edam
in left perspective

Saturday, 9 May 2015

കനലുകൾ കുരുതികൾ രക്തസാഹോദര്യങ്ങൾ


എം. പി. ബാലറാം

'സമകാലിക കവിത' ഇപ്പോൾ എവിടെയാണ് ? കവിതാ നിരൂപണം ഇവിടെ എന്ത് ചെയ്യുന്നു?

കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളെക്കുറിച്ച് എഴുതേണ്ടി വരുന്ന സന്ദർഭങ്ങളിലെല്ലാം, ഈ ചോദ്യങ്ങളെയും എനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.

ഇന്ന് ജീവിക്കുന്ന ആർക്കും ചോദിക്കാനവകാശമുള്ള ചോദ്യമാണിത്. കാരണം കവിത കുറച്ചു പേരുടെ മാത്രം സുഖത്തിനും സന്തോഷത്തിനും പ്രശസ്തിക്കും പുരസ്കാരങ്ങൾക്കും പദവിക്കും ലാഭത്തിനും വേണ്ടി ഉപയോഗിക്കാനുള്ള കുടുംബസ്വത്തായി ഉണ്ടായതല്ല. അക്ഷരങ്ങൾ, പദങ്ങൾ, പ്രയോഗങ്ങൾ, ശൈലികൾ, താളങ്ങൾ, കൽപ്പനകൾ.... എന്തിന് വരികൾക്കും വാക്കുകൾക്കുമിടക്ക് വരുന്ന മൌനം പോലും നൂറ്റാണ്ടുകളിലൂടെ പൊതുമുതലായി രൂപീകരിക്കപ്പെട്ടു വന്നതാണ്. വ്യത്യസ്ത കാലങ്ങളിൽ, വ്യത്യസ്ത ദേശങ്ങളിൽ, ജീവിച്ച വ്യത്യസ്ത ജനവർഗ്ഗങ്ങൽക്കെല്ലാം ഇതിൽ പൊതു അവകാശമുണ്ട്‌. ഇന്ന് ജീവിക്കുന്നവർക്ക് മാത്രമല്ല, നാളെ ജീവിക്കാൻ പോകുന്നവർക്കും. പകർപ്പവകാശ നിയമം കൊണ്ടുമാത്രം ഇല്ലാതാകുന്നതല്ല, ജനതയുടെ പൊതു സാംസ്കാരിക പൈതൃകങ്ങൾ.

കഴിഞ്ഞ അഞ്ചുപതിറ്റാണ്ട് കാലത്തിനിടയിൽ കുഞ്ഞപ്പ പട്ടാന്നൂർ എഴുതിയ കവിതകൾ വായിക്കുന്ന സന്ദർഭങ്ങളിലെല്ലാം, വായനക്കാരനെ ഈ ചോദ്യങ്ങൾ നേരിടുക തന്നെ ചെയ്യും; ആടിയും പാടിയും കേട്ടും എഴുതിയും വായിച്ചും, ഇങ്ങനെ ഒരു കലാരൂപത്തെ ഇത്തരത്തിൽ നിലനിർത്താൻ, അതിന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ എത്ര മനുഷ്യരുടെ എത്ര കാലത്തെ കൂട്ടായ പ്രയത്നം വേണ്ടി വന്നിരിക്കും? എത്ര പേരുടെ ആശകൾ, നിരാശകൾ, ബന്ധങ്ങൾ, കലഹങ്ങൾ, കലാപങ്ങൾ, രക്തസാക്ഷിത്വങ്ങൾ, പോരാട്ടങ്ങൾ, തത്വശാസ്ത്രങ്ങൾ.... കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയിലെ വാക്കുകളിൽ, മൌനങ്ങളിൽ, പ്രതിസന്ധികളിൽ, സംഘർഷങ്ങളിൽ, ആഴമേറിയ ദുഖങ്ങളിൽ, പ്രണയങ്ങളിൽ എല്ലാം വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ വ്യത്യസ്ത കാലങ്ങളിൽ ജീവിച്ച വ്യത്യസ്ത ഭാഷകൾ സംസാരിച്ച ജനവർഗ്ഗങ്ങളുടെ വിരലടയാളങ്ങൾ സൂക്ഷ്മമായി പതിഞ്ഞിരിക്കുന്നു.

ആരംഭത്തിലെ ചോദ്യം, നമ്മെ പിന്തുടരുന്നു: 'സമകാലിക കവിത'യുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ? അതിന്റെ പ്രസക്തി എന്താണ്? 

അത്യാവശ്യം അക്ഷരജ്ഞാനമൊഴികെ മറ്റൊന്നും കൈമുതലായി ഇല്ലാത്തവർക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ഏർപ്പെടാൻ പറ്റിയ 'കൈത്തൊഴി'ലാണ് ഇന്ന് കവിതാരചന. എന്തും, എപ്പോഴും, ആർക്കും, എന്തിനെക്കുറിച്ചും എഴുതാവുന്ന അവസ്ഥ.

സ്വച്ഛമായി ശ്വസിക്കാനും വേണ്ടുന്നത് ഭക്ഷിക്കാനും ശുദ്ധമായത് കുടിക്കാനും ഇഷ്ടമുള്ളിടത്ത് സഞ്ചരിക്കാനും മനസ്സിനിണങ്ങിയ പാർപ്പിടമുണ്ടാക്കാനും സൌഹൃദങ്ങളും പ്രണയങ്ങളും ദാമ്പത്യവും കുടുംബവും വളർത്തിയെടുക്കാനും എത്ര അദ്ധ്വാനം വേണ്ടി വരും? എത്ര പേരുടെ എത്ര കാലത്തെ പ്രയത്നങ്ങളെ ആശ്രയിക്കേണ്ടി വരും? ആരോടെല്ലാം ഉത്തരവാദിത്തം നിറവേറ്റേണ്ടി വരും? വിദ്യാഭ്യാസം നേടാനും, ജീവിക്കാനുള്ള തൊഴിൽ കണ്ടെത്താനും, പൊതു സമൂഹത്തിൽ ഇടപെടാനും, 'രാഷ്ട്രീയ' കാര്യത്തിൽ ഏർപ്പെടാനും, ഒരാൾക്ക്‌ എന്തെല്ലാം പരിഗണിക്കേണ്ടി വരും. 'സ്വാതന്ത്യ'മെന്നതിന് ഇവിടെയെല്ലാം പരിമിതവും ആപേക്ഷികവുമായ അർത്ഥങ്ങളെയുള്ളൂ.

എന്നാൽ, പ്രത്യേകിച്ച് ഒന്നിനോടും, തന്നോട് പോലും, ഉത്തരവാദിത്തമില്ലാതെ, ആരെയും ആശ്രയിക്കാതെ, ഇഷ്ടം പോലെ ആർക്കും എപ്പോഴും ഏർപ്പെടാവുന്ന തൊഴിൽ കവിതയെഴുത്ത് മാത്രമാണ്. സമകാലിക കവിത ഇവിടെ 'സ്വാതന്ത്യം' ആഘോഷിക്കുകയാണ് !

ഇതിന്റെ കുത്തൊഴുക്കിൽ ഒഴുകിപ്പോകാതെ കീഴടക്കപ്പെടാനാവാത്ത ഭൂഖണ്ഡമായി, കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിത ഇവിടെത്തന്നെയുണ്ട്. ജീവിക്കാൻ പാടുപെടുന്നവരുടെ, നരകജീവിതം ജീവിക്കുന്നവരുടെ, ആരവങ്ങൾക്കിടയിൽ ഇതാ ഇവിടെ.... കവിത, ഒരു ജനതയുടെ പൊതുസംസ്കാരമാണെന്നും, പൊതുവായ കാഴ്ചപ്പാടാണെന്നും, സമൂഹഭാവനയാണെന്നും, കാലഘട്ടത്തിന്റെ ദർശനവും രാഷ്ട്രീയവുമൊക്കെയാണെന്നുള്ള ശബ്ദങ്ങൾ, പട്ടാന്നൂർ കവിതയുടെ ദേശത്തുനിന്നു എവിടെ  നിന്നൊക്കെയോ മുഴങ്ങുന്നുണ്ട്. അന്യഗ്രഹത്തിൽ നിന്നുള്ളവന്റെ ശബ്ദങ്ങളെപ്പോലെ 'സമകാലിക കവിത'യുടെ ആളുകൾ അത് കേൾക്കുന്നുമുണ്ട്.

സാരമായവയെ നിസ്സാരമാക്കിയും, ഗുരുത്വത്തെ ലഘുത്വമാക്കിയും, വലുതുകളെ ചെറുതുകളാക്കിയും, ശബ്ദങ്ങളെ നിശബ്ദമാക്കിയും, ചരിത്രം എന്ന ഒന്നില്ലെന്നു വരുത്തിയും, 'ഞാൻ' 'ഞാനാ'ണ് കാര്യമെന്ന് പറയാതെ പറഞ്ഞും 'കാലയാപനം' കഴിക്കുകയാണ് 'സമകാലിക കവിത'.

ഇതിന് വിപരീതമായ ദിശയിൽ കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിത ജീവിക്കുന്നത് ഇങ്ങനെ:

'ദുരിതവർത്തമാന'ത്തിന്റെ ഭൂമികയിൽ വേരുകളാഴ്ത്തി, കഷ്ടപ്പാടുകളുടെ മഹാപ്രളയത്തിനു നടുവിൽ, കെടുതികളെ പിന്തുടർന്ന് ആർക്കും കീഴടങ്ങാൻ കൂട്ടാക്കാത്ത കീഴാളരാഷ്ട്രീയത്തെ ഊർജ്ജസ്രോതസ്സാക്കി. ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രപരിണാമങ്ങളും, രാഷ്ട്രീയ ഗതിവിഗതികളും അനുഭവപ്രപഞ്ചത്തിന്റെ ഭാഗമാക്കി, അമിതാധികാര വ്യവസ്ഥയെയും ജാതി-മതാധീശത്വത്തേയും പുരുഷാധിപത്യത്തെയും ആഗോളീകൃത സംസ്കാരത്തെയും സന്ധിയില്ലാതെ എതിരിട്ട്, പട്ടാന്നൂർ കവിതയുടെ ഭൂഖണ്ഡം, ഇവിടെ ഇങ്ങനെ ഇന്നും നിലനില്ക്കുന്നു.

അതിനാൽ കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയെക്കുറിച്ചെഴുതിയ ഈ വിമർശനഗ്രന്ഥം, 'കുഞ്ഞപ്പ പട്ടാന്നൂർ കനലുകൾ കുരുതികൾ രക്തസാഹോദര്യങ്ങൾ' കവിയോടും കവിതയോടുമുള്ള ഒരു ബാദ്ധ്യത നിറവേറ്റലല്ല.നമ്മുടെ ഭാഷയോടും അത് സംസാരിക്കുന്നവരോടും ചിന്ത കൊണ്ടും ഭാവന കൊണ്ടും അദ്ധ്വാനം കൊണ്ടും മരണങ്ങളെ അതിജീവിക്കാൻ പാടുപെടുന്നവരോടും ഏതു അധിനിവേശങ്ങളെയും എതിരിടാൻ ജീവൻ നല്കി പോരടിക്കുന്നവരോടുമുള്ള 'വിമർശന'ത്തിന്റെ ഉത്തരവാദിത്തം നിറവേറ്റലാണ് 'കുഞ്ഞപ്പ പട്ടാന്നൂർ കനലുകൾ കുരുതികൾ രക്തസാഹോദര്യങ്ങൾ'

(മെയ്‌ 14നു കണ്ണൂരിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്ന എം. പി. ബാലറാം രചിച്ച 'കുഞ്ഞപ്പ പട്ടാന്നൂർ കനലുകൾ കുരുതികൾ രക്തസാഹോദര്യങ്ങൾ'എന്ന പുസ്തകത്തിന്റെ മുഖവുര).

No comments:

Post a Comment