവുകയാണ് സാഹിത്യോത്സവങ്ങൾ. അധിനിവേശ വ്യവസ്ഥകൾക്കെതിരെയുള്ള ലക്ഷ്യവേധിയായ എഴുത്തിനെ അഭിജാതവും ആലങ്കാരികവുമായ എഴുത്ത് കൊണ്ട് പകരംവെക്കാനാണ് ശ്രമിക്കുന്നത്. അതിനാൽ  സാഹിത്യോത്സവങ്ങൾ നിഷ്ക്കളങ്കവും നിരുപദ്രവകരവുമല്ലെന്ന്  തിരിച്ചറിയപ്പെടേണ്ടതാണ്. ആത്യന്തികമായി അതൊരു സാംസ്കാരിക പ്രശ്നമല്ലെന്നും രാഷ്ട്രീയ പ്രശ്നമാണെന്നും പറയുന്നത് അതുകൊണ്ടാണ്.

സാഹിത്യോത്സവങ്ങളിൽ ഏറെ മാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്ന യുവാവായ (യുവതിയായ) എഴുത്തുകാരന്റെ ബോധതലം അയാളറിയിതെ വിപരീതമായ ഗുണ പരിണാമത്തിന് വിധേയമാകുന്നുണ്ട്. അന്യഗ്രഹ ജീവിയെപ്പോലെയും, ശ്രേഷ്ഠകുലജാതനെപ്പോലെയും പരിഗണിക്കപ്പെടുന്നത് 'ഞാൻ' തന്നെയാണെന്ന വികലബോധത്തിൽ നിന്നാണ്  അയാളുടെ ബോധപരിണാമത്തിന്റെ തുടക്കം. ആഘോഷപ്പൊലിമയിൽ പുസ്തക വിൽപ്പന വിജയത്തിന്റെയും വായനക്കാരുടെ എണ്ണപ്പെരുപ്പത്തിന്റെയും കള്ളക്കണക്കിനെ ആശ്രയിച്ച് പ്രസാധകന്റെ അടുക്കളയിൽ രൂപപ്പെടുത്തിയെടുക്കുന്ന ദിവ്യാത്ഭുതങ്ങളായാണ് സെലിബ്രിറ്റികൾ അവതാര ജന്മമെടുക്കുന്നത്. യഥാർത്ഥത്തിൽ ജലത്തിലെ കുമിളകളുടെ ആയുസ്സ് പോലും സാഹിത്യലോകത്തെ അവതാരങ്ങൾക്കില്ലെന്നതാണ് സത്യം.

ഒട്ടനവധി കഴിവുകളും സർഗ്ഗാത്മക സാദ്ധ്യതകളുമുള്ള എഴുത്തു വ്യക്തിത്വങ്ങൾ പുസ്തകോത്സവങ്ങളിലെ കച്ചവട കൗതുകങ്ങൾ മാത്രമായി പ്രദർശിപ്പിക്കപ്പെടുകയും ആരവങ്ങളോടെ എഴുന്നള്ളക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. തന്നിൽത്തന്നെ അഭിരമിക്കാനും ആത്മഭാഷണങ്ങളിൽ മുഴുകാനും തന്റെ പ്രതിബിംബത്തിൽ ലോകത്തേയും വായനക്കാരേയും ദർശിക്കാനുമുള്ള പ്രാഥമിക പാഠം പഠിപ്പിക്കുന്ന ആത്മാനുരാഗക്കളരികളായി സാഹിത്യോത്സവങ്ങളെ കാണാവുന്നതാണ്. എഴുത്തിനേയും എഴുത്തുകാരനേയും ആദരിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് വിപരീതമായി എഴുത്തിന്റേയും എഴുത്തുകാരന്റേയും, (ജനാധിപത്യ സമൂഹത്തിൽ നിന്നുള്ള) പൂർണ്ണമായ അന്യവൽക്കരണത്തിനാണ്  സാഹിത്യോത്സവങ്ങൾ സാഹചര്യമൊരുക്കുന്നത്.

പ്രശ്നമിതാണ്: തന്നിൽത്തന്നെ തലപൂഴ്ത്തി, ആത്മ ബിംബത്തിൽ ലയിച്ച്, ആത്മഭാഷണത്തെ എഴുത്തിന്റേയും സംസാരത്തിന്റേയും കലയാക്കി, ഊതിവീർപ്പിച്ച 'അഹ'ത്തെ മാത്രം ധ്യാനിച്ച്, " ഞാൻ' 'ഞാൻ' എന്ന പുരാവൃത്ത മന്ത്രം ആവർത്തിച്ച് ഉരുവിട്ട്, ജീനിയസ്സുകൾ മാത്രം  വാഴുന്ന സെലിബ്രിറ്റി ക്ലബ്ബിൽ അംഗത്വം സ്വപ്നം കണ്ട് അധികാരപ്പടിക്കൽ കാത്ത് കെട്ടിക്കഴിയുന്നവർക്കൊപ്പമാണോ 'എന്റെ' സ്ഥാനം?

അതോ പ്രതിരോധത്തിന്റേയും പോരാട്ടത്തിന്റേയും ആത്മത്യാഗത്തിന്റേയും സന്ദേശങ്ങളെ അക്ഷരങ്ങളിൽ ആവാഹിച്ച് സെലിബ്രിറ്റി സങ്കൽപ്പങ്ങളെ പൂർണ്ണമായി നിഷേധിച്ച്, വാക്കിലും നിശ്ശബ്ദതയിലും 'സ്വാതന്ത്ര്യം സ്വാതന്ത്ര്യം' എന്ന മൊഴി ആവർത്തിച്ച് ഉരുവിട്ട് കഴിയുന്നവരോടൊപ്പമാണോ എന്റെ സ്ഥാനം?

എഴുത്തിന്റേയും എഴുത്തുകാരന്റേയും വിധി നിർണ്ണയിക്കപ്പെടുന്നത് ചോദ്യങ്ങൾക്ക് നൽകപ്പെടുന്ന ഉത്തരങ്ങളെ ആശ്രയിച്ചാണ്

ഒരു കാര്യം തീർച്ചയാണ്: സാംസ്കാരിക ജീർണ്ണതയുടെ വിസർജ്ജ്യങ്ങളായാണ് സാഹിത്യോത്സവങ്ങളെ ഭാവിചരിത്രം വിലയിരുത്തുക - യാതൊരു സംശയവുമില്ല!