എം. പി.
രാധാകൃഷ്ണന്‍
ഒന്ന്
ആത്മപ്രകാശനത്തിലൂടെ
ബോധവിസ്ഫോടനം
ദൈവം പോലും ഇന്ന്
മൊഴിയുന്നത് ചന്തയിലെ ഭാഷയിലാണ്. പിന്നെ ഭൂമിയിലെ പുണ്യവാളന്‍മാരുടെ കാര്യം
പറയേണ്ടതില്ല. ഭരണകര്‍ത്താക്കളും പ്രജകളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാം
ഒരുപോലെ അറപ്പുണ്ടാക്കുന്ന ഒരു വിലപേശല്‍ സംസ്കാരത്തിന്‍റെ നെടുംതൂണുകളായി വര്‍ത്തിക്കുന്നു.
ഈ സന്ദര്‍ഭത്തില്‍ എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന സുപ്രധാന ചോദ്യം ഇതാണ്: നിങ്ങള്‍
ആരുടെ ഭാഷയാണ് സംസാരിക്കുന്നത്?
കേരളീയജീവിതത്തിന്‍റെ
ചന്തവല്‍ക്കരണത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചിന്തകന്‍ എന്ന നിലക്കാണ്
വിജയന്‍ മാഷ് ശ്രദ്ധേയനായത്.
ഒരു ചിന്തകന്‍ എന്ന
നിലക്ക് വിജയന്‍ മാഷ് പ്രതിജ്ഞാബദ്ധതയോടെ നിറവേറ്റിയ ദൗത്യം തന്‍റെ
ആത്മപ്രകാശനത്തിലൂടെ കേരളീയ സഹൃദയസമൂഹത്തെ ബോധവിസ്ഫോടനങ്ങള്‍ക്ക് സന്നദ്ധമാക്കുക എന്നതായിരുന്നു. ഇത്തരം വിസ്ഫോടനങ്ങളാണ് ഒരു ജനാധിപത്യ സമൂഹത്തിന്‍റെ കാതല്‍
എന്നും മാഷ് വിശ്വസിച്ചിരുന്നു. കലയും സാഹിത്യവും തത്വചിന്തയും രാഷ്ട്രീയപ്രവര്‍ത്തനവുമെല്ലാം ബോധവിസ്ഫോടനങ്ങളുടെ വ്യത്യസ്ഥരൂപങ്ങളാണ്. വാക്കിന്‍റെ വിമോചനതലം
സാക്ഷാത്കരിച്ചെടുക്കുന്ന ജനതയെയാണ് മാഷ് സ്വപ്നം കണ്ടത്.
ദശകങ്ങളോളം
കേരളീയപൌരസമൂഹത്തിന് ദിശാബോധവും സഫലതാബോധവും സമ്മാനിച്ചത് ഇവിടെ അങ്ങിങ്ങ് ഉദയം
ചെയ്ത ആശയവിനിമയ ഗോപുരങ്ങളായിരുന്നു. പീഡിതജനതയുടെ സ്വാതന്ത്യാനുഭവമാണ് കാര്യം
എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ശ്രീനാരായണഗുരുവും ആശാനും സഹോദരന്‍ അയ്യപ്പനും
അയ്യങ്കാളിയും കേസരിയും സ്വദേശാഭിമാനിയും വി. ടി. യും കെ. ദാമോദരനും സി. ജെ. യും
ബഷീറും ഇടശ്ശേരിയും വൈലോപ്പിള്ളിയുമെല്ലാം തലയെടുപ്പുള്ള കമ്മ്യൂണിക്കേഷന്‍
ടവറുകളായിരുന്നു. ആത്മവിനിമയത്തിന്‍റെ ഭാഷ ജനഹൃദയങ്ങളിലെത്തിക്കാന്‍ ഈ ഗോപുരങ്ങള്‍ക്ക്
കഴിഞ്ഞു. കേരളീയ ജീവിതത്തെ സംബന്ധിച്ചിടത്തോളം സര്‍ഗ്ഗവിനിമയത്തിന്‍റെ സമ്പന്നമായ
ഈ പരമ്പരയിലെ ഒടുവിലത്തെ ഒരു കണ്ണിയായിരുന്നു വിജയന്‍ മാഷ്. “ക്ഷുബ്ധമായി
കലുഷമായി പ്രവഹിക്കുന്നൂ കാലം” എന്ന് മാഷുടെ സമകാലീകനായിരുന്ന വൈലോപ്പിള്ളി
എഴുതിയിരുന്നല്ലോ
.
അസാധാരണവും കലുഷിതവും
സങ്കീര്‍ണ്ണവുമായിരുന്നു വിജയന്‍ മാഷുടെ ജീവിതവും. മാഷുടെ അവസാന വര്‍ഷങ്ങളിലാവട്ടെ
ഒരു ഭീകരക്രമം ലോകത്തെമ്പാടും പിറവിയെടുത്തു. ഒരുകാലത്ത് സ്വാതന്ത്ര്യാനുഭവത്തിന്‍റെ
സംഗീതം കേരളീയമനസ്സുകളിലെത്തിച്ച ജീവനുള്ള ഗോപുരങ്ങള്‍ക്ക് പകരം
നോക്കുന്നിടത്തെല്ലാം പില്‍കാലത്ത് മാഷ്‌ക്ക് കാണേണ്ടിവന്നത് ഇരുമ്പും ഉരുക്കും
കൊണ്ട് പണിത വ്യവസ്ഥാപിതത്വത്തിന്‍റെ കമ്മ്യൂണിക്കേഷന്‍ ടവറുകളാണ്.
കമ്മ്യൂണിക്കേഷന്‍ ടവറുകളുടെ കാടായി ഭൂമി മാറി. ഒരു ചെറിയ കാലയളവില്‍ തന്നെ സര്‍ഗ്ഗാത്മകതയുടെ
എല്ലാ നീരുറവകളും നശിപ്പിക്കപ്പെട്ടു. ആശയവിനിമയം ഫലത്തില്‍ ഒരു മാരണക്രിയയായി
മാറി.
പഴയ കുപ്രസിദ്ധരായ ദുര്‍മന്ത്രവാദികളെ
ഓര്‍മ്മിപ്പിക്കും വിധം നവീനമുതലാളിത്തം ആധുനികമാന്ത്രിക(സാങ്കേതിക)വിദ്യയുടെ
സഹായത്താല്‍ വശ്യം, സ്തംഭനം, മാരണം എന്നീ ക്രിയകള്‍ക്ക് വിധേയമാക്കുകയാണ്. ഈ
പ്രതിസന്ധിയെ ധൈഷണികതലത്തില്‍ എങ്ങനെ മറികടക്കാം എന്നതാണ് പുത്തന്‍ ലോകക്രമം നല്‍കുന്ന
വെല്ലുവിളി. കാതലുള്ള ചോദ്യങ്ങളെ എങ്ങിനെ പുനരുജ്ജീവിപ്പിക്കാം? കവിതയെ എങ്ങിനെ വീണ്ടും
ജീവിതത്തിന്‍റെ ഹൃദയസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കാം? തീവ്രങ്ങളായ മൂല്യാനുഭവങ്ങളെ
എങ്ങിനെ വീണ്ടും സൃഷ്ടിചെ്ചടുക്കാം? ആരൊക്കെയോ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു വെറും
പ്രോഗ്രാം എന്ന നിലയില്‍ നിന്നും സ്വതന്ത്രമായ പ്രോഗ്രാമര്‍ എന്ന നിലയിലേക്കുള്ള മനുഷ്യന്‍റെ
വളര്‍ച്ച എങ്ങനെ സാധ്യമാക്കാം? പാരഡിസ്റ്റുകളുടെ കലയായി മാറിയ രാഷ്ട്രീയത്തെ
എങ്ങിനെ ആത്മപ്രകാശനത്തിന്‍റെ കലയാക്കി മാറ്റാം?
തൊണ്ണൂറുകള്‍ക്ക് ശേഷം
ജനജീവിതത്തിന്‍റെ റാഡിക്കല്‍വല്‍ക്കരണം
ഇടതുപക്ഷത്തിന്‍റെ പോലും അജണ്ടയല്ലാതായി. “സമൂലമാറ്റത്തിന് ഒരുങ്ങുക അല്ലെങ്കില്‍
മരിക്കുക” – ഇങ്ങനെയാണ് വിജയന്‍ മാഷ് സമകാലികരെ ആഹ്വാനം ചെയ്തത്.
ഭൂമി ഇന്ന് അസാധാരണമായ
ഒരു macabre dance നു സാക്ഷ്യം വഹിക്കുകയാണ്. ഷോപ്പിങ്ങ് മാളുകള്‍ മാത്രമല്ല
ഭൂമിയിലെ ഏതു മൂലയും ഈ മരണനൃത്തത്തിനു സാക്ഷ്യം വഹിക്കുന്നുണ്ട്. ഒരാളിന്‍റെ ജീവിതത്തിലെ
ശൈശവം തൊട്ടു ശവദാഹം വരെയുള്ള എല്ലാ മുഹൂര്‍ത്തങ്ങളും ഇന്ന് വിപണി കൈയടക്കുന്നു.
സാര്‍വ്വത്രികമായ ചരക്കുവല്‍ക്കരണത്തിന്‍റെ രംഗവേദിയായി മനുഷ്യാവസ്ഥ
രൂപാന്തരപ്പെട്ടു കഴിഞ്ഞു. ആഗോളവിപണിയുടെ ഈ നടനഭീകരതയെപ്പറ്റി അങ്ങേയറ്റം
ജാഗരൂകനായിരുന്നു വിജയന്‍ മാഷ്. പിന്നിട്ട കാലയളവില്‍ മാഷുടെ തീമൊഴികള്‍ക്ക്
ഏതൊക്കെ രീതിയില്‍ നമ്മുടെ സാംസ്കാരിക ലോകത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞു?
വ്യവസ്ഥാപിത ഇടതുപക്ഷം
അധികാരത്തിന്‍റെ മൃതഭാഷയില്‍ ലോകത്തെ സംബോധന ചെയ്തുകൊണ്ടിരുന്നപ്പോഴാണ് നാളത്തെ
രാഷ്ട്രീയത്തിന്‍റെ ഭാഷയില്‍ മാഷ് മൊഴിഞ്ഞു കൊണ്ടിരുന്നത്. പാര്‍ട്ടിയിലെ
അധികാരകേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഞെട്ടലുണ്ടാക്കി. അവബോധത്തിന്‍റെ ഭാഷ
അധികാരകേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം അരോചകമാണ്. വിജയന്‍ മാഷുടെ വഴി ആവട്ടെ
സുവ്യക്തവും സുതാര്യവുമായിരുന്നു. “അധികാരം കൊയ്യണമാദ്യം നാം അതിലുമേലാവട്ടെ പൊന്നാര്യന്‍”.
ഡെന്മാര്‍ക്ക് ചീഞ്ഞ് നാറുമ്പോള്‍ പ്രതിഷേധത്തിന്‍റെ തീജ്വാലയില്‍ അത് കത്തിയമരുന്നതാവും
ഭംഗി.
ധൈഷണിക കലാപങ്ങളായിരുന്നു
ഒരുകാലത്തെ നമ്മുടെ സാമൂഹ്യജീവിതത്തിന്‍റെ കാതല്‍. ബോധകലാപങ്ങളില്‍ നിന്നാണ്
‘ചിന്താവിഷ്ടയായ സീത’യും ‘നളിനി’യും ‘കുടിയൊഴിക്കലും’ ‘മതിലുകളും’ ‘അടുക്കളയില്‍
നിന്ന് അരങ്ങത്തേക്കും’ ‘പാട്ടബാക്കി’യുമെല്ലാം രൂപം കൊണ്ടത്. ഉല്‍ബുദ്ധനായ
മനുഷ്യന്‍റെ ധിഷണ ഒരു കലാപഭൂമിയാണ്. ഒരുതരത്തിലുള്ള യുദ്ധാതിര്‍ത്തിയില്‍
തന്നെയാണ് ജീവനുള്ള ആശയങ്ങള്‍ രൂപം കൊള്ളുന്നത്.
നവീനമുതലാളിത്തം ഈ
കലാപഭൂമിയെ എന്നാല്‍ ഒരു തരിശുഭൂമിയാക്കി മാറ്റിയിരിക്കുന്നു. ജീവിച്ചിരിക്കുന്നയാളിനെ
ജഡവസ്തുവാക്കി മാറ്റിയെടുക്കാനും മരിച്ചുകൊണ്ടിരിക്കുന്നയാളിനെ ജീവിതത്തിനും
മരണത്തിനുമപ്പുറത്ത് ഒരു Limbo വിലേക്ക്
വലിച്ചെറിയാനും അതിനു കഴിയും. വിപണി അധികാരകേന്ദ്രമായി മാറുന്ന ഈ ലോകത്തില്‍ എവിടെയും
വില്‍പ്പനക്ക് വെച്ചിരിക്കുന്നത് റെഡിമെയ്ഡ് അനുഭവങ്ങളാണ്. അനുഭവത്തില്‍ നിന്നും
അതിന്‍റെ ജൈവാംശത്തെ അതിക്രൂരമായ് വിപണി നാടുകടത്തുന്നു. ആര്‍ദ്രതയുടെ അത്ഭുത
സ്രോതസ്സുകളെയെല്ലാം പാടെ സംഹരിച്ചു മുന്നേറുന്ന ഒരു റോബോട്ട് ആയിത്തീരുകയാണ്
ഇന്നത്തെ യുവാവും. നാളത്തെ അധികാരകേന്ദ്രങ്ങള്‍ കൈയ്യാളുന്നത് ഈ റോബോട്ടുകളാവും.
എല്ലാം ഡിജിറ്റല്‍ വല്‍ക്കരിക്കപ്പെടുന്ന ലോകത്തില്‍ സര്‍ഗ്ഗാത്മകതയുടെ
അത്ഭുതസ്രോതസ്സായ മസ്തിഷ്കം കാലഹരണപ്പെടുന്നു എന്നത് ഒരു വലിയ വിരോധാഭാസമാണ്.
രണ്ട്
കേസരിയെ
കണ്ടെത്തല്‍
‘സ്വത്വത്തിന്‍റെ
പ്രശ്നങ്ങള്‍’ എന്ന വിശകലനത്തില്‍ വിജയന്‍ മാഷ് ഇങ്ങനെ നിരീക്ഷിക്കുന്നു: “പുതിയ
നാഗരികതയുടെ ഇന്നത്തെ അഭിസന്ധി അത് ഒരു വ്യക്തിയെ ജൈവികമായി പൂര്‍ണ്ണമായും
നിസ്സംഗനാക്കിത്തീര്‍ക്കുകയും അയാളെ മന്ദനാക്കി, നിര്‍വീര്യനാക്കി നൈഷ്കര്‍മ്മ്യത്തിലേക്ക്
കൊണ്ടെത്തിക്കുകയും ജീവിതം അയാളില്‍ നിന്ന് മോഷ്ട്ടിക്കപ്പെടുകയും ചെയ്യുന്നു
എന്നതാണ്.”
എം. എന്‍. വിജനെപ്പോലെ
അവബോധത്തിന്‍റെ നിശ്ചിതത്വം ഇത്ര ചടുലതയോടെ പ്രകാശിപ്പിച്ച കേരളീയചിന്തകര്‍
കുറവാണ്. തീര്‍ച്ചയായും ബോധഗര്‍ജ്ജനങ്ങളുടെ നവോത്ഥാനപാരമ്പര്യം അക്ഷരാര്‍ത്ഥത്തില്‍
തന്നെ മാഷ് സ്വാംശീകരിച്ചിരുന്നു. ഐതിഹാസികയത്നങ്ങളിലൂടെ താന്‍
സാക്ഷാത്കരിച്ചെടുത്ത സ്വാതന്ത്ര്യാനുഭവം ശ്രീനാരായണന്‍ മുഴുവന്‍ പീഡിത
സമൂഹത്തിനും കനിഞ്ഞു നല്‍കി. എല്ലാ മര്‍ദ്ദകഘടനകളെയും ചാരമാക്കാന്‍ അവബോധത്തിന്
കഴിയും എന്ന് ഗുരു കാട്ടിത്തന്നു. ഗുരുവിന്‍റെ മോക്ഷമാര്‍ഗ്ഗം ഒരുവിളിപ്പാടകലെ
നിലനില്‍ക്കെത്തന്നെ നിര്‍വ്വാണമടയാനല്ല, ജീവിതം സമ്മാനിക്കുന്ന
മൃത്യുസന്ധികളുമായി സംവദിക്കാനായിരുന്നു കവിയായ കുമാരനാശാനിഷ്ടം. ഇത്തരം
സംവാദങ്ങളില്‍ നിന്നാണ് ‘നളിനി’യും ‘ലീല’യും ‘ചിന്താവിഷ്ടയായ സീത’യുമെല്ലാം
പിറവികൊണ്ടത്. ആഗ്നേയശക്തിയുള്ള ചോദ്യങ്ങളുടെ ഒരു സമാഹാരമായിത്തീര്‍ന്നു ആശാന്‍റെ
മനസ്സ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള ധീരമായ പുറപ്പാടായി മാറി ആശാന്‍റെഓരോ
കവിതയും. ഗുരുവിന്‍റെ പൈതൃകത്തെ എന്നാല്‍ പില്‍കാലത്ത് മലയാളി അട്ടിമറിച്ചത് പോലെ
ആശാന്‍റെ തീമോഴികളില്‍ നിന്ന് മുന്നോട്ടുപോകാനും കേരളീയമനസ്സ് വിസമ്മതിക്കുകയാണ്
ഉണ്ടായത്. ആശാന്‍റെ കാവ്യാഖ്യാനങ്ങളിലെല്ലാം പ്രകടമാവുന്ന ഗംഭീരസിരാസംഘര്‍ഷങ്ങളെ
സമഗ്രമായി പ്രകാശിപ്പിക്കുന്ന ഒരു വിമര്‍ശനഗ്രന്ഥം പോലും നമുക്ക് ലഭിച്ചില്ല. ആത്മബോധമുള്ള
ഒരു സൃഷ്ടാവ് എന്ന നിലക്ക് ദേശത്തിന്‍റെ സംസ്കൃതിയും മിത്തുകളുമെല്ലാം നിരന്തരം
പ്രശ്നവല്‍ക്കരിച്ചുകൊണ്ടാണ് ആശാന്‍ കാവ്യരചനയില്‍ ഏര്‍പ്പെട്ടത്. ആശാന്‍റെ
കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളെക്കുറിച്ച് കണ്ണുതുറപ്പിക്കുന്ന ഉള്‍ക്കാഴ്ചകള്‍
വിജയന്‍ മാഷ് നല്‍കുന്നുണ്ട്. ആശാന്‍റെ സൃഷ്ടികള്‍ സമ്മാനിക്കുന്ന ചോദ്യങ്ങളെ
വിനയാന്വിതം വിജയന്‍ മാഷ് ഏറ്റുവാങ്ങുന്നതായും കാണാം.
ചങ്ങമ്പുഴയുടെ
പൊട്ടിത്തെറികളും മലയാളിയുടെ ആത്മപ്രകാശനത്തിനുള്ള ത്വരയെ അത്ഭുതകരമാം വിധം
ഉത്തേജിപ്പിക്കുകയുണ്ടായി. ചങ്ങമ്പുഴക്കുള്ള വിജയന്‍ മാഷുടെ ആദരാഞ്ജലി ഇങ്ങനെയാണ്:
“ചങ്ങമ്പുഴയുടെ മഹത്തായ വാസനാവൈഭവം, മറ്റൊരു മലയാളകവിക്കും ജന്മനാ
ലഭിച്ചിട്ടില്ലാത്തത്ര വലുതായ പ്രതിഭാസമ്പത്ത്, ഭ്രാന്തമായിത്തീരുന്ന
ഹൃദയചാപല്യങ്ങളെ തേനൂറുന്ന കവിതയാക്കി മാറ്റി. എല്ലാവരും ശരീരരോഗങ്ങള്‍ കൊണ്ട്
നരകിക്കുമ്പോള്‍ ചങ്ങമ്പുഴ മാത്രം ആ നരകവേദനയെ സംഗീതലഹരിയാക്കിത്തീര്‍ത്തു.”
(ചങ്ങമ്പുഴയുടെ ആന്തര വൈരുദ്ധ്യങ്ങള്‍
)
ചങ്ങമ്പുഴയുടെ
‘സ്പന്ദിക്കുന്ന അസ്ഥിമാട’ത്തിനുള്ള തന്‍റെ മുഖവുരയുടെ അവസാനഭാഗത്ത് കേസരി നടത്തുന്ന
നിരീക്ഷണങ്ങള്‍ ഓര്‍ക്കുക. പ്രതിഭാശാലികളുടെ ജീവചരിത്രങ്ങളെപ്പറ്റി റൊമാങ്ങ്
റോളണ്ട് നടത്തുന്ന ചില പരാമര്‍ശങ്ങളെപ്പറ്റി കേസരി ഇവിടെ സൂചിപ്പിക്കുന്നു: “അവര്‍
അനുഭവിച്ച സങ്കടങ്ങളുടെ പാരമ്യം കണ്ടുനാം അത്ഭുതപ്പെട്ടുപോകും. ജീവിതത്തിലെ
നൈരാശ്യങ്ങളും അഗ്നിപരീക്ഷണങ്ങളും മറ്റുള്ളവരെപോലെ അവര്‍ക്കും അനുഭവിക്കേണ്ടി
വരുന്നത് മാത്രമല്ല ഇതിനുകാരണം. സൂക്ഷ്മഗ്രഹണ ശക്തി അധികമായതു നിമിത്തം
കലാകാരന്മാരെയാണ് അവ അധികം പീഡിപ്പിക്കാറുള്ളതും”. കേസരി തുടരുന്നു:
“പ്രസ്തുതസങ്കടപാരമ്യത്തിന്‍റെ പ്രധാനകാരണം തങ്ങളുടെ പ്രതിഭ സമകാലീനരെക്കാള്‍
ഇരുപതോ മുപ്പതോ അമ്പതോവര്‍ഷങ്ങള്‍ക്കു മുന്നോട്ടുള്ള കാലത്തില്‍ സ്ഥാപിച്ച്
തങ്ങളുടെ ജീവിതങ്ങളെ നാശപ്പെടുത്തി, വിജയിക്കുന്നതിന് മാത്രമല്ല
ജീവിക്കുന്നതിനുപോലും കൂടി ഭഗീരഥപ്രയത്നം ചെയ്യുവാന്‍ അവരെ
നിര്ബന്ധിക്കുന്നതുമാകുന്നു”. ഈ സന്ദര്‍ഭത്തില്‍ ‘സൃഷ്ടിക്കുന്നതായാല്‍ മരണത്തെ
ജയിക്കാം’ എന്ന റൊമാങ്ങ് റോളണ്ടിന്‍റെ വചനം കേസരി ചങ്ങമ്പുഴയെ ഓര്‍മ്മിപ്പിക്കുന്നു.
തന്‍റെ ആത്മപ്രകാശനതിലൂടെ ചങ്ങമ്പുഴക്ക് തന്‍റെ ദുര്‍വിധിയെ ജയിക്കാനാവും എന്ന്
കേസരി ആശംസിക്കുന്നു.
‘അസ്ഥിമാട’ത്തിനുള്ള
മുഖവുരയില്‍ കേസരി വെളിപ്പെടുത്തുന്നത് തന്‍റെ തത്വശാസ്ത്രം തന്നെയാണ്.
“ആത്മാവിഷ്ക്കാരം നടത്തുക, അല്ലെങ്കില്‍ മരിക്കുക”. സംവേദനക്ഷമത കൈമോശം വരാത്ത
മനുഷ്യന്‍ എക്കാലത്തും നേരിടുന്ന വെല്ലുവിളി ഇതുതന്നെ. കേസരിയുടെ ഉന്മിഷത്തായ
പാരമ്പര്യം തന്നെയാണ് എം. എന്‍. വിജയനും പിന്തുടര്‍ന്നത്. പലനിലയ്ക്കും വിജയന്‍
മാഷെ സംബന്ധിച്ചിടത്തോളം ജീവിതം തൂക്കുമരമായിരുന്നു. എന്നാല്‍ തന്‍റെ അവബോധത്തിന്‍റെ
കരുത്തു ഒന്നുകൊണ്ടു മാത്രം മാഷ് അതിനെ ബോധിവൃക്ഷമാക്കി പരിണമിപ്പിച്ചു.
‘കേസരിയെ മറക്കാ’നുള്ള
ആഹ്വാനവുമായി ചില വികടശിരോമാണികള്‍ അടുത്തകാലത്ത് രംഗത്തെത്തുകയുണ്ടായി.
അവബോധത്തിന്‍റെ ഘാതകരെന്നു ഈ വിമര്‍ശകരെ നിസ്സംശയം നമുക്ക് വിശേഷിപ്പിക്കാം.
“എത്രയേറെ പാശ്ചാത്യ സങ്കല്‍പ്പങ്ങള്‍ സ്വീകരിച്ചാലും അതുകൊണ്ട് തന്‍റേതായ ഒരു
ചിന്താപദ്ധതി നിര്‍മ്മിക്കാനാവില്ല എന്നതിന് തെളിവാണ് കേസരിയുടെ രചനകള്‍”, വി. സി.
ശ്രീജന്‍ എഴുതുന്നു. “പുതിയ ഒരു ലോകം നിര്‍മ്മിക്കുകയാണ് സാഹിത്യകാരന്‍റെയും വിമര്‍ശകന്‍റെയും
കടമയെന്നു കേസരി വിശ്വസിച്ചിരുന്നു. കൊല്ലം കുറേയായെങ്കിലും ഈ വിശ്വാസം ഇന്നും
പ്രസക്തമാണെന്നു വിജയന്‍ കരുതുന്നു. നവലോകസൃഷ്ടിയെന്ന ഈ ഗംഭീരപദ്ധതി വെറുമൊരു
സ്വപ്നം മാത്രമെന്ന് പില്കാലചരിത്രം തെളിയിക്കുകയുണ്ടായി. കുറേക്കൂടി വിനയപൂര്‍ണ്ണമായ
വീക്ഷണമാണ് ഇന്നത്തെ നിരൂപകന്മാര്‍ക്ക്. കാലത്തിന്‍റെയോ, സാഹിത്യത്തിന്‍റെയോ
ഭാവിസൃഷ്ടിക്കാനോന്നും തങ്ങള്‍ക്കാവുകയില്ലെന്ന്‍ അവര്‍ക്ക് മനസ്സിലായിട്ടുണ്ട്”,
ശ്രീജന്‍ പറയുന്നു.
ബഷീറിനെ കൂവിതോല്‍പ്പിക്കാന്‍
ഒരുമ്പെട്ട ഒരു നിരൂപകനാണ് ശ്രീജന്‍. ‘നപുംസകങ്ങളുടെ നൃത്തം’ എന്ന്
വിശേഷിപ്പിക്കാവുന്ന അറപ്പുണ്ടാക്കുന്ന ഒരു അവസ്ഥാവിശേഷതിലേക്ക് നവീനമുതലാളിത്തം
നമ്മുടെ സാംസ്കാരിക നായകന്മാരെ ഇന്ന് എത്തിച്ചിട്ടുണ്ട്. ശ്രീജനും ഈ നൃത്തത്തില്‍
ഭാഗഭാക്കാണ്. തന്‍റെ കര്‍തൃത്വം മുഴുവനായിത്തന്നെ വിപണിക്ക്
കൈമാറിക്കഴിഞ്ഞതിനുശേഷം വി. സി. ശ്രീജന്‍ കാട്ടുന്ന ഈ ക്രീഡാപരത പൊള്ളയായ ഒരു
മനുഷ്യന്‍റെതാണ്.
നവോത്ഥാനപൈതൃകത്തെയെന്നപോലെ
കേസരിയെയും അഭ്യസ്തവിദ്യനായ മലയാളി കൊഞ്ഞനംകാട്ടി ഒതുക്കാനാണ് ശ്രമിച്ചത്. തന്‍റെ
ധീരസ്വപ്നങ്ങളാണ് കേസരിയെ ഒരു അതിമാനുഷനാക്കിയത്. “വര്‍ത്തമാനകാലത്തില്‍ സ്വയം
നഷ്ട്ടപ്പെടുത്തി ഭാവിയില്‍ സ്വപ്നങ്ങളില്‍ മാത്രം ജീവിച്ച മനുഷ്യനായിരുന്നു
കേസരി” എന്ന് എം.എന്‍. വിജയന്‍ വ്യക്തമാക്കുന്നുണ്ട് (കേസരിയുടെ ലോകങ്ങള്‍).
ദാരിദ്ര്യം ഒരു ശീലമായിരിക്കെതന്നെ കേസരി ഇങ്ങനെ എഴുതി: “ദേശീയത്വം എന്ന പഴയ ആശയം
ക്ഷയിച്ചുതുടങ്ങുകയും ഏകലോകം, എകഭൂഖണ്ഡവ്യാപ്തിയുള്ള രാഷ്ട്രങ്ങള്‍ എന്ന ആശയം
ഉദിക്കുകയും ചെയ്തിരിക്കുന്നു. ഈ പുതിയ ആശയങ്ങളെ നടപ്പില്‍ വരുത്തുവാന്‍
പ്രാരംഭമായി വേണ്ട മനഃസ്ഥിതി മനുഷ്യരില്‍ സ്ഥാപിക്കാന്‍ എന്‍റെ ഗവേഷണത്തിന്‍റെ
ഫലങ്ങള്‍ സഹായിച്ചേക്കാം. ഓരോ രാജ്യക്കാരുടെയും ഇടയ്ക്ക് തങ്ങളുടെ
സംസ്കാരത്തെക്കുറിച്ചുള്ള ശ്രേഷ്ഠതാബോധം എന്‍റെ ഗവേഷണം നശിപ്പിക്കും”.
ഫൂക്കൊയാമയുടെ എതിര്‍ധ്രുവത്തില്‍
വിരാജിച്ച ഒരു ചരിത്രകാരനായിരുന്നു കേസരി. ഭൂമിയിലെ വ്യത്യസ്ഥ സംസ്കാരങ്ങളുടെ
ഗംഭീരസ്രോതസ്സുകളെല്ലാം അന്യോന്യം ചേരുകയും ജാതി-മത-വംശീയ മതിലുകളെല്ലാം ഇല്ലാതാവുകയും
ചെയ്യുന്ന നാളത്തെ ലോകത്തെക്കുറിച്ചുള്ള ധീരദര്‍ശനമാണ് കേസരിയുടെത്. ഈ ദര്‍ശനത്തിന്‍റെ
ജൈവഘടനകള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ അല്‍-ആന്‍റ്ലൂസ് പോലുള്ള
പ്രദേശങ്ങളില്‍ നിലനിന്നിരുന്നതായി പില്‍ക്കാല ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ക്രിസ്ത്യാനികളും ജൂതന്മാരും മുസല്‍മാന്മാരും
അത്ഭുതകരമായ സര്‍ഗ്ഗവിനിമയത്തില്‍ കഴിഞ്ഞുപോന്നു. ഒരുപക്ഷെ വരാനിരിക്കുന്ന പ്രളയങ്ങളും
മൃതുസന്ധികളും കേസരി സ്വപ്നം കണ്ട സംസ്കാരസമന്വയം സാധ്യമാക്കിയേക്കാം.
മൂന്ന്
മൃത്യുസന്ധികളുടെ ആത്മപ്രകാശനം
ഒരുകാലത്തെ മലയാളിയുടെ
അവബോധനിര്‍മ്മിതിയില്‍ വൈലോപ്പിള്ളിക്കും അനന്യമായ ഒരു സ്ഥാനമുണ്ട്. സാഹസികമായി
ചിന്തിക്കുകയും സാഹസികമായിത്തന്നെ സൃഷ്ടിക്കുകയും ചെയ്ത വൈലോപ്പിള്ളിയുടെ
കാവ്യലോകത്തെക്കുറിച്ചുള്ള വിജയന്‍ മാഷുടെ ഉള്‍ക്കാഴ്ചകള്‍ ഓര്‍ക്കുക.
ഇന്ത്യന്‍ മനസ്സിന്‍റെ
ഭാവബദ്ധതകള്‍ കുപ്രസിദ്ധങ്ങളാണ്. ഊണിലും ഉറക്കത്തിലും പോലും ഒരുകാലത്ത് അതിഭൌതിക
ആധികള്‍ അനുഭവിച്ച ഇന്ത്യക്കാര്‍ ഏറെയായിരുന്നു. മൂക്കിനു താഴെയുള്ള നീറ്റല്‍ദൃശ്യങ്ങളുടെ
നേരെ പേടിപ്പെടുത്തുന്നവിധം ഉദാസീനരാവുകയും ‘നിര്‍വ്വാണം മാത്രം കാര്യം’
എന്നമട്ടില്‍ തപിച്ച് ജീവിക്കുകയും ചെയ്ത പൂര്‍വ്വികര്‍ നമുക്കുണ്ടായിരുന്നു.
വൈലോപ്പിള്ളിയുടെ സിരാഘടന മറ്റൊന്നായിരുന്നു. ഭൂമിയിലെ മുഴുവന്‍ മനുഷ്യര്‍ക്കും
സ്വാതന്ത്ര്യം കൈവരട്ടെ; എന്നിട്ട് മതി തങ്ങള്‍ക്ക് സ്വാതന്ത്ര്യം എന്ന
നിലപാടെടുത്ത അഭിനവ ബോധിസത്വന്മാരായിരുന്നു കേസരിയും വൈലോപ്പിള്ളിയും എം. എന്‍.
വിജയനും.
സ്വര്‍ഗ്ഗനരകങ്ങളോ
ജന്മജന്മാന്തരങ്ങളോഒരുകാലത്തും വൈലോപ്പിള്ളിയുടെ പഠനവിഷയമായിരുന്നില്ല. എന്നാല്‍
മനുഷ്യജന്മത്തില്‍ എന്നും വ്യാകുലചിത്തനുമായിരുന്നു ഈ കവി. ജീവിതത്തിന്‍റെ
രംഗവേദിയില്‍ സര്‍ഗാത്മകമായ പ്രതിജ്ഞാബദ്ധതയോടെ അഭിരമിച്ച ഈ കവിയെ ഒരുകാലത്തും
ഇല്ലാത്ത പരലോകത്തിന്‍റെ ഇല്ലാത്ത സമസ്യകള്‍ അലട്ടിയിരുന്നില്ല. കവി എഴുതി: “എന്‍റെ
ജീവിതം മരണത്തോടുകൂടി കെട്ടതിരിയിലെ നാളം പോലെ നശിക്കുന്നു എന്ന ദൃഡമായ തോന്നല്‍
മാത്രമുണ്ട്. അത്രത്തോളം ഈ കൈയ്യില്‍ കിട്ടിയ ജീവിതത്തെ കുറിച്ചുള്ള ഉത്തരവാദിത്വം
ഏറുന്നതായും തോന്നുന്നു”. ഇതൊരു സുപ്രധാന നിരീക്ഷണമാണ്. നമ്മുടെ
നവോത്ഥാനനായകരിലെല്ലാം ഈ ഉത്തരവാദിത്വബോധം ഉണ്ടായിരുന്നു. ഈ ഉത്തരവാദിത്വ ബോധം
തന്നെയാണ് വിജയന്‍ മാഷേയും ഒരു പോരാളിയാക്കി മാറ്റിയത്.
എം. എന്‍. വിജയന്‍റെ
മാനസികാപഗ്രഥന രംഗത്തെ അന്വേഷണങ്ങളെ സര്‍ഗ്ഗലീലകളായി കാണാനാണ് എനിക്കിഷ്ടം. എന്തായാലും
ഫ്രോയ്ഡിനെ നിരായുധനാക്കാന്‍ പറ്റുംവിധം ദീപ്തവും സമഗ്രവുമായ വിശ്വദര്‍ശനം
ഒരിടത്തുവെച്ച് വൈലോപ്പിള്ളി സമ്പാദിച്ചിരുന്നു. ‘കുടിയൊഴിക്കല്‍’ പോലുള്ള ഒരു കൃതി
ലോകസാഹിത്യത്തില്‍ തന്നെ അപൂര്‍വ്വമാണ്. ഈ സത്യം വിജയന്‍ മാഷ്ക്ക് അറിയാമായിരുന്നു.
‘കുടിയൊഴിക്ക’ലിനെക്കുറിച്ചുള്ള മാഷുടെ വിലയിരുത്തല്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്:
“കുടിയൊഴിക്കല്‍ പോലെ ഊര്‍ജ്ജസ്വലവും സത്യസന്ധവും വികാരതീക്ഷ്ണവും ആത്മദ്രാവകവുമായ ആയ
ഒരു കാവ്യം അടുത്തൊരിക്കലും രചിക്കപ്പെടുകയുണ്ടായില്ല. ഉറക്കം വരാന്‍ വേണ്ട ഒരു
മയക്കുമരുന്നായി ഇതുപകരിക്കുമോ എന്നെനിക്കുസംശയമാണ്. എന്തുകൊണ്ടെന്നാല്‍, എല്ലാ ജാഗ്രച്ഛക്തികളെയും
കുലുക്കിയുണര്‍ത്താന്‍ പോന്ന ഹൃദയമഥനത്തിന്‍റെ കഥയാണിത്”.
ഇത്തരം ആഖ്യാനങ്ങള്‍
സത്യം പറഞ്ഞാല്‍ ഫ്രോയിഡിന് പോലും തീര്‍ത്തും അപരിചിതമായിരുന്നു. എന്നുതന്നെയല്ല,
ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തിന്‍റെ ഉല്‍ബുദ്ധനായ ഒരു വക്താവില്‍ നിന്നും ‘കുടിയൊഴിക്കല്‍’
പ്രകാശിപ്പിക്കുന്ന മട്ടിലുള്ള ആര്‍ദ്രതയും വിപ്ലവബോധവും ഫ്രോയിഡിന് സങ്കല്‍പ്പിക്കാന്‍
പറ്റുന്നതിലും ഏറെയാണ്. ആത്മപ്രകാശനത്തിന്‍റെ അങ്ങേയറ്റം എന്ന നില ‘കുടിയൊഴിക്ക’ലിന്
കൈവരുന്നുണ്ട്. ആത്മപ്രകാശനത്തിനെപ്പറ്റിയും ഫ്രോയിഡിന്‍റെ വീക്ഷണം ഇരുണ്ടതും
പ്രത്യാശക്കു വകയില്ലത്തതുമാണ്. വിഘടിതവ്യക്തിത്വത്തിന്‍റെ ഇരുണ്ട ഇടനാഴിയില്‍
ബന്ധിതനായ മനുഷ്യന് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാവാന്‍ സാധ്യമല്ല എന്ന നിരാശാജനകമായ
ദര്‍ശനം ഫ്രോയ്ഡും ഫ്രോയ്ഡിന്‍റെ ശിഷ്യനായ ലക്കാനും പങ്കുവെക്കുന്നതായി കാണാം.
എവിടെയോവെച്ച് എം. എന്‍.
വിജയന്‍ ഫ്രോയ്ഡിന്‍റെ രാവണന്‍കോട്ടയില്‍ നിന്ന് പുറത്തുകടന്നു എന്ന് വേണം
അനുമാനിക്കാന്‍. “ഒരു നഗരത്തില്‍ അനീതിയുണ്ടെങ്കില്‍ പ്രതിഷേധം വേണം. അല്ലെങ്കില്‍
നഗരം തീ കൊണ്ട് ചാമ്പലാവുന്നതാണ് ഭംഗി” എന്ന് പറഞ്ഞത് ബ്രെഹ്ത് ആണ്. ഈ ഒരു
അവബോധം തൊണ്ണൂറുകളില്‍ തന്നെ മാഷ് വെച്ച് പുലര്‍ത്തിയിരുന്നു. വൈയക്തിക
സാമൂഹ്യതലങ്ങളിലെ പേടിപ്പെടുത്തുന്ന ജീര്‍ണ്ണതകളെ മാനസികാപഗ്രഥനം കൊണ്ട്
പരിഹരിക്കാന്‍ പറ്റില്ല. ജീര്‍ണ്ണിച്ച ചീഞ്ഞുനാറുന്ന ഘടനകള്‍ക്ക് തീ കൊളുത്തുവിന്‍!
അവസാനനാളുകളിലെ എം. എന്‍. വിജയന്‍റെ ആഹ്വാനം ഇങ്ങനെയാണ്. അവബോധത്തിന്‍റെ തീയാല്‍
എല്ലാം ചാരമാവും. നാം സ്വപ്നം കാണുന്ന സമത്വത്തിന്‍റെയും നീതിയുടെയും സന്തുലിതാവസ്ഥ
ഈ ചാരത്തില്‍ നിന്നും ഉയിര്‍കൊള്ളും.
വൈലോപ്പിള്ളിയിലേക്ക്
തന്നെ തിരിച്ചുവരിക. ഇരുപതാം നൂറ്റാണ്ടിലെ മഹാകര്‍ത്താക്കളുടെ മുന്‍നിരയില്‍ ലെനിനും
ഗാന്ധിജിയുമുണ്ട് എന്ന് ഒരിടത്ത് കവി സൂചിപ്പിക്കുന്നുണ്ട്. “ലെനിനിനെക്കുറിച്ച്
എഴുതാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്”, വൈലോപ്പിള്ളി എഴുതി. തുടര്‍ന്ന് ലെനിന്‍റെയും
ഗാന്ധിയുടെയും ദര്‍ശനങ്ങളുടെ ഒരുദ്ഗ്രഥനം ഇന്ത്യന്‍ മണ്ണില്‍ നടക്കേണ്ടതിന്‍റെ
ആവശ്യകതയും കവി എടുത്തു പറയുന്നുണ്ട്. ഈ ഭാഗം കവി ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “ഗാന്ധിജിയുടെ
അനന്തരപരമ്പരയെക്കുറിച്ചെന്നപോലെ ലെനിന്‍റെ അനുഗാമികളെ കുറിച്ചും കാര്യമായൊന്നും
പറയാനില്ല. അത് അത്ര പ്രസക്തമല്ല. ആധുനിക റഷ്യ ലെനിന്‍റെ സംഭാവനയായും
സ്വതന്ത്രഭാരതം ഗാന്ധിജിയുടെ സംഭാവനയായും നിലനില്‍ക്കുകയാണല്ലോ”.
ഗോര്‍ബച്ചേവ് തന്‍റെ
അവതാരോദ്ദേശം നിര്‍വ്വഹിക്കുന്നതിനു മുന്‍പാണ് വൈലോപ്പിള്ളി ഇങ്ങനെ നിരീക്ഷിച്ചത്.
ചീഞ്ഞു നാറുന്ന ലോകത്തിനു തീ കൊളുത്താന്‍ ഗാന്ധിസവും ലെനിനിസവും ഒരുപോലെ ആവശ്യമാണ്
എന്ന കവിയുടെ നിലപാടിന് ഇന്നും പ്രസക്തിയുണ്ട്. എന്നാല്‍ ഇന്ന് നമ്മളെയെല്ലാം
അമ്പരപ്പിക്കുന്ന ചില സാമൂഹ്യ യാഥാര്‍ഥ്യങ്ങളുണ്ട്. ഭോഗപരതയാണ് മുതലാളിത്തത്തിന്‍റെ
തത്വശാസ്ത്രം. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ നേതൃനിരകളെല്ലാം ഇന്ന്
മുതലാളിത്തത്തിന്‍റെ പൌരോഹിത്യ വര്‍ഗ്ഗമായി ജീര്‍ണ്ണിച്ചിരിക്കുന്നു. പീഡിതവര്‍ഗ്ഗത്തെ
സംബന്ധിച്ചിടത്തോളം ഈ ഒരു തമോഗര്‍ത്തത്തില്‍ നിന്നും പുറത്തേക്കുള്ള വഴി തങ്ങളിലെ
അവബോധജ്വാലയെ ജീവനോടെ നിലനിര്‍ത്തുക എന്നതാണ്.
“ഗാന്ധിജിയുടെ
അനന്തരപരമ്പരയെക്കുറിച്ചെന്നപോലെ ലെനിന്‍റെ അനുഗാമികളെ കുറിച്ചും കാര്യമായൊന്നും
പറയാനില്ല. അത് അത്ര പ്രസക്തമല്ല” എന്ന വൈലോപ്പിള്ളിയുടെ നിലപാട് ഒരുതരത്തില്‍
ഓരോളിച്ചോട്ടം തന്നെയാണ്. പരുഷസത്യങ്ങള്‍ക്ക്മുന്നില്‍ ഇവിടെ വൈലോപ്പിള്ളി പകച്ചു
നില്‍ക്കുന്നത് പോലെ തോന്നുന്നു. ഇങ്ങനെ പകച്ചുനില്‍ക്കാതെ ഞെട്ടിപ്പിക്കുന്ന
സത്യങ്ങള്‍ വിജയന്‍ മാഷ് പ്രകാശിപ്പിച്ച മുഹൂര്‍ത്തങ്ങളുണ്ട്. ‘ചിതയിലെ വെളിച്ചം’
എന്ന മാഷുടെ പൊട്ടിത്തെറി ഓര്‍ക്കുക. ഈ ലേഖനത്തിന്‍റെ ആദ്യഭാഗത്ത് തന്നെ മാഷ്
ഇങ്ങനെ സൂചിപ്പിക്കുന്നതായി കാണാം: “നമ്മുടെ വിപ്ലവപ്രസ്ഥാനങ്ങളുടെ ശൈഥില്യത്തിനു
കാരണം അനിവാര്യതയുടെ പരാജയമാകുന്നു. നാമറിയാതെ നമ്മുടെ വിപ്ലവധമനികളിലെ രക്തം ചോര്‍ത്തിയെടുക്കപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയത്തിന് ഈ ശൂന്യതയില്‍ കൂടി അല്പ്പദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞു എന്ന് വരാം.
സാഹിത്യത്തിനു ഇത് കഴിയുമോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. സാര്‍വ്വലൌകിക
വിപ്ലവത്തെപ്പോലെ നമ്മുടേതായ അര്‍ദ്ധവിപ്ലവവും അന്‍പതുകളില്‍ ആത്മഹത്യ ചെയ്തു. അതിന്‍റെ പ്രേതത്തിനു
ഇനിയും കലാകാരന് മാര്‍ഗ്ഗനിര്‍ദ്ദേശനം നല്കാന്‍ കഴിയുമെന്ന വ്യര്‍ത്ഥവാദം എനിക്ക്
ഭക്ഷിക്കുവാന്‍ കഴിയുന്നില്ല”.
എഴുപതുകളിലാണ് എം. എന്‍.
വിജയന്‍ ഇങ്ങനെ പറഞ്ഞത്. ഇവിടെ വെച്ച് വേണമെങ്കില്‍ കേയ്സ്ലറെ പോലെ മാഷ്‌ക്ക് ഒരു
സമ്പൂര്‍ണ്ണ സിനിക്ക് ആവാന്‍ പറ്റുമായിരുന്നു. പിന്നെ സംഭവിച്ചത് ചരിത്രമാണ്. കേയ്സ്ലര്‍ ഒടുവില്‍ ആത്മഹത്യ ചെയ്തു. വിഷം നല്‍കി ഭാര്യയേയും കൊന്നു. അങ്ങിനെ ദൈവവും
മനുഷ്യരും ഒരുപോലെ പരാജിതരായി. അത്ഭുതകരമായ ജാഗ്രതയൊന്നുകൊണ്ട്മാത്രം ആത്മഹത്യകളെ
അതിജീവിച്ച മനുഷ്യനാണ് എം. എന്‍. വിജയന്‍ (കേയ്സ്ലറെപ്പോലെ അര്‍ബുദവും മാഷെ
ആക്രമിച്ചിരുന്നു).
അവസാനനിമിഷത്തില്‍ തന്‍റെ മരണത്തെപ്പോലും
ആത്മപ്രകാശനമാക്കുന്നതില്‍ മാഷ് വിജയിച്ചു. മൃത്യുസന്ധികളെ ആത്മപ്രകാശനം കൊണ്ട്
ധീരതയോടെ നേരിട്ട ഒരു പുരുഷസിംഹമെന്ന് എം. എന്‍. വിജയനെക്കുറിച്ച് രാഷ്ട്രീയത്തിന്‍റെയും
സംസ്കാരത്തിന്‍റെയും ചരിത്രം പഠിക്കുന്നവര്‍ നാളെ വിധിയെഴുതുകതന്നെചെയ്യും.